മെയ്ൻ കൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maine Coon cat by Tomitheos.JPG

മെയ്ൻ കൂൺ ഇണക്കിവളർത്തുന്ന പൂച്ചവർഗ്ഗങ്ങളിലെ ഏറ്റവും വലിയ ഇനമാണ്. സവിശേഷമായ ശാരീരിക പ്രത്യേകതകളാലും മഹത്തായ വേട്ടയാടൽ കഴിവുകളാലും അനുഗൃഹീതമായ പൂച്ചവർഗ്ഗമാണിത്. വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സ്വാഭാവിക ഇനങ്ങളിൽ ഒന്നാണ് ഇത്. മെയ്ൻ സംസ്ഥാനത്ത് ഇത്തരം പൂച്ച ഔദ്യോഗികമായി സംസ്ഥാന പൂച്ചയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[1] മെയ്ൻ കൂൺ വർഗ്ഗത്തിൻറെ കൃത്യമായ ഉത്ഭവവും അമേരിക്കൻ ഐക്യനാടുകളിൽ ഇവ ആദ്യമായി അവതരിപ്പിക്കപ്പെട്ട കാലത്തേക്കുറിച്ചും എഴുതപ്പെട്ട രേഖകളൊന്നുമില്ല. ഇതേക്കുറിച്ച് നിരവധി വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്യാറ്റ് ഷോകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്ന ഒരു പ്രധാന ഇനമായിരുന്നു ഈ ജനുസിൽപ്പെട്ട പൂച്ചകൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നു വൻതോതിൽ ഇറക്കുമതി ചെയ്യപ്പെട്ട നീളംകൂടി രോമമുള്ള ഇനങ്ങൾ അവതരിപ്പിക്കപ്പെട്ടതോടെ ഇവയുടെ നിലിൽപ്പ് കടുത്ത ഭീഷണിയിലായി. ശേഷമുള്ള കാലത്ത് മെയിൻ കൂണുകളുടെ ജീനപ്രീതി വീണ്ടെടുക്കപ്പടുകയും ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയ ജനുസായി അറിയപ്പെടുകയും ചെയ്യുന്നു.

മെയ്ൻ കൂൺ വലിപ്പമേറിയതും ഇണക്കമുള്ളതുമായ മാർജ്ജാരവംശമാണ്, അതിനാൽ തന്നെ അതിന്റെ ഇരട്ടപ്പേര് "സൌമ്യനായ ഭീമൻ" എന്നാണ്. അതിന്റെ പ്രധാന സവിശേഷതകൾ, നെഞ്ചിനോടൊപ്പം ഉയർന്നു നിൽക്കുന്ന നീളംകൂടിയമൃദുരോമം, ബലിഷ്ഠമായ അസ്ഥിഘടന, ത്രികോണാകൃതിയിലുള്ള ശരീര ആകാരം, നിമ്‌നോന്നതമായ രണ്ട് അടുക്കുകളായ മേലാവരണത്തിൽ നീണ്ട സംരക്ഷിത രോമങ്ങൾ, പട്ടുപോലെ മിനുസമുള്ള കീഴ്ഭാഗാവരണം, നീണ്ടതും ഇടതൂർന്ന രോമങ്ങളുള്ളതുമായ വാൽ എന്നിവയാണ്. നിറങ്ങൾ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഈ ഇനം പൂച്ചയുടെ നീലലോഹിതവർണ്ണം, ചോക്കലേറ്റ് വർണ്ണം എന്നിവ അവയുടെ പാരമ്പര്യത്തിനു നിരക്കുന്ന നിറങ്ങളല്ല. ഈ ഇനം പൂച്ചകളുടെ മതിപ്പുളവാക്കുന്ന ബുദ്ധിശക്തിയും കളിക്കാനുള്ള ഔത്സുക്യവും സൌമ്യമായ പ്രകൃതവും കാരണമായി മെയ്ൻ കൂൺ പലപ്പോഴും "നായയെ പോലുള്ള" പ്രത്യേകതകൾ ഉള്ള ഇനമായി കണക്കാക്കപ്പെടുന്നു.[2][3] ഫെലൈൻ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി, ഹിപ്പ് ഡിസ്പ്ലാസിയ എന്നിവയുൾപ്പടെ ചില ആരോഗ്യ പ്രശ്നങ്ങൾ പരിചയസമ്പന്നരായ വളർത്തുകാരുടെ ശ്രദ്ധയിൽപ്പെടാറുണ്ടെങ്കിലും ഈ പ്രശ്നങ്ങളുടെ ആവൃത്തി കുറക്കുന്നതിനായി പരിപാലകർ ആധുനിക സ്ക്രീനിംഗ് രീതികൾ ഉപയോഗിക്കാറുണ്ട്.

ഉത്ഭവം[തിരുത്തുക]

മെയ്ൻ കൂൺ ജനുസിന്റെ പൈതൃകമായ ആവിർഭാഗം തികച്ചും അജ്ഞാതമാണ് - അനുമാനങ്ങളും നാടോടിക്കഥകളും മാത്രമാണ് ഇവയുടെ ആവിർഭാവത്തിന് ഉപോദ്ബലകമായി പ്രചരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു നാടൻകഥ, 1793-ൽ വധിക്കപ്പെട്ട ഫ്രാൻസിന്റെ രാജ്ഞി മേരി അന്റോണെറ്റിനെ ചുറ്റിപ്പറ്റിയുള്ളതാണ്. വധിക്കപ്പെടുന്നതിനുമുമ്പ് ഫ്രാൻസിലെ രാജ്ഞിയായിരുന്ന മേരി അന്റോണെറ്റ് ക്യാപ്റ്റൻ സാമുവർ ക്ലൌഗിൻറെ സഹായത്താൽ രക്ഷപെടാൻ ശ്രമിച്ചിരുന്നു. ക്ലൂവിന്റെ കപ്പലിൽ അവരുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുവകകളോടൊപ്പം, അവർക്കു ഏറെ പ്രിയപ്പെട്ട 6 ടർക്കിഷ് ആംഗോറ പൂച്ചകളെയും കയറ്റിയിരുന്നു. അമേരിക്കൻ ഐക്യനാടുകളിലേക്കെത്തുവാൻ സാധിച്ചില്ലെങ്കിലും അവരുടെ  പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾ സുരക്ഷിതമായി മെയിനിലെ വിസാസ്സെറ്റ് തീരത്ത് എത്തിച്ചേർന്നു. അവിടെ അവ മറ്റ് ഹ്രസ്വ-രോമങ്ങളുളള ഇനങ്ങളുമായി ഇടപഴകുകയും മെയ്ൻ കോണിന്റെ ആധുനിക ഇനമായി വികസിപ്പിക്കുകയും ചെയ്തു.

ഇവയുടെ ഉത്ഭവത്തെക്കുറിച്ചു പ്രചരിച്ചിട്ടുള്ള മറ്റൊരു നാടൻകഥയിൽ ക്യാപ്റ്റൻ ചാൾസ് കൂൺ എന്ന ഇംഗ്ലീഷ് സമുദ്ര സഞ്ചാരി ഉൾപ്പെടുന്നു. അദ്ദേഹം വിദേശയാത്രാവേളയിൽ തന്റെ കപ്പലുകളിൽ നീളം കൂടിയ രോമമുള്ള പൂച്ചകളെ സൂക്ഷിക്കാറുണ്ടായിരുന്നു. കൂണിന്റെ യാനങ്ങൾ ന്യൂ ഇംഗ്ലണ്ടിലെ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന സമയത്ത് ഈ  മാർജ്ജാരന്മാർ കപ്പലിനു പുറത്തുകടക്കുകയും ആ പ്രദേശത്തെ നാടൻ കാട്ടുപൂച്ചകളുമായി സഹവാസം നടത്തുകയും ചെയ്തിരുന്നു. പ്രാദേശിക പൂച്ചകളോടൊപ്പം കാണപ്പെട്ട നീണ്ട രോമമുള്ള പൂച്ചക്കുഞ്ഞുങ്ങളെ അക്കാലത്ത് "കൂൺസ് ക്യാറ്റ്സ്" എന്നു വിളിക്കപ്പെട്ടിരുന്നു.

ജനിതകപരമായി അസാധ്യമാണെങ്കിലും, സ്വഭാവസവിശേഷതയനുസരിച്ച് ആധുനിക മെയ്ൻ കൂൺ വർഗ്ഗം, ഇണക്കി വളർത്തിയ കാട്ടുപൂച്ചയുടേയും റക്കൂണുകളുടേയും സങ്കരജാതിയായ പൂർവ്വികരുടെ പിന്മുറക്കാരായിരിക്കുമെന്ന ആശയവും പങ്കുവയ്ക്കപ്പെടുന്നു. ഇങ്ങനെ അനുമാനിക്കപ്പെടുന്നതിനു കാരണം ഇവയുടെ പൊതുനിറമായ  വരയോടുകൂടിയ തവിട്ടു നിറവും ഇടതൂർന്ന രോമത്തോടുകൂടിയ വാലുമാണ്. ഇവ വളർത്തുപൂച്ചയുടേയും  ബോബ്ക്യാറ്റുകളുടേയും (അമേരിക്കയിൽ ഉള്ള ഒരിനം കാട്ടുപൂച്ച) സങ്കരജാതിയാണെന്നുള്ള മറ്റൊരു ആശയുവും നിലനിൽക്കുന്നു. ഇവയുടെ ചെവിയ്ക്കു മുകളിൽ പൊതുവായി കുടുമപോലെ ഉയർന്നുനിൽക്കുന്ന രോമങ്ങളാണ് ഇത്തരത്തിൽ ചിന്തിക്കപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം.

എന്നിരുന്നാലും വളർത്തൽകാരുടെയിടയിൽ പൊതുവായി അംഗീകരിക്കപ്പെട്ട പരികൽപ്പന, മെയ്ൻ കൂൺ വർഗ്ഗം ഹ്രസ്വരോമമുള്ള തദ്ദേശീയ പൂച്ചകളുടേയും സമുദ്രസഞ്ചാരികൾ വിദേശത്തുനിന്നെത്തിച്ച രോമത്തിനു നീളം കൂടിയ ഇനങ്ങളുടേയും സങ്കരജാതിയുടെ പുന്മുറക്കാരാണെന്നാണ്. ഇത് ക്യാപ്റ്റൻ ചാൾസ് കൂൺ വഴിയോ അല്ലെങ്കിൽ 11 ആം നൂറ്റാണ്ടിലെ നോർവീജിയൻ സമുദ്ര സഞ്ചാരികൾ വഴിയോ ആയിരിക്കാം സംഭവിച്ചത്. മെയ്ൻ കൂണുകളും നോർവീജിയൻ കാട്ടുപൂച്ചകളും തമ്മിൽ കാണാൻ സാധിക്കുന്ന ശക്തമായ സാമ്യമാണ് ഇവയുടടെ ഉത്ഭവവുമായി നോർവീജിയൻ സഞ്ചാരികളെ ബന്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം. നോർവീജിയൻ കാട്ടുപൂച്ചകളെ സഞ്ചാരികൾ വിദേശയാത്രകളിൽ‌ ഒപ്പംകൂട്ടാറുമുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "Breed Information". Maine Coon Breeders & Fanciers Association. ശേഖരിച്ചത് 26 October 2008.
  2. Robins, Sandy. "Training Day". Popular Cats Series. BowTie Magazines. 2: 118–125.
  3. "Maine Coon Synopsis". American Cat Fanciers Association. മൂലതാളിൽ നിന്നും 2019-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 October 2008.
"https://ml.wikipedia.org/w/index.php?title=മെയ്ൻ_കൂൺ&oldid=3820403" എന്ന താളിൽനിന്ന് ശേഖരിച്ചത്