പി.എസ്. അനന്തനാരായണശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയനായ ബഹുഭാഷാ പണ്ഡിതനായിരുന്നു പി.എസ് അനന്തനാരായണശാസ്ത്രി. സീതാരാമയ്യരുടെയും നാരായണിഅമ്മാളുടെയും പുത്രനായി 1885 ഡിസംബർ 30ന് തൃശൂരിൽ ജനിച്ചു. പിതാവിന്റെ ചരമംമൂലം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ബാല്യത്തിൽ തന്നെ സംസ്കൃതം അഭ്യസിക്കുകയും ആർ.വി. കൃഷ്ണമാചാര്യർ, പുന്നശ്ശേരി നമ്പി എന്നീ പ്രശസ്ത പണ്ഡിതൻമാരിൽനിന്നും വിവിധ ശാസ്ത്രങ്ങളിൽ ഗാഢമായ പരിചയം നേടുകയും ചെയ്തു. പിന്നീടു സ്വപ്രയത്നംകൊണ്ട് ഇംഗ്ലീഷിലും ഹിന്ദിയിലും സാമാന്യജ്ഞാനം സമ്പാദിച്ചു.

ചരിത്രം[തിരുത്തുക]

പണ്ഡിതൻ, ഗ്രന്ഥകാരൻ, വിമർശകൻ, പ്രസാധകൻ, അധ്യാപകൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായി. തൃശൂർ സർക്കാർ ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളജിലും അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗവൺമെന്റ് കോളജിൽനിന്നു വിരമിച്ചശേഷം കുറേനാൾ തൃശൂർ സെന്റ് തോമസ് കോളജിലും ഇദ്ദേഹം അധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നു. തൃപ്പൂണിത്തുറ വിദ്വൽസദസ്സിൽനിന്ന് സമ്മാനവും പണ്ഡിതരാജൻ എന്ന ബിരുദവും തിരുവിതാംകൂർ നവരാത്രി സദസ്സിൽനിന്ന് കീർത്തിമുദ്രയും ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഹിന്ദു ദിനപത്രത്തിന് ധാരാളം ഗ്രന്ഥനിരൂപണങ്ങൾ ഇദ്ദേഹം എഴുതിക്കൊടുത്തിട്ടുണ്ട്. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. വാക്യതത്ത്വം, തർക്കസാരം, ലഘു വിവൃതി, (അച്യുതപ്പിഷാരടിയുടെ പ്രവേശകത്തിന്റെ വ്യാഖ്യാനം.) ബാലരാമായണം എന്നിവ ഇദ്ദേഹത്തിന്റെ സംസ്കൃത കൃതികളാണ്. കോകിലസന്ദേശം, ശുകസന്ദേശം, കൃഷ്ണവിജയം, വിടരാജ വിജയം തുടങ്ങിയ സംസ്കൃതകൃതികൾ സ്വന്തം ടിപ്പണികളോടെ ഇദ്ദേഹം പ്രസാധനം ചെയ്തിട്ടുണ്ട്. മണിമഞ്ജുഷ, നവപുഷ്പമാല, അനുസ്വാനം (ഭഗവദ്ഗീതാ വ്യാഖ്യാനം), ദേവീമാഹാത്മ്യവ്യാഖ്യാനം, നാരായണീയം വ്യാഖ്യാനം (അപൂർണം), മേഘസന്ദേശവിമർശനം എന്നിവ ഇദ്ദേഹത്തിന്റെ ഭാഷാകൃതികളിൽപെടുന്നു. ആരംഭകാലം മുതൽ തന്നെ മംഗളോദയത്തിന്റെ പ്രവർത്തകൻമാരിലൊരാളായിരുന്ന ശാസ്ത്രികൾ പ്രസ്തുത മാസികയിൽ സംസ്കൃതത്തിലും മലയാളത്തിലും അനേകം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്; കുറച്ചുകാലം അതിന്റെ പത്രാധിപരായും സേവനം അനുഷ്ഠിച്ചു. ഇദ്ദേഹം വിവിധ കൃതികൾക്കെഴുതിയിട്ടുള്ള അവതാരികകളും ടിപ്പണികളും ശാസ്ത്രജ്ഞതയുടെയും നിരൂപണപാടവത്തിന്റെയും നിദർശനങ്ങളാണ്. 1947 ജനുവരി 15-ന് അനന്തനാരായണശാസ്ത്രി അന്തരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പി.എസ്. അനന്തനാരായണശാസ്ത്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.