നാസീർവ്രതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദൈവസേവനത്തിനു സവിശേഷമായി സമർപ്പിക്കപ്പെടുന്നവർക്ക്, പുരാതന യഹൂദസമൂഹത്തിൽ നിഷ്കർഷിച്ചിരുന്ന വ്രതമാണ് നാസീർവ്രതം. ഇതിന്റെ പറഞ്ഞൊപ്പ് നാസീറിയർ സ്വയമോ, അവർക്കു വേണ്ടി അവരുടെ മാതാപിതാക്കളോ നടത്തിയിരുന്നു. നാസീറിയസമർപ്പണം, ആജീവനാന്തമോ, നിശ്ചിതകാലത്തേക്കു മാത്രമുള്ളതോ ആകാമായിരുന്നു.[1] ഈ സമർപ്പണത്തെ സംബന്ധിച്ച നിർദ്ദേശങ്ങൾ, ദൈവം ജനനേതാവായ മോശെക്ക് നൽകുന്നതായി എബ്രായബൈബിളിലെ സംഖ്യയുടെ പുസ്തകത്തിൽ പറയുന്നു. നാസീർവ്രതനിഷ്ഠകളുടെ വിശദവിവരണവും അവിടെ കാണാം. മദ്യപാനം, ശിരക്ഷൗരം, ശവസാമീപ്യം എന്നിവയുടെ വിലക്ക് നാസീർനിഷ്ഠയുടെ പ്രത്യേകതയായിരുന്നു.[2] നാസീർവ്രതസ്ഥർ പുരുഷന്മാരോ സ്ത്രീകളോ ആകാമായിരുന്നു.[3]

യഹൂദജനതയുടെ ആദിമചരിത്രത്തിൽ തന്നെ നാസീറിയർ ഉണ്ടായിരുന്നുവെന്നതിനു സൂചനയുണ്ടെങ്കിലും, നിയമഗ്രന്ഥമായ തോറയിൽ അവരെ സംബന്ധിച്ചുള്ള ഏകപരാമർശം സംഖ്യയുടെ പുസ്തകം ആറാം അദ്ധ്യായത്തിലെ ഏറെ പുരാതനമല്ലാത്ത ഖണ്ഡമാണ്. മുന്നേ നിലവിലുള്ള പാരമ്പര്യങ്ങളുടെ ക്രോഡീകരണമാണ് അതെന്നു കരുതപ്പെടുന്നു.[3]

പേരിനു പിന്നിൽ[തിരുത്തുക]

'നാസീറിയൻ' എന്ന പേര് യഹൂദലിഖിതങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്, വേർതിരിക്കപ്പെട്ടവൻ, വിരക്തിവ്രതൻ എന്നീ അർത്ഥങ്ങളിലാണ്.[4] മാറിനിൽക്കുക, സമർപ്പിക്കുക എന്നീ അർത്ഥങ്ങളുള്ള നസിർ(nzr (נזר) എന്ന എബ്രായവാക്കിലാണ് ഈ പേരിന്റെ മൂലം. [5]

നിഷ്ഠകൾ[തിരുത്തുക]

സംഖ്യയുടെ പുസ്തകം ആറാം അദ്ധ്യായത്തിൽ നാസീർവ്രതത്തെ സംബന്ധിച്ചുള്ള ഖണ്ഡത്തിൽ, അതുമായി ബന്ധപ്പെട്ട വിലക്കുകൾ ഈവിധം വിവരിച്ചിരിക്കുന്ന:‌-

തുടർന്ന് ഈ ബൈബിൾ ഖണ്ഡം, അടുത്തുവച്ച് ആരെങ്കിലും പെട്ടെന്ന് മരിക്കുകമൂലമോ മറ്റോ അശുദ്ധനായിത്തീരുന്ന നാസീർവ്രതക്കാരന്റെ ശുദ്ധീകരണത്തിന്റെ വിധികളും, നിശ്ചിതകാലത്തേക്ക് വ്രതമെടുത്തിരിക്കുന്നവരുടെ വ്രതസമാപ്തിയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും വിവരിക്കുന്നു.[2] നാസീർവ്രതസമർപ്പണവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ചെലവ്, ധനസ്ഥിതികുറഞ്ഞവർക്ക് താങ്ങാനാവുന്നതിൽ അധികമായിരുന്നതിനാൽ ധനികർ, ദരിദ്രരുടെ നാസീറിയസമർപ്പണത്തിന്റെ ചെലവ് ഏറ്റെടുത്ത് കൃതകൃത്യരാകുന്നതും പതിവായിരുന്നു.[4]

നാസീർവ്രതത്തിന്റെ ഏറ്റവും പ്രകടമായ ചിഹ്നം ക്ഷൗരക്കത്തി തൊടാതെ നീണ്ടുവളർന്ന തലമുടിയായിരുന്നു. മുടി പറിഞ്ഞുപോകാൻ കാരണമായേക്കാമെന്നതിനാൽ ചീപ്പുപയോഗിച്ചു ചികുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാൽ കൈകൊണ്ട് മുടി കോതിയൊതുക്കുന്നതും, തലചൊറിയുന്നതും അനുവദിക്കപ്പെട്ടിരുന്നു.[4]

ബൈബിളിലെ നാസീർവ്രതസ്ഥർ[തിരുത്തുക]

എബ്രായബൈബിളിലെ ഏറ്റവും അറിയപ്പെടുന്ന നാസീർവ്രതസ്ഥൻ, ന്യായാധിപന്മാരുടെ പുസ്തകത്തിലെ സാസണാണ്. ഗർഭസ്ഥനായിരിക്കെ തന്നെ സാംസന്റെ നാസീറിയതയെ സംബന്ധിച്ച ദൈവികസന്ദേശം ദൈവദൂതൻ അമ്മക്കു നൽകിയിരുന്നു. ഗർഭകാലത്ത് വീഞ്ഞോ, ഇതരലഹരിവസ്തുക്കളോ കുടിക്കുന്നതിന് അമ്മക്കുള്ള വിലക്കും ആ അറിയിപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ കുട്ടിയെ തന്നെ സംബന്ധിച്ച് ആ അറിയിപ്പിലുണ്ടായിരുന്നത്, "അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്" എന്ന വിലക്കു മാത്രമായിരുന്നു. ഇസ്രായേലിന്റെ ഏറ്റവും ഒടുവിലത്തെ ന്യായാധിപനായിരുന്ന സാമുവേലിനേയും, യഹൂദവേദസമുച്ചയത്തിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റും, ചാവുകടൽ ചുരുളുകളിൽ പരിരക്ഷിക്കപ്പെട്ടിരിക്കുന്ന പാഠപാരമ്പര്യവും നാസീർവ്രതസ്ഥനെന്നു വിശേഷിപ്പിക്കുന്നു.[1]

വേദപുസ്തകാനന്തരകാലത്തെ യഹൂദലിഖിതങ്ങളായ മിശ്ന, താൽമുദ് എന്നിവ, സാംസന്റേതുമാതിരിയുള്ള നാസീർവ്രതക്കാരെ, 'സാംസണികനാസീർവ്രതക്കാർ' (Samsonite Nazirites) എന്നു വിശേഷിപ്പിക്കുന്നു. മറ്റ് ആജീവനാന്തവ്രതക്കാർക്ക്, ഭാരം അസഹ്യമാകുമ്പോൾ ഇടക്ക് മുടി മുറിച്ചു ചെറുതാക്കുന്നത് അനുവദിക്കപ്പെട്ടിരുന്നപ്പോൾ സാംസണികമാതൃകയിലുള്ള ആജീവന്താന്തവ്രതത്തിൽ അത് അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാൽ ശവസാമീപ്യത്തിനുള്ള വിലക്കും മറ്റും അതിൽ ഉണ്ടായിരുന്നില്ലെന്നും കരുതണം. പോരാളിയായ സാംസണ്, ശവസാമീപ്യം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. താൻ കൊന്ന സിംഹത്തിന്മേലുണ്ടായ തേൻകൂട്ടിലെ തേൻകഴിച്ച് സാംസൺ വിശപ്പടക്കുന്ന സംഭവം സാസൺകഥയുടെ പ്രസിദ്ധമായ ഭാഗമാണ്.[5][7]

പിൽക്കാലചരിത്രം[തിരുത്തുക]

വേദപുസ്തകാനന്തരകാലത്തും നാസീറിയപാരമ്പര്യം നൂറ്റാണ്ടുകളോളം നിലനിന്നിരിക്കാം. നസീർവ്രതനിയമങ്ങൾ പൂർണ്ണതയെത്തിയത് ബൈബിളിനെ തുടർന്നുള്ള കാലത്ത് റബൈനികപാരമ്പര്യത്തിൽ പിറന്ന 'മിശ്നാ' എന്ന രചനയിലാണ്. മിശ്നായുടെ ഒരു വലിയ ഖണ്ഡം തന്നെ നാസീർവ്രതനിയമങ്ങളെ സംബന്ധിച്ചാണ്. എങ്കിലും കാലക്രമേണ നാസീറിയത, ഇതര വിരക്തിമാർഗ്ഗങ്ങൾക്കും മിസ്റ്റിസിസത്തിനും വഴിമാറി.[4]

മദ്ധ്യയുഗങ്ങളായപ്പോൾ നാസീർവ്രതത്തിന്റെ കേൾവിതന്നെ ഇല്ലാതായി. പിൽക്കാലങ്ങളിലെ യഹൂദമനീഷികളായ റബൈമാർ നാസീർവ്രതത്തെ പൊതുവേ നിരുത്സാഹപ്പെടുത്തി. യെരുശലേമിലെ യഹൂദദേവാലയത്തിന്റെ നാശത്തെക്കുറിച്ചു വിലപിച്ച്, മദ്യ-മാംസങ്ങളും മറ്റും വർജ്ജിച്ചു കഴിയുന്നത് യഹൂദർക്കിടയിൽ പതിവായപ്പോൾ, തീവ്രവിരക്തി യഹൂദപാരമ്പര്യത്തിനു നിരക്കാത്തതാണെന്നു കരുതിയ റബൈമാർ എല്ലാത്തരം വിരക്തിമാർഗ്ഗങ്ങളുടെയും വിമർശകരായി. പുരോഹിതൻ നാസീർവ്രതസ്ഥന്റെ പാപപരിഹാരത്തിനുവേണ്ടി ബലിയർപ്പിക്കണമെന്ന സഖ്യയുടെ പുസ്തകത്തിലെ (6:11), വാക്യം വ്യാഖ്യാനിച്ച്, നാസീർവ്രതസ്ഥർ പാപികളാണെന്നു പോലും റബൈമാരിൽ ചിലർ പഠിപ്പിച്ചു.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Nazirite, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ, ഡെനിസ് ടി. ഓൾസൺ എഴുതിയ ലേഖനം (പുറം 552)
  2. 2.0 2.1 ബൈബിൾ, സംഖ്യയുടെ പുസ്തകം: അദ്ധ്യായം 6:1-21
  3. 3.0 3.1 Nazirite:കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  4. 4.0 4.1 4.2 4.3 NAZARITE: യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  5. 5.0 5.1 5.2 Nazirite, Jewish Virtual Library-ലെ ലേഖനം
  6. സംഖ്യ - ആറാം അദ്ധ്യായം 3-8 (പി.ഒ.സി. മലയാളം ബൈബിൾ)
  7. "The Vow of the Nazirite" - Agape Bible Study
"https://ml.wikipedia.org/w/index.php?title=നാസീർവ്രതം&oldid=2484535" എന്ന താളിൽനിന്ന് ശേഖരിച്ചത്