മദർ പേത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ ദീനസേവനസഭയുടെ സ്ഥാപകയാണ് മദർ പേത്ര. പൗളാ കാതറിൻ എന്നാണ് ഇവരുടെ യഥാർത്ഥ നാമം. പിന്നീട് സന്യാസം സ്വീകരിച്ച ഇവർ സിസ്റ്റർ മരിയ പേത്ര എന്ന നാമം സ്വീകരിച്ചു. ഇന്ത്യയിലെത്തിയ പേത്ര 1969-ൽ കണ്ണൂർ ജില്ലയിലെ പട്ടുവം കേന്ദ്രമാക്കിയാണ് സഭ ആരംഭിച്ചത്[1].

1924 ജൂൺ 14-ന്‌ പശ്ചിമ ജർമനിയിലെ ഓൽഡെ എന്ന ഗ്രാമത്തിൽ ബർണാഡ്‌-പൗളാ റോസ്‌ ദമ്പതികളുടെ മൂന്നാമത്തെ മകളായി പേത്ര ജനിച്ചത്. 1946-ൽ കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കി ഉർസുലൈൻ കോൺവന്റിൽ സന്യാസത്തിനായി ചേർന്നു. 1952 ജൂൺ 8-നു സഭാ വസ്‌ത്രം സ്വീകരിച്ചു. 1956-ൽ ഹൂസ്റ്റണിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 1957 സെപ്‌റ്റംബർ 27-നു നിത്യവ്രതവാഗ്‌ദാനം നടത്തി.

1965-ൽ കോട്ടയം തെള്ളകം കാരിത്താസ്‌ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ഡോക്ടർ റോ ഡെയെ പരിചയപ്പെട്ടതു വഴിയാണ് സിസ്റ്റർ കേരളത്തിലെത്തിച്ചേർന്നത്. 1966 ജൂൺ 26-നു കാരിത്താസ്‌ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോർമെറ്ററായി സിസ്റ്റർ നിയമിതയായി. ആത്മീയ ഗുരുവായ കുരിശുമല ആശ്രമത്തിലെ ഫാ. ബീഡുമായി ഭാവികാര്യങ്ങൾ ചർച്ച ചെയ്തതിൽ നിന്നും കോഴിക്കോട്‌ രൂപതാധ്യാക്ഷൻ ഡോ. ആൽദോ മരിയാ പത്രാണി പിതാവിനെ കണ്ട് സ്വന്തമായി സഭ സ്ഥാപിക്കാൻ അഌമതി തേടി. വിദേശ മിഷിനറിയായ ഫാ. എൽ.എം സുക്കോൾ ദാനമായി നല്‌കിയ തളിപ്പറമ്പിനടുത്ത്‌ പട്ടുവത്തെ പതിമൂന്നേക്കർ നിലത്ത് 1969 ജൂൺ 1-ന് എട്ടു സഹോദരിമാർക്കൊപ്പം ഒരു വീട്ടിൽ ദീനസേവന സഭയെന്ന സന്യാസസമൂഹത്തിനു രൂപം നൽകി.

ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി ദീനസേവന സഭയ്ക്ക് 90 ശാഖകൾ ഉണ്ട്. 2009 ജൂൺ 14-നാണ് പേത്രയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്[2]. 1976-ൽ കൂത്തുപറമ്പിനു സമീപം മാനന്തേരിയിലുണ്ടായ വാഹനാപകടത്തിൽ മദർ മരണമടഞ്ഞു. പേത്രയുടെ വിശുദ്ധനാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നുള്ള പരിശോധന നടത്തി.

അവലംബം[തിരുത്തുക]

  1. http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=82699
  2. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഒക്ടോബർ 1, പേജ് 6.
"https://ml.wikipedia.org/w/index.php?title=മദർ_പേത്ര&oldid=3090849" എന്ന താളിൽനിന്ന് ശേഖരിച്ചത്