ബബാത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബബാത്തയ്ക്കു പിതാവിൽ നിന്നു ജന്മാവകാശം കിട്ടിയ 4 ഈന്തപ്പനത്തോട്ടങ്ങളുടെ ആധാരരേഖ

റോമൻ അറേബ്യയിൽ പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു യഹൂദവനിതയാണു ബബാത്ത. ബബാത്തയുടെ ജീവിതവുമായി ബന്ധപ്പെട്ട പപ്പൈറസ് രേഖകളുടെ ഒരു ശേഖരം ചാവുകടൽ തീരത്ത് നഹാൽ ഹെവറിലെ "കത്തുകളുടെ ഗുഹയിൽ" (Cave of Letters), 1960-ൽ കണ്ടുകിട്ടി. ആധുനിക ജോർദ്ദാനിൽപെടുന്ന തുറമുഖപട്ടണമായ മവോസയിൽ ഒന്നും-രണ്ടും നൂറ്റാണ്ടുകളുടെ സന്ധിയോടടുത്തെങ്ങോ ജനിച്ച ബബാത്ത, 132-135-ൽ സൈമൺ ബാർ കൊഖബയുടെ നേതൃത്വത്തിൽ റോമിനെതിരെ യഹൂദർ നടത്തിയ രണ്ടാം കലാപത്തിന്റെ തുടക്കത്തിൽ ഈ ഗുഹയിൽ അഭയം തേടുകയും കലാപകാലത്തു മരിക്കുകയും ചെയ്തെന്നാണ് കരുതപ്പെടുന്നത്. കലാപകാരികൾക്കൊപ്പം ഗുഹയിൽ ഒളിച്ചുകഴിഞ്ഞ ബബാത്ത കല്ലുകൾക്കിടെ സൂക്ഷിച്ച ഈ രേഖാസഞ്ചയം 18 നൂറ്റാണ്ടുകൾക്കു ശേഷം കണ്ടെത്തിയത് ഇസ്രയേലി പുരാവിജ്ഞാനി യിഗായേൽ യാദിൻ ആണ്.[1] വില്പത്രങ്ങളും, ഭൂവുടമസ്ഥതാപ്രമാണങ്ങളും, വിവാഹഉടമ്പടികളും (കെത്തുബ്ബാ), വ്യവഹാരാപേക്ഷകളും ഉൾപ്പെടെയുള്ള ഈ രേഖകൾ രണ്ടാം നൂറ്റാണ്ടിലെ യഹൂദസമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന നിലയെക്കുറിച്ച് വിലപ്പെട്ട അറിവുകൾ നൽകുന്നു. സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനായി വ്യാവഹാരികവും പ്രായോഗികവുമായ സമസ്തമാർഗ്ഗങ്ങളും അവലംബിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ്, ഈ രേഖകളിൽ തെളിയുന്നത്.[2] ഗ്രീക്ക്, അരമായ, നബാത്തിയൻ ഭാഷകളിലാണ് ഈ രേഖകൾ എഴുതപ്പെട്ടിരിക്കുന്നത്.[3][4]

ജീവിതം[തിരുത്തുക]

ജനനം, ആദ്യവിവാഹം[തിരുത്തുക]

ബബാത്തയ്ക്ക് കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നതായി രേഖകളിൽ സൂചനയില്ല. മാതാപിതാക്കളുടെ ഏകസന്താനമായി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അവൾ ജനിച്ചിരിക്കാം. മഹോസയിലെ ഭൂവുടമ ശിമോനും മെനാഹെമിന്റെ മകൾ മിര്യാമുമായിരുന്നു മാതാപിതാക്കൾ. പിതാവ് ശിമയോൻ വില്പത്രത്തിൽ, ഭാര്യയെ മഹോസയിലെ തന്റെ ഈന്തപ്പനന്തോട്ടങ്ങളുടെ ആദ്യാവകാശിയും ബബാത്തയെ ഭാര്യയുടെ കാലശേഷമുള്ള രണ്ടാം അവകാശിയുമാക്കി. ശിമയോന്റെ മരണത്തെ തുടർന്ന് പൊതുവർഷം 120-ൽ തോട്ടങ്ങൾ ബബാത്തയുടെ ഉടമസ്ഥതയിലായി. അവളുടെ ആദ്യവിവാഹം എന്നു നടന്നു എന്നു വ്യക്തമല്ല. ജോഷ്വാ എന്നായിരുന്നു ആദ്യഭർത്താവിന്റെ പേര്. അവർക്ക് ജോഷ്വ എന്നു തന്നെ പേരുള്ള ഒരാൺകുട്ടി ജനിച്ചതിനെ തുടർന്ന് പൊതുവർഷം 124-നകം ആദ്യഭർത്താവു മരിച്ചു. ബബാത്തയുടെ ജന്മദേശമായ മഹോസ, നേരത്തേ പെട്ര തലസ്ഥാനമായിരുന്ന സ്വതന്ത്രനബാത്തിയൻ രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പൊതുവർഷം 106-ൽ റോമൻ ചക്രവർത്തി ട്രാജൻ നബാത്തിയ പിടിച്ചെടുത്തതോടെ അവിടം റോമൻ അറേബ്യയുടെ ഭാഗമായി. ബബാത്തയുടെ ആദ്യഭർത്താവിന്റെ മരണത്തെ തുടർന്ന് പെട്രായിലെ റോമൻ കൊടതി രണ്ടുപേരെ അവരുടെ മകൻ ജോഷ്വായുടെ രക്ഷാകർത്തക്കളായി നിയമിച്ചു. ആദ്യഭർത്താവിന്റെ ഭൂസ്വത്തിന്റെ കാര്യസ്ഥതയും ഈ രക്ഷാകർത്തക്കൾക്കായിരുന്നു. എന്നാൽ അവർ കുട്ടിയുടെ ചെലവിനുവേണ്ട വരുമാനം കിട്ടുമാറ് സ്വത്തുക്കൾ നോക്കി നടത്തുന്നില്ല എന്നു കരുതിയ ബബാത്ത, സ്വത്തുക്കളുടെ അവകാശത്തിനു വേണ്ടി വ്യവഹാരം നടത്തി.

രണ്ടാം വിവാഹം[തിരുത്തുക]

ഇതിനിടെ 125-ൽ ബബാത്ത, യൂദയായിലെ എൻഗെദിയിൽ മൂന്ന് ഈന്തപ്പനന്തോട്ടങ്ങളുടെ ഉടമായായിരുന്ന യൂദായുടെ രണ്ടാം ഭാര്യയായി. യൂദായുടെ ആദ്യഭാര്യ മിറിയം എൻഗെദിയിൽ അപ്പോഴും ജീവിച്ചിരുന്നു. ആദ്യഭാര്യയിൽ അയാൾക്ക് വിവഹപ്രായമെത്തിയ ഷെലാംസിയോൺ എന്ന മകളും ഉണ്ടായിരുന്നു. അക്കാലത്ത് യഹൂദസമൂഹത്തിൽ ബഹുഭാര്യത്വം അനുവദനീയമായിരുന്നെങ്കിലും രണ്ടാം വിവാഹത്തിനുശേഷം ബബാത്ത എൻഗെദിയിൽ യൂദായുടെ വീട്ടിൽ ആദ്യഭാര്യക്കൊപ്പം ജീവിച്ചിരുന്നൊ എന്നു വ്യക്തമല്ല. രണ്ടാം ഭർത്താവുമായുള്ള ബബാത്തയുടെ ബന്ധത്തിൽ തികഞ്ഞ സാമ്പത്തികതുല്യതയും സഹകരണവും പ്രകടമാകുന്നു. മഹോസയിലെ തന്റെ സ്വത്തുക്കളുടെ വിവരങ്ങൾ റോമൻ അറേബ്യയിലെ കാനേഷുമാരി അധികാരികൾക്ക് സമർപ്പിക്കാനായി മൊവാബിലെ റബ്ബാത്തിലേക്ക് ബബാത്ത പോയത് രണ്ടാംഭർത്താവിനൊപ്പമാണ്. ആദ്യഭാര്യയിൽ പിറന്ന മകൾ ഷെലാംസിയോണിന്റെ വിവാഹച്ചെലവിനു 500 ദിനാർ വേണ്ടിവന്നപ്പോൾ, ബബാത്ത ഭർത്താവിനു 300 ദിനാർ കടം കൊടുക്കുകയും ചെയ്തു. ബബാത്തയോ അവൾ അധികാരപ്പെടുത്തുന്ന മാറ്റാരെങ്കിലുമോ തിരികെ ആവശ്യപ്പെടുന്നതുവരെ കടം കൊടുത്തസംഖ്യ കൈവശംവച്ചനുഭവിക്കാമെന്നും, തിരികെ ആവശ്യപ്പെടുമ്പോൾ ഉടനടി കിട്ടാത്തപക്ഷം, കൊടുത്തതിലിരട്ടിയും നഷ്ടപരിഹാരവും ഈടാക്കാനായി യൂദായുടെ എവിടേയുമുള്ള വസ്തുവകകളിന്മേൾ ബബാത്തയ്ക്ക് അവകാശം ഉണ്ടായിരിക്കുമെന്നുമായിരുന്നു 128-ആമാണ്ട് ഫെബ്രുവരി 21-നെഴുതിയ കടംകൊടുക്കൽ രേഖയിലെ വ്യവസ്ഥ.[5]

പൊതുവർഷം 130-നത്ത് ബബാത്തയുടെ രണ്ടാം ഭർത്താവ് യൂദാ മരിച്ചു. തുടർന്ന്, വിവാഹ ഉടമ്പടിപ്രകാരമുള്ള വിധവാശുൽക്കവും കടം വാങ്ങിയ 300 ദിനാറും ഭർത്താവിന്റെ കുടുംബത്തിൽ നിന്നു കിട്ടുകയില്ലെന്നു ഭയന്ന ബബാത്ത, യൂദയായിലെ എൻഗെദിയിൽ അയാൾക്കുണ്ടായിരുന്ന ഈന്തപ്പനന്തോട്ടങ്ങൾ പിടിച്ചെടുത്തു. അതോടെ യൂദായുടെ കുടുംബവും ബബാത്തയുമായി വ്യവഹാരം തുടങ്ങി. ഈന്തപ്പനത്തോട്ടങ്ങൾ പിടിച്ചെടുത്തതിനെതിരെ രണ്ടാം ഭാർത്താവിന്റെ ആദ്യഭാര്യ മിറിയം കൊടുത്ത പരാതിയെതുടർന്നുള്ള കോടതിസമൻസ് ആണ് ഈ രേഖാസമുച്ചയത്തിലെ ഏറ്റവും ഒടുവിലത്തെ ഇനം.

അന്ത്യം[തിരുത്തുക]

ബാർ കൊഖബാ കലാപത്തിന്റെ തുടക്കത്തിൽ, ബബാത്ത "കത്തുകളുടെ ഗുഹയിൽ" എത്തിയതിന്റെ സാഹചര്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേ സാദ്ധ്യമായുള്ളു.[6] അവൾ കലാപകാരികളുമായി രാഷ്ടീയസഹമതിയിലോ സഹകരണത്തിലോ ആയിരുന്നോ എന്നു വ്യക്തമല്ല. ഭർത്താവിന്റെ മരണത്തെ തുടർന്ന് പിടിച്ചെടുത്ത എൻഗെദിയിലെ ഈന്തപ്പനന്തോട്ടങ്ങൾ സന്ദർശിക്കവേ, കലാപത്തിന്റെ കോലാഹലത്തിൽ അവൾ മനസ്സില്ലാതെയാണെങ്കിലും പെട്ടുപോയതാകാമെന്നാണ് ഒരു വിശദീകരണം. എൻഗെദിയിൽ ബാർ കൊഖബായുടെ സൈന്യാധിപനായിരുന്ന യെഹോനാഥൻ, ബബാത്തയുടെ രണ്ടാംഭർത്താവിന്റെ ആദ്യഭാര്യ മിറിയമിന്റെ സഹോദരൻ ആയിരുന്നുവെന്ന് പറയപ്പെടുന്നു. മിറിയമിന്റെ മകൾ ഷെലാംസിയോണിന്റെ വിവാഹ ഉടമ്പടിയും ബബാത്ത സൂക്ഷിച്ചുവച്ച രേഖാസഞ്ചയത്തിൽ ഉൾപ്പെട്ടിരുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിറിയമുമായി വ്യവഹാരത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ഷെലാംസിയോണുമായി ബബാത്ത മമതയിലായിരുന്നിരിക്കാമെന്നും, ഗുഹയിൽ അവരൊന്നിച്ച് അഭയം തേടിയതാകാമെന്നും ഒക്കെ അനുമാനങ്ങളുണ്ട്. ഗുഹയിൽ എത്തിയശേഷം ബബാത്തക്ക് എന്തു സംഭവിച്ചുവെന്നും വ്യക്തമല്ല. അവിടെ അവളുടെ ജീവനൊടുങ്ങി എന്ന സാമാന്യഅനുമാനം, രേഖാസഞ്ചയം അവിടെ ഉപേക്ഷിക്കപ്പെട്ടതും 132-ആം വർഷത്തിനുശേഷമുള്ള രേഖകളൊന്നും അതിൽ ഇല്ലാതിരുന്നതും പരിഗണിച്ചാണ്.[2]

പ്രസക്തി, പ്രാധാന്യം[തിരുത്തുക]

ഗ്രെക്കോ-റോമൻ പലസ്തീനയിൽ യഹൂദസ്ത്രീകൾക്കുണ്ടായിരുന്ന അവകാശങ്ങളെക്കുറിച്ചുള്ള അറിവിന് ബബാത്തയുടെ രേഖാസഞ്ചയം വിലപ്പെട്ട മുതൽക്കൂട്ടാണ്. ഈ അവകാശങ്ങൾ ഏതളവുവരെ യഹൂദപാരമ്പര്യത്തേയും യഹൂദേതരനിയമങ്ങളേയും ആശ്രയിച്ചിരുന്നു എന്നതിന്റെ സൂചനകൾ അതിലുണ്ട്. യഹൂദസമൂഹത്തിലെ വഴക്കങ്ങൾ റബൈനിക അനുശാസങ്ങളെ മാത്രം ആശ്രയിച്ചിരുന്നു എന്ന ധാരണയെ അതു തിരുത്തുന്നു. പൊതുവേ അവർ ഒഴിച്ചു നിർത്തപ്പെട്ടിരുന്ന വസ്തുഉടമസ്ഥത, പണമിടപാട് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ അപൂർവമായെങ്കിലും വ്യാപരിക്കുന്നതിന്റെ തെളിവായ ഉദാഹരണവും ബാബാത്തയിലുണ്ട്.[6]

അവലംബം[തിരുത്തുക]

  1. Jean Pierre Isbouts, In the Footsteps of Jesus, A Chronicle of His life and the origins of Christianity (പുറം 94)
  2. 2.0 2.1 NOVA Science Programme on Air and Online - Ancient Refuge in the Holy land, Babatha's Life and Times by Peter Tyson
  3. Katherine Hezer, Jewish Literacy in Roman Palestine (പുറങ്ങൾ 316-17)
  4. By Ross Shepard Kraemer, Women's Religions in the Greco-Roman World: A Sourcebook (Oxford University Press)(പുറം 143)
  5. Ross Shepard Kraemer (പുറം 149)
  6. 6.0 6.1 Jewish Women Archive Encyclopedia, Babatha by Tal Ilan
"https://ml.wikipedia.org/w/index.php?title=ബബാത്ത&oldid=3089835" എന്ന താളിൽനിന്ന് ശേഖരിച്ചത്