മന്ത്രവാദിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മന്ത്രവാദത്തിൽ ഏർപ്പെടുന്ന സ്ത്രീയെയാണ് മന്ത്രവാദിനി (ആംഗലേയം : Witch) എന്ന പദം സൂചിപ്പിക്കുന്നത് . മന്ത്രവാദി എന്ന പദത്തിന്റെ സ്ത്രീലിംഗമാണ് ഇത്. അമ്മൂമ്മകഥകളിലും, സിനിമകളിലും മറ്റ് സാഹിത്യ കൃതികളിലുമൊക്കെയാണ് മന്ത്രവാദിനികൾ പ്രധാനമായും ദൃശ്യമാവുന്നത്. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നിൽ മന്ത്രങ്ങൾ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തിൽ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്റെയും പര്യായമായി, കുട്ടികളെ എണ്ണയിലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥ പാത്രങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മന്ത്രവാദപ്രവർത്തനങ്ങളിലെർപ്പെട്ടിരുന്ന സ്ത്രീകൾ സമൂഹത്തിലുണ്ടായിരുന്നു എന്നത് ചരിത്രവസ്തുതയാണ്.

പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ ഏകദേശം 5 ലക്ഷത്തോളം വിച്ചുകൾ (മന്ത്രവാദിനികൾ) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകൾ പറയുന്നത്. മനുഷ്യചരിത്രത്തിൽ ഒരിക്കലും ഓർമ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച് അന്നുണ്ടായിരുന്ന മുൻ‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുർവ്യയവുമായിരുന്നു ഈ അറുംകൊലയിൽ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരിൽ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തിൽ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്റെ ബലിയാടുകളായിരുന്നു ഈ മന്ത്രവാദിനികൾ

ചരിത്രം[തിരുത്തുക]

മനുഷ്യനുണ്ടായ കാലത്തോളം തന്നെ പഴക്കമുണ്ട് മന്ത്രവാദത്തിനും. യൂറോപ്പിലെ മന്ത്രവാദികളെ സംബന്ധിച്ച്, പതിനാലാം നൂറ്റാണ്ട് വരെ (അതായത് ക്രിസ്തുമതം രാഷ്ട്രീയമായി ശക്തമാവുന്നത് വരെ) വിച്ചുകൾ ഏറെക്കുറേ സുരക്ഷിതരായിരുന്നുവെന്ന് പറയാം. എന്നാൽ മന്ത്രവാദത്തെ അടിച്ചമർത്താനുള്ള മനഃപൂർവമായ ശ്രമം ആരംഭിക്കുന്നതിനുള്ള ഒരു കാരണം മതപരമാണ്. അതിന് കറുത്ത കുർബാന യുമായി ഏറെ ബന്ധമുണ്ട്. മന്ത്രവാദിനികൾ സാത്താന്റെ കൂട്ടാളികളാണെന്നും ഇവർ ആഭിചാരവും മന്ത്രവാദവും നടത്തി മാനവ കുലത്തെ തിന്മയിലേയ്ക്ക് നയിക്കുന്നവരാണെന്നും കരുതിയിരുന്ന കാലമായിരുന്നു അന്നതേത്. മന്ത്രവാദിനികൾ കത്തോലിക്കാ ദേവാലയത്തിൽ നിന്ന് തന്ത്രത്തിൽ തിരുവോസ്തി മോഷ്ടിച്ച ശേഷം കറുത്ത കുർബാനയിൽ ഉപയോഗിച്ചിരുന്നതായും പല ഗ്രന്ഥകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ഇത് സഭാ നേതൃത്വത്തെ മന്ത്രവാദിനികൾ‍ക്കെതിരെ തിരിയുന്നതിന് കാരണമായിത്തിർന്നു. മന്ത്രവാദിനികൾ സാത്താന്റെ വെപ്പാട്ടികളാണെന്ന്മുദ്രകുത്തിയാണ് പതിനഞ്ചാം നൂറ്റാണ്ടിൽ മന്ത്രവാദിനികൾ പീഡിപ്പിക്കപ്പെട്ടത്. അതിനാൽ തന്നെ ലൈംഗിക കുറ്റങ്ങളാ‍ണ് അവരുടെ മേൽ ചുമത്തിയിരുന്നത്. മന്ത്രവാദിനികൾ സാത്താന് സ്വന്തം ആത്മാവിനെ വിറ്റിരുന്നുവെന്നും, സാബത്ത് ദിവസത്തിൽ ക്രൈസ്തവ വിരുദ്ധ ബലികളും മറ്റും നടത്തുന്നതിന് അവർ ഒത്തുകൂടാറുണ്ടെന്നും അന്നത്തെ ദൈവശാസ്ത്രജ്ഞർ ചിന്തിച്ചു. യുദ്ധങ്ങൾ, അകാല മരണം, പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ ഉണ്ടാകുന്നത് മന്ത്രവാദിനികളുടെ മന്ത്രവാദം മൂലമാണെന്ന് അന്നത്തെ സമൂഹം വിശ്വസിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ തെളിയിക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.

മന്ത്രവാദിനി വേട്ട[തിരുത്തുക]

ആദത്തെ പാപത്തിന് പ്രേരിപ്പിച്ച ഹൌവ്വ ഒരു സ്ത്രീയായതിനാൽ സ്ത്രീകൾക്ക് നേരെ ഒരു തരം പുശ്ച മനോഭാവം അന്നത്തെ പുരോഹിതന്മാർക്ക് ഉണ്ടായിരുന്നതായും, അത് സ്ത്രീകളെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതിലേയ്ക്ക് ഒരു പരിധിവരെ നയിച്ചിട്ടുണ്ടെന്നും ചില പഠനങ്ങളിൽ പറയുന്നു.[അവലംബം ആവശ്യമാണ്] അവർ സ്ത്രീയെ ഒരു അശുദ്ധ ജീവിയായി കണക്കാക്കിയിരുന്നു. ഇത്തരം സ്ത്രീ വിരുദ്ധ സമീപനവും വിച്ചു ഹണ്ടുകളിൽ (മന്ത്രവാദിനി വേട്ട). കൊല്ലപ്പെട്ട മന്ത്രവാദിനികളിൽ 90 ശതമാനവും സ്ത്രീകൾ മാത്രമായിരുന്നു എന്നത് തന്നെ ഈ സ്ത്രീവിരുദ്ധപ്രവണതയ്ക്ക് തെളിവാണ്. സ്ത്രീകൾ അശുദ്ധരാണെന്നും പൈശാചിക ബന്ധമുള്ളവരാണെന്നും മന്ത്രവാദിനികൾ സാത്താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരുമാണെന്ന അന്ധവിശ്വാസം ഈ കൊലപാതകങ്ങൾക്ക് ഊർജ്ജം പകർന്നു.

കാരണങ്ങൾ[തിരുത്തുക]

സഭാ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയും സാത്താനെ ആരാധിക്കുകയും സാത്താന്റെ ആശ്രിതരായിരിക്കുകയും ചെയ്യുന്ന മന്ത്രവാദിനികളെ ഉന്മൂലനം ചെയ്യേണ്ടത് മധ്യകാലഘട്ടത്തെ സഭയുടെ ആവശ്യമായിരുന്നു. അധികാരവും ശക്തിയും ഉപയോഗിച്ച് നീതിപീഠം അടക്കമുള്ള വ്യവസ്ഥിതികളുടെ കണ്ണും നാവും കൂട്ടിക്കെട്ടിയ ശേഷമാണ് ഈ കൊലകൾ നടത്തിയത്. ക്രിസ്തുമത വിരുദ്ധമെന്ന് കരുതപ്പെട്ടിരുന്ന നിരവധി മതവിഭാഗങ്ങളെ ഉന്മൂലനം ചെയ്യാൻ ഭരണാധികാരികൾ അവരെ മന്ത്രവാദികളായും ആഭിചാരക്കാരായും മുദ്രകുത്തി. ഇതിന്റെ പേരിൽ, ദക്ഷിണ ഫ്രാൻസിലെ ആൽബിയെഞെൻസിലുള്ളവരെ മുഴുവൻ ഇന്നസെൻറ് മൂന്നാമൻ മാർപ്പാപ്പ വകവരുത്തിക്കളഞ്ഞു. അങ്ങനെ നിരവധി സമൂഹങ്ങളും സംസ്ക്കാരങ്ങളും വിലാസം പോലും അവശേഷിപ്പിക്കാതെ കാലയവനികക്കുള്ളിൽ മറഞ്ഞു.

അശുദ്ധാത്മാക്കൾ മനുഷ്യരക്തം കുടിച്ച ശേഷം ആ ശരീരത്തിലേയ്ക്ക് പ്രവേശിക്കുമെന്നും അവ പിന്നീട് മനുഷ്യന് ഹാനികരമായി തീരുമെന്നു പുരാതന കാലത്ത് ബാബിലോൺ, അസിറിയ എന്നിവിടത്തുകാർ വിശ്വസിച്ചിരുന്നു. അത് പിന്നീട് യഹൂദമതത്തിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും കുടിയേറുകയായിരുന്നു. ഇന്ന് നാം കേൾക്കുന്ന രക്തരക്ഷസുകൾ (Vampaire) , Harpies എല്ലാം തന്നെ ഈ വിശ്വാസത്തിൽ നിന്ന് ഉടലെടുത്തവയാണ്. ഗ്രീക്ക്, റോമൻ സംസ്ക്കാരത്തിലും ഇത്തരം കഥകൾ കാണാനാകും. ഇത്തരത്തിൽ ബ്ലാക്ക് മാജിക് അടക്കമുള്ള കർമ്മങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുക റോമിലും ബാബിലോണിലും പതിവായിരുന്നു.

മന്ത്രവാദികളെ ജീവനോടെ ചുട്ടെരിക്കുകയെന്ന ആശയം ഉണ്ടായത് തന്നെ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അഗസ്റ്റിന്റെ (354-430) വാക്കുകളിൽ നിന്നാണ്. "that pagans, Jews, and heretics would burn forever in eternal fire with the Devil unless saved by the Catholic Church." ഈ വാക്കുകൾ വിച്ച് ഹണ്ടുകൾക്ക് വിശ്വാസപരമായി കരുത്ത് പകർന്നിട്ടുണ്ട്. പത്താം നൂറ്റാണ്ടിൽ Abbot Regino-യുടെ കാലത്ത് പാഗനിസം അടക്കമുള്ള ക്രിസ്തുമത വിരുദ്ധമായ എല്ലാറ്റിനുമെതിരെ നിലവന്ന നിയമത്തിൽ പരാമർശിച്ചിട്ടുണ്ട്. [1]

രാഷ്ട്രീയമായ കാരണങ്ങൾ[തിരുത്തുക]

രാഷ്ട്രീയമായ കാരണങ്ങൾ പലതാണ്. ശത്രുക്കളെ അടിച്ചമർത്തുന്നതിന് രാഷ്ട്രീയബുദ്ധികൾ കെട്ടിച്ചമച്ച ഒരു ചതുരംഗമാണ് മന്ത്രവാദത്തിന്റെ പേരിൽ അഴിഞ്ഞാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരവധിയാണ്. അങ്ങനെ ക്ലമൻറ് മാർപ്പാപ്പയും ഫ്രാൻസിന്റെ രാജാവായിരുന്ന ഫിലിപ്പ് ലീ ബെല്ലും അടക്കമുള്ള ഭരണാധികാരികൾ ശത്രുക്കളെ മുഴുവൻ ദഹിപ്പിച്ചു കളഞ്ഞു.[അവലംബം ആവശ്യമാണ്]

ഫ്രാൻസിന്റെ നാഷണൽ ഹീറോയായി കരുതപ്പെടുന്ന ജെആൻ ഓഫ് ആർക്ക് (Jeanne d'Arc)-ന്റെ ജീവിതവും ഈ രാഷ്ട്രീയ ചതുരംഗത്തിൽ എരിഞ്ഞടങ്ങിയതാണെന്ന് പറയാതിരിക്കാൻ വയ്യ. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജോനിന് ലഭിച്ച ദർശനമനുസരിച്ച് ഇംഗ്ലണ്ടിനെതിരെ ഫ്രഞ്ച് സൈന്യത്തെ സജ്ജമാക്കുകയും, രണാങ്കണത്തിൽ വച്ച് മുറിവേറ്റ് ശത്രുക്കളുടെ കൈകളിൽ അകപ്പെടുകയും ചെയ്തു. ഫ്രാൻസിൽ ജോനിന് ഉണ്ടായിരുന്ന ജനസമ്മതിയിൽ ഭയപ്പെട്ടിരുന്ന ഇംഗ്ലീഷുകാർ ജോനിനെ ഒരു മന്ത്രവാദിനിയായി മുദ്രകുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. 1431ൽ അവർ തീയിൽ എറിയപ്പെടുകയാണ് ഉണ്ടായത്. 1920ൽ ജോനിനെ വിശുദ്ധയായി പ്രഖ്യാപിച്ചെങ്കിലും ജോനിനെ പീഡിപ്പിക്കുന്നതിൽ സഭയ്ക്കും ഒരു പങ്കുണ്ടായിരുന്നുവെന്നത് വിരോധാഭാസം ആണ്.

മന്ത്രവാദിനി വേട്ടയിൽ കൊല്ലപ്പെട്ടവരിൽ 90% പേർ സ്ത്രീകളായിരുന്നു. അതിൽ 60 വയസ് കഴിഞ്ഞ വനിതകളാണ് ഏറെയും ഉണ്ടായിരുന്നത്‍. ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്തെ കുറ്റങ്ങളാണ് ഇവരുടെ മേൽ ചുമത്തിയിരുന്നത് [2] മന്ത്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടുകയെന്ന് രീതിയും അന്നുണ്ടായിരുന്നു. മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട പല സ്ത്രീകളും ധനികരായിരുന്നു. അങ്ങനെ കണ്ടുകെട്ടുന്ന സ്വത്തിന്റെ അവകാശം സഭയ്ക്കും അന്വേഷണ ഉദ്യോഗസ്ഥനും, അധികാരികൾക്കും മാത്രമായിരുന്നു. അധികാരികൾക്ക് ലഭിക്കുന്ന പണം പുരോഹിതരും സാക്ഷികളും പങ്കിട്ടെടുത്തിരുന്നു. ഗ്രാമങ്ങളിൽ മാത്രമല്ല, പട്ടണങ്ങളിൽ പോലും മന്ത്രവാദിനി വേട്ടകൾ പ്രബലമായിരുന്നു. ഇത്തരം കൊലപാതകങ്ങൾക്ക് പിറകിലെ യഥാർത്ഥ ഉദ്യേശം പകയും അസൂയയും ആയിരുന്നുവെന്നതാണ് വാസ്തവം.

പീഡനങ്ങൾ[തിരുത്തുക]

മന്ത്രവാദിനികളെ ദഹിപ്പിക്കുക എന്നത് ഒരു വലിയ ചടങ്ങായിട്ടാണ് നടത്തിയിരുന്നത്. പൊതുസ്ഥലത്ത് അങ്കത്തട്ട് ഉണ്ടാക്കുന്നതുപോലെ ഒരു ചൂളയൊരുക്കുകയാണ് ആദ്യ പരിപാടി. വിറകും എണ്ണയും ഒരുക്കിയശേഷം പിടിക്കപ്പെട്ട മന്ത്രവാദിനിയെ കുന്തത്തിലോ മറ്റോ കെട്ടി കത്തിക്കുകയാണ് ഭരണാധികാരികൾ ചെയ്തിരുന്നത്. ഇതിനായി സ്കോട്ട്ലാൻറിൽ 16 വണ്ടി വിറകും എണ്ണയും ഉപയോഗിച്ചിരുന്നതായി ഒരിടത്ത് പറയപ്പെടുന്നു. മന്ത്രവാദിനികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയോ അർദ്ധപ്രാണയാക്കുകയോ ചെയ്ത ശേഷം വരിഞ്ഞ് കെട്ടി ദേഹത്തിൽ മുഴുവൻ ടാർ ഒഴിച്ച് തീയിലേയ്ക്ക് എറിഞ്ഞിരുന്നു. ഏതെങ്കിലും മന്ത്രവാദിനികള് തീയിൽ നിന്ന് രക്ഷപ്പെടുകയോ മറ്റോ ചെയ്താൽ കാണികളെല്ലാം അവളെ പിടിച്ച് വീണ്ടും തീയിലേയ്ക്ക് വലിച്ചെറിയാറുണ്ടായിരുന്നു. സ്കോട്ട്ലാൻറിൽ മന്ത്രവാദിനികളെ ദഹിപ്പിക്കുന്നതിന് മുമ്പ് ഉപവസിക്കാറുണ്ടായിരുന്നത്രേ! ഒരു ദിവസത്തെ പ്രസംഗവും നടത്താറുണ്ടായിരുന്നു.

നിയമം (സ്കോട്ട്‌ലൻഡിൽ)[തിരുത്തുക]

1563-ൽ മന്ത്രവാദം സ്കോട്ട്‌ലൻഡിൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും മന്ത്രവാദിനികളെ കണ്ടുപിടിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. മന്ത്രവാദിനിയെ കണ്ടെത്താൻ അവർ അവലംബിച്ചിരുന്ന മാർഗ്ഗം രസകരമായിരുന്നു. സംശയിക്കുന്ന ആളെ അവർ സൂചികൊണ്ട് കുത്തുകയും രക്തം വരാത്ത പക്ഷം അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തിരുന്നത്.

വിചാരണ[തിരുത്തുക]

പ്രതിയെ മൂന്ന് ദിവസം ഉറങ്ങാൻ അനുവദിക്കാതെ വിചാരണ ചെയ്യുകയാണ് പതിവ്. ഉറക്കമില്ലായ്മ മൂലം മതിഭ്രമം ബധിച്ച പ്രതി താൻ പറക്കുന്നതായും, മൃഗമായി മാറ്റുന്നതായും, സാത്താനെ കാണുന്നതായും, സാബത്തിൽ ഒരുമിച്ചു കൂടുന്നതായും സമ്മതിച്ചിരുന്നു. അയാളെ മരണ ശിക്ഷയ്ക്ക് വിധിക്കാൻ മറ്റൊന്നും ആവശ്യമില്ലായിരുന്നു. മന്ത്രവാദത്തിന് പിടികൂടിയ ആളെ മൃഗീയ പീഡനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയാണ് അന്ന് ചെയ്തിരുന്നത്. ഇത്തരം പീഡനത്തിൽ പല സ്ത്രീകളും മരിച്ചു പോകാറുണ്ടായിരുന്നു. എന്നിരിക്കിലും പീഡനങ്ങളെ അതിജീവിക്കുന്നവരെ സ്വതന്ത്രയാക്കാറുമുണ്ടായിരുന്നു. ജീവനോടെ കത്തിക്കുക, തുറങ്കിലടക്കുക, പട്ടിണിക്കിടുക, വെള്ളത്തിൽ മുക്കിക്കൊല്ലുക, തിളച്ച വെള്ളത്തിലിടുക, ചക്രങ്ങൾ ശരീരത്തിലൂടെ കയറ്റുക, ശൂലത്തിലേറ്റുക, ശരീരം അറുത്തുമുറിക്കുക, ചവണ കൊണ്ട് വലിക്കുക, തലവെട്ടുക തുടങ്ങിയ മൃഗീയങ്ങളായ ശിക്ഷകളാണ് നൽകിയിരുന്നത്.

മിക്ക രാജ്യങ്ങളിലും മന്ത്രവാദിനികൾ ദഹിക്കപ്പെട്ടപ്പോൾ അമേരിക്കൻ കോളനികളിലും ഇംഗ്ലണ്ടിലും മന്ത്രവാദിനികളെ തൂ‍ക്കിലേറ്റപ്പെട്ടു. ഫ്രാൻസ്, സ്കോട്ട്ലാൻറ്, ജർമനി എന്നിവടത്തുകാർ ഒരൽപ്പം കാരുണ്യം ഈ മന്ത്രവാദിനികളോട് കാണിച്ചു, കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കി, പിന്നെ തീയിൽ എറിയുകയാണ് അവർ ചെയ്തത്.

കൊല്ലപ്പെട്ട മന്ത്രവാദിനികളുടെ സംഖ്യ[തിരുത്തുക]

റോം 50,000+ പേർ, പോളണ്ട് 15,000+ പേർ, ഫ്രാൻസ് 5,000+ പേർ, ഇംഗ്ലണ്ട് 1,000+ പേർ, സ്കോട്ട്ലാൻറ് 1,337+ പേർ, സ്കാൻഡിനേവിയ 1,500-1,800+ പേർ, ഹംഗറി 472+ പേർ, സ്പെയിൻ 100+

ഇതുവരെ എത്ര മന്ത്രവാദിനികളെയാണ് കൊന്നത് എന്ന് കൃത്യമായ ഒരു കണക്കില്ലെങ്കിലും ഒരു ഏകദേശ കണക്കനുസരിച്ച് ജർമനിയിൽ മാത്രം 150 വർഷത്തിനിടയിൽ 30,000 മുതൽ 100,000 വരെയുള്ള വിച്ചുകൾ ദഹിപ്പിക്കപ്പെട്ടിട്ടുണ്ട്.

1985-ൽ പിയെറ്റേർസ് ബർഗ്(ദക്ഷിണാഫ്രിക്ക) ലും, 1984 ൽ ടെപ്പിഹുവാനസ് ആദിവാദികളുടെ (മെക്സിക്കോ) ഇടയിലും വിച്ചുഹണ്ടുകൾ നടന്നിട്ടുണ്ട്. ‘Banamati’ നടത്തിയിരുന്നവരെ കല്ലെറിഞ്ഞ് കൊല്ലുകയോ ദഹിപ്പിക്കുകയോ ചെയ്യുന്ന സമ്പ്രദായ ഇന്ത്യയിലെ തെലുങ്കാനയിൽ പോലും നിലനിന്നിരുന്നു. വിച്ചുകളെ കത്തിക്കുന്ന രീതി 19 നൂറ്റാണ്ട് വരെ ഇംഗ്ലണ്ടിലും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും തുടർന്നതായി ചരിത്രം പറയുന്നു.

അവലംബം[തിരുത്തുക]

  1. And we must not overlook this, that certain wicked women, who have turned aside to Satan, seduced by the illusions and phantasms of the demons, believe and profess that during the night they ride with Diana the goddess of the pagans [another version says, or with Herodias] and an innumerable crowd of women on certain beasts, and pass over great spaces of the earth during the night, obeying her commands as their mistress, and on certain nights are summoned to her service. Would that these had perished in their perfidy and had not dragged many with them to destruction! For an innumerable multitude, deceived by this false opinion, believe that these things are true and so depart from the faith and fall into the error of the pagans, believing that there is some divinity apart from the one God,…” reference not cited authoritatively
  2. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫിസിഷ്യൻ Johann Weyerഉം, 1711ലെ Joseph Addison ഉം പറയുന്നു.
"https://ml.wikipedia.org/w/index.php?title=മന്ത്രവാദിനി&oldid=4057500" എന്ന താളിൽനിന്ന് ശേഖരിച്ചത്