നയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Argali
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
O. ammon
Binomial name
Ovis ammon
Range of the argali subspecies

ബോവിഡെ (Bovide) ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ കാപ്രിനെ (Caprinae) യിൽ ഉൾപ്പെടുന്ന ഒരിനം കാട്ടുചെമ്മരിയാടാണ് നയാൽ. ഏറ്റവും വലിപ്പം കൂടിയ കാട്ടുചെമ്മരിയാടിനമാണിത്. ശാ.നാ. ഓവിസ് അമ്മൺ (Ovis Ammon) അഴകിലും മെയ്വഴക്കത്തിലും ഇവയ്ക്ക് കൃഷ്ണമൃഗങ്ങളോടു സാദൃശ്യമുണ്ട്.

ലഡാക്ക് മുതൽ സിക്കിം വരെയുള്ള പ്രദേശങ്ങളിലെ പീഠഭൂമികളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ശ.ശ. 1.2 മീറ്ററോളം ഉയരവും 140 കി. ഗ്രാം ഭാരവുമുണ്ട്. കൊമ്പ് ഒരു മീറ്ററോളം നീളമുള്ളതാണെങ്കിലും വട്ടത്തിൽ വളഞ്ഞിരിക്കുന്നു. ആൺമൃഗങ്ങൾക്ക് ഇളം തവിട്ടുനിറമാണെങ്കിലും പൃഷ്ഠഭാഗത്തിനും കീഴ്ഭാഗത്തിനും വെളുത്തനിറമായിരിക്കും. ഇവയുടെ ശരീരത്തിന്റെ നിറം പാറകൾക്കിടയിൽ തിരിച്ചറിയാതിരിക്കാൻ സഹായകമാണ്. ഉയർന്നും താഴ്ന്നും കിടക്കുന്ന മണൽക്കുന്നുകളും വിജനവും എത്തിപ്പറ്റാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളുമാണ് ഇവയുടെ വാസസ്ഥലം. വേനൽക്കാലത്ത് കടുത്ത ചൂടും ശീതകാലത്ത് മരവിപ്പിക്കുന്ന മഞ്ഞും ഉള്ള പ്രദേശങ്ങളിൽ ആഹാരദൌർലഭ്യമുണ്ടാകുന്നതിനാൽ ആഹാരം തേടി ഇവയ്ക്കു വളരെ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. തറപറ്റിവളരുന്ന ചെറുസസ്യങ്ങളാണ് ഇവയുടെ ആഹാരം. രാവിലെയും വൈകുന്നേരവും തീറ്റതേടലും ബാക്കിസമയം കുന്നിൻചരിവുകളിലെ അഭയകേന്ദ്രങ്ങളിൽ വിശ്രമിക്കലുമാണ് ഇവയുടെ ദിനചര്യ. വേനൽക്കാലങ്ങളിൽ ചെറുകൂട്ടങ്ങളായി കഴിഞ്ഞുകൂടുന്ന നയാൽ ചെമ്മരിയാടുകൾ വസന്തകാലാരംഭത്തോടെ ഇണകളെ വിട്ടുപോകുന്നു. പിന്നീട് ശരത്കാലത്തിന്റെ അന്ത്യഘട്ടത്തിൽ ഇവ ഇണകളോടൊപ്പം ചേരുന്നു. പ്രസവസമയമാകുമ്പോഴേക്കും പെൺമൃഗങ്ങൾ താഴ്വരകളിലേക്കിറങ്ങുകയാണ് പതിവ്. 150-180 ദിവസമാണ് ഗർഭകാലം. മേയ്-ജൂൺ മാസങ്ങളാണ് ഇവയുടെ പ്രസവകാലം. ഒരു പ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുണ്ടാകുന്നു. 10-13 വർഷമാണ് നയാലിന്റെ ആയുർദൈർഘ്യം.

അവലംബം[തിരുത്തുക]

  1. Ovis ammon (Argali). IUCN Red List of Threatened Species. Version 2012.1.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നയാൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നയാൽ&oldid=2283694" എന്ന താളിൽനിന്ന് ശേഖരിച്ചത്