തിരുകുടുംബ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


പൗരസ്ത്യ കത്തോലിക്കാ വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിൽ സ്ഥാപിതമായ സന്യാസിനി സമൂഹമാണ് തിരുകുടുംബസഭ (Congregation of Holy Family - CHF) അഥവ ഹോളി ഫാമിലി കോൺവെന്റ്. കുടുംബനവീകരണമാണ് സഭയുടെ പ്രധാന പ്രേഷിത പ്രവർത്തനമായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ഥാപിതം[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ സ്ഥിതി ചെയ്യുന്ന പുത്തൻചിറ ഫൊറോന പള്ളിയുടെ ഇടവകാതിർത്തിയിൽ 1914 വാഴ്ത്തപ്പെട്ട മദർ മറിയം ത്രേസ്യ സ്ഥാപിച്ചതാണ് തിരുകുടുംബ സഭ. ദൈവദാസൻ റവ. ഫാ. ജോസഫ് വിതയത്തിലാണ് സഹസ്ഥാപകൻ.

സന്യാസിനിയാകണമെന്ന മറിയം ത്രേസ്യയുടെ ആഗ്രഹത്തിനനുസരിച്ച് അന്നത്തെ തൃശ്ശൂർ രൂപത മെത്രാൻ ജോൺ മേനാച്ചേരിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള ഒല്ലൂർ കർമ്മലീത്താ മഠത്തിൽ ധന്യയായ എവുപ്രാസ്യയോടൊപ്പം താമസമാക്കി. തന്റെ ദൈവവിളി ആ മഠത്തിലേയ്ക്കല്ലെന്ന് ബോദ്ധ്യമായ മറിയം ത്രേസ്യ സ്വന്തം ഗ്രാമമായ പുത്തൻചിറയിലേക്കുതന്നെ തിരിച്ചുപോന്നു. ആത്മീയപിതാവ്‌ ജോസഫ് വിതയത്തിൽ പണിയിച്ചുകൊടുത്ത ഏകാന്ത ഭവനത്തിൽ തന്റെ മൂന്ന് കൂട്ടുകാരികളുമൊത്ത്‌ താമസം തുടങ്ങി. ഈ കൂട്ടായ്മ ഒരു സന്യാസ സമൂഹത്തിന്റെ രൂപഭാവങ്ങൾ ഉൾക്കൊള്ളുകയും ചെയ്തു. അന്നത്തെ തൃശ്ശൂർ മെത്രാൻ റവ. ഡോ. ജോൺ മേനാച്ചേരി 1914 മെയ് 13 ന് സന്ദർശിക്കുകയും അവരുടെ ജീവിതരീതിയിൽ സംതൃപ്തനാകുകയും 1914 മെയ് 14 ന് ജോസഫ് വിതയത്തിലച്ചന്റേയും മറ്റു ചില പുരോഹിതരുടേയും നാട്ടുകാരുടേയും സാനിധ്യത്തിൽ ഏകാന്ത ഭവനത്തെ തിരുകുടുംബസഭയെന്ന അഥവ ഹോളി ഫാമിലി കോൺവെന്റ് എന്ന പുതിയൊരു സന്യാസിനി സമൂഹമായി അംഗീകരിച്ചു. അധികം വൈകാതെ തന്നെ കാനോനിക നടപടികളും പൂർത്തിയാക്കി. മദർ സുപ്പീയരായി മറിയം ത്രേസ്യയേയും മഠത്തിന്റെ കപ്ലോനായി ഫാദർ ജോസഫ് വിതയത്തിലിനേയും നിയമിച്ചു.

വളർച്ച ഘട്ടങ്ങൾ[തിരുത്തുക]

1926 ൽ മറിയം ത്രേസ്യ മരണപ്പെടുന്നതുവരെ സന്യാസിനി സമൂഹത്തെ മറിയം ത്രേസ്യയാണ് നയിച്ചിരുന്നത്. അതിനുശേഷം 30 മെയ് 1942 ൽ സന്യാസിനി സമൂഹത്തിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതുവരെ സന്യാസിനി സമൂഹത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിരുന്നത് സഹസ്ഥാപകനായിരുന്ന റവ. ഫാ. ജോസഫ് വിതയത്തിലായിരുന്നു.

30 സെപ്റ്റംബർ 1969 ൽ സന്യാസിനിസമൂഹത്തിന്റെ കൗൺസിൽ കേന്ദ്രം പുത്തൻചിറയിൽ നിന്ന് തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള മണ്ണുത്തിയിലേക്ക് മാറ്റി. 01 ആഗസ്റ്റ് 1978 ൽ സന്യാസിനി സമൂഹത്തിന് പൊന്തിഫിക്കൽ പദവി ലഭിച്ചു. 15 നവംബർ 1978 ലാണ് ഹോളി സി യുടെ അനുമതിയോടെ മൂന്ന് പ്രോവിൻസുകളായി വേർതിരിച്ചു. ഇപ്പോൾ തിരുകുടുംബ സഭയ്ക്ക് 7 പ്രോവിൻസുകളും രണ്ട് ഉപപ്രോവിൻസുകളും ഒരു കേന്ദ്രറീജിയണുമുണ്ട്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക ജർമനി, ഘാന, ഇറ്റലി തുടങ്ങിരാജ്യങ്ങളിലായി 221 മഠങ്ങളൂം 1877 കന്യാസ്തികളുമുണ്ട്.

പ്രവർത്തന മേഖലകൾ[തിരുത്തുക]

ആദ്യം കാലം മുതൽ വിദ്യഭ്യാസ പ്രവർത്തനങ്ങളിലും ആതുരശുശ്രൂഷ രംഗങ്ങളിലും കുടുംബ പ്രേഷിത രംഗങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു. വീടുകളിലും ആതുരാലായങ്ങളിലുമുള്ള രോഗി സന്ദർശനവും രോഗശാന്തി പ്രാർത്ഥനയും ഈ സഭയുടെ പ്രധാനകർത്ത്യവമായി കരുതുന്നു

2007 ൽ ഹോളി ഫാമിലി ലെ അസോസിയേഷൻ എന്ന പേരിൽ ദമ്പതികൾക്കായി ഒരു സംഘടന സ്ഥാപിക്കുകയും ദമ്പതികളെ ലക്ഷ്യമിട്ട് പ്രത്യേകം കുടുംബനവീകരണം നടത്തുന്നുണ്ട്.

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്
  • ആളൂർ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ
  • കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
  • കുണ്ടായി (കുഴിക്കാട്ടുശ്ശേരി) മറിയം ത്രേസ്യ ഹോസ്പിറ്റൽ & നേഴ്സിംഗ് കോളേജ്

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തിരുകുടുംബ_സഭ&oldid=2659050" എന്ന താളിൽനിന്ന് ശേഖരിച്ചത്