പാറൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറൊ

སྤ་རོ་
ആകാശത്തുനിന്നുള്ള ദൃശ്യം
ആകാശത്തുനിന്നുള്ള ദൃശ്യം
Country ഭൂട്ടാൻ
ജില്ലപാറൊ ജില്ല
ഗെവോഗ്വാങ്ചുക് ഗെവോഗ്
ത്രോംഡെപാറൊ
ഉയരം7,200 അടി (2,200 മീ)
ജനസംഖ്യ
 • ആകെ15,000
സമയമേഖലUTC+6 (BTT)
ഏരിയ കോഡ്+975-8
ClimateCwb

ഭൂട്ടാനിലെ പാറൊ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പാറൊ നഗരം (སྤ་རོ་) ഇതേ പേരിലുള്ള ജില്ലയുടെ ഭരണകേന്ദ്രമാണ്.[1] ചരിത്രപ്രാധാന്യമുള്ള ധാരാളം കെട്ടിടങ്ങളും സ്ഥലങ്ങളുമുള്ള ഈ നഗരത്തിലാണ് ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം നിർമിച്ചിരിക്കുന്നത്. പ്രസിദ്ധമായ പാറൊ തക്ത്സാങ് ഈ നഗരത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഒരു പുരാതന വാച്ച് ടവറിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ ദേശീയ മ്യൂസിയം, പാറൊ സോങ് (കോട്ട) എന്നിവ മറ്റ് ആകർഷണങ്ങളാണ്. ഒലതാങ് ഹോട്ടൽ മറ്റൊരാകർഷണമാണ്.

ചരിത്രം[തിരുത്തുക]

ഒരേ സമയം ഒരു കോട്ടയും ആശ്രമവുമായ റിൻപങ് സോങ് എന്ന കെട്ടിടം പാറൊ നദീതടത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യപ്പെടുന്നത്. പദ്മ സംഭവ പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവിടെ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. 1644-ൽ നവാങ് നാംഗ്യാൽ ആണ് ഇത് വിപുലീകരിച്ചത്. അഞ്ച് നിലയുള്ള ഈ കെട്ടിടം നൂറ്റാണ്ടുകളോളം ടിബറ്റിൽ നിന്നുള്ള അധിനിവേശശ്രമങ്ങളെ ചെറുത്തുനിൽക്കാൻ സഹായകമായി.[2]

1907-ൽ ഒരു തീപ്പിടുത്തത്തിൽ നശിച്ചുപോയ ഈ കെട്ടിടം[2] പിന്നീട് പുനർനിർമ്മിക്കപ്പെട്ടു. ധാരാളം വിശുദ്ധ വസ്ത്രങ്ങളും മുഖം മൂടികളും ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

സോങ്ങിന് മുകളിലുള്ള കുന്നിൽ ഒരു പുരാതന നിരീക്ഷണഗോപുരം സ്ഥിതിചെയ്യുന്നുണ്ട്. ട സോങ് എന്നാണ് ഇതിന്റെ പേര്. 1967 മുതൽ ഇവിടെയാണ് ഭൂട്ടാന്റെ ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സോങ്ങിന് കീഴെയുള്ള ഒരു പുരാതന പാലത്തിനപ്പുറം ഉഗ്യേൻപ്ലേരി കൊട്ടാരം സ്ഥിതിചെയ്യുന്നു. പെൻലോപ് ത്ഷെറിംഗ് പെൻജോർ ആണ് ഇത് നിർമിച്ചത്.[2]

വാസ്തുശൈലി[തിരുത്തുക]

പ്രധാന തെരുവിനിരുവശവും പരമ്പരാഗത വാസ്തുശിൽപ്പശൈലിയിലുള്ള അലങ്കരിച്ച കെട്ടിടങ്ങളുണ്ട്. ചെറിയ കടകളും ഭക്ഷണശാലകളും സ്ഥാപനങ്ങളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.[3]

പുതിയ പാലത്തിന് സമീപമുള്ള പതിനഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് ദുങ്സേ ലഖാങ്. ഉഗ്യേൻ പേർലി കൊട്ടാരം ഇവിടെനിന്ന് കാണാൻ സാധിക്കും. രാജകുടുംബാംഗങ്ങൾ ഇവിടെ തങ്ങാറുണ്ട്.[3] റിൻപങ് സോങ്ങിനടുത്ത് പഴയ പാലമുണ്ട്.

ഓലതാങ് ഹോട്ടൽ എഴുപതുകളിൽ പണികഴിപ്പിച്ചതാണ്.[3] നാലാമത്തെ രാജാവായ ജിഗ്മേ സിങ്യേ വാങ്ചുക്കിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സന്ദർശിക്കാനെത്തുന്ന വിദേശ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർക്ക് താമസിക്കുവാനുള്ള സൗകര്യം ഭൂട്ടാനിൽ എഴുപതുകളുടെ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രത്തലവന്മാർക്കും സംഘങ്ങൾക്കും താമസിക്കുവാനുള്ള സൗകര്യത്തിനായാണ് രാജ്ഞിയുടെ നിർദ്ദേശാർത്ഥം ഈ ഹോട്ടൽ പണികഴിപ്പിച്ചത്.

പാറോ നഗരത്തിന് ഏകദേശം 10 കിലോമീറ്റർ പുറത്താണ് പ്രസിദ്ധമായ തക്ത്സാങ് (കടുവയുടെ കൂട്) സന്യാസാശ്രമം. 1,000 മീറ്റർ ഉയരത്തിലുള്ള ഒരു മലയിലാണ് ഈ ആശ്രമം പണിതിട്ടുള്ളത്. ഭൂട്ടാനിലെ ബുദ്ധമതസ്ഥാപകനായ ഗുരു റിമ്പോച്ചെ ഇവിടെ ഒരു പറക്കുന്ന പെൺകടുവയുടെ പുറത്തുകയറി പ്രത്യക്ഷപ്പെട്ടു എന്നാണ് വിശ്വാസം. ഇവിടേയ്ക്കുള്ള യാത്ര ഏകദേശം മൂന്ന് മണിക്കൂറെടുക്കും. ഇവിടെനിന്നുള്ള പാറൊ നഗരത്തിന്റെ വിഹഗവീക്ഷണം സുന്ദരമായ ദൃശ്യമാണ്.[3] 16 കിലോമീറ്റർ റോഡ് യാത്ര ചെയ്താൽ 1951-ൽ തീപ്പിടുത്തത്തിൽ ഭാഗികമായി നശിച്ച ഡുക്യെൽ സോങ് എന്ന സന്യാസാശ്രമത്തിലെത്താം.[3]

പാറൊ അന്താരാഷ്ട്ര വിമാനത്താവളം[തിരുത്തുക]

കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ വാണിജ്യ വിമാനത്താവളമായാണ് ഇത് കണക്കാക്കപ്പെടുന്നത്[4] ഒരു റൺവേ മാത്രമാണ് ഈ വിമാനത്താവളത്തിലുള്ളത്. ഹിമാലയത്തിലെ 5,500 മീറ്റർ ഉയരമുള്ള മലനിരകൾക്ക് മുകളിലൂടെയാണ് വിമാനങ്ങൾ ഈ വിമാനത്താവളത്തിലെത്തുന്നത്. 1,980 മീറ്റർ നീളമുള്ള റൺവേയിൽ വിമാനമിറക്കുക എന്നതും ഒരു വെല്ലുവിളിയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലമായതുകാരണം വായൂമർദ്ദം കുറഞ്ഞതും ഒരു വെല്ലുവിളിയാണ്. വളരെക്കുറച്ച് പൈലറ്റുമാർക്ക് മാത്രമേ ഈ വിമാനത്താവളത്തിൽ വിമാനമിറക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. എല്ലാ വർഷവും 30,000 ആൾക്കാർ ഈ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്.


അവലംബം[തിരുത്തുക]

  1. National Geospatial Intelligence Agency
  2. 2.0 2.1 2.2 "Paro - the beautiful valley". East-Himalaya.com. Archived from the original on 2022-08-17. Retrieved 11 July 2008.
  3. 3.0 3.1 3.2 3.3 3.4 "In The Kingdom Of Bhutan". Global Sapiens. 6 October 2002. Retrieved 11 July 2008.
  4. [1] Paro Airport, atlas obscura (website), accessed 3 December 2014

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറൊ&oldid=4079896" എന്ന താളിൽനിന്ന് ശേഖരിച്ചത്