Jump to content

ബൂമറാങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സാധാരണ തിരിച്ചുവരുന്ന ബൂമറാങ്ങ്.
ഇടതുവശത്ത് കൂടി എറിയുന്ന ബൂമറാങിന്റെ പാത

കളിക്കോപ്പായും ആയുധമായും ഉപയോഗിക്കുന്ന വളഞ്ഞ ആകൃതിയിലുള്ള മരത്തിന്റെ കഷ്ണമാണ്‌ ബൂമറാങ്ങ്. ദേശങ്ങൾ, ഗോത്രങ്ങൾ, ഉപയോഗം എന്നിവക്കനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള ബൂമറാങ്ങുകളുണ്ട്. ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് തിരിച്ചുവരുന്ന ബൂമറാങ്ങാണ്‌. എറിഞ്ഞാൽ ഒരു ദീർഘവൃത്താകൃതിയുള്ള പാതയിൽ കൂടി സഞ്ചരിച്ച് എറിഞ്ഞ ഇടത്തേക്കുതന്നെ തിരിച്ചു വരുന്ന രീതിയിലുള്ള മരത്തിന്റെ നിർമ്മിതിയാണിത്. തിരിച്ചുവരാത്ത ബൂമറാങ്ങുകൾ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പ്രധാനമായും വിനോദത്തിനും സമയം പോക്കിനുമായാണ് ഉപയോഗിച്ചിരുന്നത്. ആധുനിക തിരിച്ചുവരുന്ന ബൂമറാങ്ങുകൾ പല വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്ത വസ്തുക്കൾക്കൊണ്ട് നിർമ്മിക്കപ്പെട്ടും കാണപ്പെടുന്നു.


പുരാത ഈജിപ്തുകാർ, കാലിഫോർണിയയിലേയും അരിസോണയിലേയും അമേരിക്കൻ വംശം, തെക്കേ ഇന്ത്യയിൽ അധിവസിച്ചിരുന്നവർ എന്നിവരെല്ലാം പക്ഷികളേയും മുയലുകളേയും വേട്ടയാടാനായി തിരിച്ചുവരാത്ത ബൂമറാങ്ങുകൾ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിൽ കാണാവുന്നതാണ്‌.[1] കൂടാതെ ചില ബൂമറാങ്ങുകൾ എറിയപ്പെടാറുമില്ല, ആസ്ട്രേലിയൻ വർഗ്ഗക്കാർ അവർ അടുത്തടുത്തായുള്ള പോരാട്ടങ്ങൾക്കാണുപയോഗിച്ചിരുന്നത്.[2]

പ്രത്യേകതകൾ

[തിരുത്തുക]

വേട്ടയാടാനുള്ള ആയുധം, സംഗീതോപകരണങ്ങളിൽ കൊട്ടുവാൻ, കളിയുദ്ധങ്ങളിൽ, കളിക്കോപ്പ് എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്ക് ബൂമറാങ്ങ് ഉപയോഗിക്കാവുന്നതാണ്‌. ഏറ്റവും ചെറിയ ബൂമറാങ്ങിന്റെ വലിപ്പം ഒരറ്റം മുതൽ മറ്റേ അറ്റം വരെ 10 സെ.മീറ്ററിൽ ചെറുതും ഏറ്റവും വലുതിന് 2 മീറ്ററിൽ കൂടുതൽ നീളവുമുണ്ടാകും.[3] ഗോത്രവർഗ്ഗക്കാർ ഉപയോഗിക്കുന്ന ബൂമറാങ്ങുകൾ അത് നിർമ്മിക്കുന്ന ആൾ വ്യത്യസ്ത അർത്ഥങ്ങളുള്ള ചിത്രപ്പണികൾ അതിൽ കോറിയിടാറുണ്ട്. ഏതൊക്കെ വേട്ടയാടാൻ അനുയോജ്യം എന്ന നിലയിലും അതത് ജീവികളുടെ ചിത്രം കോറിയിടാറുണ്ട്. ഇന്ന് നിലവിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ബൂമറാങ്ങുകളും വിനോദയാത്രികർ ഉപയോഗിക്കുന്നതോ മൽസരങ്ങൾക്കുള്ളതോ ആയ തിരിച്ചുവരുന്ന രീതിയിലുള്ളതിന്റെ വ്യത്യസ്ത വകഭേദങ്ങളാണ്‌.

മാന്ത്രിക ശക്തിയുണ്ടോ?

[തിരുത്തുക]

പ്രാകൃത മനുഷ്യൻ ഉണ്ടാക്കിയെടുത്ത ഈ മരായുധമെന്ന അത്ഭുതയന്ത്രം വളരെ കാലത്തേക്ക് ശാസ്ത്രജ്ഞന്മാരെപ്പോലും അതിശയിപ്പിച്ചിരുന്നു. കാഴ്ചയിൽ വളരെ ലഘുവായ മരം കൊണ്ട് നിർമ്മിക്കുന്ന ബൂമറാങ്ങ് മൃഗങ്ങൾക്ക് നേരെ പ്രയോഗിക്കുന്നതിനേക്കാൾ പറവകളെ എയ്യാനായിരുന്നു ഉപയോഗിച്ചിരുന്നത്. ബൂമറാങ്ങിന്റെ സഞ്ചാര രീതി കണ്ട് പേടിക്കുന്ന പക്ഷികൾ താഴ്ന്നുപറക്കുമ്പോൾ വലയെറിഞ്ഞോ മരത്തടിയെറിഞ്ഞോ വീഴുകയും പതിവുണ്ടായിരുന്നു. ബൂമറാങ്ങിന് എന്തോ മാത്രികശക്തിയുണ്ടായിരുന്നു എന്നുപോലും അന്നുള്ളവർ വിശ്വസിച്ചിരുന്നു. മറ്റൊരു സവിശേഷതകൂടി ഇതിനുണ്ട്-ഇരുപതിനായിരം വർഷങ്ങൽക്കിപ്പുറവും ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത് നിലനിൽക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Boomerang". Encyclopædia Britannica. Encyclopædia Britannica Online. Retrieved 2009-01-25.
  2. Battle Boomerangs
  3. Ted Bailey. "Worlds Largest Boomerang". www.flight-toys.com. Retrieved 2008-10-17.
"https://ml.wikipedia.org/w/index.php?title=ബൂമറാങ്ങ്&oldid=3590109" എന്ന താളിൽനിന്ന് ശേഖരിച്ചത്