രൂപകവും ഉപദാനവും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോമൻ യാക്കോബ്സൺ സാഹിത്യഭാഷയുടേതായി നിരീക്ഷിച്ചിട്ടുള്ള ഒരു ദ്വന്ദ്വപരികല്പനയാണിത്. ഭാഷകസമൂഹം ഭാഷക്കുള്ളിൽ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ചില ഇടപെടലുകളാണ് രൂപകം/ഉപാദാനം(metaphor/ metonymy) എന്നീ പേരുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഭാഷാപരമായ സ്മൃതിനഷ്ടം(അഫാസിയാ) എന്ന സവിശേഷ പ്രശ്നം നേരിടുന്നവർ ഭാഷാപരമായ ചില വൈകല്യങ്ങൾ പ്രദർശിപ്പിക്കുന്നു.ഈ ഭാഷണ വൈകല്യത്തിൽ സാദൃശ്യപരമായ തകരാറ് (similarity disorder) തുടർച്ചാപരമായതകരാറ് (contiguity disorder) എന്നിങ്ങനെ രണ്ടുതരം ക്രമക്കേടുകളാണ് സംഭവിക്കുന്നത്. സാദൃശ്യപരമായ തകരാറിൽ വേണ്ട പദം വേണ്ട സ്ഥാനത്ത് പ്രയോഗിക്കാൻ കിട്ടാതെ വരുന്നു. കത്തിക്കു പകരം ഫോർക്ക് എന്നും തീക്ക് പകരം പുക എന്നും അഫാസിയ ബാധിച്ചവർ പ്രയോഗിക്കുന്നു. പദങ്ങൾ മാറിപ്പോകുന്ന അവസ്ഥയാണിത്. ഭാഷയിലെ തുടർച്ചാപരമായ തകരാറ് അഥവാ കണ്ടിഗ്വിറ്റി ഡിസോർഡർ എന്നത് ഒരു വാക്കിനു ശേഷം പ്രയോഗിക്കേണ്ട വാക്കുകൾ കിട്ടാതെ വരുന്ന അവസ്ഥയാണ് . തന്മൂലം വാക്യരചന സാദ്ധ്യമല്ലാതെ വരുന്നു. നിരർത്ഥകമായ കുറേ പദങ്ങളുടെ കൂട്ടം മാത്രമായി ഇവിടെ വാക്യം മാറുന്നു. ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പഠനമാണ് കാവ്യഭാഷയെ മൊത്തത്തിൽ തന്നെ ഭരിക്കുന്നതും ഭാഷയിലെ സർവസാധാരണമായ പ്രയോഗരീതിയായി കാണപ്പെടുന്നതുമായ രൂപകം/ഉപാദാനം എന്നീ ഭാഷാസവിശേഷതകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. 'സാദൃശ്യപരമായ ഭാഷാതകരാറിന് മെറ്റഫറും ഉപാദാനപരമായ തകരാറിന് മെറ്റോണിമിയും തീർത്തും അന്യമായിരിക്കും' എന്ന് യാക്കോബ്സൺ നിരീക്ഷിക്കുന്നു[1]. ഇതിനെ അടിസ്ഥാനപ്പെടുത്തി പിൽക്കാല പഠനങ്ങളിലൂടെ യാക്കോബ്സൻ സൊസ്യൂറിന്റെ സംയോജനാത്മകതലം/സാദൃശ്യാത്മകതലം എന്നീ ദ്വന്ദ്വസങ്കല്പനത്തിന് സമാനമായി രൂപകം/ഉപാദാനം എന്നീ ദ്വന്ദ്വസങ്കല്പനത്തെ വികസിപ്പിച്ച് ആവിഷ്കരിച്ചു. ഭാഷയിൽ തെരഞ്ഞെടുപ്പിലൂടെയും കൂട്ടിച്ചേർക്കലിലൂടെയുമാണ് ഭാഷാവ്യവഹാരങ്ങൾ നടക്കുന്നത് (selection and combination) എന്നാണ് ഈ സങ്കല്പനങ്ങൾക്കു പിന്നിലുള്ള തത്ത്വം. രൂപകത്തിൽ ഒരു പദത്തിനു പകരം മറ്റൊരു പദം പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന് പകരം സാഗരം എന്നപദം പ്രയോഗിക്കുന്നത് ജീവിതത്തിന്റെ മിക്ക സവിശേഷതകളും പ്രകാശിപ്പിക്കാൻ കഴിയുന്ന ഒരു പദം അഥവാ ആശയം എന്ന നിലയിലാണ്. അത് രൂപകമാണ്. എന്നാൽ മെറ്റോണിമിയിൽ അഥവാ ഉപാദാനത്തിൽ പൂർണ്ണമായ ഒന്നിനെ അതിന്റെ ഒരു ഭാഗം കൊണ്ടു പ്രതിനിധീകരിക്കുന്ന രീതിയാണുള്ളത്. അതായത് കുന്തം സൈനികനെ പ്രതിനിധീകരിക്കുന്നു. ഭാഗികമായവയുടെ പ്രതിനിധീകരണത്തിലൂടെ പൂർണ്ണമായതിനെ ചിത്രീകരിക്കുന്ന കാവ്യഭാഷയെ മനസ്സിലാക്കാൻ യാക്കോബ്സന്റെ ഈ ഭാഷാധ്രുവ സങ്കല്പനം സഹായകരമായിട്ടുണ്ട്.1958-ൽ ഒരു കോൺഫറൻസിൽ അവസാനത്തേതായി അവതരിപ്പിച്ച ഒരു പ്രബന്ധത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു: സാദൃശ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പിന്റെ ഒരു തലത്തിൽ നിന്ന് കൂട്ടിച്ചേർക്കലുകളുടേതായ ഒരു തലത്തിലേക്കുള്ള ഭാഷയുടെ മാറ്റമാണ് കാവ്യധർമ്മം അതായത് കാവ്യഭാഷ മെറ്റഫറിന്റേയും ഗദ്യഭാഷ മെറ്റോണിമിയുടേയും സൃഷ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം[2] . ഭാഷയെ കുറുക്കിയെടുക്കുന്ന മെറ്റോണിമിയെന്ന സങ്കല്പനത്തിന് ഫ്രോയ് ഡിന്റെ സ്വപ്നവ്യാഖ്യാനത്തിലെ കണ്ടൻസേഷൻ എന്ന സങ്കേതവുമായും രൂപകത്തിന് ഡിസ് പ്ലേസ്മെന്റ് എന്ന സങ്കേതവുമായും ബന്ധമുണ്ടെന്നും അതിനാൽ അബോധം ഭാഷയുടെ ഘടനയിലാണ് നിർമ്മിതമായിരിക്കുന്നതെന്നുമുള്ള ഴാക്ക് ലക്കാന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനാശയം വികസിച്ചു വന്നത് യാക്കോബ്സന്റെ രൂപകം/ഉപാദാനം എന്നീ സങ്കല്പനങ്ങളിൽ നിന്നാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. C.A Cuddon , Dictionary of Literary Terms and Theory (Russian formalism) P.352 (1992) Penguin books
  2. Susana Onega, Structuralism and narrative poetics(essay) , from Literary theory and criticism(2006) p2634, An Oxford Guide , Edited by Patricia Waugh, Oxford University Press
"https://ml.wikipedia.org/w/index.php?title=രൂപകവും_ഉപദാനവും&oldid=3709417" എന്ന താളിൽനിന്ന് ശേഖരിച്ചത്