പുഷ്പകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുഷ്പകബ്രാഹ്മണർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണ ജാതിയാണ് പുഷ്പകൻ അല്ലെങ്കിൽ പുഷ്പകർ. ഈ ജാതിയിലെ പുരുഷന്മാർ ഉണ്ണി എന്ന് പേരിനോടൊപ്പം ചേർക്കുന്നതിനാൽ പുഷ്പക ഉണ്ണി അല്ലെങ്കിൽ പുഷ്പകനുണ്ണി എന്നും അറിയപ്പെടുന്നു. അമ്പലവാസി ജാതികളിൽ ഒന്ന്. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിലുള്ള ഒരു അന്തരാളജാതിയായി കരുതപ്പെടുന്നു. പുരുഷന്മാരെ പുഷ്പകൻ എന്നും സ്ത്രീകളെ പുഷ്പകത്തി എന്നും പറയുന്നു. പുരുഷന്മാരെ പേരിനൊപ്പം ഉണ്ണി എന്നു ചേർത്തു വിളിക്കുന്നു. സ്ത്രീകളെ പേരിനൊപ്പം അമ്മ എന്നു ചേർത്തോ ആത്തേരമ്മ എന്നോ വിളിക്കുന്നു. അധ്യാപനവൃത്തിയുള്ളവരുടെ വീടുകൾ മഠങ്ങൾ എന്നും അല്ലാത്തവരുടേത് വീട് എന്നും അറിയപ്പെട്ടിരുന്നു.

പുഷ്പകൻ എന്നറിയപ്പെടുന്ന ജാതിക്കാർ പ്രധാനമായും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണുള്ളത്. വടക്കോട്ട് കുറവാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും പുഷ്പകവൃത്തി ചെയ്യുന്നത് നമ്പീശൻ എന്ന ജാതിയാണ്. തൊഴിൽപരമായി പുഷ്പകജാതിക്കാർക്ക് തുല്യരാകയാൽ വടക്കൻ കേരളത്തിൽ പുഷ്പകർ എന്ന് പറയുന്നത് നമ്പീശന്മാരെയാണ്. പുഷ്പകവൃത്തി ചെയ്യുന്ന സമാനസമുദായങ്ങളെയെല്ലാം ചേർത്ത് പുഷ്പകബ്രാഹ്മണർ എന്ന് പറഞ്ഞുവരുന്നു.

തൊഴിൽ[തിരുത്തുക]

ക്ഷേത്രങ്ങളുമായോ കാവുകളുമായോ ബന്ധപ്പെട്ട തൊഴിലുകളാണ് ഇവർ പരമ്പരാഗതമായി നിർവഹിച്ചിരുന്നത്. വേദപാഠശാലകളിലെ അദ്ധ്യാപനം, പൂജാപുഷ്പങ്ങൾ ഒരുക്കുകൽ, മാലകെട്ട്, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കൽ, വിളക്കൊരുക്കുക, എഴുന്നള്ളത്തിനു വിളക്കെടുപ്പ്, ക്ഷേത്രങ്ങളിലെ പുഷ്പാലങ്കാരം, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കൽ എന്നിവയൊക്കെ പരമ്പരാഗതമായി ചെയ്തുവരുന്നു. പൂജാവിധികളും താന്ത്രികവിദ്യകളും അഭ്യസിക്കാറുണ്ടെങ്കിലും സാധാരണയായി മുഖ്യപൂജാരിയായി പ്രവർത്തിക്കാറില്ല. മുഖ്യശാന്തിയുടെ അഭാവത്തിലോ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണമോ ശാന്തിയായും (പൂജാരിയായും) പ്രവർത്തിക്കുന്നു.

ആചാരങ്ങൾ[തിരുത്തുക]

ബ്രാഹ്മണ പാരമ്പര്യം. പൂണൂൽ ധരിക്കുന്ന വിഭാഗം. ഷോഡശസംസ്കാരങ്ങൾ പാലിക്കുന്നു. ഗായത്രീമന്ത്രം ജപിക്കുകയും ഉപനയനം നടത്തുകയും ചെയ്യാറുണ്ട്. മൂത്തപൂത്രൻ നിർബന്ധമായും സ്വജാതിയിൽ നിന്ന് മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവർ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുകയോ നായർ സ്ത്രീകളെ സംബന്ധം ചെയ്യുകയോ ആയിരുന്നു പതിവ്. ഇവരുടെ പുല-ബാലായ്മ ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം (മക്കത്തായം) പിന്തുടരുന്നു. സ്ത്രീകൾക്ക് സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. വിവാഹമോചനം അനുവദിച്ചിരുന്നു.

ആധാരലേഖനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുഷ്പകൻ&oldid=3725054" എന്ന താളിൽനിന്ന് ശേഖരിച്ചത്