ഉള്ളടക്കത്തിലേക്ക് പോവുക

പുഷ്പകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുഷ്പകർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ് പുഷ്പകൻ അല്ലെങ്കിൽ പുഷ്പകർ. അമ്പലവാസി സമുദായത്തിൽ പെടുന്ന ജാതികളിൽ ഒന്ന്. ഈ ജാതിയിലെ പുരുഷന്മാർ ഉണ്ണി എന്ന് പേരിനോടൊപ്പം ചേർക്കുന്നതിനാൽ പുഷ്പക ഉണ്ണി അല്ലെങ്കിൽ പുഷ്പകനുണ്ണി എന്നും അറിയപ്പെടുന്നു. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിലുള്ള ഒരു അന്തരാളജാതിയായി കരുതപ്പെടുന്നു. പുരുഷന്മാരെ പുഷ്പകൻ എന്നും സ്ത്രീകളെ പുഷ്പകത്തി എന്നും പറയുന്നു. പുഷ്പകരിലെ പുരുഷന്മാർ പേരിനൊപ്പം ഉണ്ണി, നമ്പി, ശർമ എന്നീ കുലനാമങ്ങൾ ചേർക്കുന്നു. പുഷ്പകസ്ത്രീകളുടെ പേരിനൊപ്പം അമ്മ എന്നോ ദേവി എന്നോ ചേർക്കുന്നു. പുഷ്പകസ്ത്രീകളെ ആത്തേരമ്മ എന്നോ ആത്തോലമ്മ എന്നോ ആണ് വിളിക്കുന്നത്. അധ്യാപനവൃത്തിയുള്ള പുഷ്പകരുടെ ഗൃഹങ്ങൾ മഠങ്ങൾ എന്നും അല്ലാത്തവരുടേത് വീട് എന്നും അറിയപ്പെട്ടിരുന്നു. നമ്പി എന്ന കുലനാമം മറ്റു പലജാതികളിലുള്ളവരും ഉപയോഗിക്കറുള്ളതിനാൽ അവരിൽ നിന്നും വേർതിരിച്ചു സൂചിപ്പിക്കേണ്ട സാഹചര്യങ്ങളിൽ പുഷ്പകരിലെ നമ്പി എന്ന കുലനാമമുള്ളവരെ പുഷ്പകനമ്പി എന്നോ പൂനമ്പി എന്നോ പറയുന്നു. പുഷ്പകരുടെ മഠങ്ങളെ പൂമഠം എന്നും പറയാറുണ്ട്.

പുഷ്പകൻ എന്നറിയപ്പെടുന്ന ജാതിക്കാർ പ്രധാനമായും ദക്ഷിണകേരളത്തിലും മധ്യകേരളത്തിലുമാണുള്ളത്. ഉത്തരകേരളത്തിൽ കുറവാണ്. മധ്യകേരളത്തിലും ഉത്തരകേരളത്തിലും പുഷ്പകവൃത്തി ചെയ്യുന്നത് നമ്പീശൻ എന്ന ജാതിയാണ്. തൊഴിൽപരമായി പുഷ്പകർക്ക് തുല്യരാകയാൽ ഉത്തരകേരളത്തിൽ പുഷ്പകർ എന്ന് സാമാന്യമായി അറിയപ്പെടുന്നത് നമ്പീശന്മാരാണ്. 1958-ലെ കേരള നമ്പൂതിരി ആക്റ്റിൽ ഉണ്ണിമാരെയും നമ്പീശന്മാരെയും നമ്പൂതിരി ബ്രാഹ്മണസമുദായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[1] മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനു വേണ്ടിയുള്ള മുന്നാക്കജാതിപ്പട്ടികയിൽ പുഷ്പകരും ഉൾപ്പെടുന്നു.[2][3]

ക്ഷേത്രങ്ങളുമായോ കാവുകളുമായോ ബന്ധപ്പെട്ട തൊഴിലുകളാണ് ഇവർ പരമ്പരാഗതമായി നിർവഹിച്ചിരുന്നത്. വേദപാഠശാലകളിലെ അദ്ധ്യാപനം, പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ട്, പൂപ്പന്തലൊരുക്കുക, പുഷ്പാലങ്കാരങ്ങൾ ചെയ്യുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കൽ, വിളക്കൊരുക്കുക, എഴുന്നള്ളത്തിനു വിളക്കെടുപ്പ്, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കൽ, ശംഖുവിളി എന്നിവയൊക്കെ പരമ്പരാഗതമായി ചെയ്തുവരുന്നു. പൂജാവിധികളും താന്ത്രികവിദ്യകളും അഭ്യസിക്കാറുണ്ടെങ്കിലും സാധാരണയായി മുഖ്യപൂജാരിയായി പ്രവർത്തിക്കാറില്ല. മുഖ്യശാന്തിയുടെ അഭാവത്തിലോ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമോ പൂജാരിയായും (ശാന്തിയായും) പ്രവർത്തിക്കുന്നു.

ആചാരങ്ങൾ

[തിരുത്തുക]

ബ്രാഹ്മണ പാരമ്പര്യം. ആത്രേയം, കശ്യപം, ഭരദ്വാജം, ഭാർഗവം, അഗസ്ത്യം, ഗൗതമം, വിശ്വാമിത്രം, വാസിഷ്ഠം എന്നിങ്ങനെ വ്യത്യസ്ത ഗോത്രക്കാരുണ്ട്. ഉപനയനസംസ്കാവും നിത്യകർമാനുഷ്ഠാനങ്ങളും ഗായത്രീജപവുമുള്ളവർ. ഷോഡശസംസ്കാരങ്ങൾ പാലിക്കുന്നു. പിതൃദായക്രമം (മക്കത്തായക്രമം) പിന്തുടരുന്നു.

ഗർഭാധാനം, പുംസവനം, സീമന്തോന്നയനം

[തിരുത്തുക]

ഗർഭത്തിന്റെ മൂന്നാം മാസത്തിൽ പുംസവനവും ഏഴാം മാസത്തിൽ സീനന്തോന്നയനവും നടത്തുന്നു. ഗർഭാധാനദിവസം മുതലാണ് മാസങ്ങൾ കണക്കാക്കുന്നത്. അതു നിശ്ചയിക്കാൻ പറ്റാതെ വന്നാൽ ഋതുവായതിന്റെ അഞ്ചാം ദിവസം മുതൽ കണക്കാക്കുന്നു.

ജാതകർമം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം

[തിരുത്തുക]

കുഞ്ഞു ജനിച്ചാലുടൻ ജാതകർമം ചെയ്യുന്നു. തേനും വയമ്പും നെയ്യും ചേർത്തത് കുഞ്ഞിന്റെ നാവിൽ സ്വർണംകൊണ്ട് തൊട്ടുകൊടുക്കുന്ന ചടങ്ങാണിതിൽ മുഖ്യം. കുഞ്ഞു ജനിച്ച ദിവസം മുതൽ 10 ദിവസം കുടുംബാംഗങ്ങൾ ബാലായ്മ അഥവാ വാലായ്മ ആചരിക്കുന്നു.

11ആം നാളിലോ 12-ആം നാളിലോ 28-ആം നാളിലോ പുണ്യാഹക്രിയയോടു കൂടി നാമകരണം ചെയ്യുന്നു. കുഞ്ഞിന്റെ അച്ഛനാണ് കുഞ്ഞിനു നാമകരണം ചെയ്യുന്നത്.

നാലാം മാസത്തിൽ നിഷ്ക്രാമണം അഥവാ വാതിൽ പുറപ്പാട് എന്ന ചടങ്ങു നടത്തുന്നു.

ആറാം മാസത്തിലാണ് അന്നപ്രാശനം അഥവാ ചോറൂണ്.

ചൗളവും കർണവേധവും

[തിരുത്തുക]

മൂന്നാം വയസ്സിൽ ചൗളം എന്ന ചടങ്ങിൽ ശിരസ് മുണ്ഡനം ചെയ്യുന്നു. ചിലർ ഇത് ഒരുവയസ്സു കഴിയുമ്പോൾത്തന്നെ നടത്തുന്നു. മൂന്നാം വയസ്സിൽ കർണവേധം അഥവാ കാതുകുത്തും നടത്തുന്നു.

വിദ്യാരംഭം

[തിരുത്തുക]

മൂന്നാമത്തെ വയസ്സിൽ വിദ്യാരംഭം ചെയ്യിക്കുന്നു. ഭാഷയായി എഴുത്തിനിരുത്ത് എന്നും പറയുന്നു. വിജയദശമി (ആശ്വിനമാസത്തിലെ ശുക്ലദശമി) ദിനത്തിലോ വസന്തപഞ്ചമിദിനത്തിലോ വിദ്യാരംഭം കുറിക്കുന്നു. "ഓം ഹരിഃ ശ്രീ ഗണപതയേ നമഃ" എന്ന് അക്ഷതത്തിൽ എഴുതിച്ചുകൊണ്ട് വായ്പാഠം ചെയ്യിക്കുന്നതാണ് വിദ്യാരംഭത്തിലെ മുഖ്യക്രിയ. എഴുത്തിനിരുത്തിയാൽപ്പിന്നെ ഭാഷയിലെ അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്നു. തുടർന്ന് ഭാഷയും പ്രാഥമികഗണിതവും അഭ്യസിപ്പിക്കുന്നു.

ഉപനയനം, വേദാധ്യയനം, സമാവർത്തനം

[തിരുത്തുക]

ആൺകുട്ടികൾക്ക് എട്ടാം വയസ്സിലോ അതിനു ശേഷമോ ഉപനയനം നടത്തുന്നു. എന്നാൽ, 16 വയസ്സിനു മുൻപ് നടത്തിയിരിക്കണം. ഉപനയനം യജുർവേദീയ ഗൃഹ്യസൂത്രങ്ങൾ അനുസരിച്ചാണ് നടത്തുന്നത്. ഉപനയനത്തോടുകൂടി ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നു.

നാലുവർഷമോ അതിലധികമോ വേദോപനിഷത്തുകളുടെ അധ്യയനം നടത്തുന്നു.

അധ്യയനത്തിനു ശേഷം സമാവർത്തനം എന്ന ക്രിയയുണ്ട്. പതിനാറാം വയസ്സിലോ അതിനു ശേഷമോ ആണ് സമാവർത്തനം നടത്തുന്നത്. ഗുരുവിന്റെ ആശ്രമത്തിൽ വച്ചാണ് സമാവർത്തനം നടത്തുന്നത്. ഉപനയനത്തിന്റെ ചടങ്ങുകൾ അച്ഛനാണു ചെയ്യുന്നതെങ്കിൽ സമാവർത്തനത്തിന്റെ ചടങ്ങുകൾ കുട്ടി തന്നെയാണ് ചെയ്യുന്നത്. സമാവർത്തനം എന്ന ചടങ്ങുകഴിഞ്ഞാലേ ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ.

ഋതുകല്യാണം

[തിരുത്തുക]

പെൺകുട്ടികൾ ആദ്യം ഋതുമതിയാകുമ്പോൾ ഋതുശുദ്ധിക്കായി ശുദ്ധപുണ്യാഹം നടത്തുന്നു. ഋതുകല്യാണം, ഋതുശുദ്ധി എന്നൊക്കെ ഇത് അറിയപ്പെടുന്നു.

വിവാഹം, അഗ്ന്യാധാനം

[തിരുത്തുക]

മൂത്തപുത്രൻ നിർബന്ധമായും സ്വജാതിയിൽ നിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. എന്നാൽ, സ്വഗോത്രക്കാരുമായുള്ള വിവാഹം നിഷിദ്ധമായിരുന്നു. വധു സ്വജാതിയിൽ നിന്നുള്ളവളും അന്യ ഗോത്രത്തിൽ ജനിച്ചവളുമാകണം. ഒന്നിലധികം വിവാഹം ആകാമായിരുന്നു. പുഷ്പകരിൽ, പെൺകുട്ടി ഋതുമതിയായതിനു ശേഷം മാത്രമേ വിവാഹം നടത്തുകയുള്ളൂ (നമ്പൂതിരിമാർക്ക് പണ്ട് അങ്ങനെയായിരുന്നില്ല). വിവാഹശേഷം വധു ഭർത്താവിന്റെ ഗോത്രക്കാരിയായി, ഭർതൃഗൃഹത്തിൽ വസിക്കുന്നു. ഇളയസഹോദരങ്ങൾ സ്വജാതിയിൽനിന്ന് വിവാഹം കഴിക്കുകയോ നായർ സ്ത്രീകളെ സംബന്ധം ചെയ്യുകയോ ആയിരുന്നു പതിവ്. നമ്പീശൻ, ഇളയത്, കുരുക്കൾ തുടങ്ങിയ സമാനജാതിക്കാരുമായും വൈവാഹികബന്ധങ്ങൾ ഉണ്ടാകാറുണ്ട്.

ബ്രാഹ്മണസ്ത്രീകളുമായുള്ള വൈവാഹികബന്ധങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങളെ അച്ഛന്റെ ജാതിയിലും ഗോത്രത്തിലും അന്യജാതിയിലുള്ള സ്ത്രീകളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ അമ്മയുടെ ജാതിയിലും ഉൾപ്പെടുത്തിയിരുന്നു. പുഷ്പകസ്ത്രീകൾക്ക് സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. വിവാഹമോചനം അനുവദിച്ചിരുന്നു.

പുല, വാലായ്മ

[തിരുത്തുക]

ഇവരുടെ പുല-ബാലായ്മ ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. മരിച്ചനാൾ മുതലെണ്ണി പത്തുദിവസം പുലയാചരിക്കുന്നു. പതിനൊന്നാം ദിവസം സൂര്യോദയത്തിനു ശേഷം "പുലപോക്കിക്കുളിക്കുന്നു". 12-ആം ദിവസം "സപിണ്ഡി" എന്ന സപിണ്ഡികരണശ്രാദ്ധം ദാനമായി നടത്തുന്നു.

നമ്പൂതിരിമാരിൽ നിന്നുള്ള വ്യത്യാസം

[തിരുത്തുക]

പുഷ്പകർക്ക് ക്ഷേത്രങ്ങളിലെ തന്ത്രിയാകാനുള്ള അധികാരം ലഭിച്ചിരുന്നില്ല. വേദപഠനത്തിനും പൂജയ്ക്കും മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഉണ്ണിമാർ ക്ഷേത്രങ്ങളിലെ പൂജാദികർമങ്ങൾ ചെയ്തിരുന്നത് തന്ത്രിയുടെ നിർദേശാനുസരണം മാത്രമായിരുന്നു. പണ്ടുകാലത്ത് നമ്പൂതിരിമാരുടെ ഇടയിൽ പെൺകുട്ടി ഋതുമതിയാകുന്നതിനു മുൻപുതന്നെ വേളികഴിച്ചിരിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ, പെൺകുട്ടികൾ ഋതുമതികളായതിനു ശേഷം മാത്രമേ പുഷ്പകരുടെ ഇടയിൽ പണ്ടുകാലത്തും വിവാഹം നടന്നിരുന്നുള്ളൂ. നമ്പൂതിരിമാർ സാധാരണയായി ബ്രാഹ്മണർക്കു മാത്രമേ അദ്ധ്യാപനം ചെയ്തിരുന്നുള്ളൂ. എന്നാൽ പുഷ്പകഉണ്ണിമാർ അവരുടെ മഠത്തിൽ ഉപനയനസംസ്കാരമുള്ളവർക്കും ഇല്ലാത്തവർക്കും അക്ഷരാഭ്യാസവും വിദ്യാഭ്യാസവും നൽകിയിരുന്നു. ഇങ്ങനെയുള്ള വ്യത്യാസങ്ങളാൽ നമ്പൂതിരിമാർ പുഷ്പകരെ തങ്ങളെക്കാൾ അല്പം താഴ്ന്നനിലയിലുള്ള ബ്രാഹ്മണരായാണ് കണക്കാക്കിയിരുന്നത്.

ആധാരലേഖനങ്ങൾ

[തിരുത്തുക]
  1. "KERALA NAMBUDIRI ACT, 1958".
  2. "Kerala State Forward Communities" (PDF). Archived from the original (PDF) on 2024-09-14. Retrieved 2025-05-25.
  3. https://marunadanmalayalee.com/forward-cast-reservation-list-announced-237317
"https://ml.wikipedia.org/w/index.php?title=പുഷ്പകൻ&oldid=4595825" എന്ന താളിൽനിന്ന് ശേഖരിച്ചത്