ബണ്ടി ചോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഒരു കുപ്രസിദ്ധ മോഷ്ടാവാണ് ബണ്ടി ചോർ എന്ന പേരിൽ അറിയപ്പെടുന്ന ദേവീന്ദർ സിങ് അഥവാ ഹരി ഥാപ. ഇയാൾ അഞ്ഞൂറോളം മോഷണങ്ങൾ[1][2] നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിവിധങ്ങളായ സുരക്ഷാ ഉപകരണങ്ങളെ നിരുപയോഗപ്രദമാക്കി മോഷണം നടത്താനുള്ള പരിജ്ഞാനമുള്ളതിനാൽ 'സൂപ്പർചോർ' (അതിമാനുഷമോഷ്ടാവ്), 'ഹൈടെക് കള്ളൻ' എന്നൊക്കെ അറിയപ്പെടാറുണ്ട്. 2008-ൽ പുറത്തിറങ്ങിയ ഓയേ ലക്കി! ലക്കി ഓയേ! എന്ന ബോളീവുഡ് ചലച്ചിത്രം ദേവീന്ദർ സിങിന്റെ മോഷണരീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്[3]. പ്രശസ്തമായ ഇന്ത്യൻ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ നാലാം സീസണിൽ ദേവീന്ദർ സിങ് മത്സരിച്ചിരുന്നുവെങ്കിലും ആദ്യദിവസം തന്നെ പുറത്തായിരുന്നു[3]. ഡെൽഹി, ചണ്ഡീഗഢ്, ചെന്നൈ[2],ഭോപ്പാൽ[1] എന്നിവിടങ്ങളിൽ പോലീസിന്റെ പിടിയിലായിട്ടുണ്ടെങ്കിലും രക്ഷപെട്ടു.

ജീവിതരേഖ[തിരുത്തുക]

നേപാളിലെ വികാസ്‌പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്‌പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു[4]. ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ്[5]. 2010-ൽ 37 വയസ്സുള്ള[3] ആളാണെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള ബണ്ടി, 1993-ൽ തന്നെ മോഷണത്തിനു പോലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു[2]. ഡെൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട്[2]. ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനാണെന്നും കരുതപ്പെടുന്നു[2][5]. ആഡംബര ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പറയപ്പെടുന്നു[4]. പോലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിയ്ക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു[3]. ദക്ഷിണ ഡെൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡെൽഹി പോലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ 2011 അവസാനം "സാധാരണജീവിതം" നയിക്കാൻ സഹായിക്കാത്ത കുടുംബാംഗങ്ങളോടും കാമുകിയോടുമുള്ള പ്രതികാരമെന്നോണം മോഷണം പുനരാരംഭിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു[1]. മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിംഗ് ഭോപ്പാലിൽ പിടിയിലായിരുന്നു. ബണ്ടി ചോറിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്ന ഡെൽഹി പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം അക്കാലത്തെ ബണ്ടിയുടെ പ്രവർത്തനങ്ങൾ മുൻകാലങ്ങളിലെയത്ര വൈദഗ്ദ്ധ്യമേറിയതായിരുന്നില്ല[1].

2013 ജനുവരി 21 പുലർച്ചെ തിരുവനന്തപുരത്ത് ഒരു ഭവനത്തിൽ നടന്ന മോഷണത്തിൽ അവിടുത്തെ നിരീക്ഷണ കാമറയിൽ ദേവീന്ദർ സിങ്ങിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്[5]. ഈ ചിത്രം പോലീസ് പരസ്യപ്പെടുത്തിയതിനെ തുടർന്ന് ജനുവരി 22-നു തന്നെ ആളെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ബണ്ടി മോഷ്ടിച്ച കാറിൽ തന്നെ അമരവിള ചെക്ക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായി ചെക്ക്‌പോസ്റ്റിലെ രേഖകൾ കാണിക്കുന്നുണ്ട്. തുടർന്ന് ജനുവരി 25-നു പൂണെയിൽ വെച്ച് ബണ്ടി ചോർ പോലീസിന്റെ പിടിയിലായി[6].

രക്ഷപെടലുകൾ[തിരുത്തുക]

അഞ്ചുവർഷത്തോളം ദേവീന്ദർ സിംഗ് തടവിൽ കിടന്നിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ മിക്കപ്പോഴും പോലീസിന്റെ പിടിയിലായ ഉടൻ തന്നെ അവരെ കബളിപ്പിച്ച് രക്ഷപെടുകയാണ് പതിവ്. സ്റ്റേഷനിൽ നിന്ന് ഓടിയും, സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുടെ സ്കൂട്ടർ മോഷ്ടിച്ചും, മോഷ്ടിച്ച വണ്ടി കേടായി എന്നവകാശപ്പെട്ട് പോലീസുകാരെ വണ്ടിയിൽ നിന്ന് ഇറക്കിയിട്ട് ആ തക്കത്തിനു വണ്ടി ഓടിച്ചും ഒക്കെ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടതായി പറയപ്പെടുന്നു[4]. ചെന്നൈയിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെ പൊട്ടിയ ചില്ല് കഴിച്ച് ആശുപത്രിയിലാകുകയും, ആശുപത്രിയിൽ വെച്ച് ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിച്ച് കൈവിലങ്ങ് തുറന്ന് രക്ഷപെടുകയുമുണ്ടായിട്ടുണ്ട്[4].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Maverick conman 'Bunty Chor' taken in to police custody". Daily Mail. 19 ജനുവരി 2012. ശേഖരിച്ചത് 22 ജനുവരി 2013.
  2. 2.0 2.1 2.2 2.3 2.4 "Who is Bunty Chor?". India Today (ഭാഷ: ഇംഗ്ലീഷ്). 11 ജനുവരി 2012. ശേഖരിച്ചത് 22 ജനുവരി 2013.
  3. 3.0 3.1 3.2 3.3 "Bunty's gang of thieves". Hindustan Times. 06 ഒക്ടോബർ 2010. ശേഖരിച്ചത് 22 ജനുവരി 2013. Check date values in: |date= (help)
  4. 4.0 4.1 4.2 4.3 "Superchor lived only in five-star hotels". The Times of India. 15 ഏപ്രിൽ 2007. ശേഖരിച്ചത് 22 ജനുവരി 2013.
  5. 5.0 5.1 5.2 "ഹൈടെക് മോഷണത്തിന് പിന്നിൽ ഇന്ത്യൻ റോബിൻഹുഡ് 'ബണ്ടിചോർ'". മാതൃഭൂമി. 22 ജനുവരി 2013. ശേഖരിച്ചത് 22 ജനുവരി 2013.
  6. "ഹൈടെക്ക് മോഷ്ടാവ് ബണ്ടി ചോർ പൂനെയിൽ പിടിയിൽ". ഇന്ത്യാവിഷൻ. ടി.വി. 26 ജനുവരി 2013. ശേഖരിച്ചത് 27 ഫെബ്രുവരി 2013.
"https://ml.wikipedia.org/w/index.php?title=ബണ്ടി_ചോർ&oldid=2284563" എന്ന താളിൽനിന്ന് ശേഖരിച്ചത്