എം പി മൂത്തേടത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.പി. മൂത്തേടത്ത്
എം.പി. മൂത്തേടത്ത്

ശിവഗിരിയിലെ ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരം (1960-68 കാലഘട്ടത്തിൽ) സ്വന്തം ചിലവിൽ പണി കഴിപ്പിച്ച് ചരിത്രത്തിന്റെ തന്നെ ഭാഗമായി "ശ്രീ നാരായണ ഭക്തോത്തംസം" എന്ന് അറിയപ്പെട്ട കടുത്ത ശ്രീനാരായണ ഗുരു ഭക്തനും, പ്രശസ്തനായ റെയിൽവേ കോണ്ട്രാക്റ്ററും വ്യവസായിയുമായിരുന്നു എം പി മൂത്തേടത്ത്. 1972ൽ മൂത്തേടത്ത് അന്തരിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ മങ്ങാട്ടുകരയെന്ന ഗ്രാമത്തിൽ 1903 എപ്രിൽ മാസം മൂത്തേടത്ത് മാക്കോതയുടെയും മാതമ്മയുടെയും രണ്ടാമത്തെ പുത്രനായി പാറാൻ എന്ന എം പി മൂത്തേടത്ത് ജനിച്ചു.[2] മാതാപിതാക്കൾ മൂത്തേടത്ത് പാറാൻ എന്നുനാമകരണം ചെയ്തു. കുഞ്ഞിപാറു, വേലായുധൻ ,കൃഷ്ണൻ, സരോജനി എന്നിവർ ആയിരുന്നു സഹോദരങ്ങൾ. [3] ഇദ്ദേഹത്തിന്റെ തറവാട് ക്ഷേത്രമാണ് കന്യകമഹേശ്വരിക്ഷേത്രം. ഫൈനൽ പരീക്ഷ ജയിച്ചതിനു ശേഷം ഒരു ജോലി നേടി സ്വന്തംകാലിൽ നിൽക്കാൻ പ്രയത്നശാലിയായ മൂത്തേടത്ത് തീരുമാനിച്ചു. അങ്ങനെ മൂത്തേടത്ത് തന്റെ ചെറിയച്ചൻ ആയ കോന്നിമേസ്ത്രിയുടെ ഓഫീസിൽ ക്ലാർക്കായി ഇരുപതു രൂപാ ശമ്പളത്തിൽ തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. കോന്നി മേസ്തരി അറിയപ്പെടുന്ന റെയിൽവേ കോണ്ട്രാക്ടർ ആയിരുന്നു.[2] വളരെ കഠിനാധ്വാനിയും സൽസ്വഭാവിയും മിതഭാഷിയും ആയിരുന്നു. സ്വപ്രയത്നവും മുലം ശമ്പളം ഇരുപതു രൂപായിൽ തുടങ്ങി മാസം ഇരുനുറ്റിഅറുപതു രൂപായിൽ എത്തി. സ്വന്തമായി ഒരു കോൺട്രാക്ട് തുടങ്ങുവാനുള്ള അത്യുത്സാഹത്തോടെ രണ്ടായിരം രൂപയുടെ റെയിൽവേ പെയിന്റിംഗ് കോൺട്രാക്ട് സ്വന്തമായി ഏറ്റെടുത്ത് കോൺട്രാക്ട് പണിയുടെ ഹരീശ്രീ കുറിച്ചു.[1]

ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം[തിരുത്തുക]

ശ്രീനാരായണഗുരു തൃപ്പാദങ്ങൾ ആലുവ അദ്വൈതാശ്രമത്തിൽ വിശ്രമിക്കുന്ന വിവരം അറിഞ്ഞ് ആദ്യത്തെ റെയിൽവേ കോണ്ട്രാറ്റിൽ നിന്ന് കിട്ടിയ ലാഭവിഹിതവും മറ്റ് ഉപഹാരങ്ങളുമായി മൂത്തേടത്ത് ആലുവാ അദ്വൈതാശ്രമത്തിലെത്തി ശ്രീനാരായണ ഗുരുവിനെ ദർശനം നടത്തി കാൽക്കൽ വീണു നമസ്ക്കരിക്കുകയും ചെയ്തു. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ ബോധാനന്ദസ്വാമികളാണ് അപ്പോൾ അടുത്തുണ്ടായിരുന്നത്. 'നമ്മുടെ പാറാൻ വന്നിട്ടുണ്ടല്ലോ' എന്ന് പറഞ്ഞാണ് മുത്തേടത്തിനെ ഗുരു ആശിർവാദിച്ചത്. തന്റെ ചെറിയച്ചനെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ഗുരു ചോദിച്ചറിഞ്ഞു. മൂത്തേടത്ത് താൻ റെയിൽവേ കോണ്ട്രാക്റ്റ് എടുത്തതിനെക്കുറിച്ച് ഗുരുവിനെ അറിയിച്ചു. [1]ഗുരു വാത്സല്ല്യപുർവം അത് ശ്രദ്ധിച്ചു മൂത്തേടത്തിനോട് ഇങ്ങനെ ഉപദേശിക്കുകയുണ്ടായി "കോണ്ട്രാക്റ്റ് എടുത്ത് പണി നടക്കുമ്പോൾ പണി ചെയ്യുന്ന ജോലിക്കാരെ സ്നേഹിക്കുകയല്ലാതെ എല്ലാക്കാര്യത്തിലും അവരെ വിശ്വസിച്ചു മാറിനിൽക്കരുത്. കോന്നി ചെയ്യുന്നത് കണ്ടിട്ടില്ലേ, ഏതു മഴയത്തും വെയിലത്തും ആ കറുത്ത തൊപ്പി തലയിൽവെച്ചുകൊണ്ട് അവരോടൊപ്പം നിൽക്കുന്നത്? പണിക്കാരുടെകുടെ നിൽക്കുന്നത് നമുക്ക് പണി പഠിക്കുവാനും പണിക്കാർക്ക് ഉത്സാഹം തോന്നുവാനുമാണ്. അല്ലെങ്കിൽ അവർ വർത്തമാനം പറഞ്ഞും മുറുക്കി തുപ്പിയും സമയം കളയും. എന്നാൽ ഒരു വിധത്തിലും അവർക്ക് മനപ്രയാസം തോന്നുന്നവിധത്തിൽ പ്രവർത്തിക്കുകയോ പറയുകയോ അരുത്". എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. മുത്തേടത്ത് തന്റെ പോക്കറ്റിൽ നിന്നും റാണിത്തലയുള്ള അഞ്ചു വെള്ളി ഉറുപ്പിക എടുത്തു ഗുരുവിന്റെ മുന്നിലുള്ള ഇലയിൽ വെച്ചു. 'ആഹാ ഇതെന്താ രൂപയോ' എന്ന് പുഞ്ചിരി തുകിക്കൊണ്ട് ചോദിച്ചിട്ട് ഗുരു അതിൽനിന്നും മുന്നു ഉറുപ്പിക എടുത്തു ഇടത്തു കൈവെള്ളയിലും പിന്നിടു വലതു കൈവെള്ളയിലും രണ്ടുമുന്നു പ്രാവശ്യം മാറി മാറി പിടിച്ച ശേഷം മൂത്തേടത്തിനു നേരെ വലതുകൈ നീട്ടി, 'എനിക്കുള്ളത് നിനക്കും, നിനക്കുള്ളതെനിക്കും' എന്ന് പറഞ്ഞുകൊണ്ട് മൂത്തേടത്തിനു സമ്മാനിച്ചു. [1]അദ്ദേഹം മരിക്കുന്നതു വരെ ആ നാണയം ചന്ദനം കൊണ്ട് പണിത ഒരു ചെറിയ പെട്ടിയിൽ മഞ്ഞപട്ടിൽ പൊതിഞ്ഞു സൂക്ഷിച്ചിരിന്നു. തന്റെ സകല ഐശ്വരത്തിനും നിദാനം ഗുരുവിന്റെ കാരുണ്യവും ഈ രൂപയും ആണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

കോണ്ട്രാക്റ്റ്, ബിസിനസ്സ്[തിരുത്തുക]

അദ്ദേഹത്തിന്റെ പ്രധാന റെയിൽവേ കോൺട്രാക്ടു ജോലികൾ തിരൂർ പാലം, കർണാടകയിലെ സകലേഷ്പൂർ, റെനിഗുണ്ട റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ്. പിന്നെ അവിഭക്ത ആന്ധ്രപ്രദേശിലെ ഒട്ടുമിക്ക റെയിവേ സ്റ്റേഷനുകളും പണിതത് ഇദ്ദേഹമാണ്. ഗുരുവായൂർ ക്ഷേത്രം കത്തിനശിച്ചപ്പോൾ അതിന്റെ പുനരുദ്ധാരണത്തിന്റെ കമ്മിറ്റിയുടെ ചെയർമാൻ ഇദ്ദേഹമായിരുന്നു. പുനരുദ്ധാരണം നടന്നത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ആയിരുന്നു .ഭാര്യ കുഞ്ഞുലക്ഷ്മി, 4 മക്കൾ - രാജൻ സിംഗ് , ഡോ.മോഹൻ സിംഗ്‌, ജയൻ സിംഗ്, ശശികല. 1960 അദ്ദേഹം ഒരു ഇൻഡസ്ട്രിയൽ കമ്പനി തുടങ്ങി - ശ്രീ നാരായണ കൺസ്ട്രക്ഷൻ വർക്ക്സ്. ഇന്നും അത് നല്ല രീതിയിൽ നടന്നു വരുന്നു. [3]

ശ്രീ നാരായണ ഗുരു സമാധി മന്ദിര സമർപ്പണം[തിരുത്തുക]

നാരായണഗുരു സമാധിക്കു ശേഷം മന്ദിരനിർമ്മാണ പ്രവർത്തനം നിരാശതാജനഗമായി ദീർഘകാലം തടസ്സപ്പെട്ട് കിടക്കുന്നത് കൊണ്ട് അത് തുടങ്ങിവയ്ക്കാമെന്ന് കരുതി ആ മന്ദിരത്തിൻ്റെ ഫൗണ്ടേഷനും ബേസ് മെൻ്റും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നു എം പി.മൂത്തേടത്ത് ഏറ്റു. മഹാ സമാധി മന്ദിരത്തിന്റെ പ്ലാൻ മദ്രാസിലെ പ്രസിദ്ധ ആർക്കിടെക്ടായിരുന്ന ശ്രീ ചിറ്റാലയെക്കൊണ്ട് തയ്യറാക്കിച്ചു [4] ഇരുപതിനായിരം രൂപ കൊണ്ട് ഇത് പൂർത്തിയാക്കാമെന്ന് വിചാരിച്ചുപണി തുടങ്ങിയപ്പോൾ ആ തുകയുടെ അഞ്ചിരട്ടി അതിനു വേണ്ടി മാത്രം വേണ്ടിവരുമെന്ന് മൂത്തേടത്തിനു മനസ്സിലായി. ഏറ്റ സംഗതി ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്താൽ അത് നിറവേറുമെന്നുള്ള വിശ്വാസത്തിൽ സധൈര്യം പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് പുതിയ കൺട്രാക്റ്റുകൾ മൂലം കൂടുതൽ പണം ലഭിച്ചു. അതുകൊണ്ട് അടി നില മുഴുവനും സ്വന്ത ചിലവിൽ തീർപ്പിക്കാമെന്നു പിന്നീട് തീരുമാനിച്ചു. അടിനില പൂർത്തിയായതോടു കൂടി മൂത്തേടത്തിൻ്റെ സാമ്പത്തികനില കൂടുതൽ അഭിവൃദ്ധിപ്പെട്ടു വന്നതിനാൽ രണ്ടാമത്തെ നിലയും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നുറപ്പിച്ചു. അതും പൂർത്തിയായതോടു കൂടി അദ്ദേഹത്തിൻ്റെ ധനസ്ഥിതി പിന്നെയും കൂടുതൽ ശോഭനമായിക്കൊണ്ടിരുന്നു. സ്വാമി ഭക്തനും ധർമ്മ തൽപ്പരനുമായ അദ്ദേഹം സമാധി മന്ദിരം മുഴുവനും തൻ്റെ സ്വന്തം ചിലവിൽ പണികഴിപ്പിക്കാമെന്ന് തീരുമാനിച്ചു .അപ്രാകാരം ലക്ഷക്കണക്കിനു രൂപ ചിലവാക്കി സമാധി മന്ദിരം പൂർത്തിയാക്കി. അതിൻ്റെ മേനി പണികളും ലൈറ്റ് മുതലായ സജ്ജികരണങ്ങളും താഴിക കുടങ്ങൾക്കുള്ള സ്വർണ്ണ വേലകളും ചെയ്തു. മുഴുവൻ ജോലികളും പൂർത്തിയാക്കി അതിനുള്ളിൽ നാരായണഗുരുവിന്റെ മനോഹരമായ ഒരു മാർബിൾ വിഗ്രഹം കൂടി ശ്രീ മുത്തേടത്തിൻ്റെ ചെലവിൽ സ്ഥാപിച്ചു.[5] കാശിയിലെ തില ഭാണ്ടേശ്വരക്ഷേത്രത്തിന് അടുത്ത് താമസിച്ചിരുന്ന പശുപതിനാഥ മുഖർജിയെയാണ് പ്രതിമാ നിർമ്മാണചുമതല ഏൽപ്പിച്ചത്.പക്ഷെ പ്രതിമയുടെ മിനുക്കുപണികൾ ബാക്കിനിൽക്കവേ പശുപതിനാഥ മുഖർജി മരണമടഞ്ഞു.അദ്ദേഹത്തിന്റെ പത്നി സമർത്ഥരായ മറ്റുകലാകാരന്മാരെകൊണ്ട് ബാക്കിയുണ്ടായിരുന്ന മിനുക്കുപണികൾ എല്ലാം തീർത്തു നിർമ്മാണം പൂർത്തിയാക്കി ശേഷം .എം.പി മൂത്തേടത്ത് തന്നെയാണ് പ്രതിമയും സംഭാവന നൽകിയത്. [6]1953 ൽ ആരംഭിച്ച നിർമ്മാണം സ്വന്തം ചെലവിലും മേൽനോട്ടത്തിലും പൂർത്തീകരിച്ച് കാണിക്കയായി അദ്ദേഹം ഗുരുവിന് സമർപ്പിച്ചു. സമാധിമന്ദിരത്തിന്റെ ഉദ്ഘാടനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ആഘോഷ കമ്മിറ്റിയുടെ പേര് "പ്രതിമാ പ്രതിഷ്ഠാകമ്മറ്റി' എന്നായിരുന്നു. [7]വലിയ ഒരു ഘോഷയാത്രയായി രാത്രി പതിനൊന്ന് മണിയോട് കൂടിയാണ്‌ പ്രതിമ ശിവഗിരിയിൽ എത്തിച്ചത്. 1969 ജനുവരി ഒന്നാം തീയതി ഗുരുദേവ പ്രതിമ സമാധിമണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്ടിക്കപെട്ടു.ഈ കർമ്മത്തിന്റെ പ്രധാന നേതൃത്വം വഹിച്ചത് മൂത്തേടത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന അന്നത്തെ ശിവഗിരി മഠം ജനറൽ സെക്രട്ടറി ശ്രീമദ്‌ ഗീതാനന്ദ സ്വാമികൾ ആയിരുന്നു.[6]

മരണം[തിരുത്തുക]

1972 ഡിസംബർ 23 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മൂത്തേടത്ത് അന്തരിച്ചത്.[3][1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Wayback Machine". 2019-05-12. Archived from the original on 2019-05-12. Retrieved 2023-03-14.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "ശ്രീ നാരായണ ഭക്തോത്തംസം എം .പി .മുത്തേടത്ത് ". 2013-02-11. Retrieved 2023-03-14.
  3. 3.0 3.1 3.2 "Facebook". Retrieved 2023-03-14.
  4. "💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐". 2016-05-18. Retrieved 2023-03-14.
  5. "💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐". 2016-05-18. Retrieved 2023-03-14.
  6. 6.0 6.1 "SRRE NARAYANA GURUDEVAKRITHIKAL ഗുരുദേവ കൃതികൾ DEVAN THARAPIL" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2023-03-14. Retrieved 2023-03-14.
  7. "നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല | കെ. എസ്. ഇന്ദുലേഖ​ | TrueCopy Think". Retrieved 2023-03-14. {{cite web}}: zero width space character in |title= at position 77 (help)
"https://ml.wikipedia.org/w/index.php?title=എം_പി_മൂത്തേടത്ത്&oldid=4060547" എന്ന താളിൽനിന്ന് ശേഖരിച്ചത്