മണ്ഡപേശ്വർ ഗുഹകൾ

Coordinates: 19°14′42″N 72°51′13″E / 19.2451°N 72.8537°E / 19.2451; 72.8537
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണ്ഡപേശ്വർ ഗുഹകൾ
മണ്ഡപേശ്വർ ഗുഹകൾ
Locationബോറിവലി, മഹാരാഷ്ട്ര, ഇന്ത്യ
Coordinates19°14′42″N 72°51′13″E / 19.2451°N 72.8537°E / 19.2451; 72.8537
Difficultyeasy

മഹാരാഷ്ട്രയിലെ മുംബൈ നഗരപ്രാന്തത്തിലുള്ള ബോറിവലിയിലെ മൗണ്ട് പൊയിൻസറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണ് മണ്ഡപേശ്വർ (മറാത്തി: मंडपेश्वर गुंफा). ശിവനാണ് ഇവിടുത്തെ മുഖ്യ ആരാധനാമൂർത്തി[1].

സ്ഥാനം[തിരുത്തുക]

തുടക്കത്തിൽ, ഗുഹകൾ ദഹിസർ നദിയുടെ തീരങ്ങളിൽ ആയിരുന്നു, പിന്നീട് നദിയുടെ ഗതി മാറി[2]. ഈ ക്ഷേത്രത്തിന്റെ പേര് ഈ ക്ഷേത്രത്തിൽ നിന്നാണ്. സെന്റ് ഫ്രാൻസിസ് ഡി'അസീസി ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന മൗണ്ട് പൊയിൻസർ എന്ന കുന്നിന്റെ പേര് "മണ്ഡപേശ്വർ" എന്ന പേരിൽ നിന്നുണ്ടായതാണെന്ന് എന്ന് കരുതപ്പെടുന്നു. ബോറിവലി ഈസ്റ്റ്- ലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ കാനേരി ഗുഹകളുമായി താരതമ്യം ചെയ്യുമ്പോൾ മണ്ഡപേശ്വർ ഗുഹകൾ ചെറുതും അപ്രശസ്തവുമാണ്. ഒരു പോർച്ചുഗീസ് പള്ളിയുടെ അവശിഷ്ടങ്ങൾ ഗുഹയുടെ മുകളിൽ സ്ഥിതിചെയ്യുന്നു. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി തെക്ക് അറ്റത്താണ്. ഗുഹകൾക്ക് മുന്നിലെ തുറന്ന നിലം സമീപത്തുള്ളെ ചേരിനിവാസികളുടെ കളിസ്ഥലമായും പാർക്കിങ്ങ് ഗ്രൗണ്ടായും ഉപയോഗിക്കപ്പെടുന്നു. സ്വാമി വിവേകാനന്ദ റോഡാണ് ഈ ഗുഹയ്ക്ക് മുന്നിൽ[1].

ചരിത്രം[തിരുത്തുക]

ഈ ഗുഹകളുടെ നിർമ്മാണം എ.ഡി. 750-850 കാലഘട്ടത്തിലായിരുന്നുവെന്ന് ചരിത്രകാരനായ ബ്രാസ് എ. ഫെർണാണ്ടസ് തന്റെ ‘എ ഹിസ്റ്റോറിക്കൽ സ്കെച്ച് ഓഫ് മൗണ്ട് പൊയിസ്നർ എന്ന ഗ്രന്ധത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്[3]. ബുദ്ധസന്യാസിമാരും പേർഷ്യൻ വ്യാപാരികളുമായി വളരെ അടുത്ത ബന്ധം അക്കാലത്ത് നിലനിന്നിരുന്നു. ഈ ഗുഹകളിലെ ശിൽപ്പങ്ങളും ചുവർചിത്രങ്ങളും ബുദ്ധസന്യാസിമാരുടെ ആവശ്യപ്രകാരം പേർഷ്യൻ കലാകാരന്മാർ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട പുരാണകഥകളാണ് ഇവയിൽ പലതും.

പോർച്ചുഗീസ് ഭരണകാലത്ത്, 1544-ൽ ഫ്രാൻസിസ്കൻ പാതിരിമാരാണ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ പള്ളി ഇവിടെ നിർമ്മിച്ചത്. ഇതിനോടനുബന്ധിച്ച് മതപഠനത്തിനായി ഒരു മഠവും സ്ഥാപിക്കപ്പെട്ടു. 18-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബാസ്സീൻ പ്രദേശത്തിന്റെ നിയന്ത്രണം മറാഠകളുടെ കീഴിലായി. മറാഠകൾ പള്ളിക്ക് കേടുപാടുകൾ വരുത്തുകയും പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലായിരുന്ന ഗുഹാശിൽപ്പങ്ങൾ വീണ്ടെടുത്ത് ആരാധന തുടങ്ങുകയും ചെയ്തു.

18-ആം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ബ്രിട്ടീഷുകാർ മറാഠകളെ പരാജയപ്പെടുത്തി ബാസ്സീനിൽ ആധിപത്യം സ്ഥാപിച്ചു. പള്ളി പുതുക്കിപ്പണിയുന്നതിനുപകരം കുരിശ്, മാതാവിന്റെ പ്രതിമ തുടങ്ങിയവ ഗുഹയ്ക്കുള്ളിൽ തന്നെ സ്ഥാപിച്ച് ഒരു ഒരു ഗുഹാ കപ്പേള ഒരുക്കി 1818 മുതൽ ആരാധന തുടങ്ങി. 1888-ൽ ബാന്ദ്രയിൽ നിന്നുള്ള ചില വിശ്വാസികളാണ് പള്ളി പുതുക്കിപ്പണിത് ഇന്നത്തെ സ്ഥിതിയിലാക്കിയത്[3].

ഘടന[തിരുത്തുക]

ഈ ഗുഹയിൽ ഒരു പ്രധാന ഗർഭഗൃഹം, അന്തരാളം, മണ്ഡപം, തുറന്ന പ്രാങ്കണം എന്നിവയുണ്ട്. മണ്ഡപത്തിന്റെ തലത്തിൽ പടിക്കെട്ടുകൾ ഉണ്ടാക്കി, അതിന്റെ ഇരുഭാഗത്തും സിംഹപ്രതിമകൾ സ്ഥാപിച്ചിരിക്കുന്നു. ലകുലീശന്റെ വ്യാഖ്യാനമുദ്രയിലുള്ള പ്രതിമയടക്കം ഏതാനും ശൈവബിംബങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു[4]. പ്രധാന ഗുഹയിൽ മൂന്ന് ഭാഗത്തുള്ള മുറികളുള്ള, തൂണുകളുള്ള ഒരു ഹാൾ കാണാം. ഈ ഗുഹ എല്ലോറയിലെ 21-ആം ഗുഹയുടെ മാതൃകയിലാണ്. ഇതിന്റെ കേന്ദ്രഭാഗത്ത് ചെറിയ ഒരു ശിവലിംഗവുമുണ്ട്. ഇന്നും ഇതിനെ ഭക്തർ ആരാധിക്കാറുണ്ട്. ശ്രീകോവിലിന്റെ മുൻവശത്തായി സ്ഥാപിച്ചിട്ടുള്ള ഒരു ചെറിയ നന്ദി പ്രതിമ ഇത് ഒരു ശിവ ക്ഷേത്രമാണെന്ന് ഓർമിപ്പിക്കുന്നു[5]. കൂടാതെ മണ്ഡപേശ്വർ ഗുഹയിൽ നടരാജൻ, സദാശിവൻ എന്നിവരുടെ പ്രതിമകളും അർധനാരീശ്വരന്റെ ശിൽപങ്ങളും ഉണ്ട്. പിന്നെ ഗണേശ, ബ്രഹ്മ, വിഷ്ണു പ്രതിമകൾ ഉണ്ട്. ഹിന്ദു ദേവീ ദേവന്മാരുടെയും ദേവതകളുടെയും പുരാണ കഥകളാണ് ഈ ശിൽപ്പങ്ങളിലൂടെ കാണിക്കുന്നത്. ഇപ്പോഴും പാർവ്വതീദേവിയുടെ വിവാഹത്തെ പ്രതിനിധാനം ചെയ്യുന്ന വിപുലമായ ഒരു ശില്പം ഈ ഗുഹകളുടെ ദക്ഷിണഭാഗത്ത് കാണാൻ കഴിയും. മണ്ഡപേശ്വർ ഗുഹകൾ ആർക്കിയോളജിക്കൽ ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടതിനാൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

മണ്ഡപേശ്വർ ഗുഹകളുടെ പനോരമ ദൃശ്യം

അവലംബം[തിരുത്തുക]

  1. 1.0 1.1 Gaur, Abhilash (25 January 2004). "Pay dirt: Treasure amidst Mumbai's trash". /www.tribuneindia.com. Retrieved 2009-11-04.
  2. Bavadam, Lyla (18–31 July 2009). "In a shambles". Frontline. Archived from the original on 2013-01-25. Retrieved 2011-01-22.
  3. 3.0 3.1 [ https://timesofindia.indiatimes.com/Mandapeshwar-caves-still-in-the-dark/articleshow/29460030.cms ടൈംസ് ഓഫ് ഇന്ത്യ, 26 നവംബർ, 2002]
  4. http://www.cpreecenvis.nic.in/Database/MandapeshwarCave_3003.aspx
  5. https://kevinstandagephotography.wordpress.com/2018/04/26/mandapeshwar-caves-mumbai/
"https://ml.wikipedia.org/w/index.php?title=മണ്ഡപേശ്വർ_ഗുഹകൾ&oldid=3971404" എന്ന താളിൽനിന്ന് ശേഖരിച്ചത്