Jump to content

രക്തത്തിലെ മദ്യാംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Blood alcohol content
Medical diagnostics
SynonymsBlood alcohol content, blood ethanol concentration, blood alcohol level, blood alcohol concentration, blood alcohol test
LOINC5639-0, 5640-8, 15120-9, 56478-1

രക്തത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത വ്യാപ്തകണക്കിൽ ശതമാനമാക്കി പറയുന്നതിനെയാണ് രക്തത്തിലെ മദ്യാംശം (അല്ലെങ്കിൽ blood alcohol content – ബി.എ.സി.), എന്നതു കൊണ്ടു അർത്ഥമാക്കുന്നത്. ഉദാഹരണത്തിനു്, 0.20% ബി.എ.സി. നിരക്ക് എന്നാൽ, ഒരു വ്യക്തിയുടെ രക്തത്തിന്റെ അഞ്ഞൂറിലൊരംശം മദ്യമാണ് എന്നു മനസ്സിലാക്കാം. രക്തത്തിലെ മദ്യത്തിന്റെ അളവ് ഒരു വൈദ്യശാസ്ത്രലബോറട്ടറിയിൽ നേരിട്ടു പരിശോധിച്ചറിയാവുന്നതാണ്. എങ്കിലും സാധാരണയായി നിയമപരിപാലനത്തിനു വേണ്ടി, ബ്രീത്തലൈസർ[൧] എന്നു സാധാരണയായി പറയുന്ന ഉപകരണം ഉപയോഗിച്ച് ഉച്ഛ്വാസവായുവിലെ എതനോളിന്റെ അളവ് നോക്കിയാണ് ബി.എ.സി. നിശ്ചയിക്കുന്നത്.

ഒരേ ബി.എ.സി. നിരക്കു രേഖപ്പെടുത്തിയ ആളുകൾ തമ്മിൽ ലഹരിയുടെ കാര്യത്തിൽ വളരെ വ്യത്യാസം കാണുമെന്നിരിയ്ക്കിലും, ബി.എ.സി.-യ്ക്കു മുൻതൂക്കം ലഭിയ്ക്കുന്നത് അതു അകത്താക്കിയ മദ്യത്തിന്റെ അളവു വസ്തുനിഷ്ഠമായി അളക്കുവാൻ ഏറ്റവും ലളിതമായ രീതിയാണെന്നതു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഈ തെളിവിനെ എതിർക്കാനും എളുപ്പമല്ല.

ഒരു 0.20% ബി.എ.സി. നിരക്ക് എന്നാൽ ഗുരുതരമായ അവസ്ഥയാണെന്നു തന്നെ പറയാം. ഒന്നു കൂടി ഉയർന്ന് 0.35% എത്തിയാൽ മാരകവുമാണ്. ബി.എ.സി. നിരക്ക് 0.40% എന്നാൽ അമ്പതു ശതമാനം മുതിർന്നവർക്കും മരണകാരണവുമാണ് (LD50 or lethal dose). ചിലർ 0.74 ശതമാനത്തോളം ബി.എ.സി. നിരക്കിൽ നിന്നും വൈദ്യസഹായം കൊണ്ടു മാത്രം രക്ഷപ്പെട്ട അപൂർവ്വ സംഭവങ്ങളും ഉണ്ടായിട്ടുണ്ടു്.

ശരീരഭാരവുമായുള്ള ബന്ധം

[തിരുത്തുക]

ഒരാൾ കുടിച്ച മദ്യത്തിന്റെ കണക്ക്, ഒരിക്കലും അയാളുടെ ലഹരിയളക്കാൻ പറ്റിയ ശരിയായ അളവുകോലല്ല, ലഹരിയുടെ കാര്യത്തിൽ ശരീരഭാരം വലിയൊരു പങ്കു വഹിയ്ക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ഒരു പെഗ്ഗു് (alcoholic unit) മദ്യം ഒരു ശരാശരി മനുഷ്യന്റെ ബി.എ.സി. ഏകദേശം 0.04% വരെ ഉയർത്തും, പക്ഷേ ഇതു വലിയൊരളവോളം ശരീരഭാരത്തെയും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനേയും ആശ്രയിച്ചിരിയ്ക്കുന്നു.

പോരായ്മകൾ

[തിരുത്തുക]

മദ്യപിച്ചതിന്റെ കണക്കോ ബി.എ.സി.-യോ യഥാർത്ഥത്തിൽ മദ്യം ഒരാളിൽ വരുത്തുന്ന ശേഷിക്കുറവ് അളക്കാൻ ഒട്ടും പര്യാപ്തമല്ല. വ്യക്തിപരമായ മദ്യസഹനശേഷി (alcohol tolerance) പലേ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിയ്ക്കും, ജനിതകവും പോഷകാഹാരസംബന്ധവുമായ ഘടകങ്ങൾ, മറ്റു തരത്തിലുള്ള ശേഷിക്കുറവുകൾ, ദീർഘകാലമായുള്ള അമിതമദ്യപാനം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

നിയമപാലനത്തിലെ പ്രാധാന്യം

[തിരുത്തുക]

മിക്ക രാജ്യങ്ങളിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബി.എ.സി. നിരക്കിനു മുകളിൽ വാഹനമോടിപ്പിയ്ക്കുന്നതിനോ യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കുന്നതിനോ നിയമപരമായി അനുവാദമില്ല. നിർദ്ദിഷ്ട ബി.എ.സി. നിരക്കു പല രാജ്യങ്ങളിലും പല സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിയ്ക്കും. സ്വീഡനിൽ പൂജ്യത്തിനു മുകളിലുള്ള ഒരു ബി.എ.സി. നിരക്കുമായി വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. അമേരിക്കയിലാകട്ടെ നിയമം കുറച്ചു കൂടി ഉദാരമാണ്. കേന്ദ്രസർക്കാർ നിർദ്ദിഷ്ട ബി.എ.സി. നിരക്കു 0.08% ലേയ്ക്കു താഴ്ത്താൻ വേണ്ടി പരിശ്രമിയ്ക്കുകയാണെങ്കിലും, മൂന്നു സംസ്ഥാനങ്ങളിൽ 0.099% വരെ അനുവദനീയമാണ്. പക്ഷേ ചില സംസ്ഥാനങ്ങൾ 21 വയസ്സിനു (അമേരിക്കയിൽ കുടിയ്ക്കാൻ അർഹതയുള്ള ഏറ്റവും കുറഞ്ഞ പ്രായം) താഴെയുള്ളവർ വളരെ താഴ്ന്ന ബി.എ.സി. നിരക്കുകളിൽ പോലും (ഒരു പക്ഷേ 0.02%) വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധമാക്കിയിരിയ്ക്കുന്നു. ഇതൊരു പൂജ്യം നിരക്കിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.

ഓസ്ട്രേലിയയിൽ മിക്ക സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പരിധി 0.05% ആണ്. പരിചയക്കുറവുള്ളവർക്ക് (വാഹനമോടിപ്പിയ്ക്കുന്നതിനു പഠനാനുമതി മാത്രമുള്ളവർ) 0.02 ശതമാനമോ അല്ലെങ്കിൽ പൂജ്യം തന്നെയോ ആണ് നിർദ്ദിഷ്ട നിരക്ക്. ഇതു നടപ്പാക്കുന്നത് അവിചാരിതമായ പരിശോധനകളിലൂടെയാണ്.

പല രാജ്യങ്ങളിലും ബി.എ.സി. നിരക്കുകൾ വിശാലമാണെങ്കിലും, നല്ല ബോധത്തിൽ വാഹനമോടിപ്പിക്കുന്നതിനോളം സുരക്ഷിതമാണ് അനുവദനീയ ബി.എ.സി. നിരക്കുകൾക്കൊപ്പം മദ്യപിച്ച് വാഹനമോടിപ്പിക്കുന്നത് എന്നു കരുതുന്നത് വിഡ്ഢിത്തമാവും. 0.05% ബി.എ.സി. നിരക്കിൽ മദ്യപിച്ചിട്ടുള്ള ഒരാൾ വാഹനമോടിപ്പിക്കുമ്പോൾ, ഒരു അപകടത്തിനുള്ള സാധ്യത നല്ല ബോധത്തിൽ വണ്ടി ഓടിപ്പിയ്ക്കുന്നതിനേക്കാൾ നാലുമടങ്ങിലധികം ആണ്. അതു കൂടാതെ, ചെറിയ ആളവിൽ മദ്യപിച്ചു വാഹനമോടിപ്പിയ്ക്കുമ്പോൾ തങ്ങളുടെ ഡ്രൈവിങ്ങ് കഴിവു വർദ്ധിയ്ക്കുന്നു എന്നുള്ള ചിലരുടെ ധാരണ വളരെ അബദ്ധമാണ്. കാരണം തങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിയ്ക്കാനുള്ള ശേഷിയും (ചെറിയ അളവിൽ അളവിലാണെങ്കിൽ കൂടി) മദ്യം അകത്തു ചെല്ലുന്നതോടെ തകരാറിലാവുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  • ^ breathalyzer എന്നത്, ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയുടെ വ്യാപാരമുദ്രയാണ്
"https://ml.wikipedia.org/w/index.php?title=രക്തത്തിലെ_മദ്യാംശം&oldid=3427125" എന്ന താളിൽനിന്ന് ശേഖരിച്ചത്