ലെ ദുയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെ ദുയൻ

1978 ൽ എടുത്ത ചിത്രം

ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
പദവിയിൽ
10 സെപ്തംബർ 1960 – 10 ജൂലൈ 1986
മുൻ‌ഗാമി ഹോ ചി മിൻ
പിൻ‌ഗാമി ടുവോങ് ചിൻ

സെക്രട്ടറി, സെൻട്രൽ മിലിട്ടറി കമ്മീഷൻ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം)
പദവിയിൽ
1981–1984

പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
പദവിയിൽ
1957 – 10 ജൂലൈ 1986

സെക്രട്ടറിയേറ്റ് അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം
പദവിയിൽ
1956 – 10 ജൂലൈ 1986
ജനനം ലെ വാൻ നുവാൻ
1907 ഏപ്രിൽ 7(1907-04-07)
ഖുവാങ് പ്രവിശ്യ, ഫ്രഞ്ച് ഇൻഡോചൈന
മരണം 1986 ജൂലൈ 10(1986-07-10) (പ്രായം 79)
ഹാനോയ്, വിയറ്റ്നാം
ദേശീയത വിയറ്റ്നാമീസ്
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം

വിയറ്റ്നാമിൽ നിന്നുമുള്ള ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു ലെ ദുയൻ (ജനനം7 ഏപ്രിൽ 1907 – മരണം 10 ജൂലൈ 1986). വിയറ്റ്നാമീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും താഴേ തട്ടിൽ നിന്നും പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു വരെ എത്തിച്ചേർന്നു. അധികാരം, വ്യക്തികളിൽ നിന്നും ചെറിയ ഗ്രൂപ്പുകളിലേക്കു കൈമാറുക എന്ന ഹോചിമിന്റെ രീതി തന്നെയായിരുന്നു ലെ ദുയനും പിന്തുടർന്നത്. ഹോചിമിന്റെ ആരോഗ്യസ്ഥിതി മോശമായതു മുതൽ, ലെ ദുയന്റെ മരണം വരെ അദ്ദേഹം തന്നെയായിരുന്നു പാർട്ടിയുടെ അച്ചുതണ്ട്.

ഒന്നാം ഇൻഡോചൈന യുദ്ധത്തിൽ പങ്കെടുത്തു. 1951 മുതൽ 1954 വരെ പാർട്ടി ഘടകമായിരുന്ന സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ നേതാവായിരുന്നു. യുദ്ധത്തിലൂടെയാണെങ്കിൽ പോലും, ദക്ഷിണ,വടക്കൻ വിയറ്റ്നാമുകളുടെ ലയനം സാധ്യമായേ തീരൂ എന്ന കർശനനിലപാടുകാരനായിരുന്നു ലെ ദുയൻ. 1950 കളിൽ ലെ ദുയൻ പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി മാറി. 1960 കളുടെ തുടക്കത്തിൽ ഹോചിമിന്റെ ആരോഗ്യനില മോശമായപ്പോൾ, ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്നത് ലെ ദുയൻ ആയിരുന്നു. 1969 സെപ്തംബർ രണ്ടിനു ഹോചിമിൻ മരണമടഞ്ഞതോടെ, ലെ ദുയൻ പാർട്ടിയിലെ അനിഷേധ്യ നേതാവായി മാറി.

വിയറ്റ്നാം യുദ്ധത്തിലുടനീളം, വളരെ കർശന നിലപാടെടുത്തിരുന്ന നേതാവായിരുന്നു ലെ ദുയൻ. ആക്രമണമാണ് വിജയിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നു വിശ്വസിക്കുകയും, അതു നടപ്പിലാക്കാൻ അണികളോടു ആവശ്യപ്പെടുകയും ചെയ്ത നേതാവായിരുന്നു ലെ ദുയൻ. 1975 ൽ വിയറ്റ്നാം യുദ്ധം ജയിച്ചതോടെ, വിയറ്റ്നാമിന്റെ ഭാവിയിൽ ലെ ദുയനും കൂട്ടർക്കും ശുഭപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടാം പഞ്ചവത്സര പദ്ധതി ഒരു പരാജയമായതോടെ, വിയറ്റ്നാമിന്റെ സ്ഥിതി സാമ്പത്തികമായി പരുങ്ങലിലായി. 1979 ലെ ചൈനയുമായുള്ള യുദ്ധത്തോടെ വിയറ്റ്നാം കൂടുതൽ ഒറ്റപ്പെട്ടു. 1986 ൽ ലെ ദുയൻ അന്തരിച്ചു.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലുള്ള ദൈ ഹാവോ ഗ്രാമത്തിൽ 1907 ഏപ്രിൽ ഏഴിനായിരുന്നു ലെ ദുയൻ ജനിച്ചത്.[1][2][൧] ലെ വാൻ നുവാൻ എന്നതായിരുന്നു ജനിച്ചപ്പോൾ ഇട്ട പേര്. [3] അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ഇന്നുള്ളു. ലെ ദുയന്റെ തലമുറയിലെ ജീവിച്ചിരുന്നവർ പറയുന്നതു പ്രകാരം, അദ്ദേഹത്തിന്റെ കുടുംബം കൊല്ലന്മാരായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണെങ്കിലും, ലെ ദുയൻ വിയറ്റ്നാം റെയിൽവേ കമ്പനിയിൽ റെയിൽവേ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[4] ഇക്കാലയളവിൽ ദെ ദുയൻ ധാരാളം മാർക്സിസ്റ്റു പ്രവർത്തകരുമായി പരിചയത്തിലാവുകയും, സാവധാനം മാർക്സിസത്തിൽ ആകൃഷ്ടനാവുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1928 ൽ ലെ ദുയൻ റെവല്യൂഷണറി യൂത് ലീഗ് എന്ന സംഘടനയിൽ അംഗമായി.[5] 1930 ൽ സമാന ചിന്താഗതിക്കാരോടൊപ്പം ഇൻഡോചൈന കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ചു. തൊട്ടടുത്ത വർഷം അറസ്റ്റു ചെയ്തു ജയിലിലടക്കപ്പെട്ടു. 1937 ൽ തടവിൽ നിന്നും സ്വതന്ത്രമായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ സജീവപ്രവർത്തകനായ അദ്ദേഹം, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി.[6] 1939 ൽ സർക്കാരിനെതിരേ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി വീണ്ടും ജയിലിലടച്ചു. 1945 ലെ ഓഗസ്റ്റ് വിപ്ലവത്തെത്തുടർന്ന് ജയിൽ മോചിതനായി. ജയിൽ മോചിതനായതോടെ, ലെ ദുയൻ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹോ ചി മിന്റെ വിശ്വസ്തനായി മാറി.[7]

ഒന്നാം ചൈനീസ് വിയറ്റ്നാം യുദ്ധത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ഘടകമായ റീജിയണൽ കമ്മിറ്റി ഓഫ് സൗത്തിന്റെ സെക്രട്ടറിയ ആയിരുന്നു ലെ ദുയൻ. 1951 മുതൽ 1954 വരെയുള്ള കാലഘട്ടത്തിൽ സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ തലവനായി.

റോഡ് ടു സൗത്ത്[തിരുത്തുക]

1954 ലെ ജനീവ ഉടമ്പടി പ്രകാരം, ദക്ഷിണ വിയറ്റ്നാം എന്നും, പൂർവ്വ വിയറ്റ്നാം എന്നും വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെട്ടു. ദക്ഷിണ വിയറ്റ്നാമിൽ പോരാടിക്കൊണ്ടിരുന്ന സൈനികരെ പുനസംഘടിപ്പിക്കുക എന്ന ചുമതലയായിരുന്നു ലെ ദുയനുണ്ടായിരുന്നത്.[8] 1956 ൽ ലെ ദുയൻ The Road to the South എന്നൊരു പുസ്തകം രചിക്കുകയുണ്ടായി. ഇരു രാജ്യങ്ങളുടേയും പുനരേകീകരണത്തിനു അക്രമരഹിതമായ ഒരു പാത എന്നതായിരുന്നു ലെ ദുയൻ ഈ പുസ്തകത്തിലൂടെ ആഹ്വാനം ചെയ്തത്. 1956 ൽ നടന്ന പതിനൊന്നാം കേന്ദ്ര കമ്മിറ്റി പ്ലീനത്തിൽ ലെ ദുയന്റെ ആശയം പാർട്ടി പുനരേകീകരണത്തിനുള്ള അടിസ്ഥാന രേഖയായി അംഗീകരിച്ചു. തത്ത്വത്തിൽ ഈ രേഖ അംഗീകരിച്ചുവെങ്കിലും, അതു നടപ്പിലാക്കാൻ 1959 വരെ കാത്തിരിക്കേണ്ടി വന്നു.[9]

1956 ൽ ലെ ദുയൻ സെക്രട്ടറിയേറ്റംഗമായി. ദക്ഷിണ വിയറ്റ്നാമിൽ നടക്കുന്ന സമരങ്ങൾക്ക് ഒരു ദിശാബോധം നൽകുവാൻ പാർട്ടി പോളിറ്റ്ബ്യൂറോ ലെ ദുയനോടാവശ്യപ്പെട്ടു. [10]അക്കാലത്ത് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ ലെ ദുയൻ ഒരു നിഷ്പക്ഷനിലപാടാണെടുത്തത്. 1956 ൽ ലെ ദുയൻ പോളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കുറിപ്പുകൾ[തിരുത്തുക]

  • ^  Shane Armstrong രചിച്ച The Vietnam War എന്ന പുസ്തകത്തിൽ ലെ ദുയൻ ജനിച്ച വർഷം 1908 എന്നു രേഖപ്പെടുത്തിയിരിക്കുന്നു [11]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെ_ദുയൻ&oldid=2584308" എന്ന താളിൽനിന്നു ശേഖരിച്ചത്