Jump to content

ബൊഹോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പീൻ ദ്വീപുകൾക്കിടയിൽ ബൊഹോളിന്റെ സ്ഥാനം

മദ്ധ്യ ഫിലിപ്പീൻസിലെ വിസയാസ് പ്രദേശത്തെ ദ്വീപുകളിലൊന്നാണ് ബൊഹോൾ. ബൊഹോളും സമീപസ്ഥമായ 75 ചെറുദ്വീപുകളും ചേർന്ന പ്രവിശ്യയും ഇതേ പേരിൽ അറിയപ്പെടുന്നു. താഗ്ബിലാരാൻ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. 4117 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തീർണ്ണവും 261 കിലോമീറ്റർ തീരദൈർഘ്യവുമുള്ള ബൊഹോൾ, ഫിലിപ്പീൻ ദ്വീപുകൾക്കിടയിൽ വലിപ്പത്തിൽ പത്താമത്തേതാണ്.[1] പടിഞ്ഞാറ് സെബൂ, വടക്കു-കിഴക്ക് ലെയ്റ്റെ, തെക്ക് മിന്ദനാവോ എന്നിവ ബൊഹോളിന്റെ അയൽദ്വീപുകളാണ്.[2]

ഭൂപ്രകൃതിയും മറ്റും[തിരുത്തുക]

ബൊഹോളിലെ ചോക്ലേറ്റ് കുന്നുകൾ

കടലോരങ്ങളും, ഭൂപ്രകൃതിയുടെ മറ്റു പ്രത്യേകതകളും ബൊഹോളിലെക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ചോക്ലേറ്റ് ഹിൽസ് (chocolate hills) എന്നറിയപ്പെടുന്ന ചുണ്ണാമ്പുകല്ലിൻകുന്നുകളാണ് ഇവിടത്തെ കൗതുകങ്ങളിലൊന്ന്. ഭൂമിയിൽ തന്നെ ഉയർന്ന സ്ഥാനങ്ങളിൽ നിന്നോ, വിമാനസഞ്ചാരം വഴിയോ അവ കാണാനാകും. തെക്കൻ ബൊഹോളിലെ കടലോരങ്ങളിൽ ചിലത് ലോകത്തെമ്പാടുമുള്ള ഡൈവിങ് കുതുകികളെ ആകർഷിക്കുന്നു. താഗ്ബിലാരാൻ നഗരത്തിനു തെക്കുപടിഞ്ഞാറുള്ള പംഗ്ലാവോ ദ്വീപിലെ കടലോരങ്ങളാണ് ഡൈവിങ് സ്ഥാനങ്ങളിൽ പ്രധാനം. വലിപ്പക്കുറവിൽ രണ്ടാം സ്ഥാനമുള്ള വാനരവർഗ്ഗജീവി (Primate) ടാർസിയർ (Tarsier) ഈ ദ്വീപിലെ കൗതുകങ്ങളിലൊന്നാണ്.

ബൊഹോൾ ദ്വീപിലെ ടാർസിയർ

ബൊഹോളിനും അയൽദ്വീപായ സെബൂവിനുമിടയിൽ വീതികുറഞ്ഞ ഒരു കടലിടുക്കേയുള്ളു. സെബുവാനോ എന്ന ഏക ഭാഷയാണ് ഇരുദ്വീപുകളിലും സംസാരിക്കുന്നത്. എങ്കിലും ബൊഹോളാനോകൾ സെബുവാനോകളുടേതിൽ നിന്നു വ്യതിരിക്തമായ സ്വത്വബോധം പുലർത്തുന്നു. ബൊഹോളിലെ കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ജൂൺ, ഒക്ടോബർ മാസങ്ങൾക്കിടയിലാണ് അധികവും മഴയുള്ളത്. ഉൾപ്രദേശങ്ങൾ തീരപ്രദേശങ്ങളേക്കാൾ ശീതളമാണ്.

ചരിത്രം[തിരുത്തുക]

1595-ലെ ബോക്സർ കോഡക്സിൽ പിന്റാഡോകളുടെ ചിത്രം

ഫിലിപ്പീൻസിലെ മറ്റു ദ്വീപുകളിലേപ്പോലെ ആസ്ട്രലോയ്ഡ് വർഗ്ഗത്തിൽപെട്ടവരിലൂടെയാണ് ഇവിടേയും മനുഷ്യവാസം തുടങ്ങിയത്. ദ്വീപിൽ ഇപ്പോഴുള്ള എസ്കയാ വർഗ്ഗക്കാർ ഈ ആദിവാസികളുടെ പിന്തുടർച്ചക്കാരാണ്. പിന്നീട് ഇവിടേക്കുണ്ടായ മലയോ-പോളിനേഷ്യൻ കുടിയേറ്റം ഇവരിൽ ഒരു വിഭാഗത്തെ ഉൾച്ചേർക്കുകയും അവശേഷിച്ചവരെ ന്യൂനപക്ഷമാക്കുകയും ചെയ്തു. പുതിയ കുടിയേറ്റക്കാർ പിന്റാഡോകൾ അഥവാ പച്ചകുത്തിയവർ (Tattooed ones) എന്നറിയപ്പെട്ടു.

പ്രമാണം:Blood Compact Bohol.jpg
ബൊഹോളിന്റെ തലസ്ഥാനമായ താഗ്ബിലാരാൻ നഗരത്തിലെ രക്തസന്ധിയുടെ സ്മാരകം

ആദിമകാലം മുതലേ, ചൈനയും ബോർണിയോയും ഉൾപ്പെടെയുള്ള പുറംനാടുകളുമായി ബൊഹോളാനോകൾ വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 15-16 നൂറ്റാണ്ടുകളിൽ യൂറോപ്യന്മാർ ഇവിടെയെത്തിയപ്പോൾ, ഈ ആദിമസമൂഹം താരതമ്യേന ഉയർന്ന സാമൂഹ്യ-സാംസ്കാരികനിലവാരം പുലർത്തിയിരുന്നതായി പറയപ്പെടുന്നു. ഫിലിപ്പീൻസിലെ സ്പാനിഷ് കോളനീകരണത്തിന്റെ പ്രാരംഭകരിൽ പ്രധാനിയായ മിഗയൂൽ ലോപ്പസ് ലെഗാസ്പിയുടെ കപ്പൽക്കൂട്ടം 1565-ൽ ബൊഹോളിലെത്തി.

പോർത്തുഗീസുകാരെപ്പോലുള്ള യൂറോപ്യൻ സന്ദർശകരിൽ നിന്നു മുൻകാലങ്ങളിൽ ലഭിച്ച അനുഭവങ്ങളുടെ തിക്തത ഓർമ്മിച്ചിരുന്ന നാട്ടുകാർ ലെഗാസ്പിയുടെ സംഘത്തെ സംശയത്തോടെ വീക്ഷിച്ചു. ഈ മുൻവിധിയെ നയതന്ത്രജ്ഞതയോടെ കൈകാര്യം ചെയ്ത ലെഗാസ്പി, ബൊഹോളിലെ അന്നത്തെ ഭരണാധികാരി ദാത്തു സിക്കത്തൂനായുമായി 1565 മാർച്ച് 16-ന് ചരിത്രപ്രസിദ്ധമായ ഒരു രക്തസന്ധിയിൽ (Blood Compact) ഏർപ്പെട്ടു. ലെഗാസ്പിയും സിക്കത്തൂണയും തങ്ങളുടെ വിരലുകൾ[൧] മുറിച്ചെടുത്ത ചോര ഒരു പാനപാത്രത്തിലെ വീഞ്ഞിൽ കലർത്തി പങ്കിട്ടു കുടിച്ച് 'രക്തസഹോദരന്മാർ' (Blood Brothers) ആയ സംഭവമാണിത്. ഫിലിപ്പിനോകൾക്കിടയിൽ ഈ സന്ധി ഏകരക്തം എന്നർത്ഥമുള്ള 'സാന്തുഗോ' എന്ന പേരിൽ അറിയപ്പെടുന്നു. ഫിലിപ്പിൻ ജനതയും യൂറോപ്യന്മാരുമായുള്ള ആദ്യത്തെ സന്ധിയായിരുന്നു ഇത്.[3]

ആധുനികകാലം[തിരുത്തുക]

1957 മുതൽ 1961 വരെ ഫിലിപ്പീൻസിന്റെ എട്ടാമത്തെ രാഷ്ട്രപതി ആയിരുന്ന കാർളോസ് പി. ഗ്രാസിയാ ബൊഹോളാനോ ആയിരുന്നു. ബൊഹോളിലെ താലിബോനിലാണ് അദ്ദേഹം ജനിച്ചത്.

2013 ഒക്ടോബർ 15-ന് മദ്ധ്യഫിലിപ്പീൻസിലുണ്ടായ വലിയ ഭൂകമ്പം ബൊഹോളിനെ പിടിച്ചു കുലുക്കി. ദ്വീപിലെ സഗ്ബയാൻ നഗരത്തിൽ നിന്ന് 6 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ കേന്ദ്രസ്ഥാനം. ഒട്ടേറെ മനുഷ്യർക്കു ജീവഹാനിയും പരിക്കും മറ്റു നാശനഷ്ടങ്ങളും വരുത്തിയ ഈ ഭൂകമ്പം, ബൊഹോളിന്റെ ചരിത്രപൈതൃകത്തേയും ബാധിച്ചു. ബക്ലായാൻ, ലൊബോക്ക്, ലൂൺ, മരിബോജോക്, ലൊയേ, ദിമിയാവോ എന്നിവിടങ്ങളിലെ പുരാതനദേവാലയങ്ങൾക്ക് ഭൂകമ്പത്തിൽ തകർച്ചയോ കേടുപാടുകളോ സംഭവിച്ചു.[4]

കുറിപ്പുകൾ[തിരുത്തുക]

^ ലെഗാസ്പിയും സിക്കത്തൂനയും ഈ ഉടമ്പടിയിൽ ഉപയോഗിച്ചത് വിരലിലെ രക്തമാണെന്ന ധാരണ തെറ്റാണെന്ന് ഫിലിപ്പീൻസിലെ ചരിത്രകാരൻ അംബെത്ത് ഒക്കാമ്പോ വാദിക്കുന്നു. ഇരുവരുടേയും നെഞ്ചിനു തൊട്ടു താഴെ ഒരോ ചെറിയ മുറിവുണ്ടാക്കിയെടുത്ത രക്തമാണ് ("with a small incision slightly below the breast of each participant") ഉപയോഗിച്ചതെന്ന് അദ്ദേഹം കരുതുന്നു.[5]

അവലംബം[തിരുത്തുക]

  1. ബൊഹോൾ പ്രവിശ്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, History of Bohol
  2. Geography of Hohol: Bohol, Philippines, God's Little Paradise
  3. Your Guide to Bohol, Blood Compact Commommerative Shrine (പുറം 17)
  4. Faith in the Midst of Ruins 2013 ഒക്ടോബർ 17-ന് ഇൻക്വയറർ ദിനപത്രത്തിൽ വന്ന വാർത്ത
  5. Ambeth R Occampo, "Bohol and the Blood Compact" 2013 ഒക്ടോബർ 18-ൽ ഇൻക്വയറർ ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം
"https://ml.wikipedia.org/w/index.php?title=ബൊഹോൾ&oldid=3781091" എന്ന താളിൽനിന്ന് ശേഖരിച്ചത്