വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/മേയ് 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< മേയ് 2020 >>

മേയ് 1 - 4

വയനാട്ടുകുലവൻ
വയനാട്ടുകുലവൻ

ഉത്തരകേരളത്തിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് വയനാട്ടുകുലവൻ. വടക്കെ മലബാറിലെ തീയ്യ സമുദായത്തിൽപ്പെട്ടവരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. തെയ്യത്തിന്റെ പുരാവൃത്തം പരമശിവനുമായി ബന്ധപ്പെട്ടതാണ്. മൂന്നു ദിവസങ്ങളായി നടക്കുന്ന ദൈവം കെട്ടിന് മുന്നോടിയായി മറയൂട്ട് , കൂവം അളക്കൽ, അടയാളം കൊടുക്കൽ അതിനു ശേഷം കലവറ നിറക്കൽ തുടങ്ങിയ പരിപാടികൾ ഉണ്ടാവും.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ


മേയ് 5 - 9

മാരൻശലഭം
മാരൻശലഭം

നീലിശലഭങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് നാട്ടുമാരൻ അഥവാ മാരൻശലഭം. മഴക്കാടുകളും സമതലങ്ങളും വെളിപ്രദേശങ്ങളുമാണ് ഈ ശലഭങ്ങളുടെ ഇഷ്ടപ്പെട്ട ആവാസ കേന്ദ്രങ്ങൾ. ഈന്തിന്റെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളിൽ ജീവിതചക്രം പൂർത്തിയാക്കുന്ന അപൂർവ്വം പൂമ്പാറ്റകളിലൊന്നാണിത്. ആൺശലഭത്തിന്റെ ചിറകുപുറത്തിന് തിളങ്ങുന്ന നീലനിറമാണ്, പെൺശലഭത്തിന് തവിട്ടുനിറവും.

ഛായാഗ്രഹണം: ജീവൻ ജോസ്


മേയ് 11 - 16

ഈര
ഈര

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ഈര. ഒരുതരം ചേരാണിത്. പന്ത്രണ്ട് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.

ഛായാഗ്രഹണം: വിനയരാജ്


മേയ് 17 - 23

വെള്ളിവരയൻ ശലഭം
വെള്ളിവരയൻ ശലഭം

ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ. ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. പ്യൂപ്പ രൂപം കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ


മേയ് 24 - 30

നാട്ടുനിലത്തൻ
നാട്ടുനിലത്തൻ

മിക്ക ഏഷ്യൻ രാജ്യങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം കല്ലൻ തുമ്പിയാണ് നാട്ടുനിലത്തൻ. ആൺതുമ്പികൾ ആകെ നീലനിറത്തിലോ അല്ലെങ്കിൽ കറുത്ത പൊട്ടുള്ള നേർത്ത പച്ച കലർന്ന നീല നിറത്തിലും, പെൺതുമ്പികൾ മഞ്ഞനിറത്തിലും കാണപ്പെടുന്നു. കേരളത്തിൽ വർഷം മുഴുവൻ വളരെ സാധാരണയായി കണ്ടു വരുന്ന ഈ തുമ്പി പേര് അന്വർത്ഥമാക്കും വിധം കൂടുതൽ സമയവും നിലത്താണ് ഇരിക്കുക.

ഛായാഗ്രഹണം: ജീവൻ ജോസ്


മേയ് 31

കുറ്റിക്കണ്ടൽ
കുറ്റിക്കണ്ടൽ

റൈസോഫോറെസിയ കുടുംബത്തിൽപ്പെട്ട എട്ടു മീറ്ററോളം വളരുന്ന കണ്ടൽച്ചെടിയാണ്‌ കുറ്റിക്കണ്ടൽ അഥവാ ചെറുകണ്ടൽ. നല്ല പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയും ഇവയെ മറ്റു കണ്ടലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. മണ്ണിനടിയിൽ മുകളിലോട്ട് മുളച്ചു വളർന്നു നിൽക്കുന്ന ശ്വസനവേരുകളും പടർന്ന് പന്തലിച്ചിരിക്കുന്ന വേരുപടർപ്പുകളും ചിലപ്പോൾ പുറത്തേക്ക് കാണാം. പൂർണ്ണ വളർച്ചയെത്തിയ മരങ്ങൾ നല്ല ഉരുപ്പടിയായും ഫർണ്ണീച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്, മരത്തൊലിയിൽ നിന്നും ഔഷധങ്ങളും ടാനിനും വേർതിരിക്കാം. പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു.

ഛായാഗ്രഹണം: Shagil Kannur