ആലുവ സർവമത സമ്മേളനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലാദ്യമായി ഒരു സർവമത സമ്മേളനം നടന്നത് കേരളത്തിലാണ്. [1]ആലുവ അദ്വൈതാശ്രമത്തിൽ വച്ച് 1924ലെ ശിവരാത്രി ദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്ന്, നാല് (കൊല്ലവർഷം 1099 കുംഭം 20,21 [2] )തീയതികളിലായിരുന്നു ശ്രീനാരായണ ഗുരുവിനാൽ നടത്തപ്പെട്ട സർവമത സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.[3]എല്ലാ മതസാരവും സമഭക്തിയോടും സമബുദ്ധിയോടും ഉൾക്കൊള്ളാൻ സാധിച്ചാൽ മതവൈരത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാകുമെന്ന സന്ദേശമാണ് സർവമത സമ്മേളനത്തിന്റെ കാതൽ. എല്ലാമതങ്ങളുടേയും സാരം ഏകമാണെന്ന ബോദ്ധ്യം വന്നവന് ഒരു മതവും നിന്ദ്യമല്ല. അത്തരമൊരു ശരിയായ മതബോധം മനുഷ്യരിൽ ഉണ്ടാക്കാനാണ് എല്ലാ മതാചാര്യന്മാരും ശ്രദ്ധിക്കേണ്ടതും പരിശ്രമിക്കേണ്ടതും എന്നതായിരുന്നു ഗുരുവിന്റെ പക്ഷം. മതബോധനത്തിന്റെ മൗലികമായ വെളിവിലേക്കുള്ള ചരിത്ര ജാലകമായിരുന്നു ഗുരുദേവൻ സംഘടിപ്പിച്ച, ലോകത്തിൽ രണ്ടാമത്തേതും ഏഷ്യയിൽ ആദ്യത്തേതുമായിട്ടുള്ള ഈ സർവമതസമ്മേളനം.[3] സ്വജീവിത ദർശനത്തിന്റെ വ്യാഖ്യാനം, കാലഘട്ടത്തിന്റെ ഉൾവിളി, ശിഷ്യന്മാർക്കുള്ള സംശയ ദൂരീകരണം, മതസമന്വയം, വിശ്വസാഹോദര്യ സ്ഥാപനം അങ്ങനെ പലതുമായിരുന്നു ആലുവ അദ്വൈതാശ്രമത്തിൽ 1924ൽ നടന്ന സർവമത സമ്മേളനത്തിലൂടെ ശ്രീനാരായണഗുരു ലോകത്തോട് സംവദിച്ചത്. [4][5]

1893 സെപ്തംബറിൽ ചിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത 'വേൾഡ് പാർലമെന്റ് ഓഫ് റിലീജിയൺസ് ' ആയിരുന്നു ആദ്യ സർവമത സമ്മേളനം[6] . 1893 ൽ ലോകത്ത് ആദ്യമായി ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനം പലപല മതാചാര്യൻമാരുടെ തത്വഭാഷണത്തിനാണ് മുഖ്യത കല്‌പിച്ചിരുന്നതെങ്കിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ആലുവയിൽ ശ്രീനാരായണ ഗുരു നടത്തിയ ലോകത്തെ രണ്ടാമത്തെ സർവമതസമ്മേളനം മതങ്ങൾ പ്രതിനിധാനം ചെയ്യുന്ന മൂലതത്വങ്ങളിലെ ഏകതയെ വിളംബരം ചെയ്യുന്നതിനാണ് മുഖ്യത കല്‌പിച്ചത്. അതിലൂടെ ജാതിമത ദൈവവിരോധങ്ങളില്ലാത്ത, സർവരും സോദരത്വേന വാഴുന്ന, ഒരു മാതൃകാലോകത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്യുകയായിരുന്നു. ആലുവ അദ്വൈതാശ്രമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി പെരിയാറിന്റെ തീരത്തായിരുന്നു സർവമത സമ്മേളനത്തിന്റെ പ്രധാനവേദി തയ്യാറാക്കിയിരുന്നത്. ജാതിമതഭേദമന്യേ നിറഞ്ഞുകവിഞ്ഞ ജനാവലിയെ സാക്ഷി നിറുത്തി സർവമത പ്രാർത്ഥനയോടെ ആരംഭിച്ച സർവമതസമ്മേളനം ഗുരുദേവൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വിവിധ മതപണ്ഡിതർ പങ്കെടുത്തു. തിരുവിതാംകൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസും മഹാപണ്ഡിതനുമായിരുന്ന സർ ടി. സദാശിവഅയ്യരായിരുന്നു സർവമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ.[3] മിതവാദി പത്രാധിപർ സി. കൃഷ്ണൻ, പണ്ഡിറ്റ് ഋഷിറാം (ആര്യ സമാജം), കെ കുരുവിള (ക്രിസ്തുമതം), സ്വാമി ശിവപ്രസാദ് (ബ്രഹ്മസമാജം), മുഹമ്മദ് മൗലവി (ഇസ്ലാം), മഞ്ചേരി രാമകൃഷ്ണയ്യർ (ബുദ്ധമതം), മഞ്ചേരി രാമയ്യർ തുടങ്ങിയവർ വിവിധ മതതത്വങ്ങളെപ്പറ്റി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ശ്രീനാരായണഗുരു ഒടുവിൽ മറുപടിപ്രസംഗവും നടത്തി. ശ്രീനാരായണ ഗുരുവിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസൃതമായി സി.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കിയിരുന്ന സ്വാഗതപ്രസംഗം സമ്മേളനത്തിൽ അന്ന് വായിച്ചത് അദ്വൈതാശ്രമത്തിന്റെ കാര്യദർശി കൂടിയായിരുന്ന ഗുരുവിന്റെ സംന്യസ്തശിഷ്യൻ സത്യവ്രതസ്വാമികളായിരുന്നു.[3] [7] സഹോദരൻ അയ്യപ്പൻ, എ ബി സേലം, കെ എം സീതിഹാജി തുടങ്ങിയ പ്രഗത്ഭരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. യോഗാനന്തരം വിശിഷ്ടാതിഥികളെയും ശിഷ്യരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി സംസ്‌കൃത സ്‌കൂളിനുമുന്നിൽനിന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു.[7]

സർവമത സമ്മേളനം സംഘടിപ്പിക്കാനുള്ള പ്രേരണ[തിരുത്തുക]

സർവമത സമ്മേളനം സംഘടിപ്പിക്കുവാൻ ശ്രീനാരായണ ഗുരുവിന് പ്രേരണയായത് അക്കാലത്തെ സാമൂഹി​കാന്തരീക്ഷം തന്നെയാണ്. [4]മതപരിവർത്തന വ്യഗ്രതയും തെക്കേ മലബാറിലുണ്ടായ 'മാപ്പിളലഹള'യും എസ്.എൻ.ഡി.പി യോഗനേതാക്കളിൽ ചിലർക്ക് ഹിന്ദുമതം പരിത്യജിക്കാനുണ്ടായ താൽപര്യവുമെല്ലാം ശ്രീനാരായണ ഗുരു കണക്കിലെടുത്തിരുന്നു. ശ്രീനാരായണ ഗുരുവിന്റെ അടുത്ത ശിഷ്യർപോലും മതപരിവർത്തന വാദത്തിന്റെ വക്താക്കളായി. [4]പക്ഷേ ഹിന്ദുമതം വിട്ടാൽ ഏത് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല, എന്നുമാത്രവുമല്ല അതിന്റെ പേരിൽ അനുയായികൾക്കിടയിൽ വാദപ്രതിവാദങ്ങളുമുണ്ടായി. അധഃകൃതർ ജാത്യതീതവും സമത്വസുന്ദരവുമായ ബുദ്ധമതം സ്വീകരിക്കുന്നത് അനുഗുണമാകുമെന്ന് മിതവാദി സി.കൃഷ്ണൻ വക്കീൽ, സഹോദരൻ അയ്യപ്പൻ, മഞ്ചേരി രാമയ്യർ, രാമകൃഷ്ണ അയ്യർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു. കുറച്ചുപേർ ഇസ്ലാം മതത്തിന്റെയും മറ്റുചിലർ സിക്കുമതത്തിന്റേയും വക്താക്കളായി. മഹാകവി കുമാരനാശാനും ടി.കെ.മാധവനും ഹിന്ദുമതത്തിൽ തന്നെ അടിയുറച്ച് നിന്ന് സാമൂഹ്യനീതിക്കായി പോരാടണമെന്ന പക്ഷക്കാരായിരുന്നു. അക്കാലത്തെ പത്രപംക്തികളിൽ എസ്.എൻ.ഡി.പി യോഗക്കാരുടെ മതപരിവർത്തന വാദപ്രതിവാദം നിറഞ്ഞുനിന്നു. കുമാരനാശാൻ 'മതപരിവർത്തന രസവാദം' രചിച്ചതും ഈ പശ്ചാത്തലത്തിലാണ്.[4] ശിഷ്യന്മാരും അനുയായികളും വാദപ്രതിവാദങ്ങളിൽ മുഴുകികഴിയുന്ന സന്ദർഭത്തിൽ കോയമ്പത്തൂരിലായിരുന്ന ശ്രീനാരായണ ഗുരു അധികം വൈകാതെ ആലുവ അദ്വൈതാശ്രമത്തിൽ തിരിച്ചെത്തി. ശിഷ്യർ ഓരോരുത്തരായും സംഘമായും ഗുരുദേവനെ സന്ദർശിച്ച് അവരവരുടെ വാദം അവതരിപ്പിക്കുകയും ചെയ്തു. സഹോദരൻ അയ്യപ്പനും ഗുരുദേവനുമായി ഒരു ദീർഘസംഭാഷണംതന്നെ നടത്തി. അതിന് സാക്ഷ്യം വഹിച്ച സ്വാമി സത്യവ്രതൻ അവിടെ നടന്ന വ‌ർത്തമാനം അപ്പാടെ എഴുതിയെടുത്ത് ഗുരുവിന്റെ അനുമതിയോടെ പിന്നീട് ടി.കെ.മാധവന്റെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരുവും സഹോദരനുമായുള്ള സംഭാഷണമദ്ധ്യേ, എസ്.എൻ.ഡി.പി യോഗക്കാരുടെ മതപരിവർത്തന വാദത്തിനുള്ള മറുപടിയായി ഗുരു നല്കിയ സന്ദേശമാണ് 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സാരോപദേശം. അനുയായികളുടെ മതപരിവർത്തന തീവ്രവാദവും സംവാദവും സർവമത സമ്മേളനം സംഘടിപ്പിക്കാൻ ഗുരുവിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.[4][7]

സമ്മേളനത്തിന് മഹാശിവരാത്രി നല്ല മുഹൂർത്തമായി തിരഞ്ഞെടുത്തതിനും മറ്റൊരുകാരണമുണ്ട്. [4] ശിവരാത്രി നാളിൽ മണപ്പുറത്ത് ജനസഹസ്രങ്ങൾ എത്തിച്ചേരും. അപ്പോൾ വിവിധ പ്രസ്ഥാനക്കാർ വെവ്വേറെ വേദിയൊരുക്കി പ്രസംഗപരമ്പര നടത്തുമായിരുന്നു. അതിൽ പരമതഖണ്ഡനവും സ്വമതസ്ഥാപനവുമൊക്കെ നിഴലിക്കും. ഇതൊക്കെ അന്തരീക്ഷത്തിൽ അലയടിക്കുമ്പോഴും ആലുവ പുഴയുടെ മറുകരയിലെ അദ്വൈതാശ്രമത്തിൽ ഇത്തരം വാദപ്രതിവാദങ്ങളും മതപ്പോരുകളും അവസാനിപ്പിക്കാനുള്ള കർമ്മയജ്ഞത്തിലുമായിരുന്നു ശ്രീനാരായണഗുരു. അതുകൊണ്ടാണ് ശിവരാത്രി നാളിൽ തന്നെ സർവമത സമ്മേളനത്തിന് വേദിയൊരുക്കാൻ ഗുരുനിശ്ചയിച്ചത്. ആ സമ്മേളനത്തിലെ പ്രധാനസന്ദേശമായി 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ' എന്ന് എഴുതിവയ്ക്കണമെന്ന് സർവമത സമ്മേളനത്തിന്റെ മുഖ്യസംഘാടകനും ശിഷ്യനുമായ സ്വാമി സത്യവ്രതനോട് കർശനമായി നിർദ്ദേശിക്കുകയും സന്ദേശമെഴുതാൻ സഹോദരൻ അയ്യപ്പനെ ചുമതലപ്പെടുത്തുകയും ചെയ്തത്.[4][8]

സമസ്ത കേരള സഹോദര സമ്മേളനം[തിരുത്തുക]

1921ൽ സമസ്ത കേരള സഹോദര സമ്മേളനത്തിന് വേദിയായതും ആലുവ അദ്വൈതാശ്രമ വാടിയായിരുന്നു. അന്ന് സമ്മേളനം നടന്ന പന്തലിന്റെ കവാടത്തിൽ 'സാഹോദര്യം സർവത്ര' എന്നൊരു സൂക്തം എഴുതിവയ്ക്കാൻ ഗുരു നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാകാം സഹേദരനെത്തന്നെ പുതിയ സന്ദേശമെഴുതാനും ചുമതലപ്പെടുത്തിയത്. മുൻ നിശ്ചയപ്രകാരം ശിവരാത്രിയോടനുബന്ധിച്ച് രണ്ടുദിവസങ്ങളിലായി സമ്മേളനം നടന്നു. ലോകത്തെ രണ്ടാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ സർവമത സമ്മേളനം. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ, ജൈന, യഹൂദമതങ്ങളെയും തിയോസഫിക്കൽ സിദ്ധാന്തം, ബ്രഹ്മസമാജം, ആര്യസമാജം, ബഹായി ധർമ്മം എന്നിവയുടെയും പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.[4]

1924 മുതൽ ഗുരുദേവന്റെ ശിഷ്യപരമ്പരയിലെ സന്യാസിമാരുടെ നേതൃത്വത്തിൽ എല്ലാവർഷവും ശിവരാത്രി നാളിൽ ആലുവ അദ്വൈതാശ്രമം സർവമത സമ്മേളനത്തിന് വേദിയായിട്ടുണ്ട്. 100ാമത് സമ്മേളനം 2023 ഫെബ്രുവരി 18ന് നടന്നു.

അവലംബം[തിരുത്തുക]

  1. "സർവമത സമ്മേളനം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  2. Daily, Keralakaumudi. "* അദ്വൈതാശ്രമം ഒരുങ്ങി * സർവമത സമ്മേളനം നൂറിന്റെ നിറവിൽ" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  3. 3.0 3.1 3.2 3.3 Daily, Keralakaumudi. "സർവമത സമ്മേളന ശതാബ്‌ദി;ഗുരുദേവന്റെ ഏകമത സങ്കല്‌പം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 Daily, Keralakaumudi. "ഗുരു തെളിച്ച സാഹോദര്യ ദീപം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  5. "ആലുവ സർവ്വമത സമ്മേളനം അക്കാലത്തെ ഏറ്റവും വലിയ സാമൂഹിക ഇടപെടൽ; ശ്രീനാരായണ ഗുരു സർവമത സ..." Retrieved 2023-03-14.
  6. Daily, Keralakaumudi. "വിശ്വശാന്തിക്ക് അദ്വൈത ദർശനം" (in ഇംഗ്ലീഷ്). Retrieved 2023-03-14.
  7. 7.0 7.1 7.2 "സർവമത സമ്മേളനത്തിന്‌ 100 വയസ്സ്‌". Retrieved 2023-03-14.
  8. Webdesk (2023-02-19). "100 -ാത് സർവമത സമ്മേളനം:-ഗുരുദേവന്റെ അദ്വൈത ദർശനം ജനഹൃദയങ്ങളിലെത്തിയാൽ തീവ്രവാദത്തിന്റെ വഴിയെ പോകുന്നവരെ പോലും മനുഷ്യനാക്കി തിരികെ കൊണ്ടുവരാനാകും. - സ്വാമി സച്ചിദാനന്ദ ". Retrieved 2023-03-14.
"https://ml.wikipedia.org/w/index.php?title=ആലുവ_സർവമത_സമ്മേളനം&oldid=3903024" എന്ന താളിൽനിന്ന് ശേഖരിച്ചത്