ശ്രീലങ്കൻ സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കാലത്തെ പഴക്കമുള്ള സിനിമാ വ്യവസായമാണ്‌ ശ്രീലങ്കൻ സിനിമ. മിക്ക ചലച്ചിത്രങ്ങളും സിംഹള ഭാഷയിലാണ്‌ നിർമ്മിക്കപ്പെടുന്നതെങ്കിലും തമിഴിലും ഇംഗ്ളീഷിലും ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട്. ഗാമിനി ഫൊൻസേക, മാലിനി ഫൊൻസേക, വിജയ കുമരതുംഗ, ജാക്സൻ ആന്റണി തുടങ്ങിയർ ശ്രദ്ധേയരായ ശ്രീലങ്കൻ അഭിനേതാക്കളാണ്‌.

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷ് ഭരണകാലത്താണ്‌ ശ്രീലങ്കൻ സിനിമ പിറവിയെടുക്കുന്നത്. രണ്ടാം ബൂവർ യുദ്ധവും, വിക്ടോറിയ രാജ്ഞിയുടെ ശവസംസ്കാരവും , എഡ്വേഡ് ഏഴാമന്റെ സ്ഥാനാരോഹണവും രേഖപ്പെടുത്തിയ ക്ളിപ്പിങ്ങുകളാണ്‌ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ശ്രീലങ്കൻ സിനിമാ പ്രദർശനം.1901ൽ അന്നതെ ബ്രിട്ടീഷ് ഗവർണർക്ക് വേണ്ടി നടത്തിയ സ്വകാര്യ പ്രദർശനമായിരുന്നു അത്. 1925ൽ ആദ്യത്തെ സിംഹള സിനിമ പുറത്തിറങ്ങി-രാജകീയ വിക്രമായ. 1920-കളിൽ അമേരിക്കൻ സിനിമകൾക്ക് വ്യാപകമായ പ്രചാരമുണ്ടായിരുന്നു അന്ന് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിൽ. 1947ൽ ആദ്യത്തെ സിംഹള ചിത്രം- കഡവുണു പൊരൻഡുവ പുറത്തിറങ്ങി. പില്കാലത്ത് ഏറെ പ്രശസ്തയായ രുക്മിണി ദേവിയായിരുന്നു നായിക. പ്രശസ്തമായ ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചലച്ചിത്രം.1950കളിലെ പ്രധാന താരങ്ങൾ രുക്മിണി ദേവിയും എഡ്ഡി ജയമന്നെയുമായിരുന്നു. മിക്ക ചലച്ചിത്രങ്ങളും ഇൻഡ്യൻ സിനിമകളുടെ സ്വാധീന വലയത്തിലുമായിരുന്നു.

1956ൽ പുറത്തിറങ്ങിയ ‘രേഖാവ’ എന്ന സിനിമ ശ്രീലങ്കൻ സിനിമാ ചരിത്രത്തിലെ നാഴികകക്കല്ലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. പില്ക്കാലത്ത് പ്രശസ്തിയിലേക്ക് കുതിച്ച ലെസ്റ്റർ ജയിംസ് പെറിസ് സംവിധാനം ചെയ്ത ആദ്യകാല സിനിമകളിൽ ഒനായിരുന്നു അത്.സിംഹള ഗ്രാമീണ സമൂഹത്തിന്റെ കഥ പറഞ്ഞ സിനിമ പല ചലച്ചിത്രോത്സവ വേദികളും ചർച്ചാ വിഷയമായി.1960കളിലെ പ്രധാന പ്രമേയങ്ങൾ സിംഹള സമൂഹവും അതിന്റെ അന്ത സംഘർഷങ്ങളുമായിരുന്നു. എന്നിരുന്നാലും ഇൻഡ്യൻ സിനിമകളുടെ സ്വാധീനവും പ്രകടമായിരുന്നു. ലെസ്റ്റെർ പെറിസിന്റെ ‘ഗമ്പെരലിയ’ അക്കാലത്തിറങ്ങിയ പ്രശസ്ത ചിത്രമാണ്‌.

1960കളുടെ അവസാനം, ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു സിംഹള സിനിമയിൽ.ഗമ്പെരാലിയ സൃഷ്ടിച്ച തരംഗത്തിനെ പിന്തുടർന്ന് ഒട്ടനവധി സിനിമകളും അഭിനേതാക്കളും സംവിധായകരും രംഗത്തു വന്നു. മാലിനി ഫൊൻസേക, ഗാമിനി ഫൊൻസേക, ജോ അബെവിക്രമ എന്നിവർ അവരിൽ ചിലർ മാത്രം. സാത് സമുദുര അക്കാലത്തെ വിഖ്യാത സിനിമകളിൽ ഒന്നാണ്‌.ദക്ഷിണ ശ്രീലങ്കയിലെ മുക്കുവന്മാരുടെ കഥ പറഞ്ഞ ഈ ചിത്രം ഇന്നും സിംഹളയിലെ എണ്ണപ്പെട്ട സിനിമകളിൽ ഒന്നാണ്‌.

1972ൽ പുറത്തു വന്ന ‘നിധനായ’ സിംഹളയിലെ ഏറ്റവും മികച്ച ചിത്രമായി പലരും വിലയിരുത്തുന്നു. ഗാമിനിയും മാലിനിയും വേഷമിട്ട ഈ ചിത്രം ഒരു നിധി വേട്ടയുടെ കഥ പറയുന്നു. ലെസ്റ്റെർ പെറിസിന്റെതായിരുന്നു സംവിധാനം. സിംഹള സിനിമയുടെ സുവർണകാലവും ഈ സമയത്തു തന്നെയായിരുന്നു. എതേ കാലത്തു തന്നെ ശ്രീലങ്കൻ തമിഴ് സിനിമകളും പുറത്തിറങ്ങുകയും ജനപ്രീതിയാർജ്ജിക്കുകയും ചെയ്തിരുന്നു. 1980ൽ പെറിസിന്റെ ഭാര്യ സുമിത്ര പെറിസ് സംവിധാനം ചെയ്ത;ഗംഗ അഡ്ഡാര‘ വൻ വിജയം നേടി. പിൽ ക്കാലത്ത് രാഷ്ട്രീയത്തിലും സിനിമയിലും ശോഭിച്ച വിജയ കുമരതുംഗയായിരുന്നു ഈ ചിത്രത്തിലെ നായകൻ. അദ്ദേഹം പാടി അഭിനയിച്ച ഈ സിനിമ ഇന്നും ഏറെ ആരാധിക്കപ്പെടുന്നു. ബംബാരു അവിത്ത്, ബഡ്ഡെഗാമ എന്നിവ അക്കലത്തെ മറ്റു മികച്ച സിനിമകളാണ്‌.

1980കളിൽ സിംഹള സിനിമ പ്രതിസന്ധികളെ നേരിട്ടു തുടങ്ങി. ആഭ്യന്തര യുദ്ധവും, മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം. 1990കളിലാണ്‌ ചെറിയൊരു മാറ്റം വരുന്നത്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തെ അടയാളപ്പെടുത്താൻ ശ്രമിച്ച പ്രസന്ന വിതനാഗെയെപ്പോലുള്ള സംവിധായകരുടെ വരവും ഈ സമയത്താണ്‌.മറ്റു സ്വതന്ത്ര സംവിധായകരാണ്‌ വിമുക്തി ജയസുന്ദര, അശോക് ഹന്ദഗാമ എന്നിവർ. ഹന്ദഗാമയുടെ അക്ഷരായ എന്ന ചിത്രം ഗവണ്മെന്റ് നിരോധിക്കുക പോലുമുണ്ടായി. കടുത്ത സെൻസർഷിപ്പ് നിയമങ്ങളുടെ കാലം കൂടിയായിരുന്നു അത്. വിതനാഗെയുടെ ആകാശ കുസും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്‌. ഇന്നും മാറ്റങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുകയാണ്‌ ശ്രീലങ്കൻ സിനിമ. പുതിയ പ്രമേയങ്ങളും ചിത്രങ്ങളും പരീക്ഷണങ്ങളും നടന്നു കൊണ്ടേയിരിക്കുന്നു. ഇന്നത്തെ ശ്രീലങ്കൻ സിനിമയിലെ ചില പ്രശസ്ത അഭിനേതാക്കളാണ്‌ ജാക്സൺ ആന്റണി, രവീന്ദ്ര രെന്ദേനിയ എന്നിവർ.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീലങ്കൻ_സിനിമ&oldid=2673500" എന്ന താളിൽനിന്ന് ശേഖരിച്ചത്