സങ്ങായി
സങ്ങായി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Cervinae
|
Genus: | |
Species: | C. eldii
|
Binomial name | |
Cervus eldii (M'Clelland, 1842)
|
തെക്ക് കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ആർട്ടിയോഡാക്റ്റൈല ഇരട്ടക്കുളമ്പു വിഭാഗത്തിലെ സെർവിഡേ കുടുംബത്തിൽ പ്പെടുന്ന ഒരിനം മാനാണ് സങ്ങായി. ഇതിന്റെ ശാസ്ത്രനാമം: സെർവസ് എൽഡി എന്നാണ്. എൽഡ്സ് ഡിയർ, താമിൻ, ബ്രോ-ആന്റ്ലേർഡ് ഡിയർ എന്നിങ്ങനെയും പേരുകളുണ്ട്. മുൻകാലങ്ങളിൽ മണിപ്പൂരിലെ ചതുപ്പുപ്രദേശങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടിരുന്ന ഈ മാൻ ഇനത്തെ ഇപ്പോൾ ലോക്തക് തടാകത്തിന്റെ ദക്ഷിണഭാഗത്ത് 25 ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ചതുപ്പുപ്രദേശത്തു മാത്രമേ കാണാനാകൂ. ഥാമിൻ മാനുകളുടെ സംരക്ഷണാർഥം ഈ പ്രദേശം ഒരു മൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നു.
ചാടിച്ചാടിയാണ് ഇവ നടക്കുക. അതിനാൽ ഡാൻസിങ് ഡിയർ എന്നും പേരുണ്ട്. കാലിന്റെ പിൻഭാഗം ഊന്നി നടക്കുന്നതിനാൽ അവിടം രോമമില്ലാതെ കട്ടിയുള്ളതായി കാണപ്പെടുന്നു. പ്രായം കുറഞ്ഞവയുടെ ദേഹത്ത് പുള്ളിക്കുത്തുകൾ കാണപ്പെടുന്നു. മുതിർന്നവയ്ക്ക് മഞ്ഞകലർന്ന തവിട്ട് നിറമാണ്. [1]
ശരീരഘടന
[തിരുത്തുക]പൂർണവളർച്ചയെത്തിയ ഥാമിൻ മാനിന് ഒരു മീറ്ററിലധികം ഉയരവും 95 മുതൽ 100 വരെ കിലോഗ്രാം തൂക്കവുമുണ്ടായിരിക്കും. പന്ത്രണ്ടോളം ശാഖകളുള്ള കൊമ്പ് 107 സെന്റിമീറ്ററിലധികം നീളമുള്ളതാണ്. രണ്ടുവയസ്സായ ശേഷമേ മാനുകൾക്ക് കൊമ്പുകൾ മുളയ്ക്കാറുള്ളൂ. ഏഴുവയസ്സാകുമ്പോഴേക്കും കൊമ്പിന്റെ വളർച്ച പൂർത്തിയാകുന്നു. കൊമ്പിന്റെ പിന്നിലേക്കു വളരുന്ന ശാഖയിൽ രണ്ട് മുതൽ നാല് വരെ മുനകൾ കാണാം. 'ഇ' ആകൃതിയിലുള്ള കൊമ്പ് ഥാമിൻ മാനുകളുടെ സവിശേഷതയാണ്.
നിറം
[തിരുത്തുക]ഥാമിൻ അഴകുള്ള മൃഗമാണ്. പെൺ മാനുകൾക്ക് താരതമ്യേന വലിപ്പം കുറവാണ്. ആൺ മാനിന് കറുപ്പോ ഇരുണ്ട തവിട്ടോ നിറമായിരിക്കും. എന്നാൽ ഗ്രീഷ്മകാലത്ത് ഇവയുടെ നിറം മഞ്ഞകലർന്ന തവിട്ടുനിറമാകുന്നു. മാൻപേടകൾക്കും കുഞ്ഞുങ്ങൾക്കും ഇളം തവിട്ടുനിറമാണ്. കുഞ്ഞുങ്ങളുടെ ശരീരത്തിൽ പുള്ളികൾ സാധാരണമാണ്.
ഭക്ഷണരീതി
[തിരുത്തുക]പുല്ലും ഈറയും ജലസസ്യങ്ങളുമാണ് ഥാമിനുകളുടെ ആഹാരം. ഇത്തരം സസ്യങ്ങൾ സുലഭമായി വളരുന്ന തടാകതീരങ്ങളിലെ ചതുപ്പുപ്രദേശങ്ങളാണ് ഥാമിനുകളുടെ പ്രധാന ആവാസ കേന്ദ്രം. പകൽസമയത്ത് കുറ്റിക്കാടുകളിലും ഈറക്കൂട്ടങ്ങളിലും വിശ്രമിക്കുന്ന ഥാമിനുകൾ നാലുമുതൽ ഏഴുവരെയുള്ള ചെറു കൂട്ടങ്ങളായി രാവിലെയും രാത്രിയിലും മേയാനിറങ്ങുന്നു. വളരെ സൂക്ഷ്മദൃഷ്ടിയുള്ള ഇത്തരം മാനുകൾ അതിവേഗത്തിൽ ഓടിയാണ് ശത്രുക്കളിൽനിന്നു രക്ഷപ്പെടുന്നത്.
പ്രജനനം
[തിരുത്തുക]ഡിസംബർ മാസാരംഭത്തോടെ ആൺ പെൺ മാനുകൾ ഒരുമിച്ചുകൂടുകയും ജൂൺമാസത്തോടെ ആൺ മാനുകൾ ഒറ്റയായോ ഒന്നോ രണ്ടോ പെൺ മാനുകൾക്കൊപ്പമോ കൂട്ടംതെറ്റി പോവുകയും ചെയ്യുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പേടമാനുകൾ പ്രസവിക്കുന്നത്. ഗർഭകാലം 239-256 ദിവസങ്ങളാണ്. ഒരു പ്രസവത്തിൽ സാധാരണ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകാറുള്ളൂ. രണ്ടു വർഷക്കാലത്തോളം കുഞ്ഞ് അമ്മയുടെ സംരക്ഷണത്തിൽ വളരുന്നു.
സബ്സ്പീഷ്യസുകൾ
[തിരുത്തുക]ഈ മാനുകളിൽ മൂന്ന് സബ്സ്പീഷിസുകളുണ്ട്.
- മണിപ്പൂർ ബ്രോ-ആന്റ്ലേർഡ് ഡിയർ സെർവസ് എൽഡി എൽഡി, ഇന്ത്യയിലെ മണിപ്പൂരിൽ കാണപ്പെടുന്നു.
- ബർമീസ് ബ്രോ-ആന്റ്ലേർഡ് ഡിയർ സെർവസ് എൽഡി തമിൻ, മ്യാന്മർ, തായ്ലന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
- തായ്ലന്റ് ബ്രോ-ആന്റ്ലേർഡ് ഡിയർ സെർവസ് എൽഡി സയാമെൻസിസ്, കമ്പോഡിയ, ചൈന, തായ്ലന്റ്, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ [സൈറ്റ് "ഞങ്ങളും ജീവിച്ചോട്ടെ, പഠിപ്പുര"]. മലയാള മനോരമ. സെപ്റ്റംബർ 28, 2008.
{{cite news}}
: Check|url=
value (help)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഥാമിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |