Jump to content

ലലിബെല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കൻ എത്യോപ്യയിലെ ലലിബെലയിൽ പാറയിൽ കൊത്തിയുണ്ടാക്കിയിട്ടുള്ള പള്ളികളിൽ ഒന്നായ "ബെതെ ഗിയോർഗിസ്" (ഗീവർഗീസിന്റെ പള്ളി)

പാറയിൽ കൊത്തിയെടുത്ത പുരാതന ക്രൈസ്തവദേവാലയങ്ങളുടെ പേരിൽ പ്രസിദ്ധമായ വടക്കൻ എത്യോപ്യയിലെ നഗരമാണ് ലലിബെല (Lalibela). രാജ്യത്തിന്റെ വടക്കേ അതിർത്തിയിലുള്ള അക്സും നഗരം കഴിഞ്ഞാൽ എത്യോപ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യനഗരവും തീർത്ഥാടനകേന്ദ്രവുമാണിത്. അക്സുമിൽ നിന്നു ഭിന്നമായി ലലിബെലയിലെ ജനങ്ങളിൽ ഭൂരിഭാഗവും എത്യോപ്യൻ ഓർത്തഡോക്സ് സഭയിലെ അംഗങ്ങളാണ്. ലലിബെലയുടെ നഗരഘടനയും കെട്ടിടങ്ങളുടെ പേരുകളും യെരുശലേം നഗരത്തെ പ്രതീകവൽക്കരിക്കുന്നതായി എത്യോപ്യൻ സഭാവിശ്വാസികൾ കരുതുന്നു.[1] അതിനാൽ കുരിശുയുദ്ധങ്ങളിൽ ക്രിസ്തീയസഖ്യം പിടിച്ചെടുത്ത യെരുശലേം, 1187-ൽ സലാഹുദീന്റെ നേതൃത്വത്തിലുള്ള ഇസ്ലാമികസൈന്യം തിരികെ പിടിച്ചതിനെ തുടർന്നാണ് ഈ ദേവാലയങ്ങളുടെ നിർമ്മാണം നടന്നതെന്നു കരുതുന്നവരുണ്ട്.[2]

ചരിത്രം

[തിരുത്തുക]
ലോകത്തിലെ ഏറ്റവും വലിയ ഏകശിലാദേവാലയമായി കരുതപ്പെടുന്ന "ബെതെ മെധാനെ ആലെം"

ലലിബെലയിലെ നിർമ്മിതികളുടെ ഗാംഭീര്യം വിദേശസഞ്ചാരികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1520-കളിൽ എത്യോപ്യയിലെ പോർത്തുഗീസ് സ്ഥാനപതിയെ അനുഗമിച്ച് ഇവിടം സന്ദർശിച്ച പോർത്തുഗീസ് പാതിരി ഫ്രാൻസിസ്കോ അൽവേരസിന്റെ വിവരണം സമാപിക്കുന്നത് ഈവിധമാണ്:-

ഇവിടത്തെ പണികളെക്കുറിച്ച് കൂടുതൽ എഴുതിയാൽ വായനക്കാർ വിശ്വസിച്ചില്ലെങ്കിലോ എന്നോർത്ത് മടിക്കുന്നു....ദൈവികശക്തിയുടെ കീഴിൽ കഴിയുന്ന ഈയുള്ളവൻ, എഴുതിയതെല്ലാം നേരാണെന്നു സത്യം ചെയ്യുന്നു. [3]

ലലിബെലയിലെ കുരിശേന്തിയ പാതിരി

പുരാതന എത്യോപ്യയിലെ സാഗ്വെ ഭരണാധികാരികളിൽ ഒരാളായിരുന്ന ഗെബ്രെ മെസ്കൽ ലലിബെലയുടെ പേരിൽ അറിയപ്പെടുന്ന ഈ നഗരത്തിന്റെ സ്ഥാപകനെന്ന ഖ്യാതിയും അദ്ദേഹത്തിനാണ്. പന്ത്രണ്ട്-പതിമൂന്ന് നൂറ്റാണ്ടുകളുടെ സന്ധിയിൽ എത്യോപ്യ ഭരിച്ചിരുന്ന ലലിബെലയെ എത്യോപ്യൻ ക്രിസ്തീയത വിശുദ്ധനായി മാനിക്കുന്നു. യെരുശലേം സന്ദർശിച്ചിരുന്ന ലലിബെല ആ നഗരം ഇസ്ലാമികനിയന്ത്രണത്തിലായതിനെ തുടർന്ന് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി നിർമ്മിച്ച പുതിയ യെരുശലേമാണ് ലലിബെല എന്നാണ് വിശ്വാസം. അതിനാൽ ഈ നഗരത്തിന്റെ പല പ്രത്യേകതകളും പേരുകളും ബൈബിളുമായി ബന്ധപ്പെട്ടിരിക്കുന്നു. നഗരത്തിനു സമീപമുള്ള നദിയുടെ പേരു പോലും യോർദാൻ എന്നാണ്. 12-13 നൂറ്റാണ്ടുകളിൽ ഇവിടം എത്യോപ്യയുടെ തലസ്ഥാനനഗരമായിരുന്നു.

പള്ളികൾ

[തിരുത്തുക]
വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളി, "ബെതെ ഗിയോർഗിസ്" - പാർശ്വദൃശ്യം
Church of Saint George.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഎത്യോപ്യ Edit this on Wikidata
മാനദണ്ഡംi, ii, iii
അവലംബം18
നിർദ്ദേശാങ്കം12°02′08″N 39°02′46″E / 12.035561°N 39.046203°E / 12.035561; 39.046203
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഈ ഉൾനാടൻ നഗരത്തിലെ പള്ളികളുടെ നിർമ്മാണകാലം കൃത്യമായി നിശ്ചയമില്ല. മിക്കവയും 12-13 നൂറ്റാണ്ടുകളിൽ ലലിബെല രാജാവിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടവയാണെന്നു കരുതപ്പെടുന്നു. നാലു വിഭാഗങ്ങളായി തരംതിരിക്കാവുന്ന 13 പള്ളികളാണ് പ്രധാമായുള്ളത്:

  • വടക്കൻ പള്ളികൾ: പാറയിൽ കൊത്തിയെടുത്ത പള്ളികളിൽ ലോകത്തിലെ ഏറ്റവും വലുതായി പരിഗണിക്കപ്പെടുന്ന "ബെത്തെ മെധാനെ അലെം" ഇവയിൽ ഒന്നാണ്. ലലിബെല കുരിശിന്റെ ഇരിപ്പിടമാണ് ഈ പള്ളി. അക്സുമിലെ സിയോൺ മറിയത്തിന്റെ പള്ളിയുടെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം എന്നു കരുതപ്പെടുന്നു. ലലിബെലയിലെ പള്ളികളിൽ ഏറ്റവും പുരാതനമായിരിക്കാവുന്ന "ബെതെ മറിയം" ആണ് മറ്റൊന്ന്. "ബെതെ ഗോൽഗോത്ത" അതിന്റെ കലാവിരുതിന്റെ പേരിൽ അറിയപ്പെടുന്നു. ലലിബെല രാജാവിന്റെ സംസ്കാരസ്ഥാനമായി കരുതപ്പെടുന്ന ഈ പള്ളിയുടെ ഭാഗമാണ് സെലാസി കപ്പേളയും ആദാമിന്റെ കബറിടവും.
  • പടിഞ്ഞാറൻ പള്ളികൾ: ഈ വിഭാഗത്തിൽ പെടുന്ന ബെത്തെ ഗിയോർഗിസാണ് ഏറ്റവുമധികം നിർമ്മാണ മികവ് കാട്ടുന്നതും ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നതും.
  • കിഴക്കൻ പള്ളികൾ: രാജാക്കന്മാരുടെ പ്രാർത്ഥനാസ്ഥലമായിരുന്ന "ബെതെ അമാനുവേൽ", ഒരിക്കൽ തടവറ ആയിരുന്നിരിക്കാവുന്ന "ബെതെ മെർക്കോറിയോസ്", "ബെതെ അബ്ബാ ലിബാനോസ്", "ബെതെ ഗെബ്രിയേൽ റുഫായേൽ" എന്നിവയും ഈ വിഭാഗത്തിൽ പെടുന്നു. ബെതെ ഗെബ്രിയേൽ റുഫായേൽ മുൻപ് രാജകൊട്ടാരം ആയിരുന്നിരിക്കാം.
  • ചിതറിക്കിടക്കുന്നവ: "അസ്കെത്താൻ മറിയം ആശ്രമം", അക്സെം മാതൃകയിൽ ഒരു ഗുഹക്കുള്ളിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച "യിമ്രാനേ ക്രിസ്തോസ്" പള്ളി എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.

അവലംബം

[തിരുത്തുക]
  1. David W. Phillipson, Ancient Churches of Ethiopia (New Haven: Yale University Press, 2009), p. 181
  2. Phillipson, Ancient Churches, p. 179
  3. Francisco Alvarez, The Prester John of the Indies translated by C.F. Beckingham and G.W.B. Huntingford (Cambridge: Hakluyt Society, 1961), p. 226. Beckingham and Huntingford add an appendix which discuss Alvarez's description of these churches, pp. 526-42.
"https://ml.wikipedia.org/w/index.php?title=ലലിബെല&oldid=3519033" എന്ന താളിൽനിന്ന് ശേഖരിച്ചത്