Jump to content

മറിയം ത്രേസ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറിയം ത്രേസ്യ
വിശുദ്ധ
ജനനംഏപ്രിൽ 26, 1876
തൃശ്ശൂർ ജില്ല, കേരളം, ഇന്ത്യ
മരണംജൂൺ 8, 1926
കുഴിക്കാട്ടുശ്ശേരി
വണങ്ങുന്നത്കത്തോലിക്ക സഭ
ഓർമ്മത്തിരുന്നാൾജൂൺ 8
മദ്ധ്യസ്ഥംകുടുംബങ്ങളുടെ മദ്ധ്യസ്ഥ
മറിയം ത്രേസ്യ
മൃതശരീരം അടക്കം ചെയ്തിരിക്കുന്ന പള്ളി

സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട അഞ്ചാമത്തെ വ്യക്തിയാണ് വിശുദ്ധ മറിയം ത്രേസ്യ അഥവാ മദർ മറിയം ത്രേസ്യ. 3000 ത്തോളം അംഗങ്ങളുള്ള ഹോളി ഫാമിലി സന്യാസിനി സഭയുടെ സ്ഥാപകയാണ് വി.മറിയം ത്രേസ്യാ.

ജീവിതരേഖ

[തിരുത്തുക]

മറിയം ത്രേസ്യയുടെ ജനന൦

[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ അതിരൂപത .തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന പള്ളി ഇടവകയിൽ ഉൾപ്പെട്ട പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തോമൻ-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26ന്‌ മറിയം ത്രേസ്യ ജനിച്ചു.

കുടുംബം

[തിരുത്തുക]
ജന്മഗൃഹം

പുത്തൻചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്ഞ ജന്മഗൃഹം അതേ നിലയിൽ തന്നെ സംരക്ഷിച്ചുപോരുന്നുണ്ട്. ജന്മഗ്രഹം ഒരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു. വലിയ ദാരിദ്രത്തിൽ കഴിഞ്ഞിരുന്ന ത്രേസ്യയുടെ കുടുംബത്തിന് മഠത്തിൽ ചേരുന്നതിന് നൽകേണ്ട പത്രമേനിയായ 150 രൂപപോലും നൽകാനായില്ലയെന്നും പറയുന്നു.

വിദ്യാഭ്യാസം മറിയം ത്രേസ്യ

[തിരുത്തുക]

പ്രാഥമിക വിദ്യഭ്യാസം മാത്രമാണ് മറിയം ത്രേസ്യയ്ക്ക് ലഭിച്ചത്. മറിയം ത്രേസ്യയുടെ 12-മത്തെ വയസ്സിൽ അവളുടെ അമ്മ താണ്ട മരിക്കുകയും അതിനുശേഷം പൂർണ്ണസമയം പ്രാർത്ഥനയിലൂടെയാണ് ജീവിതം മുന്നേറിയത്.

കൂദാശകൾ

[തിരുത്തുക]

പുത്തൻചിറ സെന്റ് മേരീസ് പള്ളിയിൽ വെച്ച് റവ. ഫാ. പൗലോസ് കൂനനിൽ നിന്ന് ജ്ഞാനസ്നാനം അഥവ മാമോദീസ 1876 മെയ് 3ന് സ്വീകരിച്ചു.

1886-ൽ ത്രേസ്യയുടെ 10-ാമത്തെ വയസ്സിലാണ് ആദ്യകുർബാന സ്വീകരണവും കുമ്പസാരവും നടന്നത്. കുർബാന സ്വീകരിക്കണമെന്ന ത്രേസ്യയുടെ ശക്തമായ ആഗ്രഹത്താൽ, സാധാരണയായി ആ കാലങ്ങളിൽ ആദ്യകുർബാന സ്വീകരണം നടത്തിയിരുന്ന പ്രായത്തേക്കാൾ 3 വർഷം മുൻപേ ആദ്യകുർബാനസ്വീകരണം നടത്തി.

സഭാ പ്രവേശനവും തിരുകുടുംബസഭ സ്ഥാപനവും

[തിരുത്തുക]

അന്നത്തെ തൃശ്ശൂർ രൂപത മെത്രാൻ ജോൺ മേനാച്ചേരിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള ഒല്ലൂർ കർമ്മലീത്താ മഠത്തിൽ വിശുദ്ധആയ എവുപ്രാസ്യാമ്മയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്കുതന്നെ തിരിച്ചുപോന്നു.

ആത്മപിതാവ്‌ ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത്‌ താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു. ഇപ്പോൾ 250 മഠങ്ങളും 1600 അംഗങ്ങളുമുള്ള സന്യാസിനി സഭയ്ക്ക് നിരവധി കോളേജുകളും വിദ്യാലയങ്ങളും ആശുപത്രികളുമുണ്ട്.

കുഴിക്കാട്ടുശ്ശേരി മഠം പള്ളിക്കകത്തുള്ള മദർ മറിയം ത്രേസ്യയുടെ കബറിടം

1926 ജൂൺ 8ന് 50-മത്തെ വയസ്സിൽ കുഴിക്കാട്ടുശ്ശേരി മഠത്തിൽ വെച്ച് മരണമടഞ്ഞു. തുമ്പുർ മഠത്തിൽ വെച്ച് ഒരു ക്രാസിക്കാൽ മറിയം ത്രേസ്യയുടെ കാലിൽ വീണുണ്ടായ മുറിവാണ് മരണകാരണം. കുഴിക്കാട്ടുശ്ശേരി മഠത്തിനോടനുബദ്ധിച്ചുള്ള പള്ളിയുടെ തറയിലാണ് മൃതശരീരം അടക്കം ചെയ്തിട്ടുള്ളത്.

നാമകരണ നടപടികൾ

[തിരുത്തുക]

ഫാദർ ജോസഫ് വിതയത്തിൽ, തന്റെ മരണശേഷമെ നാമകരണപരിപാടികളാരംഭിക്കാവൂയെന്ന നിർദ്ദേശത്തോടേ, മദർ മറിയം ത്രേസ്യയോട് ബദ്ധപ്പെട്ട എല്ലാ രേഖകളും 1957 നവംബർ 20 ന് അന്നത്തെ തൃശ്ശൂർ മെത്രാൻ ജോർജ്ജ് ആലപ്പാട്ടിന് കൈമാറി. തുടർന്ന് തിരുമേനിയുടെ അംഗീകാരത്തോടെ നാമകരണപ്രാർത്ഥന ആരംഭിച്ചു. 1964 ജൂൺ 8 ന് ജോസഫ് വിതയത്തിലച്ചനും മരണപ്പെട്ടു. അതിനുശേഷം മറിയം ത്രേസ്യയുടെ നാമകരണപരിപാടികൾക്ക് സാധുതയുണ്ടോയെന്ന പ്രാഥമിക അന്വേഷണം നടത്തുന്നതിനായി മോൺ. സെബാസ്റ്റ്യനെ നിയമിച്ചു. തുടർന്ന് റവ. ഫാ. ശീമയോൻ ദ ലാ സഗ്രദ ഫമിലിയ ഒ.സി.ഡി.യെ നാമകരണപരിപാടിയുടെ പോസ്റ്റുലേറ്ററായി പോപ്പ് നിയമിച്ചു.

  • ദൈവദാസി - 1973 ഒക്ടോബർ 5 ന് ദൈവദാസി എന്ന് നാമകരണം ചെയ്തു.

1975 ൽ മോൺ. തോമസ് മൂത്തേടൻ, ഫാ. ആൻസ്ലേം സി.എം.ഐ, ഫാ. ആന്റണി അന്തിക്കാട് എന്നിവരെ ചരിത്രന്വേഷണ കമ്മീഷനായി അന്നത്തെ തൃശ്ശൂർ ബിഷപ്പ് ജോസഫ് കുണ്ടുകുളം നിയമിച്ചു. 1978 ൽ ഇരിങ്ങാലക്കുട രൂപത സ്ഥാപിതമായതിനുശേഷം തൃശ്ശൂർ രൂപതയിൽ നിന്ന് ഇരിങ്ങാലക്കുട രൂപതയിലേക്ക് നാമകരണപരിപാടിയുടെ രേഖകളെല്ലാം കൈമാറി. 1981 ജനുവരി 3ന് അന്നത്തെ ഇരിങ്ങാലക്കുട രൂപത മെത്രാൻ ജെയിംസ് പഴയാറ്റിലിന്റെ നേതൃത്വത്തിൽ കബറിടം തുറന്ന് പൂജ്യാവശിഷ്ടങ്ങൾ പരിശോധിക്കുകയും തിരുശ്ശേഷിപ്പുകൾ ഒരു ചില്ലുപേടകത്തിൽ സൂക്ഷിക്കുകയും ചെയ്തു. വിശുദ്ധയാക്കുന്നതിനുള്ള കാരണങ്ങൾക്ക് 1982 ജൂൺ 25 ന് കാനോനികമായി തടസമില്ലായെന്ന രേഖ ലഭ്യമായി (nihil obstat - no objection).

ദൈവദാസിയുടെ ജീവിതവിശുദ്ധി പരിശോധിച്ചറിയുന്നതിനായി 24 ഏപ്രിൽ 1983ന് അന്നത്തെ ഇരിങ്ങാലക്കുട മെത്രാൻ ജെയിംസ് പഴയാറ്റിൽ ഒരു ട്രിബ്യൂണൽ സ്ഥാപിച്ചു. 08 നവംബർ 1985 ൽ നാമകരണപരിപാടികൾ സാധുവാണെന്ന് റോം പ്രഖ്യാപിച്ചു.

മാത്യു പെല്ലിശ്ശേരിയുടെ കാലിലെ ജന്മനായുള്ള (Congenital club feet) അസുഖം മറിയം ത്രേസ്യയുടെ മധ്യസ്ഥതയിൽ രോഗശാന്തി ലഭിച്ചു. അതിനെ കുറിച്ചന്വേഷിക്കുവാൻ മാത്യു താമസിക്കുന്ന തൃശ്ശൂർ രൂപതയുടെ ബിഷപ്പ് ജോസഫ് കുണ്ടുകുളം ട്രൈബ്യൂണൽ 1992 ജനുവരി 12 ന് സ്ഥാപിച്ചു. ട്രൈബ്യൂണലിന്റെ വിധിപ്രകാരം നാമകരണത്തിനുള്ള അത്ഭുതമായി അംഗീകരിക്കുകയും ചെയ്തു.

  • ധന്യ - 1999 ജൂൺ 28 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യ എന്ന് നാമകരണം ചെയ്തു.
  • വാഴ്‌ത്തപ്പെട്ട - 2000 ഏപ്രിൽ 9 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്‌ത്തപ്പെട്ടവൾ എന്ന് നാമകരണം ചെയ്തു.
  • വിശുദ്ധ - 2019 ഒക്റ്റോബർ 13 ന് വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.

തിരുനാൾ

[തിരുത്തുക]
നേർച്ച ഭക്ഷണം കഴിക്കുന്ന വിശ്വാസികൾ

എല്ലാ വർഷവും ജൂൺ 8 ന് മറിയം ത്രേസ്യയെ കബറടിക്കിയിരിക്കുന്ന കുഴിക്കാട്ടുശ്ശേരി മഠം പള്ളിയിൽ വെച്ച് വിപുലമായ പരിപാടികളോടെ തിരുന്നാൾ കൊണ്ടാടുന്നു. അന്നേ ദിവസം തീർത്ഥാടകർക്കെല്ലാവർക്കും നേർച്ചയായി ഭക്ഷണവും നൽകാറുണ്ട്.

സ്മൃതി സമുച്ചയവും മ്യൂസിയവും

[തിരുത്തുക]
സ്മൃതി സമുച്ചയം

മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടിശ്ശേരി മഠം കപ്പേളയോട് ചേർന്നാണ് സ്മൃതി സമുച്ചയം. കലാകാരന്മാരുടെ ഭാവനയിൽ വിവിധതരം മാധ്യമങ്ങൾ ഉപയോഗിച്ച് മറിയം ത്രേസ്യയുടെ ജീവിതവും മറ്റും കലാപരമായി ആവീഷ്കരിച്ചിട്ടുണ്ട്. പഴയ മഠത്തിന്റെ ഒരു ഭാഗം മ്യൂസിയമായി സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മറിയം ത്രേസ്യ താമസിച്ചിരുന്ന മുറിയും ഉപയോഗിച്ചിരുന്ന കട്ടിലും മരണകാരണമായ കാലിലെ മുറിവുണ്ടാക്കിയ ക്രാസിക്കാലും എല്ലാം തീർത്ഥാടകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. മറിയം ത്രേസ്യയുടെ മധ്യസ്ഥതയാൽ ദൈവകൃപ ലഭിച്ചുവെന്ന് വിശ്വസിക്കുന്നവരുടെ സാക്ഷ്യവും അവരുടെ പടം സഹിതം മ്യൂസിയത്തിൽ കാണാവുന്നതാണ്.

മറിയം ത്രേസ്യ - നാഴികക്കല്ലുകൾ

[തിരുത്തുക]
ജീവിതരേഖ ദിവസം
ജനനം 1876 ഏപ്രിൽ 26
ജ്ഞാനസ്നാനം 1876 മെയ് 3
ആദ്യ കുർബ്ബാന സ്വീകരണം 1886
ശിരോവസ്ത്ര സ്വീകരണം
സഭാവസ്ത്ര സ്വീകരണം
നിത്യവ്രത വാഗ്ദാനം
മരണം 1926 ജൂൺ 8
നാമകരണ കോടതി രൂപവത്കരണം
അപ്പസ്തോലിക കോടതി ആരംഭം
ദൈവദാസി 1973 ഒക്ടോബർ 05
ധന്യ 1999 ജൂൺ 28
വാഴ്ത്തപ്പെടൽ 2000 ഏപ്രിൽ 9
വിശുദ്ധ 2019 ഓക്ടോബർ 13

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മറിയം_ത്രേസ്യ&oldid=4076627" എന്ന താളിൽനിന്ന് ശേഖരിച്ചത്