Jump to content

മുദ്രാരാക്ഷസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. മന്ത്രിയുടെ ഒപ്പ് എന്നാണ് മുദ്രാരാക്ഷസം എന്ന പേര് സൂചിപ്പിക്കുന്നത്. 322 ബിസിക്കും 298 ബിസിക്കും ഇടയിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം. പ്രമേയത്തിന്റേയും പാത്രസൃഷ്ടിയുടേയും പ്രത്യേകതകൾ മൂലം സംസ്കൃതസാഹിത്യത്തിലെ ഒരു വിശേഷകൃതിയായി മുദ്രാരാക്ഷസം പരിഗണിക്കപ്പെടുന്നു.

നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് മുദ്രാരാക്ഷസം എഴുതിയത് എന്ന് കരുതപ്പെടുന്നു.

മുദ്രാലാഭം (മോതിരം കണ്ടുകിട്ടിയതു്), രാക്ഷസവിചാരം(രാക്ഷസന്റെ ചിന്തകൾ) , കൃതകകലഹം (ഇല്ലാത്ത വഴക്കു്) , രാക്ഷസോദ്യോഗം ( രാക്ഷസന്റെ പ്രവൃത്തികൾ), കൂടലേഖം (വ്യാജക്കത്തു്), കപടപാശം (വ്യാജവിലങ്ങ്), നിർവ്വഹണം (കാര്യസാദ്ധ്യം) എന്നിങ്ങനെ ഏഴു് അങ്കങ്ങളായിട്ടാണു് മുദ്രാരാക്ഷസം എഴുതപ്പെട്ടിരിക്കുന്നതു്. മറ്റു സമകാലീനനാടകങ്ങളെപ്പോലെത്തന്നെ നാടകാരംഭത്തിൽ ഒരു സൂത്രധാരൻ പ്രവേശിച്ച് അത്യന്തം നർമ്മഭാവത്തിൽ സദസ്യരെ അഭിസംബോധന ചെയ്യുന്നുണ്ടു്. തന്റെ ജടയിലിരിക്കുന്ന സ്ത്രീ (ഗംഗ) ആരാണെന്നു തിരക്കുന്ന പാർവ്വതിയോട് മറ്റു ന്യായങ്ങൾ പറഞ്ഞു് ശരിയായ മറുപടി ഒഴിവാക്കുന്ന ശിവനെ സ്തുതിച്ചുകൊണ്ടാണു് ഈ സംഭാഷണം തുടങ്ങുന്നതു്. ഇതിനുശേഷം നാടകത്തിന്റെ രചയിതാവ്, സാമന്തനായ വടേശ്വരദത്തന്റെ പൗത്രനും മഹാരാജാവായ ഭാസ്കരദത്തന്റെ പുത്രനുമായ വിശാഖദത്തനാണെന്നും സൂത്രധാരൻ പ്രസ്താവിക്കുന്നു. ഇടയ്ക്കിടെ, ശ്ലോകങ്ങൾ കലർത്തിയ താരതമ്യേന ലളിതമായ സംസ്കൃതഗദ്യത്തിലാണു് നാടകത്തിന്റെ ഉള്ളടക്കം.

മൗര്യസാമ്രാജ്യത്തിന്റെ രാജധാനിയായ പാടലീപുത്രം (അങ്കം 1, 3, 6,7) പർവ്വതകദേശത്തിന്റെ തലസ്ഥാനം (അങ്കം 2,4), മലയകേതുവിന്റെ യുദ്ധത്താവളം (അങ്കം 5) എന്നിവയാണു് ഈ നാടകത്തിലെ രംഗങ്ങൾ.

കഥാപാത്രങ്ങൾ

[തിരുത്തുക]
 1. ചന്ദ്രഗുപ്തമൗര്യൻ- മഗധയുടെ രാജാവായ ഇദ്ദേഹത്തിനു് ചന്ദ്രമസ്, ചന്ദ്രൻ, മൗര്യൻ, വൃഷലൻ എന്നിങ്ങനേയും പേരുകളുണ്ടു്.
 2. ചാണക്യൻ - ചന്ദ്രഗുപ്തന്റെ താൽക്കാലികമന്ത്രിയും കഥാഗതി നിയന്ത്രിക്കുന്നതിൽ മുഖ്യനുമായ ചാണക്യനു് കൗടില്യൻ, കൗടല്യൻ, വിഷ്ണുഗുപ്തൻ എന്നിങ്ങനേയും പേരുകളുണ്ടു്.
 3. ജീവസിദ്ധി - ചാണക്യന്റെ സുഹൃത്തും ചാരനുമായ ഇന്ദുശമനന്റെ വേഷപ്രച്ഛന്നനാമം. രാക്ഷസനുമായി ഇദ്ദേഹം തന്ത്രത്തിൽ ചങ്ങാത്തം കൂടുന്നുണ്ടു്.
 4. ഭാഗുരായണൻ - ചാണക്യന്റെ ചാരൻ. മലയകേതുവിന്റെ പിതാവായിരുന്ന നന്ദന്റെ സുഹൃത്തെന്ന നാട്യത്തിൽ രാക്ഷസനോടൊപ്പം ചേരുന്നു.
 5. സിദ്ധാർത്ഥകൻ - ചാണക്യന്റെ ചാരൻ, ശകടദാസൻ അഥവാ വജ്രലോമൻ എന്നു പേരുള്ള ആരാച്ചാരുടെ വ്യാജസുഹൃത്തു്.
 6. സമൃദ്ധാർത്ഥകൻ - സിദ്ധാർത്ഥകന്റെ സുഹൃത്തു്; ബില്വവക്ത്രൻ എന്ന ആരാച്ചാരായി പൊയ്‌വേഷം ചെയ്യുന്നു.
 7. നിപുണകൻ - ചാണക്യന്റെ മറ്റൊരു ചാരൻ.
 8. ശാർങ്ഗരവൻ - ചാണക്യന്റെ വിദ്യാർത്ഥി.
 9. വൈഹീനരി - ചന്ദ്രഗുപ്തന്റെ കൊട്ടാരത്തിലെ ആളി.
 10. ശോണോത്തര - ചന്ദ്രഗുപ്തന്റെ അന്തഃപുരത്തിന്റെ കവാടം സൂക്ഷിപ്പുകാരി.
 11. മലയകേതു - പർവ്വതദേശത്തിന്റെ രാജാവ്, പിതാവായിരുന്ന നന്ദരാജാവിന്റെ ഹത്യയ്ക്കു പ്രതികാരം ചെയ്യാനായി പാടലീപുത്രത്തിലേക്കു സൈന്യത്തെ നയിക്കുന്നു.
 12. രാക്ഷസൻ - നന്ദന്റെ അതിപ്രഗല്ഭനായ പ്രധാനമന്ത്രിയായിരുന്നു രാക്ഷസൻ. പിന്നീട് മലയകേതുവിന്റെ മന്ത്രി. മലയകേതുവിന്റെ പടനീക്കത്തിൽ പങ്കെടുത്ത സർവ്വാർത്ഥസിദ്ധി എന്ന സഖ്യരാജാവിന്റെ കാര്യദർശി. നാടകത്തിന്റെ ഒടുവിൽ അദ്ദേഹം ചന്ദ്രഗുപ്തന്റെ പ്രധാനമന്ത്രിയായി ഭാരമേറ്റെടുക്കുന്നു.
 13. ചന്ദനദാസൻ - രത്നവ്യാപാരിസംഘത്തിന്റെ നേതാവു്. രാക്ഷസന്റെ പ്രിയസുഹൃത്തു്. കൊലയ്ക്കു വിധിക്കപ്പെട്ട ചന്ദനദാസനെ രക്ഷിക്കാനാണു് ആത്മമിത്രമായ രാക്ഷസൻ ചാണക്യനെ സമീപിക്കുന്നതു്.
 14. ശകടദാസൻ - രാക്ഷാന്റെ സുഹൃത്തും കാര്യദർശിയും.
 15. ജീർണ്ണവിഷൻ - രാക്ഷസന്റെ സുഹൃത്തായ വിരാധഗുപ്തന്റെ, പാമ്പാട്ടിയുടെ രൂപത്തിൽ ചാരപ്രവർത്തനം നടത്തുന്ന, വേഷപ്രച്ഛന്നരൂപം.
 16. കരഭഗൻ - രക്ഷസന്റെ ദൂതൻ
 17. പ്രിയംവദകൻ - രാക്ഷസന്റെ ഭൃത്യൻ
 18. ജാളലി - മലയകേതുവിന്റെ കൊട്ടാര ആളി.
 19. വിജയ - മലയകേതുവിന്റെ അന്തഃപുരവാതിൽ സൂക്ഷിപ്പുകാരി.
 20. ഭാസുരകൻ - ഭാഗുരായണന്റെ ഭൃത്യൻ

ഇവർക്കു പുറമേ, ചന്ദനദാസന്റെ പത്നി, പുത്രൻ, വിലങ്ങുകാരൻ, ഭടന്മാർ, ഭൃത്യന്മാർ എന്നിവരും നാടകത്തിലെ അപ്രധാനകഥാപാത്രങ്ങളാണു്.

കഥാപ്രമേയം

[തിരുത്തുക]

ഇതരസംസ്കൃതനാാടകങ്ങളിൽനിന്നും വ്യത്യസ്തമായി രാജ്യതന്ത്രജ്ഞതയാണ്

മുദ്രാരാക്ഷസത്തിലെ പ്രധാന പ്രമേയം. അമിതമായ കാല്പനികാംശങ്ങളില്ലാതെ ശരാശരി പ്രേക്ഷകനും ആസ്വദിക്കാവുന്നത്ര ലളിതമാണു് ആഖ്യാനശൈലി. എങ്കിലും, മനഃശാസ്ത്രപരമായും നൈതികമായും ഉയർന്ന നിലവാരം പുലർത്തുന്ന കഥാതന്തുവാണു് രചയിതാവ് തെരഞ്ഞെടുത്തിരിക്കുന്നതു്.

ചാണക്യന്റെ കൗശലപൂർണ്ണമായ തന്ത്രങ്ങളുടെ സഹായത്തോടെ നന്ദരാജാവിനെ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ സാമ്രാജ്യം ചന്ദ്രഗുപ്തൻ കൈയ്യടക്കുന്നതോടെയാണ്

മുദ്രാരാക്ഷസത്തിന്റെ കഥ ആരംഭിക്കുന്നത്. ചാണക്യനെ സംബന്ധിച്ചിടത്തോളം പുതിയ സാമ്രാജ്യത്തിൽ അദ്ദേഹത്തിനു ലഭിക്കാവുന്ന ഉന്നതസ്ഥാനമാനങ്ങളും പ്രകടമായ അധികാരവും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. നന്ദരാജാവിനോടുള്ള പക വീട്ടലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. എന്നാൽ, അതോടൊപ്പം തന്നെ, നിലനിന്നിരുന്ന സാമ്രാജ്യത്തിൽ അഥവാ അവശേഷിച്ചിരുന്ന മികച്ച അധികാരസ്ഥാപനങ്ങളേയും പ്രമുഖവ്യക്തികളേയും പുതിയ ഭരണകൂടത്തിന്റെ ഭാഗമാക്കി, രാഷ്ട്രക്ഷേമം ഇനിയും അഭിവൃദ്ധിപ്പെടുത്താനും ചാണക്യൻ ആഗ്രഹിച്ചു. നന്ദന്റെ പ്രധാനമന്ത്രിയായിരുന്ന രാക്ഷസൻ എന്ന ഭരണനിപുണനെ ഏതുവിധേനയും ചന്ദ്രഗുപ്തന്റെ സഹായിയാക്കണമെന്നു് അദ്ദേഹം നിശ്ചയിച്ചു. എന്നാൽ, ഇപ്പോഴും നന്ദനോടും പുത്രൻ മലയകേതുവിനോടും കൂറും ചന്ദ്രഗുപ്തനോടു് പ്രതികാരഭാവവും മനസ്സിൽ വെച്ചിരിക്കുന്ന രാക്ഷസനെ സ്വാധീനിച്ച് അയാളുടെ മനസ്സു മാറ്റി മൗര്യന്മാരുടെ പാളയത്തിൽ ചേർക്കുക ക്ഷിപ്രസാദ്ധ്യമായിരുന്നില്ല.

ഈ വൈഷമ്യം മറികടക്കാൻ ചാണക്യൻ പുതിയൊരു തന്ത്രം ആവിഷ്കരിക്കുന്നതും ക്ഷമാപൂർവ്വം അതു നടപ്പിൽ വരുത്തുന്നതുമാണു് മുദ്രാരാക്ഷസത്തിലെ കഥ. രാക്ഷസന്റെ സുഹൃത്തായിരുന്ന ഒരു വണികശ്രേഷ്ഠന്റെ പക്കൽനിന്നും സന്ദർഭവശാൽ, പ്രധാനമന്ത്രിയുടെ അധികാരചിഹ്നവും മുദ്രയുമായിരുന്ന മോതിരം കണ്ടെടുക്കുന്നു. ഈ സാഹചര്യമാണു് ചാണക്യൻ തന്റെ പരിപാടി വിജയിപ്പിക്കുന്നതിനു് സമർത്ഥമായി ഉപയോഗിക്കുന്നതു്.

"https://ml.wikipedia.org/w/index.php?title=മുദ്രാരാക്ഷസം&oldid=3545023" എന്ന താളിൽനിന്ന് ശേഖരിച്ചത്