Jump to content

വാസുദേവ് ബൽവന്ത് ഫഡ്‌കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാസുദേവ് ബൽവന്ത് ഫഡ്കെ
വാസുദേവ് ബൽവന്ത് ഫഡ്കെയുടെ പ്രതിമ, മുംബൈ
ജനനം(1845-11-04)4 നവംബർ 1845
ഷിർഡോൺ, പൻവേൽ താലൂക്ക്, റായ്ഗഡ് ജില്ല , മഹാരാഷ്ട്ര
മരണം17 ഫെബ്രുവരി 1883(1883-02-17) (പ്രായം 37)
തൊഴിൽവിപ്ലവകാരി, സ്വാതന്ത്ര്യ സമര സേനാനി

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയും[1] ആയിരുന്നു വാസുദേവ് ബൽവന്ത് ഫഡ്കെ (4 നവംബർ 1845 - 17 ഫെബ്രുവരി 1883). മഹാരാഷ്ട്രയിലെ കോലി, ഭീൽ, ധൻഗർ സമുദായങ്ങളുടെ സഹായത്തോടെ വാസുദേവ് റമോഷി എന്ന പേരിൽ ഒരു വിപ്ലവ സംഘത്തിന് രൂപം നൽകി.

ആദ്യകാല ജീവിതം

[തിരുത്തുക]

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള പൻവേൽ താലൂക്കിലെ ഷിർദോൺ ഗ്രാമത്തിൽ 1845 നവംബർ 4 ന് ഒരു ചിത്‌പവൻ ബ്രാഹ്മണ കുടുംബത്തിലാണ് ഫാഡ്‌കെ ജനിച്ചത്. പിന്നീട് പൂനെയിൽ ചേർന്ന അദ്ദേഹം പുണെയിലെ സൈനിക അക്കൌണ്ട് ഡിപ്പാർട്ട്മെന്റിൽ ഗുമസ്തനായിരുന്നു. ഈ കാലഘട്ടത്തിൽ മഹാദേവ് ഗോവിന്ദ് റാനഡേയുടെ പ്രഭാഷണങ്ങൾ അദ്ദേഹം കേൾക്കുകയുണ്ടായി. ബ്രിട്ടീഷ് രാജ് നയങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചായിരുന്നു അത്. ഈ പ്രഭാഷണങ്ങൾ ഫാഡ്‌കെയെ സ്വാധീനിച്ചു.

1870-ൽ പൂനെയിലെ പൊതുജന പ്രക്ഷോഭത്തിൽ പങ്കെടുത്തു. യുവാക്കളെ ഉദ്ഭോദിപ്പിക്കുവാൻ ഫാഡ്‌കെ ഒരു ഐക്യ വർദ്ധിനി സഭ സ്ഥാപിച്ചു. ഗുമസ്തനായി ജോലി ചെയ്യുമ്പോൾ, അവധി ലഭിക്കാൻ കാലതാമസമുണ്ടായതിനാൽ മരണശയ്യയിലായിരുന്ന തന്റെ അമ്മയെ ഫാഡ്‌കെയ്ക്ക് സന്ദർശിക്കുവാൻ കഴിഞ്ഞില്ല. ഈ സംഭവം അദ്ദേഹത്തെ വളരെയധികം പ്രകോപിപ്പിക്കുകയും , ജീവിതത്തിലെ വഴിത്തിരിവായിത്തീരുകയും ചെയ്തു[2].

1860-ൽ സാമൂഹ്യ പരിഷ്കർത്താക്കളും വിപ്ലവകാരികളുമായ ലക്ഷ്മൺ നാർഹർ ഇന്ദ്രപുർക്കർ, വാമൻ പ്രഭാകർ ഭേവെ എന്നിവരുമായി ചേർന്ന് ഫാഡ്‌കെ പൂന നേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ (പിഎൻഐ) സ്ഥാപിച്ചു. ഇത് പിന്നീട് മഹാരാഷ്ട്ര എഡ്യൂക്കേഷൻ സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

സായുധ കലാപം

[തിരുത്തുക]

1875-ൽ ബ്രിട്ടീഷുകാർ ബറോഡയിലെ ഗെയ്ക്‌വാദ് ഭരണം പിടിച്ചെടുത്തതോടെ ഫാഡ്കെ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. കടുത്ത ഭക്ഷ്യക്ഷാമവും, ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിസ്സംഗതയും , ഡെക്കാൺ പ്രദേശത്ത് പര്യടനം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ജനങ്ങൾ സ്വതന്ത്ര റിപ്പബ്ലിക്കിനായി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യരിൽ നിന്ന് പിന്തുണ നേടാൻ കഴിയാതെ വന്നപ്പോൾ റാമോഷി ജാതിക്കാരുടെ ഒരു വിപ്ലവ സംഘത്തിന് ഫാഡ്‌കെ രൂപം നൽകി. കോലി, ഭീൽ, ധൻഗർ സമുദായങ്ങളുടെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു. കുതിരസവാരി, വാൾപ്പയറ്റ്, തോക്കിന്റെ പ്രയോഗം തുടങ്ങിയവ അദ്ദേഹം സ്വയം പരിശീലിച്ചു.

പൂനെ ജില്ലയിലെ ചിറൂർ താലൂക്കിലെ ധാമാരി എന്ന ഗ്രാമത്തിലാണ് ആദ്യ ആക്രമണം നടത്തിയത്. ബ്രിട്ടീഷ് സർക്കാർ ശേഖരിച്ചിരുന്ന ആദായനികുതി തദ്ദേശീയനായ വ്യവസായി ബാൽചന്ദ് ഫോജിമൽ സാങ്ക്ലയുടെ വീട്ടിൽ സൂക്ഷിച്ചിരുന്നു. അവർ ആ വീട് ആക്രമിക്കുകയും പണം പിടിച്ചെടുത്ത് ക്ഷാമം അനുഭവിച്ചിരുന്ന ഗ്രാമവാസികൾക്ക് നൽകുകയും ചെയ്തു. എന്നാൽ ഇത് ഒരു കവർച്ച ആയി മുദ്രകുത്തപ്പെട്ടു.

ഫാഡ്‌കെയ്ക്ക് ഒളിവിൽ പോകേണ്ടി വന്നു. നാനാഗാമിലെ ഗ്രാമവാസികൾ അദ്ദേഹത്തെ വനപ്രദേശത്ത് സംരക്ഷിച്ചു. പൂനെയിലെ ശിരൂർ, ഖേഡ് താലൂക്കുകൾ എന്നിവിടങ്ങളിലെ ഫാഡ്‌കെ നിരവധി ആക്രമണങ്ങൾ നടത്തി. ബ്രിട്ടീഷ് സേനയുടെ ആശയവിനിമയങ്ങൾ മുറിച്ചുമാറ്റി ട്രഷറികൾ കൊള്ളയടിച്ച് ക്ഷാമം അനുഭവിക്കുന്ന കർഷകർക്ക് ഭക്ഷണം കൊടുക്കുക എന്നതാതായിരുന്നു ഈ ആക്രമണങ്ങളുടെ പൊതുരീതി.

പടിഞ്ഞാറൻ തീരത്തെ കൊങ്കൺ പ്രദേശത്ത് ഫാഡ്കെയുടെ അനുയായിയും റാമോഷി നേതാവുമായിരുന്ന ദൗലത്രവ് നായിക് ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. 1879 മെയ് 10 ന് അവർ പലസ്പെയും ചിഖാലിയും ആക്രമിച്ച് 1.5 ലക്ഷം രൂപ കവർന്നു. ഘാട്ട്മാതയിലേക്ക് തിരിച്ചുപോകുമ്പോൾ മേജർ ദാനിയേൽ നയ്ക്കിനെ ആക്രമിച്ചു കൊലപ്പെടുത്തി. ഫാദേയുടെ വിപ്ലവത്തിന് ഇദ്ദേഹത്തിന്റെ മരണം തിരിച്ചടിയായി. പിന്തുണ നഷ്ടപ്പെട്ടതിനാൽ അദ്ദേഹം തെക്ക് ശ്രീശൈല മല്ലികാർജുൻ ക്ഷേത്രത്തിലേക്ക് പിൻവലിയുവാൻ നിർബന്ധിതനായി. പിന്നീട് 500 ൽ പരം രോഹിലകളെ സംഘടിപ്പിച്ച് അദ്ദേഹം പുതിയ പോരാട്ടം ആരംഭിച്ചു.

1984 ൽ ഇന്ത്യൻ തപാൽ സർവീസ് ഫാഡ്കെയുടെ ബഹുമാനാർത്ഥം സ്റ്റാമ്പ് പുറത്തിറക്കി. ദക്ഷിണ മുംബൈയിലെ മെട്രോ സിനിമയ്ക്കടുത്തുള്ള ചൗക്ക് അദ്ദേഹത്തിന്റെ പേരിലാണ്. ഗജേന്ദ്ര ആഹിരേ സംവിധാനം ചെയ്ത മറാഠി ചിത്രമായ വാസുദേവ് ബൽവന്ത് ഫഡ്‌കെ 2007 ഡിസംബറിൽ പുറത്തിറങ്ങി. പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു തീയേറ്റർ നിർമ്മിച്ചു.

അവലംബം

[തിരുത്തുക]
  1. ദി ഹിന്ദു, 14 ഓഗസ്റ്റ്, 2018
  2. Khan, Mohammad. Tilak and Gokhale: A Comparative Study of Their Socio-politico-economic Programmes of Reconstruction–. p. 3.