ലൂയിസ് കാരൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ
tinted monochrome 3/4-length photo portrait of seated Dodgson holding a book
ജനനം 1832 ജനുവരി 27(1832-01-27)
ഡാറെസ്ബറി, ചെഷയർ, ഇംഗ്ലണ്ട്
മരണം 1898 ജനുവരി 14(1898-01-14) (പ്രായം 65)
ഗിൽഡ്ഫോർഡ്, സറേ, England
ദേശീയത ബ്രിട്ടിഷ്
തൊഴിൽ എഴുത്തുകാരൻ, ഗണിതശാസ്ത്രകാരൻ, Anglican cleric, ഛായാഗ്രാഹകൻ, കലാകാരൻ
തൂലികാനാമം ലൂയിസ് കാരൾ
രചനാ സങ്കേതം ബാല സാഹിത്യം, ഭ്രമാത്മക സാഹിത്യം, ഗണിതം, കവിത, അസംഗ സാഹിത്യം
പ്രധാന കൃതികൾ ആലീസിന്റെ അത്ഭുതലോകം, ത്രൂ ദ ലുക്കിംഗ് ഗ്ലാസ്സ്, "ദ ഹണ്ടിംഗ് ഓഫ് ദ സ്നാർക്ക്", "ജാബർവോക്കി"

ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. ലൂയി കാരൾ (Lewis Carrol) എന്ന തൂലികാനാമത്തിൽ പ്രസിദ്ധൻ. 1832 ജനുവരി 27-ന് ചെഷയറിലെ ഡാഴ്സ്ബറിയിൽ ഒരു റെക്റ്ററുടെ പതിനൊന്നു മക്കളിൽ ഒരാളായി ജനിച്ചു. ബാല്യകാലം സഹോദരങ്ങളുമൊത്ത് വിവിധ ഗ്രാമ പ്രദേശങ്ങളിൽ കഴിച്ചു കൂട്ടി. ഡാഴ്സ്ബറി കഴിഞ്ഞാൽ ഡോഡ്ജ്സന്റെ മുഖ്യ വിഹാരരംഗം യോർക്ഷയറിലെ ക്രോഫ്റ്റായിരുന്നു. അസംഗത രചനയിൽ (nonsense writing) സവിശേഷ വൈഭവം പ്രദർശിപ്പിച്ചിരുന്ന ബാലൻ എട്ടാമത്തെ വയസ്സിൽ റെയിൽവേ യാത്രക്കാർക്കുവേണ്ടിയുള്ള ഒരു നിയമാവലി തയ്യാറാക്കുകയുണ്ടായി. റഗ്ബി സ്കൂളിലും ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചർച്ചിലുമായിരുന്നു വിദ്യാഭ്യാസം. റഗ്ബിയിൽ കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം താരതമ്യേന വിരസമായിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത ഇദ്ദേഹം 1855-ൽ ലക്ചറർ ആയി.

ഹസ്യകവിതാ രചയിതാവ്[തിരുത്തുക]

ഡോഡ്ജ്സൺ രചിച്ച ഹാസ്യകവിതകളും ഹാസ്യാനുകരണങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. ദ് ട്രെയിൻ എന്ന കവിത കരോളസ് ലുഡോവിക്കസ് (Carolus Ludovicus) എന്ന തൂലികാനാമത്തിലായിരുന്നു പ്രസിദ്ധീകൃതമായത്. പിൽക്കാലത്ത് ഇത് വിവർത്തനം ചെയ്ത് തിരിച്ചിട്ട് ലൂയി കാരൾ എന്നു മാറ്റി.

ഗണിതശാസ്ത്രകാരൻ എന്ന നിലയിൽ ചില കൃതികൾ ഡോഡ്ജ്സൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ലജ്ജാശീലവും വിക്കും സദാ അലട്ടിയിരുന്ന ഇദ്ദേഹത്തിന് കുട്ടികളുമായുള്ള സൗഹൃദത്തിലായിരുന്നു താത്പര്യം. ഇദ്ദേഹത്തിന്റെ ബാല സുഹൃത്തുക്കളിൽ ക്രൈസ്റ്റ് ചർച്ചിലെ ഡീനായ ഹെന്റി ജോർജ് ലിഡലിന്റെ മക്കളുമുണ്ടായിരുന്നു. ലിഡലിന്റെ രണ്ടാമത്തെ മകളായിരുന്നു ആലിസ്. ഒരിക്കൽ ഒരു ബോട്ടു യാത്രയ്ക്കുശേഷം ആലിസ് ഭൂമിക്കടിയിൽ കാട്ടിക്കൂട്ടിയ സാഹസിക കൃത്യങ്ങളുടെ സാങ്കല്പിക കഥ ഇദ്ദേഹം കുട്ടികളെ പറഞ്ഞു കേൾപ്പിച്ചു. താമസിയാതെ തന്നെ ആലിസിനുവേണ്ടിഈ കഥ എഴുതുവാനും തുടങ്ങി. 1863-ൽ ഗ്രന്ഥരചന പൂർത്തിയാക്കി. ഒരിക്കൽ ലിഡലിന്റെ ഭവനം സന്ദർശിച്ച സാഹിത്യകാരനായ ഹെന്റി കിങ്സ്ലി ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി വായിക്കാനിടയാവുകയും കഥയുടെ മാസ്മരികതയിൽ ആകൃഷ്ടനായ അദ്ദേഹം അത് എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കാൻ ഡോഡ്ജ്സനെ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ 1865-ൽ സർ ജോൺ ടെനിയലിന്റെ ചിത്രവിവരണത്തോടുകൂടി ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് എന്ന പേരിൽ ഈ കൃതി മാക്മിലൻ പ്രസിദ്ധീകരിച്ചു.

ആലീസ് അത്ഭുത ലോകത്തിൽ[തിരുത്തുക]

ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോൾ വലുതാവുക, കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങൾ സംസാരിക്കുന്നത് കേൾക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങൾ. പൊടുന്നനെ ആലിസ് സ്വപ്നത്തിൽ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിർന്നവരെപ്പോലും ആകർഷിക്കാൻ പോരുന്നതാണ്. വിക്റ്റോറിയൻ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതിൽ കാണാമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. ആലിസ് അത്ഭുത ലോകത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തിൽ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഓൺസ് ലോ സ് ക്വയറിൽ ആലിസ് റെയ് ക് സ് എന്നൊരു പെൺകുട്ടിയെ ഡോഡ്ജ്സൺ പരിചയപ്പെടാനിടയായത് ത്രൂ ദ് ലുക്കിങ് ഗ്ലാസ് (1871) എന്നൊരു കൃതിയുടെ രചനയ്ക്കു വഴി തെളിച്ചു. 1868-ൽ ആരംഭിച്ച പ്രസ്തുത കൃതി 1871-ലെ ക്രിസ്തുമസ് സമ്മാനമെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന രണ്ടു ക്ലാസ്സിക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ ജന്മം കൊണ്ടു.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് (1886), ദ് നഴ്സറി ആലിസ് (1889) എന്നീ ഗ്രന്ഥങ്ങളും താമസിയാതെ വെളിച്ചം കണ്ടു.

കൃതികൾ[തിരുത്തുക]

  • റൈം? ആൻഡ് റീസൻ? (1883),
  • സിൽവി ആൻഡ് ബ്രൂണോ (1889) എന്നിവയാണ് ഡോഡ്ജ്സന്റെ മറ്റു കൃതികളിൽ പ്രധാനം.

1867-ൽ *ആൺട് ജൂഡീസ് മാഗസിനിൽ (Aunt Judys Magazine) പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവെഞ്ച് എന്ന യക്ഷിക്കഥ(Fairy tale)യെ വികസിപ്പിച്ചെടുത്തതാണ് സിൽവി ആൻഡ് ബ്രൂണോ. 1876-ൽ പുറത്തുവന്ന ദ് ഹണ്ടിംഗ് ഒഫ് ദ് സ്നാർക്ക് എന്ന നീണ്ട അസംബന്ധ കാവ്യം (nonsence poem) ഒരു വലിയ വിജയമായിരുന്നു. യൂക്ലീഡ് ആൻഡ് ഹിസ് മോഡേൺ റൈവൽസ് (1879) എന്ന ഗണിതശാസ്ത്ര പ്രബന്ധവും ഡോഡ്ജ്സന്റെ സംഭാവനയായുണ്ട്. 1898 ജനുവരി 14-ന് ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോഡ്ജ്സൺ, ചാൾസ് ലുട്വിഡ്ജ് (1832 - 98) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_കാരൾ&oldid=2332180" എന്ന താളിൽനിന്നു ശേഖരിച്ചത്