മാർക്ക് ട്വൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമുവൽ ലാങ്‌ഹോൺ ക്ലെമൻസ് (1835 നവംബർ 30- 1910 ഏപ്രിൽ 21) എന്നാണ് മാർക്ക് ട്വെയിൻ-ന്റെ യഥാർഥ നാമം. അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഫലിതകഥാകാരൻ എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) എന്നിവയാണ് മാർക്ക് ട്വെയിന്റെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധിയും ജനപ്രീതിയും ആർജിച്ചവ. മാർക്ക് ട്വെയ്ൻ ചെറുപ്പത്തിൽ വളർന്നത് മിസ്സൗറിയിലെ ഹാന്നിബാൾ പ്രദേശത്താണ്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ റ്റോം സ്വോയർ, ഹക്കിൾബെറി ഫിൻ തുടങ്ങിയ രചനകളിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

12ാമത്തെ വയസ്സിൽ ഒരു അച്ചടിശാലയിൽ അപ്രന്റീസായ മാർക്ക് ട്വെയിൻ 1950-52 കാലഘട്ടത്തിൽ ഹാനിബാളിലെ ചില പത്രങ്ങളിൽ ജോലി നോക്കി. 1857ൽ മിസിസിപ്പിയിൽ നാവികപരിശീലനം നേടിയശേഷം 1859ൽ നാവികനായി ലൈസൻസ് സമ്പാദിച്ചു. 1861ൽ ഒരു സ്വർണഖനിയിൽ ജോലിക്കാരനായി പ്രവേശിച്ചു. 1867ൽ ഫ്രാൻസ്, ഇറ്റലി, പാലസ്തീൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ആ വർഷംതന്നെ സാഹിത്യരചന ആരംഭിച്ചു. 1868 മുതൽ മൂന്നു വർഷക്കാലം ബഫലോ എക്‌സ്പ്രസ് എന്ന പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1870ൽ ഒളിവിയ ലാങ്ഡനെ വിവാഹം കഴിച്ചു. ഒരു മകനും മൂന്നു പെൺമക്കളുമുള്ള ഇദ്ദേഹം 1894ൽ കടക്കെണിയിൽ അകപ്പെട്ടു.

ദി ഇന്നസെന്റ്‌സ് അറ്റ് ഹോം (1872), ദി അഡ്വെഞ്ചേഴ്‌സ് ഒഫ് റ്റോം സായർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഒഫ് ഹക്കിൾബെറി ഫിൻ (1885), എ കണക്റ്റിക്കട്ട് യാങ്കി ഇൻ കിങ് ആർതേഴ്‌സ് കോർട്ട് (1889), മെറി റ്റെയ് ൽസ് (1892), റ്റോം സായർ എബ്രോഡ് (1894), ഈവ്‌സ് ഡയറി (1906), എ ബോയ്‌സ് അഡ്വെഞ്ചർ (1928) എന്നിവ മാർക്ക് ട്വെയ്‌നിന്റെ കൃതികളിൽ മികച്ചവയാണ്. മിസിസിപ്പി നദിക്കരയിൽ പഴംകഥ ചൊല്ലലിൽ ആനന്ദം കണ്ടെത്തിയിരുന്ന ആളുകൾ അധിവസിച്ചിരുന്ന ഹാനിബാൾ എന്ന ചെറുപട്ടണത്തിൽ വളർന്നുവന്ന മാർക്ക് ട്വെയിനെ സംബന്ധിച്ചിടത്തോളം കഥാഖ്യാനവും കഥാരചനയും നൈസർഗികവും അയത്‌നസിദ്ധവുമായിരുന്നു. കഥയെഴുതുന്നതിനെക്കാൾ ഇദ്ദേഹത്തിനു താത്പര്യം കഥ ചൊല്ലുന്നതിലായിരുന്നു. മാർക്ക് ട്വെയിന്റെ ഫലിതകഥകൾ മിക്കവയും പശ്ചിമ അമേരിക്കൻ വായനക്കാരെ ഉദ്ദേശിച്ചു രചിക്കപ്പെട്ടവയാണ്. ദി അഡ്വഞ്ചേഴ്‌സ് ഒഫ് റ്റോം സ്വോയർ, ദി അഡ്വെഞ്ചേഴ്‌സ് ഒഫ് ഹക്കിൾബെറി ഫിൻ എന്നീ പ്രശസ്ത കൃതികളിൽ കുട്ടികളുടെ സാഹസികലോകമാണ് അനാവരണം ചെയ്തിട്ടുള്ളത്.

നിരവധി യാത്രാവിവരണങ്ങളുടെ കർത്താവാണ് മാർക്ക് ട്വെയിൻ. ദി ഇന്നസെന്റ്‌സ് എബ്രോഡ് (1869), റഫിങ് ഇറ്റ് (1872), ലൈഫ് ഓൺ ദ് മിസിസിപ്പി (1883), ഫോളോയിങ് ദി ഇക്വേറ്റർ (1897) തുടങ്ങി നിരവധി കൃതികൾ ഇക്കൂട്ടത്തിലുണ്ട്. അൾട്ടാ കാലിഫോർണിയ എന്ന ആനുകാലികത്തിനെഴുതിയ കത്തുകളുടെ രൂപാന്തരമെന്നു പറയാവുന്ന ഇന്നസെന്റ്‌സ് എബ്രോഡിൽ 1867ലെ പാലസ്തീൻ സന്ദർശനവേളയിൽ തനിക്കുണ്ടായ രസകരങ്ങളായ അനുഭവങ്ങളാണ് മാർക്ക് ടൈ്വൻ വിവരിക്കുന്നത്.

മാർക്ക് ട്വെയിന്റെ ആത്മകഥ ദി ഓട്ടോബയോഗ്രഫി എന്ന പേരിൽ 1959ൽ ചാൾസ് നീഡർ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൗ റ്റു റ്റെൽ എ സ്റ്റോറി അൻഡ് അദർ എസെയ്‌സ് (1897), വാട്ട് ഇസ് മാൻ? ആൻഡ് അദർ എസെയ്‌സ് (1917) എന്നിവ ഉപന്യാസകാരൻ എന്ന നിലയിലും മാർക്ക് ട്വെയിന് പ്രശസ്തി നേടിക്കൊടുത്തു. 1910 ഏ. 21ന് അദ്ദേഹം അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=മാർക്ക്_ട്വൈൻ&oldid=2174309" എന്ന താളിൽനിന്ന് ശേഖരിച്ചത്