ഭീമാ ബായ് ഹോൾക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീമാ ബായ് ഹോൾക്കർ
ഹോൾക്കർ രാജകുമാരി, ഇൻഡോർ
പിതാവ് മഹാരാജാ യശ്വന്ത് റാവു ഹോൾക്കർ
മാതാവ് കൃഷ്ണ ബായ് ഹോൾക്കർ
മതം ഹിന്ദുമതം

ഇൻഡോറിലെ മഹാരാജാവായിരുന്ന യശ്വന്ത് റാവു ഹോൾക്കറുടെ മകളായിരുന്നു ഭീമാ ബായ് ഹോൾക്കർ (ജീവിതകാലം: 1795 സെപ്റ്റംബർ 17 - 28 നവംബർ 1858). അവർ രാജ്ഞി അഹല്യാബായ് ഹോൾക്കറുടെ ചെറുമകളും മൽഹാർ റാവു ഹോൾക്കർ മൂന്നാമന്റെ മൂത്ത സഹോദരിയുമായിരുന്നു.

1817-ൽ, ഭീമാ ബായ് ഹോൾക്കർ ബ്രിട്ടീഷ് കേണൽ മാൽക്കത്തിനെതിരെ ധീരമായി പോരാടുകയും ഗറില്ല യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. [1] മഹിദ്പൂർ യുദ്ധത്തിൽ വാളും കുന്തവും ഏന്തിയ 2,500 കുതിരപ്പടയാളികളുമായി |ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അവർ നേരിട്ടു. ഈ യുദ്ധത്തിൽ ഭീമാബായ് പ്രകടിപ്പിച്ച ധൈര്യവും നേതൃത്വപാടവവും 1857-ലെ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടത്തിനിറങ്ങാൻ ഝാൻസിയിലെ റാണി ലക്ഷ്മിബായിയെ പ്രചോദിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.

1858 നവംബർ 28-ന് ഇൻഡോറിൽ വച്ച് അവർ അന്തരിച്ചു.

ആദ്യകാലജീവിതം[തിരുത്തുക]

1795 സെപ്റ്റംബർ 20-ന് ഇൻഡോറിലെ രാജ്‌വാഡയിലാണ് ഭീമാ ബായ് ഹോൾക്കർ ജനിച്ചത്. മഹാരാജാ യശ്വന്ത് റാവു ഹോൾക്കറും മാജി കേശ്‌രി ബായിയും ആയിരുന്നു ഇവരുടെ മാതാപിതാക്കൾ. [2] തുടക്കകാലത്ത് ഭീമാ ബായ് ഹോൾക്കറുടെ പിതാവ്, മഹാരാജാ യശ്വന്ത് റാവു ഹോൾക്കർ കഴിവുറ്റ ഒരു ഭരണാധികാരിയായിരുന്നു. രാജ്യത്തെ കൈപ്പിടിയിലൊതുക്കാനായി ബ്രിട്ടീഷുകാർ തക്കം പാർത്തിരിക്കുകയാണെന്ന കാര്യവും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ പരിചാരകയായിരുന്ന തുൾസാബായിയിൽ അനുരക്തനായിത്തീർന്നതോടെ അദ്ദേഹത്തിന് രാജ്യകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞു വന്നു. ഭരണപരമായ പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞ് കൂടുതൽ സമയവും അദ്ദേഹം തുൾസാബായിയോടൊത്ത് ചിലവഴിക്കാൻ ആഗ്രഹിച്ചു. അധികാരമോഹമുണ്ടായിരുന്ന തുൾസാബായ് ഈ അവസരം തന്ത്രപൂർവം വിനിയോഗിച്ചു തുടങ്ങി. മഹാരാജാവിന്റെ മകളെ കരുവാക്കി കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുവാനായി അവർ ഭീമാ ബായിയോട് മാതൃവാൽസല്യം പ്രകടിപ്പിച്ച് വശത്താക്കുവാൻ ശ്രമിച്ചു.

എന്നാൽ തുൾസാബായിയുടെ ഈ പെരുമാറ്റത്തിലെ ഗൂഢലക്ഷ്യം ഭീമാ ബായ് മനസ്സിലാക്കിയിരുന്നു. ഭീമാ ബായ് തന്റെ പിതാവിനെ തുൾസാബായിയിൽ നിന്നും പരമാവധി അകറ്റുവാൻ ശ്രമിച്ചു. അതോടൊപ്പം അദ്ദേഹത്തെ ഭരണകാര്യങ്ങളിൽ സഹായിക്കുവാനും തുനിഞ്ഞിറങ്ങി. ഇതോടെ ഭീമാ ബായിയെ കൊട്ടാരത്തിൽ നിന്നും ഒഴിവാക്കുവാനായി തുൾസാബായ് ശ്രമം തുടങ്ങി. ഇതിനായി ഭീമാ ബായിയുടെ വിവാഹം നടത്തുവാൻ അവർ യശ്വന്ത്‌ റാവുവിൽ പ്രേരണ ചെലുത്തി. ഇതിന്റെ ഫലമായി ഭീമാ ബായിയുടെ വിവാഹം നടന്നു.

എന്നാൽ അധികം വൈകാതെ തന്നെ ഭീമയ്ക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെടുകയാണുണ്ടായത്. സ്വപിതാവിന്റെ കൊട്ടാരത്തിലേക്ക് മടങ്ങിയ അവർക്ക് ഒരു വിധവയുടെ ഏകാന്ത ജീവിതം നയിക്കേണ്ടി വരികയും ചെയ്തു.[3] അധികം വൈകാതെ അവരുടെ അച്ഛനും മരിച്ചു. ഇൻഡോർ സംസ്ഥാനം പിടിച്ചെടുക്കാൻ ബ്രിട്ടീഷുകാർ പദ്ധതിയിടുന്നതായി അറിഞ്ഞപ്പോൾ, അഹല്യ ബായ് ഹോൾക്കറെയും തന്റെ പിതാവിനെയും പോലുള്ള പ്രഗത്ഭരായ പൂർവ്വികരുടെ രക്തവും വിയർപ്പും കൊണ്ട് അഭിവൃദ്ധി പ്രാപിച്ച തന്റെ മാതൃരാജ്യത്തെ വിദേശികളായ ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രക്ഷിക്കണമെന്ന് അവർ തീരുമാനിച്ചു. വിധവയുടെ മൂടുപടം നീക്കി, ബ്രിട്ടീഷുകാരോട് പോരാടുമെന്ന് അവർ പ്രതിജ്ഞയെടുത്തു.

മഹിദ്പൂർ യുദ്ധം[തിരുത്തുക]

1817 ഡിസംബർ 21 ന്, [4][5] സർ തോമസ് ഹിസ്‌ലോപ്പിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സൈന്യം, 11 വയസ്സുള്ള മഹാരാജ മൽഹാർ റാവു ഹോൾക്കർ രണ്ടാമനും 22 വയസ്സുള്ള ഭീമാ ബായ് ഹോൾക്കറും നയിച്ച ഹോൾക്കർ സൈന്യത്തെ ആക്രമിച്ചു. ഹോൾക്കർ സൈന്യത്തിന്റെ ഭാഗമായ പീരങ്കിപ്പട റോഷൻ ബേഗിന്റെ നേതൃത്വത്തിൽ 63 പീരങ്കികളുടെ നീണ്ട നിരയുമായി അവരെ ആക്രമിച്ചു. ഒരു ഘട്ടത്തിൽ ബ്രിട്ടീഷുകാർ യുദ്ധത്തിൽ പരാജയത്തിന്റെ വക്കിലായിരുന്നു. എന്നിരുന്നാലും, ഹോൾക്കറുടെ പക്ഷത്തായിരുന്ന ഗഫൂർ ഖാൻ ബ്രിട്ടീഷുകാരെ സഹായിച്ചു. തന്റെ കീഴിലുള്ള സൈന്യവുമായി ഖാൻ യുദ്ധക്കളം ഉപേക്ഷിച്ചു. [4] ഇതേത്തുടർന്ന് ഹോൾക്കർമാർ നിർണ്ണായകമായി പരാജയപ്പെട്ടു. ഈ തോൽവിക്ക് ശേഷം 1818 ജനുവരി 6-ന് നടന്ന മന്ദ്‌സൗർ ഉടമ്പടി പ്രകാരം ഖാന്ദേഷ് ജില്ല ഉൾപ്പെടെ സത്പുര പർവതനിരകൾക്ക് തെക്കുള്ള ഹോൾക്കർ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തു. ഭീമാ ബായ് ഹോൾക്കർ ബ്രിട്ടീഷ് കേണൽ മാൽക്കമിനെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. അവർ പിന്നീട് മാൽക്കമിനൊപ്പം ഇംഗ്ലണ്ടിലേക്ക് താമസം മാറി.


ക്ഷിപ്ര നദിക്കരയിലെ യുദ്ധഭൂമി, മഹിദ്പൂർ, ഡിസംബർ 1817

അവലംബം[തിരുത്തുക]

  1. https://www.indiaherald.com/Politics/Read/145544/Women-not-inferior-in-India-s-freedom-struggle-
  2. https://amritmahotsav.nic.in/unsung-heroes-detail.htm?12631
  3. https://www.google.co.in/books/edition/Indian_Revolutionaries_1757_1961_Vol_1_A/1UggIjEuBaAC?hl=en&gbpv=1&dq=bhima+bai+holkar&pg=PA193&printsec=frontcover
  4. 4.0 4.1 Madhya Pradesh (India) (1827). Madhya Pradesh District Gazetteers: Hoshangabad. Government Central Press. pp. 77–78.
  5. Ravindra Pratap Singh (1987). Geography and Politics in Central India: A Case Study of Erstwhile Indore State. Concept. p. 16. ISBN 978-81-7022-025-1.
"https://ml.wikipedia.org/w/index.php?title=ഭീമാ_ബായ്_ഹോൾക്കർ&oldid=4072334" എന്ന താളിൽനിന്ന് ശേഖരിച്ചത്