പാട്ടബാക്കി
1937-ൽ പൊന്നാനി കർഷകസമ്മേളനത്തിൽ അവതരിപ്പിക്കാൻ കെ. ദാമോദരൻ രചിച്ച നാടകമാണ് പാട്ടബാക്കി. 1938-ലാണ് ഇത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടക അവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീർത്തു എന്ന് സി.ജെ. തോമസ് അഭിപ്രായപ്പെട്ടു[1]. ജി. ശങ്കരപ്പിള്ള മലയാളനാടകസാഹിത്യചരിത്രത്തിൽ ഇങ്ങനെ എഴുതുന്നു: {{ഉദ്ധരണി|സാമൂഹ്യാസമത്വത്തെ ചൂണ്ടിക്കാണിക്കുകയാണ് പാട്ടബാക്കിയിൽ ദാമോദരൻ ചെയ്തിരിക്കുന്നത്. പിൽക്കാലത്ത് മലയാളത്തിലുണ്ടായ 'രാഷ്ട്രീയനാടകങ്ങളുടെ ചിട്ടയിലും ക്രമത്തിലുംനിന്ന് അത്യന്തം വിഭിന്നമായി നിൽക്കുന്ന ഒരു നാടകമാണ് പാട്ടബാക്കി—രാഷ്ട്രീയനാടകമെന്നു ചരിത്രകാരന്മാർ പലരും അതിനെ വിശേഷിപ്പിക്കുവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, സാമൂഹ്യസംവിധാനക്രമത്തിന്റെ വൈകൃതത്തെപ്പറ്റി ഉദ്ഘോഷണം നടത്തുന്നതിനു പകരം നാടകത്തിന്റെ അന്ത്യത്തിൽ പ്രധാനകഥാപാത്രങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്ന മുഹൂർത്തവും അത്തരം ഒരു സന്ദർഭത്തെ അഭിമുഖീകരിക്കേണ്ടിവരുന്ന സഹോദരീസഹോദരന്മാരുടെ ചിത്തവൃത്തിയും 'നാടകത്തെ നാടകമായിത്തന്നെ നിലനിർത്തുന്നതിന് വളരെയേറെ സഹായിച്ചിരിക്കുന്നു.[2]}
ഉള്ളടക്കം
[തിരുത്തുക]കിട്ടുന്ന കൂലികൊണ്ട് കുടുംബം പോറ്റാൻ വശമില്ലാത്ത തൊഴിലാളിയായ കിട്ടുണ്ണി. പാട്ടബാക്കി വാങ്ങാൻ വരുന്ന മൂക്കാട്ടിരി മനയ്ക്കലെ കാര്യസ്ഥൻ രാമൻ നായരെ സഹോദരിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് കിട്ടുണ്ണി അടിക്കുന്നു . കാശിരക്കാൻ ചെന്ന കിട്ടുണ്ണിയെ മുതലാളി ഒഴിവാക്കുന്നു. അത്തങ്കുട്ടിയുടെ കടയിൽനിന്ന് കിട്ടുണ്ണി അരി മോഷ്ടിക്കുന്നു. മോഷ്ടാവും ജയിൽപ്പുള്ളിയുമായിത്തീരുന്നു. നിരാധാരയാകുന്ന സഹോദരി കുഞ്ഞിമാളു കാര്യസ്ഥന്റെ കയ്യേറ്റം ചെറുക്കുന്നെങ്കിലും ജന്മി കുടിയിറക്കിയ തന്റെ കുടുംബം നോക്കാൻവേണ്ടി വേശ്യാവൃത്തി സ്വീകരിക്കാൻ നിർബന്ധിതയാവുന്നു. ജയിൽമുക്തനായി വരുന്ന സഹോദരൻ സത്യാവസ്ഥ മനസ്സിലാക്കി അവളെ ചൂഷണത്തിനെതിരായുള്ള പോരാട്ടത്തിൽ പങ്കുചേർക്കുന്നു.
അവലംബം
[തിരുത്തുക]- ↑ തോമസ്, സി.ജെ. ഉയരുന്ന യവനിക (2 ed.). pp. 78–79.
- ↑ ശങ്കരപ്പിള്ള, ജി (2005) [1980]. മലയാളനാടകസാഹിത്യചരിത്രം (4 ed.). തൃശൂർ: കേരള സാഹിത്യ അക്കാദമി. p. 67. ISBN 81-7690-079-6.
പുറംകണ്ണികൾ
[തിരുത്തുക]- പാട്ടബാക്കി (സായാഹ്ന പതിപ്പ്)