യേശുപ്രാർത്ഥന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊമേനിയൻ ഭാഷയിൽ യേശുപ്രാർത്ഥന എഴുതിയിട്ടുള്ള 'ക്രിസ്തുഫലകം" (Christogram)

പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലും ഏറെ മാനിക്കപ്പെടുന്ന ഒരു പ്രാർത്ഥനാ സൂത്രമാണ് 'യേശുപ്രാർത്ഥന'. അതിന്റെ ഗ്രീക്കു മൂലവും പരിഭാഷയും താഴെക്കാണുന്നതാണ്:

പൗരസ്ത്യസഭകൾ അവയുടെ ചരിത്രത്തിലുടനീളം ഈ പ്രാർത്ഥന പരിശീലിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ദൈവാനുഭവത്തിനാവശ്യമായ മന:നിശ്ചലതയും ഏകാഗ്രതയും ലക്ഷ്യമാക്കുന്ന 'ഹെസിക്കാസം' എന്ന താപസപാരമ്പര്യത്തിൽ ഈ പ്രാർത്ഥനയുടെ നിരന്തരമായ ആവർത്തനം പതിവാണ്. ഈ പാരമ്പര്യത്തിൽ പെട്ട ആത്മീയഗുരുക്കൾ യേശുപ്രാർത്ഥനയെ ഹൃദയപൂർവമായ പ്രാർത്ഥനക്കാവശ്യമായ ഹൃദയത്തുറവിയുടെ വഴിയായി കണ്ടു. പൗരസ്ത്യക്രിസ്തീയതയിലെ പിതാക്കന്മാരുടെ രചനകളുടെ പ്രസിദ്ധസമാഹാരമായ ഫിലോക്കാളിയ ഈ പ്രാർത്ഥനയ്ക്ക് ഏറെ പ്രാധാന്യം കല്പിക്കുന്നു. പുതിയനിയമത്തിന്റെ ഭാഗമായ തെസ്സലോക്കാക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ പൗലോസ് അപ്പസ്തോലൻ നിർദ്ദേശിക്കുന്ന ഇടവിടാതെയുള്ള പ്രാർത്ഥനയായി ഇതു കരുതപ്പെടുന്നു.[2] യേശുനാമത്തിന്റെ ശക്തി സംവഹിക്കുന്ന ഈ പ്രാർത്ഥന, മറ്റെല്ലാ പ്രാർത്ഥനകളേക്കാൾ ഫലപ്രദമാണെന്ന് പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യൻ ഓർത്തഡോക്സ് താപസൻ, 'ഏകാന്തൻ' തിയോഫാൻ പഠിപ്പിച്ചു.[3]

ചരിത്രപരമായ ബന്ധങ്ങൾ മൂലം യേശുപ്രാർത്ഥനയുടെ പാരമ്പര്യം പൗരസ്ത്യ കത്തോലിക്കാ സഭകളിലും നിലവിലുണ്ട്.[4][5] എന്നാൽ, പൗരസ്ത്യ സഭകളിൽ ഇതിനുണ്ടായ പ്രചാരം പാശ്ചാത്യ ലത്തീൻ സഭകളിൽ ഉണ്ടായില്ല. എങ്കിലും ഈ പ്രാർത്ഥനയെക്കുറിച്ച് ഒട്ടേറെ റോമൻ കത്തോലിക്കാ രചനകൾ ഉണ്ടായിട്ടുണ്ട്. ആംഗ്ലിക്കൺ സഭയുടെ കൊന്തനമസ്കാരത്തിലും ഇതുൾപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിൽ ഗ്രിഗറി പലാമാ സന്യാസി ഈ പ്രാർത്ഥനയെ ആശ്രയിച്ചു വികസിപ്പിച്ച ഹെസിക്കാസസാധനയുടെ ദൈവശാസ്ത്രത്തിനു കത്തോലിക്കാ സഭയിൽ സമ്പൂർണ്ണസ്വീകാര്യത ലഭിക്കാതിരുന്നതും ഇതിനു കാരണമാണ്.[6] എങ്കിലും പാശ്ചാത്യക്രിസ്തീയതയിൽ വികസിച്ചു വേരുറച്ച ജപമാലഭക്തിയുടെ മറ്റൊരു രൂപമായി യേശുപ്രാർത്ഥനയെ കാണാവുന്നതാണ്.[7]

യേശുനാമത്തിനു പ്രാർത്ഥനയിലുള്ള സ്ഥാനത്തെപ്പറ്റി കത്തോലിക്കാസഭയുടെ വേദോപദേശം ഈവിധം പറയുന്നു: "ക്രിസ്തുമതത്തിൽ പ്രാർത്ഥനയുടെ ഹൃദയം യേശുനാമമാണ്. ആരാധനാവിധിയിലെ പ്രാർത്ഥനകളെല്ലാം സമാപിക്കുന്നത് 'നമ്മുടെ കർത്താവായ യേശുവഴി' എന്നാണ്. (ജപമാലയിൽ ആവർത്തിക്കപ്പെടുന്ന) "നന്മനിറഞ്ഞ മറിയമേ" (Hail Mary) എന്ന പ്രാർത്ഥന പരകോടിയിലെത്തുന്നത് "നിന്റെ ഉദരഫലമായ ഈശോ അനുഗൃഹീതനാകുന്നു" എന്ന പുകഴ്ചയിലാണ്. പൗരസ്ത്യസഭയിലെ ഹൃദ്പ്രാർത്ഥനയായ 'യേശുപ്രാർത്ഥന' "കർത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്നിൽ കനിയേണമേ" എന്നാണ്. വിശുദ്ധ ജോവാൻ ഓഫ് ആർക്കിനെപ്പോലെ പല ക്രിസ്ത്യാനികളും 'യേശു" എന്ന ഏകനാമം മാത്രം ചുണ്ടിൽ പേറി മരിച്ചിട്ടുണ്ട്."[8]

അവലംബം[തിരുത്തുക]

  1. "Jesus Prayer". OrthodoxWiki. 2010-04-21. ശേഖരിച്ചത് 2010-07-03.
  2. "Orthodox Christian Study on Unceasing Prayer Part I – John Kotsonis – Theandros – An Online journal of Orthodox Christian Theology and Philosophy". Theandros. ശേഖരിച്ചത് 2010-07-03.
  3. On the Prayer of Jesus by Ignatius Brianchaninov, Kallistos Ware 2006 ISBN 1-59030-278-8 page xxiii-xxiv
  4. "Catechism of the Catholic Church, 2667". Vatican.va. ശേഖരിച്ചത് 2010-07-03.
  5. See also Rosaries in other Christian traditions
  6. Pope John Paul II's Angelus Message, 11 August 1996.
  7. Rosarium Virginis Mariae [1]
  8. Catechism of the Catholic Church, 435
"https://ml.wikipedia.org/w/index.php?title=യേശുപ്രാർത്ഥന&oldid=2535576" എന്ന താളിൽനിന്ന് ശേഖരിച്ചത്