മൻസൂർ അൽഹല്ലാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൻസൂർ അൽഹല്ലാജ്
The execution of Mansur Al-Hallaj (manuscript illustration from Mughal India, circa 1600)[1]
മരണംBaghdad
EthnicityPersian
കാലഘട്ടംAbbasid


സൂഫികളിൽ ഏറെ പ്രസിദ്ധിനും എന്നാൽ ജീവിച്ചിരുന്ന കാലത്ത് ഏറെ വിവാദങ്ങൾക്ക് പാത്രമായതുമായ ഒരു വ്യക്തിത്വമാണ് മൻസൂർ അൽഹല്ലാജ് (ക്രി 858-922). പൂർണ നാമം അബുൽ മുഗീസ് അൽ ഹുസൈൻ ബിൻ മൻസൂർ അൽഹല്ലാജ്.[2] പേർഷ്യൻ സൂഫി ആദ്ധ്യാതിമിക ആചാര്യന്മാരിൽ അഗ്രഗണ്യനായിരുന്ന അൽഹല്ലാജ്, “അനൽ ഹഖ്” എന്ന തന്റെ ഒരൊറ്റ പ്രഖ്യാപനം കൊണ്ടാണ് എക്കാലവും സ്മരിക്കപ്പെടുന്നതും വിവാദനായകനായി കരുതപ്പെടുന്നത്തും.ഞാനാണ് പരമമായ സത്യം എന്ന് അർത്ഥം കൽപ്പിക്കാവുന്ന ഈ വചനത്തെ ഹല്ലാജിന്റെ ദൈവ വാദമായി കരുതിയവർ അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങി. അനുചരന്മാരെ സംബന്ധിച്ചിടത്തോളം "ഞാൻ ഇതാ പരമമായ സത്യത്തിൽ പൂർണ്ണമായും ലയിച്ചിരിക്കുന്നു " എന്ന ഔന്നിത്യ പ്രാപനത്തിന്റെ പ്രഖ്യാപനം മാത്രമായിരുന്നു അനൽഹഖ്. സൂഫി യോഗികളിലെ ഉന്നതാവസ്ഥയായ ഫാനാഉൾ ഫാനായിലെത്തിയ ഹല്ലാജ്  ഉന്മാദാവസ്ഥയിലെ പരാമർശങ്ങൾ കാരണം വധിക്കപ്പെടുകയായിരുന്നു.

ജീവചരിത്രം[തിരുത്തുക]

ക്രിസ്തു വർഷം 857ലാണ് (ചന്ദ്ര വർഷം 244 ) പേർഷ്യയിലെ ബെയ്‌സ പ്രവിശ്യയിലെ ശീറാസിൽ  പരുത്തി കർഷക കുടുംബത്തിൽ   അബൂമുഗീസ് ഹുസൈൻ ബിൻ മൻസൂറുൽ ഹല്ലാജ്  ജനിക്കുന്നത് . (ഹല്ലാജ് എന്നാൽ അറബിയിൽ പരുത്തിനെയ്യുന്നവൻ) പാർസി മതകാരായിരുന്നു പിതാമഹന്മാർ. ബാല്യത്തിൽ തന്നെ മുസ്‌ലിങ്ങൾ ദൈവത്തിങ്കൽ നിന്നും അന്ത്യ പ്രവാചകനായ മുഹമ്മദിനു(സ) വെളിപാടായി ലഭിച്ചുവെന്ന് കരുതുന്ന ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി . തുടർന്ന് ഇസ്‌ലാമിക കർമ്മ ശാസ്ത്രത്തിലും ഹദീസ് എന്ന പ്രവാചക ചര്യയും ദീർഘ കാലം ചിലവഴിച്ചു പഠിച്ചു തസ്തറി, ബസ്റ, ഖുറാസാൻ, തുർക്കിസ്ഥാൻ, ചെച്‌നിയ   മെക്കയിലുമെല്ലാം പഠനത്തിനായി യാത്ര ചെയ്യുകയും വർഷങ്ങൾ ചിലവഴിച്ചു അറിവ് നേടുകയും ചെയ്തു മാതൃ ഭാഷയായ പാർസിയെക്കാൾ അറബിയിലായിരുന്നു ഇദ്ദേഹത്തിന് കൂടുതൽ നിപുണത . ഖുർആൻ മനപാഠമാക്കിയ മൻസൂർ ധ്യാനമാർഗ്ഗം കണ്ടെത്താനും അധികം വൈകിയില്ല.

ആദ്ധ്യാത്മിക ജീവിതത്തിലേക്ക് [തിരുത്തുക]

യാത്രകളിലാണ് ഇസ്‌ലാമിലെ ആത്മീയ സംസ്കരണ പാതയായ സൂഫിസവുമായും സൂഫികളുമായും മൻസൂർ അടുക്കുന്നത് .   സുപ്രസിദ്ധ സൂഫി വര്യനായിരുന്ന ദുന്നൂറുൽ മിസ്‌രിയുടെ ശിഷ്യരും അക്കാലങ്ങളിലെ സൂഫിപ്രമുഖരുമായ തുസ്തരി , ജുനൈദി എന്നിവരുടെ ശിഷ്വത്യം നേടാൻ മൻസൂറിനായി .  ഒട്ടേറെ കർമ്മ ശാസ്ത്ര പണ്ഡിതരാലും ,സൂഫിവര്യന്മാരാലും, സൂഫി യോഗിയുടെ ശവ കൂടീരങ്ങളാലും,  പർണ്ണ ശാലകൾ കൊണ്ടും സമ്പന്നമായിരുന്നു അന്ന് ബാഗ്‌ദാദ്‌ . പതിനെട്ടാം വയസ്സിൽ  ബാഗ്‌ദാദിലേക്കു  യാത്ര ചെയ്യാൻ മൻസൂർ തീരുമാനമെടുത്തതിന് പിന്നിലെ കാരണവും അതായിരുന്നു എന്നാണു പറയപ്പെടുന്നത് . ബാഗ്‌ദാദിലെത്തിയ മൻസൂർ  സഅൽ ഇബ്നു തുസ്തരിയിൽ   നിന്നും തരീഖ സ്വീകരിച്ചു ബൈഅത് (അനുസരണ പ്രതിജ്ഞ ) ചെയ്തു ശിഷ്വത്വം നേടി.

സൂഫി യോഗിയുടെ ശവ കുടീരങ്ങളുമായി ബന്ധപ്പെട്ടാണ് സൂഫി പർണ്ണ ശാലകൾ ഉണ്ടാകാറ് അത്തരം പർണ്ണ ശാലകളിൽ മൗലീദ് ദിക്കർ  സ്തോത്ര സദസ്സുകളും നടക്കും താളാത്മകമായും പ്രതേക ചലനങ്ങളിലൂടെയും ആട്ടത്തിലൂടെയുമായിരിക്കും ഉരുവിടലും ഏറ്റു ചൊല്ലലുകളും ,ഇത്തരം സദസ്സുകളിൽ  ഫനായിലേക്കു ( പ്രതേക ഉന്മാദാവസ്ഥയിലേക്കു) മൻസൂർ ഉയരുന്നത് ശ്രദ്ധയിൽ പെട്ട തുസ്തരി വർഷങ്ങളുടെ സേവനത്തിനു അറുതി വരുത്തി  യാത്രയാകുവാൻ ശിഷ്യനോട് കൽപ്പിച്ചു.

ശരീഅത്ത് (നിയമാവലി ),ത്വരീഖത്ത് (മാർഗം), ഹഖീഖത്ത്(യാഥാർഥ്യം,സത്യ ദർശനം അഥവാ ദൈവിക സത്തയെ വലയം പ്രാപിക്കൽ), മഅരിഫത്ത് (ബ്രഹ്മജ്ഞാനം)  എന്നിങ്ങനെയാണ് സൂഫിസത്തിലെ പടവുകൾ ഇതിൽ ശരീയത് മുറുകെ പിടിച്ചു തരീഖ സ്വീകരിക്കുന്നതിലൂടെ സൂഫിസം ആരംഭിക്കുന്നു.  ഹഖീഖതും കടന്നു മഅരിഫത്തിലെത്തുന്ന സൂഫികൾ ആത്മീയ ധാരയിൽ ഉയരുന്നതോടു കൂടി ചിലർക്ക് പലതരം ഉന്മാദ അവസ്ഥകൾ തരണം ചെയ്യേണ്ടതായി വരും . ഇതൊരു തരം പരീക്ഷണ ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്   ഇത്തരം അവസ്ഥയിൽ സൂഫികൾ ഇസ്‌ലാമിക നിയമ വ്യവസ്ഥയായ   ശരീയത് പൂർണ്ണതയോടെ പിൻപറ്റണമെന്നില്ല , ഉന്മാദാവസ്ഥയിലെ  പ്രവർത്തികൾ ജനങ്ങളിൽ തെറ്റിധാരണ പടർത്തുമെന്ന കാരണത്താൽ ഏകാന്ത വാസമോ ദേശാടനമോ ആണ് ഈ കാലയളവിൽ ഉണ്ടാകാറ് ഇതനുസരിച്ചാണ് പർണ്ണ ശാലയിൽ നിന്നും മൻസൂറിനെ യാത്രയാക്കിയത് യെന്നും അതല്ല ആത്മീയോന്നതിയുടെ കൊടുമുടികൾ ശിഷ്യൻ കീഴടക്കി എന്നറിഞ്ഞത് കൊണ്ടാണ് യാത്ര തുടരുവാൻ കൽപ്പിച്ചതെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

മക്കയിൽ[തിരുത്തുക]

പുണ്യ സ്ഥലമായ മെക്കയിലെത്തിയ ഹല്ലാജ് മക്കയിലെ പള്ളിയിൽ കൊടും ചൂടും കഠിന തണുപ്പും വകവെക്കാതെ വർഷങ്ങളോളം താമസിച്ചു. പ്രയാസങ്ങളെല്ലാം ക്ഷമിക്കുകയും ശരീരത്തിന്റെ ഇച്ഛകളോട് പടവെട്ടുകയും ചെയ്തു. മസ്ജിദുൽ ഹറാമിൽ ആകാശത്തിനു കീഴെയല്ലാതെ ഇരിക്കാറില്ല. ഒരു പൂർണ്ണ വർഷം നോമ്പ് തുറക്കുമ്പോൾ അല്പം വെള്ളവും ഒരു പത്തിരിയിൽ നിന്ന് അല്പവും മാത്രമല്ലാതെ മറ്റൊന്നും കഴിച്ചിരുന്നില്ല. കഠിന ചൂടിൽ അബൂഖുബൈസ് പർവ്വതത്തിൽ പാറമുകളിൽ അദ്ദേഹം ഇരിക്കാറുണ്ടായിരുന്നു.[3]

മക്കയിലെ സൂഫി പ്രമുഖനായ ശൈഖ് അബ്ദുല്ലാഹിൽ മഗ്രിബിയും സംഘവും ഒരിക്കൽ ഹല്ലാജിനെ സന്ദർശിക്കാനെത്തി. ഹല്ലാജ് സദാഇരിക്കുന്ന ഹിജ്ര് ഇസ്ല്മായിലിനു അടുത്ത് വന്നപ്പോൾ അവിടെ കണ്ടില്ല. അബൂഖുബൈസ് പർവ്വതശിഖരത്തിൽ ഉണ്ടാവുമെന്ന് കേട്ടപ്പോൾ അങ്ങോട്ട്‌ പോയി. അപ്പോൾ കല്ലുമലയിൽ പാറയുടെ മുകളിൽ തലയിലൊന്നും ധരിക്കാതെ നഗ്നപാദനായി ഹല്ലാജ് ഇരിക്കുന്നു. ശരീരത്തിൽ നിന്ന് ധാരയായി വിയർപ്പ് തുള്ളികൾ ഭൂമിയിൽ പതിക്കുന്നുണ്ട്. ശൈഖ് അത് കുറച്ചു നേരം നോക്കി നിന്നു. ഒന്നും സംസാരിക്കാതെ താഴെഇറങ്ങിയിട്ട് ശിഷ്യരോട് പറഞ്ഞു : ഇദ്ദേഹം വല്ലാതെ വിഷമിക്കുന്നു. മനം നിറയെ വിശ്വാസമാണ്. പക്ഷെ താങ്ങാനും ക്ഷമിക്കാനും കഴിയാത്ത പരീക്ഷണം കൊണ്ട് ഇദ്ദേഹത്തെ ദൈവം പരീക്ഷിചേക്കാം. [4]

ബസ്‌റയിൽ[തിരുത്തുക]

ബസ്രയിലേക്കു യാത്ര പോയ മൻസൂർ മറ്റൊരു സൂഫി വര്യനായ അംറ് ഇബ്നു ഉത്മാൻ മക്കിയുടെ  കീഴിൽ ആത്മീയ സംസ്കരണ പഠനം തുടർന്നു, ബസ്രയിലെ അബൂ യഅ്ഖൂബിൽ അഖ്ത്വാഈ എന്ന സൂഫിയുടെ മകളെ മൻസൂർ വിവാഹം കഴിക്കുന്നത് ഈ കാലയളവിലാണ് . ഉന്മാദ അവസ്ഥയുടെ ലക്ഷണങ്ങൾ വീണ്ടും മൻസൂറിൽ ദൃശ്യമായതോടെ പർണ്ണശാല ഉപേക്ഷിക്കാൻ അംറ് ആവശ്യപ്പെടുകയും ഉന്മാദാവസ്ഥയിലെ ജൽപനങ്ങളെ വിമർശിക്കുകയും ചെയ്തു. തുടർന്ന് തെരുവിലെത്തിയ മൻസൂറിനെ ജനങ്ങൾ ചിത്ത രോഗിയാണെന്ന് സംശയിച്ചു ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാൽ  പിന്നീട് ഭിഷഗ്വരന്മാർ അദ്ദേഹത്തെ പുറം ലോകത്തേക്ക്  തന്നെ തിരികെ വിട്ടു.

തുടർന്ന് മിസ്‌രിയുടെ മറ്റൊരു ശിഷ്യനും അക്കാലത്തെ അറിയപ്പെടുന്ന സൂഫി തത്ത്വ ജ്ഞാനിയുമായ ജുനൈദുൽ ബാഗ്‌ദാദിയുടെ  പർണ്ണ ശാലയിലാണ് മൻസൂർ അഭയം തേടിയത് . കരക്കണയാനുള്ള കപ്പലെന്നപോലെ ഹല്ലാജ് സദാ സമയവും  പ്രപഞ്ച സ്രഷ്ടാവിനെ തേടി അലഞ്ഞു അതോടെ മഅറിഫെതെന്ന  സൂഫി പടവിലെ ഉന്നത സ്ഥാനത്തേക്ക് മൻസൂർ എത്തിയെന്നു പറയപ്പെടുന്നു.  ആത്മീയതയുടെ ലഹരിപിടിച്ച് ഉൻമത്തനായി മാറിയതോടെ   ജുനൈദുൽ ബാഗ്ദാദിയും പർണ ശാലയിൽ നിന്നും  ഹല്ലാജിനെ പുറത്താക്കി , യാത്ര ചോദിക്കുമ്പോൾ  ഗുരുവര്യന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഹല്ലാജ് പറഞ്ഞത്രെ: ”ആത്മീയതയുടെ ലഹരി പിടിച്ചവർക്ക് ദൈവം  എന്നും മറയിലായിരിക്കുമെന്ന്. അതിനു  ജുനൈദ് നൽകിയ മറുപടി  ”ചിന്തയുടെ ഉണർവും ബോധപൂർവമായ പെരുമാറ്റവുമാണ് മനുഷ്യനാവശ്യം. അതിലൂടെ അവന് ദൈവത്തിലേക്ക് എത്തിച്ചേരാം എന്നായിരുന്നു , 

ഹല്ലാജ്ന്റെ ആത്മീയ ലഹരിയും ഇലാഹീ ഉന്മാദവും ഒരു പക്ഷേ, ഗുരു വര്യന്മാരെല്ലാം ഒരു പോലെ തിരിച്ചറിഞ്ഞിരുന്നു . പക്ഷേ നിയമ വ്യവസ്ഥകൾക്ക് എതിരാണെന്ന ധ്വനിപ്പിക്കും വിധത്തിലുള്ള ഹല്ലാജിന്റെ ഉന്മാദ വാക്കുകൾ തിരിച്ചറിയാൻ സൂഫികല്ലാത്തവർക്കാവില്ലെന്നും അതിനാൽ അവ സമൂഹത്തിൽ ഭൂഷണമല്ല എന്ന പക്ഷക്കാരായിരുന്നു അവരെല്ലാം.

വിവാദ പരാമർശങ്ങൾ[തിരുത്തുക]

തെരുവിലേക്ക് വീണ്ടുമിറങ്ങേണ്ടി വന്ന ഹല്ലാജ് നീ ഞാനും ഞാൻ നീയും എന്ന സ്‌നേഹത്തിന്റെ അഗാധ ഗർത്തത്തിലേക്ക്  മറിഞ്ഞു വീണു. പലപ്പോഴും അദ്ദേഹം ധ്യാനാത്മകതയിലേക്ക് വഴുതിവീഴുമായിരുന്നു. താൻ ദൈവസന്നിധിയിലായിരുന്നുവെന്നാണ് മൻസൂർ ഈ ധ്യാനാത്മകതയെ വിവരിച്ചിരുന്നത്. ഈ ധ്യാനനിമിഷങ്ങളിൽ അദ്ദേഹം അനൽഹഖ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു . ഞാനാണ്  പരമമായ സത്യം എന്നാണിതിനർത്ഥം.  അനുപമമായ ദാർശനിക ജ്ഞാനത്താൽ അദ്ദേഹം വാക്കുകളും കൊച്ചു കവിതകളുമൊക്കെ ഉരുവിട്ടു കൊണ്ടേയിരുന്നു  ”ഞാൻ ആണ് പരമ യാഥാർത്ഥ്യം (അനൽ ഹഖ്), സുബ്ഹാനി (ഞാൻ എന്നെ പരിശുദ്ധനാക്കുന്നു), മാഫിൽ ജൈബി ഇല്ലല്ലാഹ്’ (ദൈവമല്ലാതെ  മറ്റൊന്നും കീശയിലില്ല.) .ഞാൻ സ്‍നേഹിക്കുന്ന ഞാൻ അവനാണ്... ഞാൻ സ്‍നേഹിക്കുന്ന അവൻ ഞാൻ തന്നെയാണ്, എന്റെ ശിരോവസ്ത്രത്തിനുള്ളിൽ ഞാൻ ദൈവത്തെയല്ലാതെ മറ്റൊന്നിനേയുംെ മൂടിവെച്ചിട്ടില്ല.’ 'ഞാനാണ് സ്നേഹിക്കുന്നവൻ. സ്നേഹിക്കപ്പെടുന്നവനും ഞാൻ തന്നെ' 'ഒരു ശരീരത്തിലുള്ള രണ്ടാത്മാക്കൾ ഞങ്ങൾ. നീ എന്നെ കണ്ടാൽ അവനെ കണ്ടു. അവനെ കണ്ടാല എന്നെയും കണ്ടു'[5] 'മുന്തിരിവീഞ്ഞ് ശുദ്ധ വെള്ളത്തിൽ ലയിക്കുംപ്രകാരം നിന്റെ ആത്മാവ് എന്റെ ആത്മാവിൽ കലർന്നു. നിന്നെ സ്പർശിക്കുന്ന വസ്തു എന്നെയും സ്പർശിച്ചു. അപ്പോൾ എല്ലാ അവസ്ഥയിലും നീ ഞാനായി മാറി' [6]

ഹല്ലാജിന്റെ ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ നിമിത്തം ജനങ്ങളുടെ വിശ്വാസം നാശത്തിലാവുമോ എന്ന് പണ്ഡിതന്മാർ ന്യായമായും ഭയന്നു.അവരിലെ അലിയ്യുബ്നു ഈസ ഹല്ലാജുമായി സംവാദം നടത്തി . പരസ്പരം തർക്കതിന്നിടയിൽ ഹല്ലാജ് ഈസയൊദു പറഞ്ഞുവത്രേ.. താങ്കൾ നിന്നിടത്ത്‌ തന്നെ നിൽക്കുക കൂടുതലൊന്നും പറയരുത്. അങ്ങനെ പലതും പറഞ്ഞാൽ ഞാൻ താങ്കളെ ഭൂമിയടക്കം മറിച്ചിടും! അതോടു കൂടി അലിയ്യുബ്നു ഈസാ സംവാദം നിർത്തി.

വിവാദങ്ങളുടെ ആരംഭം[തിരുത്തുക]

ഹല്ലാജിന്റെ വാക്കുകളും, കവിതകളും  ബാഗ്ദാദ് പട്ടണത്തിൽ പ്രകമ്പനം കൊണ്ടു. ഹല്ലാജ് പ്രവാചകനാണെന്നും ദൈവമാണെന്നും വാദിച്ചുവെന്നു ജനങ്ങൾ ആരോപിച്ചു. ഹല്ലാജ് നിയമ വ്യവസ്ഥയ്ക്ക് എതിരായെന്നും കൊല്ലണമെന്നും ജനക്കൂട്ടം ആവശ്യപ്പെടാൻ തുടങ്ങി.  . ഹല്ലാജിൽ നിന്നുമുണ്ടാകുന്ന അത്ഭുത പ്രവർത്തനങ്ങൾ ആഭിചാരമായി വിധി എഴുതപ്പെട്ടു. ഖലീഫ മുഖ്തദിർ ബില്ലാഹിയുടെ ഭരണമായിരുന്നു അന്ന്. മുഖ്തദിരിന്റെ മന്ത്രി ഹാമിദ് ഹല്ലാജിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഹല്ലാജ് ഇതെല്ലാം നിഷേധിച്ചു കൊണ്ട് പറഞ്ഞു : ദൈവാസ്ഥിത്വവും പ്രാവാചകത്വവും വാദിക്കലിനെ തൊട്ടും ഞാൻ ദൈവത്തോട് അഭയം തേടുന്നു. ഞാൻ ദൈവത്തെ ആരാധിക്കുന്ന ഒരു മനുഷ്യൻ മാത്രം. നോമ്പും നിസ്കാരവും അല്പം അധികമാക്കുന്നു എന്നല്ലാതെ മറ്റൊന്നും എനിക്കില്ല. [7] വൻ തോതിൽ പരാതികൾ ലഭിച്ചതോടു കൂടി ഖലീഫ പണ്ഡിതന്മാരുടെ അഭിപ്രായം തേടി. പണ്ഡിതർ മൂന്ന് പക്ഷമായി വിധി നൽകിയെന്നു പറയപ്പെടുന്നു

പ്രബല വിഭാഗം ഹഖീഖത്, മഅരിഫത് എന്നിവ മറഞ്ഞ കാര്യമാണെന്നും , തെളിഞ്ഞ നിയമ വ്യവസ്ഥയായ ശരീയത്തിന്റെ മുന്നിൽ  ഗുരുതരമായ തെറ്റ് ഹല്ലാജ് ചെയ്‌തെന്നും അതിനാൽ പാശ്ചാത്തിപ്പിക്കാത്ത പക്ഷം വധശിക്ഷ നടപ്പിലാക്കണമെന്നും  അഭിപ്രായപ്പെട്ടവരാണ് . ശരീയത്തിനു വിരുദ്ധം പ്രവർത്തിച്ച ഖിളറിനെ മൂസ പ്രവാചകൻ എതിർത്തതും ഖലീഫ ഒമർ നമസ്കരിക്കാത്ത വലിയ്യിനെതിരെ വാളോങ്ങിയതുമൊക്കെ  തെളിവായി ഉദ്ധരിക്കപ്പെട്ടു. എന്നാൽ ഒരു വിഭാഗം പണ്ഡിതർ വിധി പറയാതെ മൗനം പാലിച്ചു. മറ്റൊരു വിഭാഗംആകട്ടെ   മൻസൂർ  അബോധാവസ്ഥയായിരുന്നതിനാൽ ശരീയത്തിനു വിധേയനാകണമെന്നില്ല എന്ന വാദക്കാരായിരുന്നു.  ഇതോടെ ഖലീഫ സൂഫി വര്യന്മാരുടെ അഭിപ്രായം തേടി ,തത്വജ്ഞാനമാണ് അവയെന്നും ആന്തരികാർത്ഥം ജ്ഞാനികൾക്കെ മനസ്സിലാകൂവെന്നും പക്ഷെ ഇത്തരം ഉദ്ധരണികൾ മൂലം സാധാരണ ജനങ്ങളിൽ വളരെ മോശമായ പ്രതിഫലനമാണുണ്ടാവുകയെന്നും  അത്തരം ജൽപനങ്ങൾ നടത്തുന്നവർക്കെതിരെ  മത വിധികൾ നടപ്പാക്കാമെന്നും  ഹല്ലാജു അവന്റെ യജമാനനും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ട കാര്യം ന്യായാധിപനില്ലെന്നും, ന്യായാധിപൻ വിധി പ്രഖ്യാപിക്കേണ്ടത് നിയമ സംഹിത നോക്കിയാണ് എന്നുമായിരുന്നു അവരുടെ അഭിപ്രായം.

സൂഫികളുടെ ഭാഷയുടെ ആന്തരികാർത്ഥം സൂഫികൾക്കു മനസ്സിലാകുമെങ്കിലും  മജ്‌തബയുടെ (ഉന്മാദ ലഹരി )  അവസ്ഥയിൽ ആണെങ്കിലും  ഉണ്മകൾ വിളിച്ചു പറയുന്ന ഹല്ലാജ് നിയമത്തിന്റെ കണ്ണിൽ  ശിക്ഷിക്കപ്പെടാൻ  അർഹനാണെന്ന കാര്യത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല 

വധശിക്ഷ[തിരുത്തുക]

നിയമോപദേശം ലഭിച്ചതോടെ ബാഗ്ദാദിലെ അബ്ബാസി ഭരണാധികാരി മുഖ്തദിർ ബില്ലാഹി ഹല്ലാജ്നോട്  പാശ്ചാത്തപിക്കാൻ ആവശ്യപ്പെട്ടു , പാശ്ചാത്തപിക്കാൻ താൻ തെറ്റായി ഒന്നും പറഞ്ഞില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നിലപാട് വ്യക്തമാക്കി നിർദ്ദേശം  അനുസരിക്കാതെ ചിരിച്ചു കൊണ്ട് മൻസൂർ കവിത ആലപിച്ചു തെരുവിലൂടെ നടന്നു . 

എന്നെ വധിച്ചാലും വിശ്വസ്തസുഹൃത്തുക്കളേ.. വിശ്വസ്തസുഹൃത്തുക്കളേ എന്നെ വധിച്ചാലും

കാരണംവധിക്കപ്പെടുമ്പോഴാണ് എനിക്ക് ജീവിതമുണ്ടാവുക നിന്റെ എല്ലാഗുണങ്ങളും പറിച്ചെറിഞ്ഞ് പ്രിയപ്പെട്ടവന്റെമുന്നിൽ നില്ക്കുമ്പോഴാണ് സ്‌നേഹമെന്തെന്നറിയുക; അപ്പോൾ അവന്റെ ഗുണവിശേഷങ്ങൾ നിന്റേതായിത്തീരുന്നു. എനിക്കും നിനക്കുമിടയിൽ ഞാൻമാത്രമേയുള്ളൂ, എന്നെ നശിപ്പിച്ചുകളയുക, പിന്നെയോ നാം  മാത്രമവശേഷിക്കുന്നു

ഇതോടു   നിരവധി അവസരങ്ങൾ നൽകിയ ബഗ്ദാദിലെ സുപ്രീം കോർട്ട് അദ്ദേഹത്തെ  വധിക്കാൻ ഉത്തരവിടുകയും  നടപ്പാക്കാൻ ഖലീഫ പ്രഖ്യാപിക്കുകയും . ഖാസി അത് ശരിവക്കുകയുമുണ്ടായി. ജുനൈദുൽ ബാഗ്ദാദ് നോട് വിധി പകർപ്പിൽ ഒപ്പുവക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മൂകനായി ഒപ്പു വെക്കാതെ മാറി നിന്നു , അതോടെ സദസ്സിലുണ്ടായിരുന്ന  ഹല്ലാജ് ചിരിച്ചു കൊണ്ട് ജുനൈദിനോട് പറഞ്ഞു പറഞ്ഞു:     ”ഗുരോ സൂഫിസത്തിന്റെ വസ്ത്രം അഴിച്ചു വെക്കൂ, അതഴിച്ചു വെച്ചാൽ  മാത്രമേ അങ്ങേക്ക് അതിൽ ഒപ്പ് ചാർത്താൻ  സാധിക്കൂ… അതോടെ നിയമജ്ഞരുടെ ഉടയാടയണിഞ്ഞ് ജുനൈദുൽ ബാഗ്ദാദി വിധി പകർപ്പിൽ ഒപ്പ് വച്ചു.  അതിനു ശേഷം ജുനൈദ്‌ നിറ കണ്ണുകളോടെ പറഞ്ഞുവത്രെ " ഞാനും മൻസൂറും ഒന്നു തന്നെ, ഭ്രാന്ത്‌ എന്നെ രക്ഷിച്ചു യുക്തി മൻസൂറിനെ അവസാനിപ്പിച്ചു '  ക്രി. 922-ൽ ചന്ദ്ര വർഷം  309 ദുൽഹിജ്ജ 24ന് ഹല്ലാജ് ബ്‌നു മൻസൂറെന്ന സൂഫീ പണ്ഡിതന്റെ വധശിക്ഷ  ജന മധ്യത്തിൽ വെച്ച് നടപ്പാക്കി . ശിരസ്സ് വെട്ടിമാറ്റപ്പെടുമ്പോൾ ഹല്ലാജ് ഖുർആനിലെ, ‘അല്ലാഹുവാകുന്നു സത്യപ്രകാരം വേദവും തുലാസ്സും ഇറക്കിത്തന്നവൻ’ എന്ന വാക്യം ഉരുവിടുകയായിരുന്നു.

മർദിച്ചും കൈകാലുകൾ വെട്ടി മാറ്റി കണ്ണുകൾ ചൂഴ്ന്നെടുത്തു തല വെട്ടി മാറ്റി കഷ്ങ്ങളാക്കിയ ശരീര ഭാഗങ്ങൾ കത്തിച്ചു കൊണ്ടാണ് ജനക്കൂട്ടം വധ ശിക്ഷ ആഘോഷിച്ചത് . തലേന്ന് തന്നെ സന്ദർശിക്കാനെത്തിയ സഹോദരിയോട്‌ താൻ ഇത്തരത്തിൽ മരണപ്പെടുമെന്നും കൊലപാതകത്തിന്റെ മൂന്നാം നാൾ യൂഫ്രട്ടീസ് നദിയിൽ പ്രളയമുണ്ടാകുമെന്നു പറഞ്ഞിരുന്നു. ദഹിപ്പിക്കപ്പെട്ട ശരീരം യൂഫ്രട്ടീസിൽ ഒഴുക്കിയപ്പോൾ തിരയടിച്ച് യൂഫ്രട്ടീസ് പതിവിലേറെ നിറഞ്ഞൊഴുകി. ഹല്ലജിന്റെ ശരീരം ദഹിപ്പിച്ച ചാരം ഒഴുക്കിയതിനാലാണിങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ അനുകൂലികൾ വിശ്വസിച്ചു. [8]

ഹല്ലാജിന്റെ വധം, പിൽകാല സൂഫികൾക്ക് തങ്ങളുടെ മാർഗ്ഗത്തിന്റെ നേർത്ത അതിർവരമ്പുകൾ കൂടുതൽ വ്യക്തമാക്കിക്കൊടുത്തു. ചരിത്രത്തിന്റെ ഇരുണ്ട ഇടനാഴികകളിൽ ഹല്ലാജുകൾ ആവർത്തിക്കപെട്ടില്ല . പൊതു ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സൂഫി പ്രയോഗങ്ങൾ വ്യാപകമാകുന്നതിനെ തൊട്ടു സൂക്ഷിക്കാൻ സൂഫി യോഗികൾക്കു പിൽകാലത്ത് ഈ സംഭവമൊരു പ്രചോദകവും നിമിത്തവുമായിത്തീർന്നുവെന്നു കരുതപ്പെടുന്നു.

The Execution of Mansur Hallaj. Watercolor from Mughal India circa 1600.

അനുകൂല വാദങ്ങൾ[തിരുത്തുക]

മുസ്‌ലിം പണ്ഡിതരിൽ മുൻ നിരക്കാരനായ ഇമാം നവവി പറയുന്നത്  സൂഫികളിലെ ഔലിയാക്കൾ എന്നറിയപ്പെടുന്നവരുടെ  ഓരോ വാക്കും ഏറ്റവും ചുരുങ്ങിയത് 70 വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കുകയും അവയിൽ എതിർപ്പിന്റെ ചുവയില്ലാത്തത് സ്വീകരിക്കുകയും വേണം എന്നാണ് ഇതേ പ്രകാരം ഹല്ലാജിന്റെ വാക്കുകൾ പരിശോധിക്കുകയാണെങ്കിൽ അതിൽ തെറ്റായി ഒന്നും കാണാൻ സാധ്യമല്ലെന്നും സൂഫി മൊഴികളുടെ അകകാമ്പ് ഗ്രഹിക്കുന്നതിൽ  പറ്റുന്ന പിഴവിന്റെ ഉദാഹരണമാണിതെന്നു സൂഫിസരണി പിന്തുടരുന്നവർ അഭിപ്രായപ്പെടുന്നു. സാധനയിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കുന്ന സാധകനു തന്റെ ബോധത്തിൽ താൽക്കാലികമായി അനുഭവപ്പെടുന്ന താദാത്മ്യാനുഭവമാണ് ഇത്തരം മൊഴികളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത് എന്നത്രെ സൂഫിപക്ഷം. ദൈവത്തോടുള്ള കടുത്ത സ്നേഹവും ഹൃദയാന്തരാളത്തിലെ ചില പ്രത്യേക അവസ്ഥകളും കാരണം പലവിധ വാചകങ്ങളും ഹല്ലാജിൽ നിന്ന് പുറത്തു വന്നിരുന്നുവെന്നും, ദൈവിക പ്രേമത്തിന്റെയും അനുരാഗതിന്റെയും മൂർദ്ധന്യാവസ്ഥയിൽ കവികളും കാമുകരും എത്തിച്ചേരുന്ന ഉന്മാദാവസ്ഥയിൽ രൂപ്പപ്പെട്ടവയാണിതെന്നാണ് സ്വൂഫിജ്ഞാനിയായ ഇമാം ഗസ്സാലിയുടെ അഭിപ്രായം

സൂഫി യോഗികളുടെ കവിതകളിലും വാക്കുകളിലും കാണുന്ന പ്രിയപ്പെട്ടവനും പ്രണയവും ലഹരിയുടെയുമൊക്കെ സത്ത ആ ആത്മീയ ധാരകളിലൂടെ സഞ്ചരിക്കുന്നവർക്കേ മനസ്സിലാകുകയുള്ളു അതല്ലാതെയുള്ള വായനകളാണ് തെറ്റിധാരണകൾ പടർത്തുന്നത് . അതേ പ്രകാരമാണ് ഹല്ലാജ് വിഷയത്തിലും സംഭവിച്ചത്  എന്നാണ് പണ്ഡിതമതം. ഹല്ലാജ്ന്റെ വിവാദമായ പദപ്രയോഗമാണല്ലോ അനൽ ഹഖ്. (ഞാനാണു പരമ യാഥാർത്ഥ്യം) ഹല്ലാജ്നെ പോലുള്ള സ്വൂഫികൾ ഇങ്ങനെ പ്രയോഗിക്കുമ്പോൾ മതവിരുദ്ധമല്ലാത്ത രൂപത്തിൽ വ്യാഖ്യാനിക്കപ്പെടണമെന്നാണ്  അവർ പറയുന്നത് . ഹല്ലാജിന്റെ ഇത്തരം കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ  ഞാനാണ് സത്യം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് എന്തെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല .

എനിക്കു നിന്നെ മാത്രമേ അറിയൂ.നിന്നെയെല്ലാതെ മറ്റാരെയും ഞാൻ വിശ്വസിക്കുന്നില്ല, നിന്റെ എല്ലാ പാരിതോഷികങ്ങൾക്കും  ഞാൻ നന്ദിയുളളവനാണ്.നിന്റെ അനുഗൃഹീതനായ അടിമയാണു ഞാൻ. നീ എന്നിൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു നന്ദിപറയാൻ ഒരു നാവേ തന്നുളളൂവെന്നതാണ്എന്റെ സങ്കടം, ആ പരിമിതിയിൽ നിന്ന്‌കൊണ്ട് ഞാൻ നിന്നോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു

അനൽഹഖ് എന്നതു കൊണ്ട് താൻ എന്താണു ഉദ്ദേശിച്ചത് എന്ന് കവിതയിലൂടെ ഹല്ലാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നീ തന്നെയാണ് ഞാൻ എന്നത് പ്രണയത്തിന്റെ സുതാര്യവും ലളിതവുമായ ഭാഷയാണെന്ന് ഹല്ലാജ് പറയുന്നു. തന്റേതായി യാതൊന്നുമില്ല, എല്ലാം ദൈവത്തിന്റേതാണ്. തന്റെ ജീവൻ ദൈവം തന്നതാകയാൽ താൻ മറ്റൊന്നാവാൻ തരമില്ല. ‘ഞാൻ സത്യമാവുന്നു’ എന്നു പറയുമ്പോൾ താൻ ഒന്നുമല്ലാതാവുകയും ദൈവം എല്ലാം ആവുകയുമാണ്.അറബി വ്യാകരണപ്രകാരം ‘അന’ എന്ന പദം ഏറ്റവും ഉയർന്ന ക്ലിപ്തനാമമാണ്. (മഅരിഫ) ഇതടിസ്ഥാനത്തിൽ ‘അനൽഹഖ്’ എന്നാൽ ‘ഏറ്റവും വലിയ മഅരിഫ  ദൈവം ’ എന്നാണ് വിവക്ഷ എന്നും ചില ഇസ്ലാമിക പണ്ഡിതർ പറയുന്നു.

ഹല്ലാജിൻറെ വിഷയത്തിൽ മറ്റൊരു സൂഫി വിശകലനം അദ്ദേഹം കശ്ഫ് പൊതു ജന മധ്യത്തിൽ വിളിച്ചു പറഞ്ഞു എന്നതാണ്. ധ്യാനാത്മക അവസ്ഥയിൽ പ്രബഞ്ച ശക്തിയിൽ നിന്നുണ്ടാവുന്ന അരുൾ പാടുകൾ അനുഭവപ്പെടാൻ യോഗികൾക്കാവും. ഉദാഹരണത്തിന് ഞാനാണ് ദൈവം എന്നെ സാഷ്ഠാഗം ചെയ്യുവിൻ എന്ന അരുൾപ്പാട് അനുഭവപ്പെട്ട സൂഫി ആ വചനം അതേപടി ഉദ്ധരിക്കുന്നത് സൂഫികൾക്കിടയിലാണെങ്കിൽ ദൈവിക അരുൾ പാടാണെന്നു മനസ്സിലാക്കുന്ന കേൾവിക്കാരായ യോഗികൾ ഉടനെ സാഷ്ടാംഗം ചെയ്തു ദൈവ പ്രകീർത്തനം നടത്തും. എന്നാൽ ഇതേ വചനം പൊതു ജന മധ്യത്തിൽ വെച്ചാണെങ്കിൽ അവിടെ കശ്ഫ് വെളിപ്പെടുത്തുന്നവൻ സ്വയം ദൈവികത വാദിക്കുന്നതായി വിലയിരുത്തപ്പെടും.

ഹല്ലാജ് വിഷയത്തിൽ സംഭവിച്ചതും അതാണ് എന്ന് ഗസ്സാലി വിശദീകരിക്കുന്നു. [9]

‘അനൽ ഹഖ്’എന്നാൽ സത്യത്തിൽ അത് ‘അനബിൽഹഖ്’ എന്നാണെന്നും അപ്പോൾ അത് കൊണ്ട് അർത്ഥമാക്കപ്പെടുന്നത് ഞാൻ പൂർണമായും ദൈവമെന്ന  സത്യത്തിൽ സമർപ്പിക്കപ്പെടുകയാണെന്നുമുള്ള വ്യാഖ്യാനവും ചില പണ്ഡിതർ പറയുന്നുണ്ട്. ഇങ്ങനെ പലവിധേനയും പണ്ഡിതർ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. പിൽ കാലത്തെ സൂഫി പ്രമുഖരിൽ പ്രധാന സ്ഥാനം കൈയാളിയ ഖാദിരിയ്യ താരീഖ സ്ഥാപകൻ  മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദർ അൽ ജിലാനി താനെന്നു ഉണ്ടായിരുന്നുവെങ്കിൽ ഹല്ലാജിനെ കൊല്ലുന്നവരുടെ കൈക്ക് പിടിച്ചേനെ എന്ന് പറഞ്ഞിട്ടുണ്ട് .മൗലവിയ്യ താരീഖയുടെ സ്ഥാപകൻ ജലാലുദ്ധീൻ റൂമിയും ഹല്ലാജിനെ പ്രകീർത്തിച്ചുരുന്നതായി കാണാം , ലോകം കണ്ട ഏറ്റവും വലിയ ഏക ദൈവ വിശ്വാസിയായിരുന്നു ഹല്ലാജ് എനാണ് പിൽക്കാല  പണ്ഡിതരുടെ അഭിപ്രായവും.

ശൈഖ് ജീലാനി , ഇമാം ഗസ്സാലി , ഇബ്നു ഹജർ തുടങ്ങിയവർ പണ്ഡിതർ ഹല്ലാജിൽ നിന്നുമുണ്ടായ ചില പ്രയോഗങ്ങൾ വ്യാഖ്യാനിക്കുന്നവരും ന്യായീകരിക്കുന്നവരുമാണ്.ദൈവത്തോടുള്ള ഇഷ്ടം-സ്നേഹത്തിൽ ജീവിക്കുന്നവരിൽ നിന്ന് രക്ഷിതാവിന്റെ വാക്കായി ഉദ്ധരിക്കപ്പെടുന്നതായിട്ട് ഇത്തരം വാക്കുകൾ വിശദീകരിക്കണമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഇതിനു 'ഹികായതുൽ അനില്ലാഹ്' എന്ന് പറയാം. ഈ വീക്ഷണമാണ് ഇമാം ശിഹാബുദ്ധീനുസ്സുഹ്രവർദി പ്രബലമാക്കുന്നത്. മറ്റൊരു അഭിപ്രായം 'നാഥന്റെ സാമീപ്യത്തിൽ ആഗ്രഹിച്ച് അവന്റെ സ്നേഹത്തിൽ ജീവിതം സമർപ്പിച്ചു ജീവിക്കുന്നവൻ ആനന്ദമൂര്ത്തിയിൽ പറയപ്പെടുന്നതാണ് എന്നാണു. ഇതിനു 'ശത്വഹാത്' എന്ന് പറയപ്പെടുന്നു.[10]

ഹല്ലാജിനെ കൊന്നത് വേണ്ടാതീനമായി പോയി എന്ന് സൂഫി വര്യന്മാരും പിൽക്കാല പണ്ഡിതരും മറ്റും  ഒരു പോലെ പറയുമ്പോഴും വധ ശിക്ഷ നടപ്പാക്കിയവർ തെറ്റുകാരാണെന്ന് അവരാരും പറയുന്നില്ല എന്നതും ശ്രദ്ധേയയാണ് . നിയമ വ്യവസ്ഥ അനുസരിച്ചു വിധി പ്രഖ്യാപിക്കേണ്ടത് ഭരണ കൂടങ്ങളുടെ ചുമതലയാണെന്നും അതിൽ ആക്ഷേപമായി ഒന്നുമില്ലെന്നും ഒരേ സ്വരത്തിൽ പറയപ്പെടുന്നു . ഇതേ അഭിപ്രായം തന്നെയായിരുന്നു ഹല്ലാജിനും കൈ  കാലുകൾ  ഛേദിക്കപ്പെട്ടപ്പോൾ ഛേദിക്കപ്പെട്ട കൈ കൊണ്ട് മുഖം തുടച്ചു ചോര പുരണ്ട മുഖത്തോടെ ഹല്ലാജ് അവരോടു പാടിയ കവിതയും  അപ്രകാരമായിരുന്നു

ഒരുപാട്  രക്തം വാർന്നുപോയി. എന്റെ മുഖം മഞ്ഞളിച്ചുപോയി, അത് വിളറിക്കാണാൻ ഞാനാഗ്രഹിക്കുന്നില്ല, ഭീരുവായിരിക്കാൻ ഞാനാശിക്കുന്നില്ല, നിങ്ങൾ എന്നെ വധിക്കുക  നിങ്ങള്ക്ക് പ്രതിഫലം ലഭിക്കും, എനിക്ക് രക്ത സാക്ഷിയുടെ പദവിയും .. ദൈവമേ ..  എനിക്കു നിന്നിലേക്കുളള അകലം കുറച്ചുകൊണ്ടിരിക്കുകയാണിവർ. ഇവരുടെ സന്തോഷവും ആഹ്ളാദവും  ഇവരിൽനിന്ന് നീ ഇല്ലാതാക്കരുതേ

  

ഗ്രന്ഥങ്ങൾ[തിരുത്തുക]

നിരവധി ഗ്രന്ഥങ്ങളുടെ ഉടമയാണ് ‘ബുദ്ധിയുള്ള ഭ്രാന്തനായ’ ഹല്ലാജ് ബ്‌നു മൻസൂർ. ബുസ്താനുൽ മഅരിഫ, തഫ്‌സീറു സൂറത്തിൽ ഇഖ്‌ലാസ്, അൽ അബ്ദ്, അത്തൗഹീദ്, അൽ ജീമുൽ അസ്ഗർ, അൽ ജീമുൽ അക്ബർ, ഖസാഇനുൽ ഖൈറാത്ത് (ഇതിന് അൽ അലിഫുൽ മഅ്‌ലൂഫ് എന്നും പേരുണ്ട്) അൽ അദ്‌ലു വത്തൗഹീദ്, ഇൽമുൽ ബഖാഇ വൽ ഫനാഅ്, അൽ ഗരീബ് വൽ ഫസീഹ്, ഖിറാനുൽ ഖുർആനി വൽ ഫുർഖാൻ, അൽ കിബ്‌രീത്തുൽ അഹ്മർ, അൽ കയ്ഫിയത്തു വൽ ഹഖീഖ, കയ്ഫ കാന കയ്ഫാ യകൂനു, ലാ കയ്ഫ്, നൂറുന്നൂർ, അൽ വുജൂദുൽ അവ്വൽ, അൽ വുജുദുസ്സാനി, അൽ യഖീൻ എന്നിവയാണു പ്രധാന കൃതികൾ. അവലംബം[തിരുത്തുക]

 1. The Walters Art Museum. The Hanging of Mansur al-Hallaj, from a manuscript of Diwan of Amir Khusrow, a.k.a. Hasan Dihlavi
 2. Jawid Mojaddedi, "ḤALLĀJ, ABU’L-MOḠIṮ ḤOSAYN b. Manṣur b. Maḥammā Bayżāwi" in Encyclopedia Iranica
 3. (അൽ ബിദായ : 11:117)
 4. (താരീഖ്ബ്നുൽ അസീർ: 8-126)
 5. ദീവാനുൽ ഹല്ലാജ് :93
 6. അൽബിദായ : 11-178
 7. (താരീഖുൽ കാമിൽ : 12-54)
 8. (അൽ ബിദായ : 11-191) .
 9. ഗസ്സാലി ഇമാം -ഇഹ്യാ ഉലൂമിദ്ദീന് ഭാഗം 1 പേജ് 42
 10. (ഫതാവൽ ഹദീസിയ്യ : പേ:314)
"https://ml.wikipedia.org/w/index.php?title=മൻസൂർ_അൽഹല്ലാജ്&oldid=3091488" എന്ന താളിൽനിന്ന് ശേഖരിച്ചത്