Jump to content

പെരിക്ലിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിക്ലിസ്
സാന്തിപ്പസിന്റെ മകൻ ആഥൻസുകാരൻ പെരിക്ലിസ് എന്നെഴുതിയ ഈ അർത്ഥകായപ്രതിമ, ബി.സി. 430-നടുത്തു നിന്നുള്ള ഗ്രീക്കു മൂലസൃഷ്ടിയുടെ റോമൻ പകർപ്പാണ്
ജനനംബി.സി. 495-നടുത്ത്
ആഥൻസ്
മരണംബി.സി. 429
ആഥൻസ്
ദേശീയതആഥൻസ്
പദവിസൈന്യാധിപൻ, സ്ട്രാറ്റജോസ്
യുദ്ധങ്ങൾസിസിയോൺ, അക്കമാനിയ യുദ്ധങ്ങൾ (454 ബിസി)
രണ്ടാം വിശുദ്ധയുദ്ധം (448 ബിസി)
ഗാല്ലിപ്പോലിയിൽ നിന്നുള്ള "പ്രാകൃതരുടെ" തുരത്തൽ(447 ബിസി)
സേമിയൻ യുദ്ധം (440 BC)
ബൈസാന്തിയത്തിന്റെ ഉപരോധം (438 ബിസി)
പെലൊപ്പൊന്നേഷൻ യുദ്ധം(431–429 ബിസി)

ഗ്രീസിൽ ആഥൻസിന്റെ സുവർണ്ണയുഗത്തിലെ ഒരു രാഷ്ട്രതന്ത്രജ്ഞനും, പ്രഭാഷകനും, സൈന്യാധിപനും ആയിരുന്നു പെരിക്ലിസ്. ഗ്രെക്കോ-പേർഷ്യൻ യുദ്ധത്തിനും പെലോപ്പൊന്നേഷ്യൻ യുദ്ധത്തിനും ഇടക്കുള്ള കാലത്തായിരുന്നു അദ്ദേഹം ആഥൻസിന്റെ മുഖ്യസാരഥി ആയിരുന്നത്. സമകാലീന ചരിത്രകാരന്മാരിൽ പ്രമുഖനായ തുസ്സിഡിഡീസ് "ആഥൻസിലെ പ്രഥമപൗരൻ" എന്നു വിളിച്ചു പ്രകീർത്തിച്ചതിൽ നിന്നു പെരിക്ലിസിന്റെ പ്രാധാന്യം മനസ്സിലാക്കാം.[1] ആഥൻസിന്റെ ഭരണത്തിൽ പെരിക്ലിസ് മൗലികസ്വാധീനമായിരുന്ന ബി.സി. 461 മുതൽ 429 വരെയുള്ള കാലത്തെ "പെരിക്ലിസ് യുഗം" എന്നു വിളിക്കുക പതിവാണ്. ഈ വിശേഷണത്തിൽ അതിനു മുൻപും പിൻപുമുള്ള കുറേ വർഷങ്ങൾ കൂടി ചിലപ്പോൾ ഉൾപ്പെട്ടിരിക്കാം.

'പെരിക്ലിയൻ' നേതൃത്വത്തിന്റെ അവസാനത്തെ രണ്ടരവർഷം, പെലൊപ്പൊന്നേഷൻ യുദ്ധത്തിന്റെ ആദ്യഘട്ടമായിരുന്നു. ഡീലിയൻ സഖ്യത്തെ ആഥൻസിന്റെ സാമ്രാജ്യമാക്കി മാറ്റിയ പെരിക്ലിസ്, യുദ്ധത്തിന് വഴിയൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബി.സി. 431-ൽ തുടങ്ങിയ യുദ്ധത്തിലെ തിരിച്ചടികളെ തുടർന്നുണ്ടായ ജനരോഷത്തിൽ പിഴശിക്ഷയോടെ അധികാരഭ്രഷ്ടനാക്കപ്പെട്ട പെരിക്ലിസ് അടുത്തവർഷം മാപ്പു നേടി പദവികളിൽ തിരികെയെത്തി. എങ്കിലും യുദ്ധത്തിനൊപ്പം മറ്റൊരു ദുരന്തമായി ആഥൻസിനെ പിന്തുടർന്ന പ്ലേഗുബാധയിൽ ബിസി 429-ൽ അദ്ദേഹം മരിച്ചു. പിന്നെയും കാൽനൂറ്റാണ്ടിലധികം തുടർന്ന പെലെപ്പൊന്നേഷ്യൻ യുദ്ധം ദുർബ്ബലന്മാരും നയചാതുര്യമില്ലാത്തവരുമായ പെരിക്ലീസിന്റെ പിൻഗാമികളുടെ നടത്തിപ്പിൽ ആഥൻസിനു വലിയ നഷ്ടത്തിലും അപമാനത്തിലും കാലശിച്ചു.

കലയേയും സാഹിത്യത്തേയും പെരിക്ലിസ് പ്രോത്സാഹിപ്പിച്ചു; ആഥൻസിനെ പുരാതന യവനലോകത്തിലെ വിജ്ഞാന-സംസ്കാരകേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന്റെ പങ്കു വലുതായിരുന്നു. പാർത്തനൻ ഉൾപ്പെടെ, ആഥൻസിലെ അക്രോപ്പോലിസിൽ ഇപ്പോഴും നിലവിലുള്ള ചരിത്രസാക്ഷ്യങ്ങളുടെ സൃഷ്ടിയിലേക്കു നയിച്ച നിർമ്മാണയജ്ഞത്തിനു തുടക്കമിട്ടത് അദ്ദേഹമാണ്. ഈ സംരംഭം നഗരത്തെ സുന്ദരമാക്കുകയും, അതിന്റെ മഹത്ത്വം പ്രഘോഷിക്കുകയും, ജനങ്ങൾക്കു തൊഴിൽ നൽകുകയും ചെയ്തു.[2] ആഥൻസിലെ ജനാധിപത്യക്രമത്തെ പോഷിപ്പിച്ച പെരിക്ലിസ് 'ജനപ്രീണനവാദി' (Populist) എന്നു വിളിക്കപ്പെടുകപോലും ചെയ്തു.[3][4]

അവലംബം

[തിരുത്തുക]
  1. Thucydides, 2.65
  2. L. de Blois, An Introduction to the Ancient World 99
  3. S. Muhlberger, Periclean Athens.
  4. S. Ruden, Lysistrata, 80.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെരിക്ലിസ്&oldid=4113404" എന്ന താളിൽനിന്ന് ശേഖരിച്ചത്