റിയാവു ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റിയാവു ദ്വീപുകൾ (ഇന്തൊനേഷ്യൻ; കെപ്പുലൌവാൻ റിയാവു, സംക്ഷേപം; കെപ്രി), ഇന്തോനേഷ്യയിലെ ഒരു പ്രവിശ്യയാണ്. റിയാവു ദ്വീപസമൂഹത്തിന്റെ പ്രധാന കൂട്ടത്തെ ഉൾക്കൊള്ളുന്നതോടൊപ്പം തെക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഭാഗങ്ങളിലെ എന്നിവിടങ്ങളിലുള്ള മറ്റ് ദ്വീപഗണങ്ങളേയും ഈ പ്രവിശ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ‍ റിയാവു ദ്വീപുകളേയും, റിയാവു ദ്വീപസമൂഹത്തേയും തുല്യാർത്ഥകമായി പ്രോവിൻസ് എന്ന പദത്തിനു പകരം "പ്രോവിൻസി"എന്ന് വിളിക്കാറുണ്ട്. റിയാവു പ്രവിശ്യയുടെ ഭാഗമായ റിയാവു ദ്വീപുകളെ 2002 സെപ്റ്റംബറിൽ ഒരു പ്രത്യേക പ്രവിശ്യയായി വേർപെടുത്തിയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ദ്വീപസമൂഹത്തിലെ (റിയാവു ആർക്കിപെലാഗോ) പ്രധാന കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന ബതാം ദ്വീപിലാണ് പ്രവിശ്യയുടെ ജനസംഖ്യയിൽ ഭൂരിഭാഗത്തിൽ അധിവസിക്കുന്നത്. 2006 ൽ സിംഗപ്പൂരുമായി ചേർന്നുള്ള ഒരു സാമ്പത്തിക മേഖലയുടെ ഭാഗമായിത്തീർന്നതിനുശേഷം, ഇവിടെ വളരെ ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കാണുള്ളത്. റിയാവു ദ്വീപ സമൂഹങ്ങളിലെ മറ്റ് ജനസാന്ദ്രത കൂടിയ ദ്വീപുകൾ ബിന്റാൻ, കരിമൻ എന്നിവയാണ്. ദ്വീപസമൂഹത്തിൽ ദ്വീപുകൾ ബുലൻ, കുണ്ടർ തുടങ്ങിയവ ദ്വീപുകളും ഉൾപ്പെടുന്നു. ഈ പ്രവിശ്യയിൽ ഏകദേശം 3,200 ദ്വീപുകളാണുള്ളത്. ബിന്റാൻ ദ്വീപിനു തെക്കുഭാഗത്തുള്ള തൻജംഗ് പിനാങ് ആണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.

റിയാവു ദ്വീപഗണ പ്രവിശ്യയിൽ പ്രധാന റിയാവു ആർക്കിപെലാഗോയുടെ തെക്കുഭാഗത്തുള്ള ലിൻഗ്ഗാ ദ്വീപുകളും വടക്കുകിഴക്കു ഭാഗത്ത് ബോർണിയോയ്ക്കും മലേഷ്യൻ പ്രധാനകരയ്ക്കും ഇടയിലായി തഡ്ജു ആർക്കിപെലാഗോയും ഉൾപ്പെടുന്നു. അനമ്പാസ് ദ്വീപുകൾ, നാതുന ദ്വീപുകൾ, താംബെലാൻ ദ്വീപുകൾ, ബാദാസ് ദ്വീപുകൾ എന്നിങ്ങനെ നാല് വ്യത്യസ്ത ഗ്രൂപ്പുകൾ അടങ്ങിയതാണ് തുഡ്ജു ആർക്കിപെലാഗോ, എന്നിരുന്നാലും ഭൂമിശാസ്ത്രപരമായി റിയാവു ആർക്കിപെലാഗോയുടെ ഭാഗമല്ല. 2015 ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ഈ പ്രവിശ്യയിലെ ജനസംഖ്യ 1,968,313 ആയിരുന്നുവെന്നു കണക്കാക്കിയിരിരുന്നു. ഇൻഡോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രവിശ്യയാണിത്. 2002 ലെ ചട്ടം 25 അനുസരിച്ച് ഇന്തോനേഷ്യയിലെ മുപ്പത്തി രണ്ടാമത്തെ പ്രവിശ്യയായി രൂപീകരിക്കപ്പെട്ട റിയാവു ദ്വീപഗണ പ്രവിശ്യയിൽ തഞ്ചങ്പിനാങ് നഗരം, ബത്താം നഗരം, ബിൻടാൻ റീജൻസി, കരിമൺ റീജൻസി, നാതുന റീജൻസി, ലിൻഗ്ഗ റീജൻസി, അനാംബാസ് റീജൻസി എന്നിവ ഉൾപ്പെടുന്നു. മൊത്തം റിയാവു ദ്വീപഗണ മേഖലയിൽ അഞ്ച് ജില്ലകളും 2 നഗരങ്ങളും 42 ഉപജില്ലകളും 256 ഗ്രാമങ്ങളും ഉണ്ട്. 2,408 വലിയ ചെറുതും വലുതുമായ ദ്വീപുകളുളളതിൽ അവിടെ 40 ശതമാനത്തിനും പേരോ ജനവാസമോ ഇല്ല. ആകെ വിസ്തീർണ്ണം 252.601 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ 95% സമുദ്രമേഖലയും 5% മാത്രം കരഭൂമിയുമാണ്.

വടക്ക് വിയറ്റ്നാം, കമ്പോഡിയ
തെക്ക് ബങ്ക ബലിറ്റങ്, ജാമ്പി
പടിഞ്ഞാറ് സിംഗപ്പൂർ, മലേഷ്യ, റിയാവു
കിഴക്ക് മലേഷ്യ, ബ്രൂണൈ, പടിഞ്ഞാറൻ കലിമന്താൻ

ഇതിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം (ദക്ഷിണ ചൈനാ കടൽ, മലാകാ കടലിടുക്ക്, കരിമാതാ കടലിടുക്ക് എന്നിവയ്ക്കിടയിൽ) പ്രകൃതിദത്തമായ ധാരാളം സാധ്യതകൾ എന്നിവയാൽ അനുഗൃഹീതമായ റിയാവു ദ്വീപഗണങ്ങൾ ഭാവിയിൽ റിപ്പബ്ളിക് ഓഫ് ഇൻഡോനേഷ്യയുടെ സാമ്പത്തിക വളർച്ചാ കേന്ദ്രങ്ങളിൽ ഒന്നാകാനുള്ള സാദ്ധ്യതയുണ്ട്. പ്രത്യേകിച്ചും റിയാവു ദ്വീപുകളിലെ ചില പ്രദേശങ്ങൾ (ബത്താം, ബിന്റാൻ, കരിമൺ) കേന്ദ്രീകരിച്ച് പ്രത്യേക സാമ്പത്തിക മേഖലകൾ (KEK) വികസിപ്പിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതി സിംഗപ്പൂർ ഭരണകൂടവുമായി സഹകരിച്ച് നടപ്പിലാക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

ശ്രീവിജയ കാലഘട്ടം മുതൽ പതിനാറാം നൂറ്റാണ്ട് വരെ, റിയാവു കിഴക്കൻ സുമാത്ര മുതൽ ബോർണിയോ വരെ വ്യാപിച്ചു കിടന്നിരുന്നതും മലയ് വേൾഡ് എന്നറിയപ്പെട്ടിരുന്നതുമായ മലയ രാജവംശങ്ങൾ അല്ലെങ്കിൽ സുൽത്താനേറ്റുകളുടെ ഹൃദയഭൂമിയുടെ സ്വാഭാവിക ഭാഗമായിരുന്നു. ഈ ദ്വീപുകളിൽ അധിവിസിച്ചിരുന്ന ഒറാങ്ങ് ലൗട്ട് വർഗ്ഗം, ശ്രീവിജയ മുതൽ ജോഹർ സുൽത്താനേറ്റ് വരെയുള്ള ഭൂരിഭാഗം മലായ രാജവംശങ്ങളുടേയും കടലിടുക്കുകൾ വഴി കടന്നുപോകുന്ന വ്യാപാര പാതകളുടെ നിയന്ത്രണത്തിന്റെ ഒരു നട്ടെല്ലായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1511-ൽ മലാക്കയുടെ പതനത്തിനു ശേഷം, റിയാവു ദ്വീപുകൾ, ബിന്റാൻ ദ്വീപ് അടിസ്ഥാനമാക്കി ഭരിച്ചിരുന്ന ജൊഹാർ സുൽത്താനേറ്റ് അഥവാ ജോഹാർ-റിയാവുവിന്റ ശക്തികേന്ദ്രമായി മാറുകയും മലയ സംസ്കാരത്തിന്റെ കേന്ദ്രമായി ദീർഘകാലം കണക്കാക്കപ്പെടുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

  1. The Riau Islands and economic cooperation in the Singapore Indonesian border zone Karen Peachey, Martin Perry, Carl Grundy-Warr, Clive H Schofield, University of Durham. International Boundaries Research Unit, illustrated, IBRU, 1997, ISBN 1-897643-27-6, ISBN 978-1-897643-27-3, pg. 6–10
"https://ml.wikipedia.org/w/index.php?title=റിയാവു_ദ്വീപുകൾ&oldid=3084557" എന്ന താളിൽനിന്ന് ശേഖരിച്ചത്