Jump to content

രസബാഷ്പവിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A 175-watt mercury-vapor yard light approximately 15 seconds after starting
A closeup of a 175-W mercury vapor lamp.

ഉത്തേജിതാവസ്ഥയിലുള്ള രസം അഥവാ മെർക്കുറിയിലൂടെയുള്ള വൈദ്യുത ഡിസ്ചാർജിന്റെ ഫലമായി പ്രകാശം പുറപ്പെടുവിക്കുന്ന ഡിസ്ചാർജ് വിളക്കാണ് രസബാഷ്പവിളക്ക് (മെർക്കുറീ വേപ്പർ ലാമ്പ്). ഒരു വലിയ ബോറോസിലിക്കേറ്റ് സ്ഫടികബൾബിനകത്ത് സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ ക്വാർട്ട്സ് ഡിസ്ചാർജ് കുഴലാണ് രസബാഷ്പവിളക്കുകൾക്കുള്ളത്. സ്വാഭാവികമായ വെളുത്ത പ്രകാശം പുറപ്പെടുവിക്കാൻ രസബാഷ്പവിളക്കുകൾക്കാവും.

പുറത്തെ ബൾബ്, പൊതുവേ ഫോസ്ഫർ പൂശിയോ അല്ലെങ്കിൽ സുതാര്യമോ ആയിരിക്കും. രസത്തിലൂടെയുള്ള വൈദ്യുത ഡിസ്ചാർജ് മൂലം ദൃശ്യപ്രകാശത്തിലെ ഏതാണ്ടെല്ലാ മേഖലയിലേയും പ്രകാശം ഉൽസർജ്ജിക്കപ്പെടുന്നതിനു പുറമേ അൾട്രാവയലറ്റ് രശ്മികളൂം ഉൽസർജ്ജിക്കപ്പെടുന്നു. ജീവജാലങ്ങൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണമേകുക, താപകുചാലകമായി വർത്തിക്കുക, അകത്തെ ഡിസ്ചാർജ് കുഴലിന് കവചമായി വർത്തിക്കുക തുടങ്ങിയ ധർമ്മങ്ങളാണ് പുറത്തെ ബൾബിനുള്ളത്.

ഫോസ്ഫർ പൂശിയ മെർക്കുറി വിളക്കുകൾക്ക്, നിമ്നമർദ്ദ-ഉന്നതമർദ്ദ സോഡിയം ബാഷ്പവിളക്കുകളേക്കാൾ വളരെ മെച്ചപ്പെട്ട സ്വാഭാവികപ്രകാശം നൽകാനാകും. നീണ്ട ആയുസ്സും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

"https://ml.wikipedia.org/w/index.php?title=രസബാഷ്പവിളക്ക്&oldid=2352839" എന്ന താളിൽനിന്ന് ശേഖരിച്ചത്