ഒരു തമിഴ് കവിയും അഭിനേത്രിയും ഡോക്യുമെന്ററി സംവിധായകയുമാണ് ലീന മണിമേഖലൈ. ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ലീന മൂന്ന് കാവ്യ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വിരുദനഗറിൽ പ്രൊഫസർ. രഘുപതിയുടെയും രമയുടെയും മകളായി ജനിച്ചു. കാമരാജ് സർവകലാശാലയിൽ നിന്ന് എൻജിനീയറിങ്പഠനം കഴിഞ്ഞ് തമിഴ് സംവിധായകൻ ഭാരതിരാജയുടെ അസിസ്റ്റന്റായി. ബി.ബി.സിക്കു വേണ്ടിയും ഫോറിൻ ടെലിവിഷനുവേണ്ടിയും പരിപാടികൾ ചെയ്തിരുന്നു. ബലാത്സംഗത്തിനിരയാകുന്ന ദലിത് സ്ത്രീത്രീകളെക്കുറിച്ചുള്ള ‘പറൈ’, അരുന്ധതിയാർ വിഭാഗത്തിൽ നിലനിന്നുപോന്ന ഒരു ആചാരത്തെക്കുറിച്ചുള്ള ‘മാത്തമ്മ’ തുടങ്ങിയ ഡോക്യുമെന്ററികളും ‘സെങ്കടൽ’ എന്ന ഫീച്ചർഫിലിമും ശ്രദ്ധേയമായിരുന്നു. ഇവ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു.
സി.പി.ഐയുടെ വനിതാസംഘടന, നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമനിലും സി.പി.ഐയിലും 2005വരെ പ്രവർത്തിച്ചിരുന്നു. വംശീയവിരോധികളായ ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി അക്കാലത്ത് സി.പി.ഐക്ക് ബന്ധമുണ്ടായിരുന്നതിൽ പ്രതിഷേധിച്ചും അഭിപ്രായവ്യത്യാസങ്ങൾ മൂലവും പാർട്ടി വിട്ടു.[1]
'കനവുപട്ടറൈ' എന്ന പുസ്തക പ്രസാധക സംരംഭവും 'തിരൈ' എന്ന പേരിൽ ഒരു സമാന്തര സിനിമാ പ്രസിദ്ധീകരണവും ലീന നടത്തുന്നുണ്ട്.