റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളിൽ, വിശ്വാസികൾ പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകർമ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങൾ ഏറ്റുപറയുന്നതാണ് ഇതിൽ മുഖ്യമായുള്ളത്. കുറ്റവാളികൾ, നിയമപാലകരുടെ മുൻപിൽ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്. പ്രത്യേകമായി നിർമ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിർവഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.