മാലിക് മുഹമ്മദ് ജയാസി
മാലിക് മുഹമ്മദ് ജയാസി (മരണം: 1542) അവാധി ഭാഷയിലെഴുതിയിരുന്ന ഒരു ഇന്ത്യൻ കവിയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയായിരുന്നു പത്മാവതി
ജീവചരിത്രം
[തിരുത്തുക]മാലിക് മുഹമ്മദ് ജയാസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭ്യമാകുന്നത് ഐതിഹ്യങ്ങളിൽ നിന്നാണ്. ജയാസിയുടെ ജനനം, ജനന സ്ഥലം എന്നിവ ഒരു തർക്കവിഷയമാണ്. നിസ്ബ സൂചിപ്പിക്കുന്നതനുസരിച്ച്, (അറബിക് പേരുകളിൽ ഒരു വ്യക്തിയുടെ ഉത്ഭവം, ആദിവാസി ബന്ധം, അല്ലെങ്കിൽ വംശപാരമ്പര്യം എന്നിവ സൂചിപ്പിക്കുന്നതിന് വ്യക്തിയുടെ പേരിന്റ അവസാനം ഉപയോഗിക്കുന്ന പദം) ഇന്നത്തെ ഉത്തർപ്രദേശിൽ, മദ്ധ്യകാല ഇന്ത്യയിലെ ഒരു പ്രധാന സൂഫി കേന്ദ്രമായിരുന്ന ജയാസിയുമായി ബന്ധമുള്ളയാളായിരുന്നു ഇദ്ദേഹം എന്നാണ്. എന്നിരുന്നാലും അദ്ദേഹം ജയാസിൽ ജനിച്ചയാളാണോ അതോ മതവിദ്യാഭ്യാസത്തിനായി കുടിയേറിയതാണോയെന്ന കാര്യത്തിലും തർക്കം നിലനിൽക്കുന്നു.[1]
ഇതിഹാസ കഥകൾ ജയാസിയുടെ ജീവിതത്തെ ഇങ്ങനെ വിവരിക്കുന്നു : അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെടുകയും കുറച്ചു വർഷങ്ങൾക്കു ശേഷം മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് 7 കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധയുണ്ടായിരുന്നു. മുഖം വസൂരി ബാധിച്ചു വികൃതമാകുകയും ചെയ്തിരുന്നു. പോസ്റ്റി-നാമാ എന്ന ഒരു കൃതിയിൽ വിവരിക്കുന്നതു പ്രകാരം ഒരു പിർ (സൂഫി നേതാവ്) ന്റെ ഓപിയം ആസക്തിയെ അദ്ദേഹം പരിഹസിക്കുന്നതുവരെ ഒരു ലളിതജീവിതമാണ് നയിച്ചിരുന്നത്. ഒരു ശിക്ഷാരീതി എന്ന നിലയിൽ, അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂര തകർന്നുവീഴുകയും, ഏഴ് മക്കളിൽ എല്ലാവരും മരണമടയുകയും ചെയ്തു. അനന്തരകാലം അദ്ദേഹം ജയാസിയിൽ ഒരു മതപരമായി ജീവിതം നയിച്ചുപോന്നു.[1] ജയാസിയുടെ സ്വന്തം രചനകളിൽ, അദ്ദേഹത്തെ പ്രചോദിപ്പിച്ചവരോ പഠിപ്പിച്ചവരോ ആയ സൂഫി പീറുകളുടെ രണ്ടു വംശാവലികൾ തിരിച്ചറിയപ്പെടുന്നു.
ആദ്യ വംശാവലി, ജൌൻപൂർ സുൽത്താനേറ്റിലെ ചിസ്റ്റി തലവൻ സൈയിദ് അഷ്റഫ് ജഹാംഗീർ സിമ്നാനിയെക്കുറിച്ചുള്ളതാണ് (മരണം: 1436-37). പാരമ്പര്യമനുസരിച്ച് ജയാസിയുടെ അദ്ധ്യാപകൻ ശൈഖ് മുബാറക് ഷാ ബൊഡെയിൽ, ഒരുപക്ഷേ സിമ്നാനിയുടെ അനുയായി ആയിരുന്നിരിക്കാം. രണ്ടാമത്തെ വംശീയപൈതൃകം, ജൌൻപൂരിലെ സായിദ് മുഹമ്മദ് (ജീവിത കാലം:1443-1505) നെക്കുറിച്ചുള്ളതാണ്. ഈ സ്കൂളിലെ ജയാസിയുടെ ഗുരു, കൽപി പട്ടണത്തിലെ ഷെയ്ഖ് ബുർഹാനുദ്ദീൻ അൻസാരി ആയിരുന്നു.[2]
ജയാസി 1529-30 (936 AH) ൽ ആഖിരി കലാം എന്ന കൃതി രചിച്ചത് ബാബറിന്റെ ഭരണകാലത്തായിരുന്നു. 1540-41ൽ (936 AH) അദ്ദേഹം പത്മാവതി രചിച്ചു.[1]
പത്മാവതിയിൽനിന്നുള്ള കവിതാ ശകലങ്ങൾ ഒരു ഭിഷു ഉരുവിടുന്നതു ശ്രവിച്ച അമേത്തിയിലെ രാജാ റാംസിങ് ജയാസിയെ തന്റെ രാജസദസിലേയ്ക്കു ക്ഷണിച്ചവെന്ന് ചില കഥകൾ പറയുന്നു. ജയാസെയുടെ അനുഗ്രഹം കാരണം രാജാവിനു രണ്ട് മക്കൾ ജനിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങൾ അമേത്തിക്കടുത്തുള്ള വനത്തിൽ അദ്ദേഹം ചെലവഴിച്ചു. അവിടെ അദ്ദേഹം പലപ്പോഴും ഒരു കടുവയിലേക്ക് രൂപമാറ്റം നടത്താറുണ്ടായിരുന്നുവെന്ന് ഐതിഹ്യം. ഒരു ദിവസം, അദ്ദേഹം ഒരു കടുവയുടെ രൂപം പ്രാപിച്ചു ചുറ്റിത്തിരിയുന്ന സമയത്ത്, രാജാവിന്റെ വേട്ടക്കാർ അദ്ദേഹത്തെ കൊന്നു. അദ്ദേഹത്തിന്റെ സ്മാരകത്തിൽ ഒരു വിളക്കു തെളിക്കാനും ഖുറാൻ പാരായണം ചെയ്യാനും അക്കാലത്ത് രാജാവ് കല്പിച്ചിരുന്നു.[1]
1542 ൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ ശവകുടീരം അമേഥിക്കടുത്ത് രാം നഗറിനു 3 കിലോമീറ്റർ വടക്കായുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്നു. “ജയ്സി സ്മാരക്” ഇന്നത്തെ ജയ്സി പട്ടണത്തിലാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Ramya Sreenivasan 2017, പുറം. 28.
- ↑ Ramya Sreenivasan 2017, പുറം. 29.