വലിയ തേൻകിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ തേൻകിളി
Loten's Sunbird
Male Loten's Sunbird.jpg
ആൺകിളി
Female Loten's Sunbird 2.jpg
പെൺകിളി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Nectariniidae
ജനുസ്സ്: Cinnyris
വർഗ്ഗം: C. lotenius
ശാസ്ത്രീയ നാമം
Cinnyris lotenius
(Linnaeus, 1766)
പര്യായങ്ങൾ

Nectarinia lotenia
Arachnechthra lotenia

ഇന്ത്യയിലും ശ്രീലങ്കയിലും സാധാരണ കാണപ്പെടുന്ന ഒരിനം തേൻ‌കിളിയാണ്‌ വലിയ തേൻ‌കിളി അഥവാ കൊക്കൻ തേൻ‌കിളി. ഇംഗ്ലീഷ്:Lotens Sunbird, Long-billed Sunbird , Maroon-breasted Sunbird എന്നിങ്ങനെ പേരുകളുണ്ട്.

വിവരണം[തിരുത്തുക]

ഇവയ്ക്ക് കറുപ്പൻ തേൻ‍കിളിയോട് വളരെ സാദൃശ്യമുണ്ട്.ഇവ തമ്മിൽ തിരിച്ചറിയുക പലപ്പോഴും ബുദ്ധിമുട്ടാണ്. കറുപ്പൻ തേൻ‍കിളിയും കൊക്കൻ തേൻകിളിയും തമ്മിലുള്ള പ്രധാന വ്യത്യാസം കൊക്കിന്റെ നീളത്തിലും ആകൃതിയിലുമാണ്. ദേഹത്തിനോത്തതല്ല എന്ന് തോന്നുമാറു നീളം കാണും കൊക്കൻറെ കൊക്കിന്. മാത്രമല്ല അതിനു നടുക്കുവച്ചു ഓടിഞ്ഞതുപോലെ പെട്ടെന്ന് താഴോട്ട് ഒരു വളവും ഉണ്ട്. സൂക്ഷിച്ചു നോക്കിയാൽ പൂവൻറെ ഉദരവും കീഴ് മുതുകും കരിമ്പിച്ച തവിട്ടുനിറമാണെന്നു കാണാം. കറുപ്പൻ തേൻകിളി പൂവൻറെ കാര്യത്തിൽ ഈ ഭാഗങ്ങൾ തിളങ്ങുന്ന കരിനീല നിറമാണ്. പൂവൻ കൊക്കനെ പലപ്പോഴും തനി കറുപ്പല്ലാത്ത വേഷത്തിൽ കാണാറുണ്ട്.ആ സമയത്ത് അവയുടെ അടിഭാഗം മങ്ങിയ വെള്ളയായിരിക്കും. തൊണ്ടയിൽ നിന്ന് താഴോട്ട് അടിവയറുവരെ എത്തുന്ന കറുത്ത പട്ടയും കാണാം. പെൺകിളിയുടെ പുറക വശം മഞ്ഞകലർന്ന ചാരനിറവും വയറു ഭാഗം മഞ്ഞ നിറവുമാണ്.

ആവാസ്തവ്യവസ്ഥ[തിരുത്തുക]

കറുപ്പൻ തേൻ‍കിളിയെ വരണ്ട പ്രദേശങ്ങളിലും കൊക്കൻ തേൻകിളിയെ മഴ ധാരാളം ഉള്ള സ്ഥലങ്ങളിലും ആണ് സാധാരണ കാണുകയെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ജാതിക്കാരെയും ഒരുമിച്ചു കാണാം. നന്നായി പരിചയിച്ചു കഴിഞ്ഞാൽ കൊക്കിന്റെ ആകൃതികൊണ്ട് തന്നെ ഇവയെ വേർതിരിച്ചു അറിയാം.

ആഹാരം[തിരുത്തുക]

മറ്റു തേൻകിളികളെ പോലെ തന്നെ ആണ് കൊക്കൻ തേൻകിളികളുടെയും ആഹാരരീതി. നീണ്ട കൊക്കും അതിലും നീളമുള്ള നാക്കുമുള്ള കൊക്കൻ തേൻകിളികളുടെ പ്രധാന ആഹാരം പൂന്തേനാണ്‌. നീണ്ടുവളഞ്ഞ സൂചികൊക്ക് പൂവുകൾക്കുള്ളിൽ കടത്തി തുരുതുരെ വിറയ്ക്കുന്ന ചിറകുകളോടെ സ്വല്പ്പനേരം 'കാറ്റു ചവിട്ടി' നിന്ന്, പെട്ടെന്ന് തെറിച്ചു പോകുന്നതുപോലെ പറന്നു മറ്റൊരു പൂവിലേക്കോ ശഖയിലേക്കോ പറന്നുപോകുന്നു. മറ്റു തേൻകിളികളെ പോലെ ചെറിയ പാറ്റകളെയും പുഴുക്കളെയും മറ്റും പതിവായി തിന്നാറുണ്ട്. മിക്ക ജാതിക്കാർക്കും എട്ടുക്കാലി അമൃതതുല്ല്യമാണ്

പ്രജനനം[തിരുത്തുക]

മറ്റു തേൻകിളികളെ പോലെ തന്നെ കൊക്കൻ തേൻകിളികളുടെയും പ്രജനനകാലം ജനുവരിയ്ക്കും ഒക്ടോബറിനും ഇടയ്ക്കാണ്. ഇക്കാലത്ത് കറുപ്പൻ തേൻകിളികളെ പോലെ കൊക്കൻ തേൻകിളികളും ചില ശൃംഗാര ചേഷ്ടകളും പ്രകടിപ്പിക്കാറുണ്ട്. തേൻകിളികൾക്കിടയിൽ കൂടുകെട്ടുന്നതും മുട്ടകൾക്ക് മീതെ അടയിരിക്കുന്നതും പിടപ്പക്ഷികളുടെ കുത്തകയാണ്. മുട്ടകൾ വിരിഞ്ഞു കഴിഞ്ഞാൽ പൂവന്മാർ കുഞ്ഞുങ്ങളെ തീററുന്നതിനു സഹായിക്കും.

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

കേരളത്തിലെ പക്ഷികൾ, ഇന്ദുചൂഡൻ-കേരള സാഹിത്യ അക്കാദമി

ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ, സി. സലിം - ചിന്ത പബ്ലിഷേഴ്സ്.

"https://ml.wikipedia.org/w/index.php?title=വലിയ_തേൻകിളി&oldid=2590974" എന്ന താളിൽനിന്നു ശേഖരിച്ചത്