ശിവഗിരി ബ്രഹ്മവിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശിവഗിരിയോട്‌ ചേർത്ത്‌ ഒരു മതമഹാപാഠശാല അഥവാ ബ്രഹ്മവിദ്യാലയം സ്ഥാപിക്കണമെന്നത്‌ ശ്രീനാരായണഗുരുവിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു[1][2]

ചരിത്രം[തിരുത്തുക]

1924ൽ ആലുവയിൽ ശ്രീനാരായണ ഗുരു വിളിച്ചു ചേർത്ത സർവമത സമ്മേളനം ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായിരുന്നു. സമ്മേളനത്തിന്റെ സമാപനത്തിൽ, എല്ലാ മതങ്ങളുടെയും സാരം ഏകമായതുകൊണ്ട് എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടെയും, സമഭക്തിയോടെയും പഠിക്കണമെന്നും അതിനനുയോജ്യമായ നിലയിൽ ശിവഗിരിയിൽ മതമഹാപാഠശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും ഗുരു വെളിപ്പെടുത്തി. അഞ്ച് ലക്ഷം രൂപയാണ് അന്നതിന് കണക്കാക്കിയ ചെലവ്. നളന്ദയും തക്ഷശിലയും പോലെ ലോകോത്തരമായ ഒരു സർവ്വകലാശാലയായിരുന്നു ഗുരു വിഭാവനം ചെയ്തത്.

ശിഷ്യപരമ്പരയായി സന്യാസിസംഘം രജിസ്റ്റർ ചെയ്യുകയും അനന്തരഗാമിയായി ബോധാനന്ദസ്വാമിയെ അഭിഷേകം നടത്തുകയും ചെയ്ത ശേഷം ശിവഗിരിയിൽ 1925 തുലാമാസം ഒന്നാം തീയതി[2] മതമഹാപാഠശാലയ്ക്ക് ഗുരു ശിലാസ്ഥാപനവും നടത്തി. മഹാസമാധിക്കു ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും മതമഹാപാഠശാല യാഥാർത്ഥ്യമായില്ല. 1968ൽ മഹാസമാധി മന്ദിരത്തിന്റെ പണി പൂർത്തിയായി. ജനുവരി 1ന് പ്രതിമാ പ്രതിഷ്ഠയ്ക്കു ശേഷം മതമഹാപാഠശാലയെന്ന ഗുരുസങ്കല്പം യാഥാർത്ഥ്യമാക്കാൻ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ തീരുമാനിച്ചു. എം പി മൂത്തേടത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. രണ്ട് വർഷം കൊണ്ട് ബ്രഹ്മവിദ്യാലയത്തിന്റെ പണി പൂർത്തീകരിച്ചു. ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദ 1970 ഡിസംബർ 31ന് ബ്രഹ്മവിദ്യാലയത്തിന്റെ സമർപ്പണം നടത്തി. 1971 ജനുവരി 28ന് ക്ലാസും തുടങ്ങി. സ്വാമി ശങ്കരാനന്ദ മുഖ്യാചാര്യനായ പ്രൊഫ.എം.എച്ച്.ശാസ്ത്രിക്ക് ആത്മോപദേശശതകത്തിലെ ആദ്യമന്ത്രം ഉപദേശിച്ചു കൊടുത്തു. ബ്രഹ്മചാരികളായ പുരുഷോത്തമൻ, സുധാകരൻ, സുഗതൻ, സോമനാഥൻ, ശശിധരൻ എന്നിവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ഏഴ് വർഷത്തെ പഠനം കഴിഞ്ഞ് അന്നത്തെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ബ്രഹ്മാനന്ദയിൽ നിന്ന് എല്ലാവരും സന്യാസദീക്ഷയും സ്വീകരിച്ചു. യഥാക്രമം അമൃതാനന്ദ, സുധാനന്ദ, വിദ്യാനന്ദ, വിശുദ്ധാനന്ദ, ശാശ്വതികാനന്ദ എന്നീ പേരുകളിൽ ധർമ്മസംഘം ട്രസ്റ്റിൽ അംഗമാവുകയും പിൽകാലത്ത് ഭാരവാഹികളാവുകയും ചെയ്തു.[1]

ബ്രഹ്മവിദ്യാലയ പഠനം[തിരുത്തുക]

ബ്രഹ്മവിദ്യാലയത്തിൽ ഏഴ് വർഷം നീണ്ട കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ശിവഗിരിയിലെ സന്യാസി സംഘത്തിൽ അംഗമാകാം. എം.എ വരെയുളള സംസ്കൃതവിഷയങ്ങളും ഭാരതീയ വേദാന്തവും, ബൈബിൾ, ഖുർആൻ, ധർമ്മപദം തുടങ്ങിയ മതഗ്രന്ഥങ്ങളും ഗുരുദേവകൃതികളുമായി ചേർത്തുവച്ചുളള പാഠ്യപദ്ധതിയാണ് ഇവിടെയുളളതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബ്രഹ്മവിദ്യ ആചാര്യസ്ഥാനം നൽകും. വാസനയും യോഗ്യതയും ഉളളവരെ സന്യാസദീക്ഷനൽകി ധർമ്മസംഘം ട്രസ്റ്റിൽ അംഗമാക്കും ..ബ്രഹ്മവിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ മുഴുവൻ ചെലവും ശിവഗിരിമഠം വഹിക്കും. ജാതിമത വ്യത്യാസമില്ലാതെ ആർക്കും ബ്രഹ്മവിദ്യാലയത്തിൽ പ്രവേശനം നേടാം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Daily, Keralakaumudi. "കനക ജൂബിലി നിറവിൽ ശിവഗിരി ബ്രഹ്മവിദ്യാലയം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  2. 2.0 2.1 "ഗുരുദേവനും ബ്രഹ്മവിദ്യാലയവും" (in ഇംഗ്ലീഷ്). Retrieved 2023-03-14.