നാലുകുളങ്ങര ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പ് പൂർവ്വിക സ്വത്തിനെ ചൊല്ലിയുണ്ടായ കലഹത്തിൽ മനംനൊന്ത് കർണ്ണാടകത്തിൽ നിന്നും ഒരു പറ്റം ബ്രാഹ്മണർ കുടുംബസമേതം ചേർത്തല പട്ടണക്കാടുള്ള പാറവെളി എന്ന സ്ഥലത്ത് എത്തിച്ചേർന്നു. സ്ഥലത്തെ പ്രബലരും രണവീരൻമാരുമായ തുരുത്തിക്കാട്ടു കർത്താക്കൻമാരും നാട്ടുകാരും അവർക്ക് അഭയം നൽകി. വർഷങ്ങൾക്കുശേഷം പാറവെളി പ്രദേശത്തുണ്ടായ അതിരൂക്ഷമായ വരൾച്ചയെ തുടർന്ന്, ശുദ്ധജലം പോലും കിട്ടാനാല്ലാതെ വന്ന സാഹചര്യത്തിൽ, ബ്രഹ്മണരെ ദൈവതുല്യരായി കണ്ട നാട്ടുകാർ തങ്ങളുടെ സങ്കടം അവരെ അറിയിച്ചു. അതിനു പരിഹാരം കാണാൻ കഴിയാതെ നിസ്സാഹയരായി നിന്ന അവരുടെ സമീപത്തേക്ക് ദക്ഷിണ ദിക്കിൽ നിന്നും തേജസ്വിയായ ഒരു താപസൻ എത്തിച്ചേർന്നു. കാര്യഗൗരവം മനസ്സിലാക്കിയ മുനിശ്രേഷ്ഠൻ തന്റെ ഉപാസനാമൂർത്തിയായ ശ്രീഭദ്രകാളിയെ ഒരു ഒഴുവ് ശിലയിൽ ആവാഹിച്ച് പാറവെളിക്ക് പടിഞ്ഞാറുള്ള കോതകുളത്തിന്റെ കരയിൽ ചെറിയ കുടിൽകെട്ടി അതിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പൂജാകർമ്മങ്ങളും അനന്തരം നവാഹ യജ്ഞത്തിനുമുള്ള ഒരുക്കങ്ങളും ആരംഭിച്ചു. നവാഹപൂജയുടെ ഒൻപതാം നാൾ മകരമാസത്തിലെ പൂരം നക്ഷത്രമായിരുന്നു-ദേവീ സ്തുതികളുമായി തടിച്ചുകൂടിയ ഭക്തജനങ്ങളുടെ അകമ്പടിയോടെ, ദേവീചൈതന്യം നിറഞ്ഞ ശിലാവിഗ്രഹം കൈകളിലേന്തിയ മാമുനീന്ദ്രൻ നൂറ്റാണ്ടുകൾ പഴക്കമുള്ള കോതകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ശ്രീ ധർമ്മശാസ്താവിന്റേയും അന്നപൂർണ്ണേശ്വരി ദേവീയുടേയും മദ്ധ്യത്തിലായി പ്രതിഷ്ഠിച്ചു. അതൊടെ ധർമ്മാശാസ്താ ക്ഷേത്രം കോതകുളങ്ങര ശ്രീ മഹാദേവി ക്ഷേത്രം എന്ന് അറിയപ്പെടാൻ തുടങ്ങി.

വേനലും മഞ്ഞും ഇടകലർന്ന മകരമാസത്തിലെ ആ ധന്യമുഹൂർത്തത്തിൽ ഇടിമിന്നലോടെ മഴയുണ്ടായത്രേ! അപ്രതീക്ഷിതമായുണ്ടായ മഴയിൽ പ്രദേശവാസികളാകെ നനഞ്ഞു കുതിർന്നു. മഴത്തുള്ളികൾ ജനഹൃദയത്തിൽ ഭക്തിസാന്ദ്രമായി പെയ്തിറങ്ങി. ബാലികാ ബാലൻമാർ ആനന്ദ നൃത്തമാടി. പക്ഷി മൃഗാദികൾ അവരുടെ ഭാഷയിൽ ആന്യോന്യം ആഹ്ലാദം പങ്കുവെച്ചു. ഉണങ്ങിവരണ്ട ഭൂമിദേവി കോരിത്തരിച്ചു. വയലേലകളും കൃഷിയിടങ്ങളും പുതുനാമ്പുകൾക്ക് ജന്മമേകാൻ ആവേശം കൊണ്ടു. തുടർന്ന് കൃഷിയിറക്കിയ നാട്ടുകാർ അഭൂതപൂർവ്വമായി ലഭിച്ച വിളകണ്ട് അത്ഭുതപ്പെട്ടു.

നൂറ് കണക്കിന് വർഷങ്ങൾ കടന്നുപോയി. പരദേശികളുടെ അംഗസംഖ്യ വർദ്ധിച്ചു. നാടോടികളെപോലെ അവർ നാനാഭാഗങ്ങളിലേക്കും യാത്രതിരിച്ചു. ഒരുകൂട്ടർ തുറവൂർ അർത്തികുളങ്ങരയിലും മറ്റൊരുകൂട്ടർ പറയകാട് നാലുകുളങ്ങരിയലും  മറ്റൊരു കൂട്ടർ കുത്തിയതോട് പാട്ടുകുളങ്ങരയലും താമസം ആരംഭിക്കുകയും അവിടങ്ങളിലെല്ലാം ക്ഷേത്രങ്ങൾ നിർമ്മിച്ച് തങ്ങളുടെ ഇഷ്ടദേവതയെ പ്രതിഷ്ഠിച്ച് ആരാധിക്കുവാനും തുടങ്ങി. അതൊടെ കോതകുളങ്ങര ശ്രീദേവീ ചൈതന്യകലകൾ മറ്റ് മൂന്നു ക്ഷേത്രങ്ങളിലേയ്ക്കും വ്യാപിച്ചു. ആകയാൽ കോതകുളങ്ങര, പാട്ടുകുളങ്ങര, അർത്തികുളങ്ങര നാലുകുളങ്ങര എന്നീ നാല് ക്ഷേത്രങ്ങളിലും വാണരുളുന്നത്  സഹോദരിമാരാണെന്ന് വിശ്വസിച്ചു വരുന്നു. നാല് ക്ഷേത്രങ്ങളിലും പൂജാകർമ്മങ്ങൾ ചെയ്തിരുന്നത് ബ്രാഹ്മണരായിരുന്നുവെങ്കിലും ഭരണം തുരുത്തിക്കാട് കർത്താക്കൻമാർക്കായിരുന്നു.

പതിറ്റാണ്ടുകൾ പലതുകഴിഞ്ഞു. ജനസംഖ്യ വർധിച്ചു. പ്രദേശവാസികൾ തങ്ങളുടെ നാടിനോട് കാട്ടുന്ന സ്‌നേഹപ്രകടനങ്ങൾ കണ്ട ബ്രാഹ്മണർ അവരുടെ പൂർവ്വികരുടെ ജന്മനാടിനെക്കുറിച്ചുള്ള സ്മരണകളുണർന്നു. അതിന്റെ മൂർദ്ധന്യതയിൽ അവരെല്ലാം കർണ്ണാടകയിലേക്ക് മടങ്ങി. ബ്രാഹ്മണരുടെ തിരോധാനത്തോടെ വസ്തുവകകൾ പലതും അന്യാധീനപ്പെടുകയും ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നേരാവണ്ണം നടത്തുവാൻ തുരുത്തിക്കാട് കർത്താക്കൻമാർക്ക് കഴിയാതെയുമായി. വർഷങ്ങൾ പിന്നിട്ടു. ഈ അവസരത്തിൽ ധർമ്മരാജാവെന്നു കീർത്തികേട്ട കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ്, തിരുവിതാംകൂർ ഭരിച്ചിരുന്ന കൊല്ലവർഷം 940-41 കാലഘട്ടത്തിൽ ദിവാനായിരുന്ന ശ്രീ രാജാകേശവദാസൻ ക്ഷയോന്മുഖമായ ക്ഷേത്രങ്ങൾ പുനഃരുദ്ധരിച്ച് ആരാധന നടത്തുവാൻ ജാതി പരിഗണിക്കാതെ പ്രദേശവാസികളെ ഏൽപ്പിച്ച് ഉത്തരവായി. ക്ഷേത്രപ്രവേശന വിളംബരത്തിനൊക്കെ വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ ഉണ്ടായ ഈ ഉത്തരവ് പ്രാവർത്തികമാക്കാനുള്ള മഹാമനസ്‌കത തുരുത്തിക്കാട് കർത്താക്കൻമാർക്കുണ്ടായി. അങ്ങനെ നാലുകുളങ്ങര ശ്രീ മഹാദേവിയെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യവും സൗഭാഗ്യവും സ്ഥലവാസികൾക്ക് ലഭിച്ചു. അതൊടെ ജനങ്ങളിൽ ഒരു നവോന്മേഷം ഉടലെടുത്തു. ദാരിദ്രദുഃഖങ്ങളും ജീവിത ക്ലേശങ്ങളും, എല്ലാം അവഗണിച്ച് ക്ഷേത്ര പുനരുദ്ധാരണത്തിനും പൂജാദികർമ്മങ്ങൾ മുടങ്ങാതെ നടത്തുവാനും കൂട്ടായി യത്‌നിച്ചു തുടങ്ങി. ക്രമേണ ദേവീചൈതന്യം നാൾക്കുനാൾ വർധിച്ചു. ജീവിത ക്ലേശങ്ങൾ കുറഞ്ഞു. യാത്രാസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് അകലങ്ങളിൽ പോയി അസമയത്ത് തിര്യേ വന്നവരെ നാലുകുളങ്ങര അമ്മ കാത്തുരക്ഷിച്ച കഥകൾ അനവധിയുണ്ട് അപകടങ്ങളിൽ നിന്നും അമ്മയുടെ സഹായത്താൽ അത്ഭുതകരമായി രക്ഷപെട്ട അനുഭവ കഥകൾ അന്യമത വിശ്വാസികൾപോലും പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മയെ മനസ്സാസ്്മരിച്ചുകൊണ്ട് ഭക്തർ നടത്തിയിട്ടുള്ള ഒരു കാര്യവും ഇതുവരെയും സഫലമാകാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ് ക്ഷേത്രസംബന്ധമായ ചടങ്ങുകൾക്കെല്ലാം ആവശ്യമായ സഹായസഹകരണവും ഭക്തജനത്തിരക്കും അനുഭവപ്പെടുന്നത്.

മകരമാസത്തിലെ മകവും പൂരവും ആണ് ഇവിടുത്തെ ഉത്സവം. ക്ഷേത്രോത്സവം രണ്ട് ചേരുവാരങ്ങളായാണ് നടത്തുന്നത്. 9 ദിവസത്തെ ഉത്സവമാണ് ഉള്ളത്. പള്ളിവേട്ട മഹോത്സവവും പൂരം ആറാട്ട് മഹോത്സവും ആണ് അവസാനത്തെ ഉത്സവം. ഇത് ഓരോ കൊല്ലവും മാറിമാറിയായിരിക്കും ചേരുവാരക്കാർ ഏറ്റെടുക്കുക. തെക്കേചേരുവാരത്തിന് പൂരമാണെങ്കിൽ വടക്കേചേരുവാരത്തിന് പള്ളിവേട്ടമഹോത്സവം ആയിരിക്കും.

ഉത്സവത്തിന്റെ 8 -ാം ദിവസമായ മകം ദിവസത്തിലെ വളരെ വിശിഷ്ടമായ ഒരു ചടങ്ങാണ് മകംദർശനം. ഈ ദിവസത്തിൽ ദേവിയുടെ അനുഗ്രാശിസുകൾ ലഭിക്കുവാൻ പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഈ ദിവസം നമ്മൾ എന്ത് ആഗ്രഹിച്ചാലും അത് ദേവി നടത്തിതരും എന്ന് വിശ്വസിക്കുന്നു.

പൂരം ആറാട്ട് മഹോത്സവത്തിലെ പ്രധാന പ്രത്യേകത പൂരം തുള്ളലാണ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള വഴിപാടാണ് പൂരം ഇടി. ക്ഷേത്രത്തിന് തെക്കുവശത്തുള്ള യക്ഷിയമ്പലത്തിന്റെ മുന്നിൽ വരച്ച ദേവിയുടെ കളം വരച്ചാണ് പൂരം ഇടി തുടങ്ങുന്നത്. ദേവിയുടെ പ്രതിരൂപമായ വെളിച്ചപ്പാട് വന്ന് പൂരംഇടി നടത്തുന്ന കുട്ടികൾക്ക് അനുഗ്രഹവും അവർക്ക് ഉരലിൽ ഇടിച്ച മഞ്ഞളും നൽകുകയും മുഖത്ത് തേക്കുകയും ചെയ്യുന്നു. പൂരം ഇടി കഴിഞ്ഞ കുട്ടികൾ ക്ഷേത്രക്കുളത്തിൽ വന്ന് മുഖവും കഴുകി വേണം മടങ്ങുവാൻ.

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കൂടാതെ ഉപദേവതകളായി സരസ്വതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഗണപതി, ശിവൻ , ഘണ്ഠാകർണ്ണൻ, യക്ഷി, വേട്ടയ്ക്കരൻ, ഗുളികൻ, ഗുരുനാഥൻ തുടങ്ങിയ ദേവതകളും കുടികൊള്ളുന്നു.