നയ്സ്
ഒരിനം കായാന്തരിത ശിലയാണ് നയ്സ്. ഉന്നത മർദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളും അവസാദശിലകളും കായാന്തരീകരണത്തിനു വിധേയമാകുന്നതിന്റെ ഫലമായാണ് നയ്സ് രൂപംകൊള്ളുന്നത്. ശില രൂപം പ്രാപിക്കുന്ന വേളയിൽ ഇരുണ്ടതും നിറം മങ്ങിയതുമായ ധാതുക്കൾ ക്രമീകരിക്കപ്പെടുന്നതിനാൽ ഈ ശിലകളിൽ പാളികൾ സാധാരണമാകുന്നു. പരന്നതും സൂചിപോലുള്ളതുമായ ധാതുക്കൾ സമാന്തരമായി ക്രമീകരിക്കപ്പെടുന്നതിന്റെ ഫലമായും ഇത്തരം പാളികൾ രൂപംകൊള്ളാം. ഷിസ്റ്റുപോലുള്ള പാളീകൃതസ്വഭാവം പ്രദർശിപ്പിക്കുന്ന ഇതര ശിലകളെപ്പോലെ നയ്സ് അതിന്റെ സ്തരവിന്യാസത്തിലൂടെ വളരെപ്പെട്ടെന്നു പൊട്ടിപ്പിളരുന്നില്ല.
നിർമ്മാണശില
[തിരുത്തുക]ദൃഷ്ടിഗോചരമായ പരലുകൾ അടങ്ങിയ നയ്സ് ഷിസ്റ്റിനു സമാനമാണെങ്കിലും നയ്സിലെ ധാതുക്കളുടെ പാളീകൃത ക്രമീകരണം ഈ ശിലയെ ഷിസ്റ്റിൽ നിന്നു വളരെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. പൊതുവേ നിർമ്മാണശിലയായി ഉപയോഗിക്കുന്ന നയ്സിനെ ഗ്രാനൈറ്റ് എന്ന വാണിജ്യനാമത്തിലാണ് ഖനനം ചെയ്യുന്നത്. പ്രീകാമ്പ്രിയൻ ശിലകളിലും പർവതരൂപീകരണ വലയങ്ങളിലുമാണ് നയ്സ് ശിലയുടെ ഉപസ്ഥിതി കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പൊതുവേ ക്വാർട്ട്സ്സിന്റെയും ഫെൽസ്ഫാറിന്റെയും വിതാനങ്ങൾ പ്രദർശിപ്പിക്കുന്ന ശിലകളെ സൂചിപ്പിക്കുവാൻ നയ്സ് എന്ന പദം ഉപയോഗിക്കാറുണ്ട്. ഇവയ്ക്കിടയിൽ അഭ്രപാളികളും കാണാം. ഇടവിട്ടുള്ള ധാതുവിതാനങ്ങളിലെ മങ്ങിയതും ദീപ്തവുമായ ചൂർണാഭ, മങ്ങിയ ചാരനിറം എന്നിവ നയ്സിന്റെ പ്രധാന ഭൌതിക ഗുണങ്ങളാണ്. ശിലയിലെ ദീപ്തവിതാനങ്ങളിൽ ക്വാർട്ട്സ്, ഫെൽസ്ഫാർ ധാതുസംയോഗവും ഇരുണ്ട വിതാനങ്ങളിൽ ഫെറോ മഗ്നീഷ്യം ധാതുക്കളായ ബയോട്ടൈറ്റോ, അംഫിബോളോ അതുമല്ലെങ്കിൽ പൈറോക്സീനോ ആണ് കാണപ്പെടുന്നത്. മിക്കപ്പോഴും ഗാർനൈറ്റ്, കയനൈറ്റ്, സില്മിനൈറ്റ് തുടങ്ങിയ ധാതുക്കളും പരിമിതതോതിൽ അടങ്ങിയിരിക്കും. ധാതുസംയോഗത്തിൽ ഫെൽസ്ഫാറിന്റെ ആധിക്യത്തിന് ആനുപാതികമായാണ് ശിലയുടെ നിറം വ്യത്യാസപ്പെടുന്നത്. ഫെൽസ്ഫാറിന്റെ പരിമാണം കൂടിയ നയ്സ് ശിലകൾക്ക് സാധാരണയായി തവിട്ടോ ഇളം ചുവപ്പോ നിറമായിരിക്കും.
മാതൃകാ നയ്സ് ശില
[തിരുത്തുക]ക്വാർട്ട്സിന്റെയും ഫെൽസ്ഫാറിന്റെയും വൻതരികൾ നിറഞ്ഞതും ക്രമരഹിതമായ ധാതുവിതാനങ്ങൾ പ്രദർശിപ്പിക്കുന്നതുമാണ് മാതൃകാ നയ്സ് ശില. ഇവയ്ക്കു പുറമേ ബയോട്ടൈറ്റും അടങ്ങുന്നതാണ് ഗ്രാനൈറ്റിന്റേതിനു സമാനമായ നയ്സിന്റെ ധാതുസംയോഗം. ബയോട്ടൈറ്റ്, മസ്കവൈറ്റ്, ഹോൺ ബെൻഡ് എന്നീ ധാതുക്കളുടെ ക്രമാനുഗതമായ ക്രമീകരണമാണ് ശിലയിലെ വിതാനങ്ങളെ നിർണയിക്കുന്നത്. തരികളുടെ വലിപ്പം കുറയുകയും അഭ്രാംശം വർധിക്കുകയും ചെയ്യുന്നതിന് ആനുപാതികമായി നയ്സ് ഫെലിറ്റിക് ഷിസ്റ്റായും തരികളുടെ വലിപ്പം കുറയുന്നതോടൊപ്പം അഭ്രാംശം കുറയുകയും ചെയ്യുമ്പോൾ ശില ഗ്രാനുലൈറ്റായും പരിവർത്തനം ചെയ്യും.
വ്യത്യസ്ത പേരുകൾ
[തിരുത്തുക]ശിലയുടെ ആന്തരികഘടന, ധാതുസംയോഗം തുടങ്ങിയ സവിശേഷതകളെ അടിസ്ഥാനമാക്കി നയ്സിന് വ്യത്യസ്ത പേരുകൾ നൽകുന്നു. ആന്തരിക ഘടനയെ ആസ്പദമാക്കി നയ്സിനെ ആഗൻ നയ്സ്, വൊൻഡഡ് നയ്സ് എന്നും ധാതുസംയോഗത്തിന്റെ അടിസ്ഥാനത്തിൽ നയ്സിനെ ബയോട്ടൈറ്റ് നയ്സ്, ഹോൺബ്ലൻഡ് നയ്സ്, ഗ്രാനൈറ്റ് നയ്സ് എന്നിങ്ങനെയും പേരുകൾ നൽകി വിഭജിച്ചിരിക്കുന്നു. ആഗ്നേയ ശിലകളിൽ നിന്ന് രൂപംകൊള്ളുന്ന നയ്സിനെ പൊതുവേ ഓർതോ നയ്സ് എന്നും അവസാദ ശിലകളിൽ നിന്ന് രൂപാന്തരപ്പെടുന്നവയെ പാരാ നയ്സ് എന്നും വിളിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://geology.about.com/od/rocks/ig/metrockindex/rocpicgneiss.htm
- http://www.rocks-rock.com/gneiss.html
- http://hyperphysics.phy-astr.gsu.edu/hbase/geophys/gneiss2.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നയ്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |