Jump to content

ബലൂൺ മോഡലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓസ്ട്രിയയിലെ വിയന്നയിലെ ഒരു തെരുവിൽ ഒരു ബലൂൺ ട്വിസ്റ്റിങ് കലാകാരൻ

പ്രത്യേക തരം ബലൂണുകൾ മടക്കിയും തിരിച്ചും മൃഗങ്ങളുടെയും മറ്റു വസ്തുക്കളുടെയും ആകൃതിയിൽ ആക്കി എടുക്കുന്ന കലയാണ് ബലൂൺ മോഡലിംഗ് അഥവാ ബലൂൺ ട്വിസ്റ്റിങ്. ഇത്തരം പ്രവൃത്തിയിൽ പ്രാവീണ്യമുള്ളവരെ ട്വിസ്റ്റർ'മാർ അഥവാ ബലൂൺ ബെൻഡർ'മാർ അഥവാ ബലൂൺ കലാകാരന്മാർ എന്നു വിളിയ്ക്കുന്നു. ഇവർ സാധാരണയായി റെസ്റ്റോറന്റുകളിലോ ജന്മദിന ആഘോഷങ്ങളിലോ മേളകളിലോ അല്ലെങ്കിൽ തെരുവുകളിലോ തങ്ങളുടെ മോഡലിംഗ് കഴിവുകൾ പ്രദർശിപ്പിയ്ക്കുന്നു.

ഇത്തരം മോഡലിംഗ് "ഒറ്റ ബലൂൺ മോഡലിംഗ്" (ഒരു ബലൂൺ മാത്രം ഉപയോഗിച്ച്) അല്ലെങ്കിൽ "കൂട്ട ബലൂൺ മോഡലിംഗ്" (ഒന്നിലധികം എണ്ണം ഉപയോഗിച്ച്) എന്നിവയിൽ ഏതെങ്കിലും ഒന്ന് ആകാം. ഓരോ രീതിയ്ക്കും അതിന്റേതായ വെല്ലുവിളികളും കഴിവുകളും ഉണ്ട്. തുടക്കക്കാർ ചിലപ്പോൾ ഒരു രീതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കാറാണ് പതിവ്. എന്നാൽ ഇതിൽ കൂടുതൽ അനുഭവസമ്പത്ത് നേടുംതോറും കലാകാരന്മാർ സാധാരണയായി രണ്ടു രീതിയിലും ഒരേ പോലെ പ്രാവീണ്യം നേടാനാണ് ശ്രമിയ്ക്കുന്നു. ആവശ്യത്തിനനുസരിച്ച് ഇവർ ഒന്നോ അതിലധികമോ എണ്ണം ബലൂണുകൾ ഉപയോഗിച്ച് മോഡലുകൾ ഉണ്ടാക്കുന്നു. ചില അവസരങ്ങളിൽ ബലൂണുകൾ പരസ്പരം മെടഞ്ഞുചേർത്ത മോഡലുകളും ഉണ്ടാക്കിയെടുക്കാറുണ്ട്. ബലൂൺ മോഡലിംഗിൽ ഉപയോഗിയ്ക്കുന്ന വിദ്യകൾ ഇക്കാലത്ത് വളരെ സങ്കീർണമായിത്തീർന്നിട്ടുണ്ട്. ഈ വിദ്യകളെയും ഉണ്ടായി വരുന്ന മോഡലുകളെയും വിവരിയ്ക്കാൻ പ്രത്യേക പദങ്ങളും പ്രചാരത്തിൽ വന്നിട്ടുണ്ട്.

ചില ട്വിസ്റ്റർമാർ തങ്ങളുടെ ശ്വാസം ഉപയോഗിച്ച് ഇതിനാവശ്യമായ ബലൂണുകൾ ഊതിവീർപ്പിയ്ക്കുന്നു. ആദ്യകാലങ്ങളിൽ ഇങ്ങനെ ഊതിവീർപ്പിയ്ക്കുന്ന ബലൂണുകൾ മാത്രമാണ് ട്വിസ്റ്റിങ്ങിന് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈയിടെയായി പമ്പുകൾ ഉപയോഗിച്ച് ബലൂണുകൾ വീർപ്പിയ്ക്കുന്ന രീതിയും പ്രചാരത്തിലായിട്ടുണ്ട്. ഇത് കൈ കൊണ്ട് പ്രവർത്തിപ്പിയ്ക്കുന്ന പമ്പോ, അല്ലെങ്കിൽ ബാറ്ററിയിലോ വൈദ്യുതിയിലോ പ്രവർത്തിയ്ക്കുന്ന പമ്പോ ആകാം. മറ്റൊരു രീതി വായുവോ നൈട്രജനോ ഉയർന്ന മർദ്ദത്തിൽ നിറച്ചിട്ടുള്ള ഒരു ഒരു ടാങ്കിൽ നിന്നും ബലൂണിലേയ്ക്ക് നേരിട്ട് വായു നിറയ്ക്കുന്ന രീതിയാണ്. ഈ സൃഷ്ടികൾ പറത്തിവിടേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഇത്തരം ബലൂണുകളിൽ ഹീലിയം നിറയ്ക്കാറില്ല. അതു മാത്രമല്ല ഇത്തരം കലാവിദ്യക്ക് ഉപയോഗിയ്ക്കുന്ന ബലൂണുകളിൽ ഹീലിയം തങ്ങി നിൽക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം ബലൂണുകൾക്ക് സാധാരണയായി അവയിൽ നിറയ്ക്കാൻ സാധിയ്ക്കുന്നു ഹീലിയത്തിന് ഉയർത്താൻ സാധിയ്ക്കുന്നതിനേക്കാൾ ഭാരം കൂടുതലുമാണ്.

ഉത്ഭവം[തിരുത്തുക]

പ്രമാണം:Herman Bonnert "Balloon Tricks".jpg
ഹെർമൻ ജെ.ബൊന്നെർട്ട് 1934 ൽ ഒരു മാജിക് കൺവെൻഷനിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിയ്ക്കുന്നു.

ഈ കലാരൂപത്തിന്റെ ഉറവിടത്തെപ്പറ്റി വ്യക്തമായ തെളിവുകൾ ഇല്ല. 1975 ൽ പ്രസിദ്ധീകരിച്ച "ജോളി ദി ക്ലൗൺ" എന്ന പുസ്തകത്തിൽ അതിന്റെ ഗ്രന്ഥകാരൻ, പെട്രിയുടെ അഭിപ്രായപ്രകാരം 1939 ൽ പെൻസിൽവാനിയയിൽ നടന്ന മജീഷ്യൻമാരുടെ ഒരു സമ്മേളനത്തിൽ ഹെർമൻ ജെ.ബൊന്നെർട്ട് ആണ് ആദ്യമായി ബലൂൺ ട്വിസ്റ്റിങ് അവതരിപ്പിച്ചത്.[1] പെൻസിൽവാനിയയിലെ സ്ക്രാൻടൺ'ലെ എച്. ജെ. ബൊന്നെർട്ട് ആണ് "ഈ വിദ്യയുടെ ഉസ്താദ്" എന്ന് വാൽ ആൻഡ്രൂസ് തന്റെ മാന്വൽ ഓഫ് ബലൂൺ മോഡലിംഗ്, വോളിയം 1, ആൻ എൻസൈക്ലോപീഡിക് സീരീസ് എന്ന തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.[2] ജിം ചർച്ച് III എഴുതുന്നു : "ഒഹായോയിലെ യങ്സ്ടൗണിലെ ഫ്രാങ്ക് സാകോൺ ഇത് 1940 ൽ ചെയ്തിട്ടുണ്ട്, അതു മാത്രമല്ല അദ്ദേഹം ഇത് ഏറെ നാളായി ചെയ്തുകൊണ്ടിരുന്നതുമാണ്". ഹെൻറി മാർ ആണ് ഇത് തുടങ്ങിവെച്ചിരിയ്ക്കാൻ സാധ്യതയുള്ള മറ്റൊരാൾ.[3]

ആവശ്യമുള്ള സാമഗ്രികൾ[തിരുത്തുക]

"360" ബലൂണുകൾ കൂട്ടിചേർത്തുണ്ടാക്കിയ സ്മർഫ് പാരഡി തൊപ്പികൾ.

ബലൂൺ ട്വിസ്റ്റിങ്ങിന് അത്യാവശ്യമായി രണ്ടു സാമഗ്രികൾ വേണം:

 • പലവർണ്ണത്തിലും തരത്തിലുമുള്ള ബലൂണുകൾ . സാധാരണയായി ഓരോ സൈസ് ബലൂണിനും ഓരോ നമ്പർ ഉണ്ട്. ട്വിസ്റ്റിങ്ങിന് ഉപയോഗിയ്ക്കുന്ന ബലൂണുകളുടെ സാധാരണ സൈസ് "260" ആണ്. ഇതിന്റെ അർഥം ഇത്തരം ബലൂണുകൾക്ക് രണ്ടിഞ്ച് വ്യാസവും 60 ഇഞ്ച് നീളവും ഉണ്ട് എന്നാണ്. അതായത് "260" എന്നത് മുഴുവനായി വീർപ്പിച്ചാൽ 2×60 ഇഞ്ചുകളും "160" എന്നത് മുഴുവനായി വീർപ്പിച്ചാൽ 1×60 ഇഞ്ചുകളും ആണ്. ഇതു രണ്ടുമാണ് പ്രചാരത്തിലുള്ള പ്രധാന സൈസുകൾ എങ്കിലും ഡസൻ കണക്കിന് മറ്റു സൈസുകളിലുള്ള ബലൂണുകളും ട്വിസ്റ്റിങ്ങിന് ഉപയോഗിയ്ക്കാറുണ്ട്.
 • ബലൂൺ വീർപ്പിയ്ക്കാനുള്ള ഒരുപകരണം. വായ് കൊണ്ട് ഊതി വീർപ്പിയ്ക്കുന്നതിനു പുറമെ സൈക്കിൾ എയർ പമ്പുകൾ, ഉയർന്ന മർദ്ദത്തിൽ വായു സൂക്ഷിച്ചിട്ടുള്ള കംപ്രസറുകൾ തുടങ്ങിയവ ഇതിന് ഉപയോഗിയ്ക്കാം. വായ് കൊണ്ട് ഊതിവീർപ്പിയ്ക്കുക എന്നത് പ്രയാസമുള്ളതും അപകടകരവുമാണ്. ഇതിൽ വിദഗ്ദ്ധരായ ആളുകൾ ചിലപ്പോൾ പല ബലൂണുകൾ ഒന്നിച്ച് ഊതി വീർപ്പിച്ചേക്കാം. ഇവർക്ക് ചിലപ്പോൾ "160" ബലൂണുകളും ഊതി വീർപ്പിയ്ക്കാൻ സാധിയ്ക്കും. 160 ന് 260 നേക്കാൾ വ്യാസം കുറവായതിനാൽ ഇത് ഊതിവീർപ്പിയ്ക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്.
2018 ലെ സെന്റ് പാട്രിക് ദിനത്തിൽ ബോസ്റ്റണിൽ നടന്ന പരേഡിൽ പ്രദർശിപ്പിയ്ക്കപ്പെട്ട മനുഷ്യന്റെ ഉയരത്തിലുള്ള ബലൂൺ മോഡൽ

സാധാരണ ഉണ്ടാക്കുന്ന രൂപങ്ങൾ[തിരുത്തുക]

ഒറ്റബലൂൺ ഉപയോഗിച്ച്[തിരുത്തുക]

 • നാലു കാലുള്ള ഏതെങ്കിലും മൃഗത്തിന്റെ രൂപം: ഇതിന് മൂന്ന് ലോക്കിംഗ് ട്വിസ്റ്റുകൾ വേണം . ആദ്യത്തെ ട്വിസ്റ്റിൽ മൂക്ക്, കണ്ണുകൾ/മുഖം, കഴുത്ത് എന്നിവ രൂപം കൊള്ളുന്നു, രണ്ടാമത്തേതിൽ ശരീരവും മുൻകാലുകളും ഉണ്ടാകുന്നു, അവസാനത്തേതിൽ പിൻകാലുകളും വാലും രൂപം കൊള്ളുന്നു. ഓരോ ട്വിസ്റ്റിലും ഉപയോഗിയ്ക്കുന്ന ബലൂണിന്റെ ഭാഗത്തിന്റെ നീളം വ്യത്യാസപ്പെടുത്തി ജിറാഫ്, ഡാഷ്ഹുൻഡ് നായ അങ്ങനെ വ്യത്യസ്ത തരം ജന്തുക്കളെ ഉണ്ടാക്കിയെടുക്കാം.
 • ആന: ഹുക് ട്വിസ്റ്റ് ചെയ്ത് ഒരു തുമ്പിക്കൈയും തുടർന്ന് ഒരു ബീൻ ട്വിസ്റ്റ് ചെയ്ത് മുഖവും പിന്നെ രണ്ട് ആനച്ചെവി ട്വിസ്റ്റുകളും അവസാനമായി മേൽപ്പറഞ്ഞ പോലെ രണ്ടു ലോക്കിംഗ് ട്വിസ്റ്റുകളിലൂടെ ശരീരവും കാലുകളും ഉണ്ടാക്കിയെടുക്കാം.
 • കുരങ്
 • കരടി
 • ഹെൽമെറ്റ്: ഒരു മനുഷ്യന്റെ തല കടക്കാൻ പാകത്തിൽ മൂന്ന് കുമിളകൾ ഉരുട്ടി എടുത്ത് ഹെൽമെറ്റ് ഉണ്ടാക്കിയെടുക്കാം.
 • വാൾ

പല ബലൂണുകൾ ഉപയോഗിച്ച്[തിരുത്തുക]

 • വിവിധ കഥാപാത്രങ്ങൾ
 • പനയിലോ തെങ്ങിലോ കിടന്നാടുന്ന കുരങ്
 • പെൻഗ്വിൻ
 • വലിയ നായ
 • ഹൃദയത്തിന്റെ രൂപത്തിന്മേൽ ഉള്ള ഒരു കരടി
 • നീരാളി
 • പുഷ്പങ്ങൾ
 • മുഖത്തണിയാനുള്ള മാസ്ക്
 • ആമ

അവലംബങ്ങൾ[തിരുത്തുക]

 1. Dewey, Ralph. Balloon History BalloonHQ Column. Accessed 10/5/07
 2. Andrew, Val. Manual of Balloon Modeling, Vol. 1, An Encyclopedic Series 1981, Magico Magazine, NYC quoted on Balloon History BalloonHQ. Accessed 10/5/07
 3. Maar, Joseph.The Story of Henry Maar Archived 2007-09-30 at the Wayback Machine. TMyers.com 6/20/06 Accessed 10/5/07
"https://ml.wikipedia.org/w/index.php?title=ബലൂൺ_മോഡലിംഗ്&oldid=3086458" എന്ന താളിൽനിന്ന് ശേഖരിച്ചത്