ദ സോങ് ഓഫ് സ്​പാരോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ സോങ് ഓഫ് സ്പാരോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ സോങ് ഓഫ് സ്​പാരോസ്
സിനിമയുടെ പോസ്റ്റർ
സംവിധാനം മജീദ് മജീദി
നിർമ്മാണം മജീദ് മജീദി
രചന മജീദ് മജീദി
മെഹ്രാൻ കസ്ഹാനി
അഭിനേതാക്കൾ റീസ നജി
സംഗീതം ഹൊസ്സെയ്ൻ ആലിസാദെ
റിലീസിങ് തീയതി ഫെബ്രുവരി 2008
സമയദൈർഘ്യം 96 മിനിറ്റ്
രാജ്യം  ഇറാൻ
ഭാഷ പേർഷ്യൻ
Azeri

ഇറാനിയൻ സംവിധായകനായ മജീദ് മജീദി 2008ൽ സംവിധാനം ചെയ്ത സിനിമയാണ് ദ സോങ് ഓഫ് സ്​പാരോസ്.[1]

കഥാസംഗ്രഹം[തിരുത്തുക]

ദരിദ്രമായ ജീവിതത്തിനിടയിലും ചില മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു മധ്യവയസ്‌കന്റെയും അയാളുടെ കുടുംബത്തിന്റെയും കഥയാണിത്. ഒരു കുന്നിൻ ചെരിവിൽ ഒട്ടകപ്പക്ഷികളെ വളർത്തുന്ന ഫാമിൽ ജോലി ചെയ്യുന്ന കരീമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം. ഭാര്യയും മൂന്നു മക്കളുമാണയാൾക്ക്. ഒട്ടകപ്പക്ഷികൾ അയാളുടെ കൂട്ടുകാരാണ്. അവയോടയാൾ സംസാരിക്കും. ചിലപ്പോൾ സങ്കടങ്ങൾ വരെ പങ്കുവെക്കും. ഒരുദിവസം ഒരൊട്ടകപ്പക്ഷി ഫാമിൽനിന്ന് രക്ഷപ്പെടുന്നു. കുന്നിൻ മുകളിലേക്ക് ഓടിപ്പോയ അതിനെ ആർക്കും പിടിക്കാനാവുന്നില്ല. വലിയ വിലയുണ്ട് ഒട്ടകപ്പക്ഷിക്ക്. ജോലിയിൽ വീഴ്ച കാട്ടി എന്നു പറഞ്ഞു കരീമിനെ പിരിച്ചുവിടുന്നു.

കരീമിന്റെ മൂത്ത മകൾ ഹനിയ ബധിരയാണ്. ചെവിയിൽ വെച്ച ചെറുയന്ത്രത്തിന്റെ സഹായത്തോടെയാണവൾ കേൾക്കുന്നത്. കരീമിനു ജോലി പോകുന്നതിനു രണ്ടുദിവസം മുമ്പ് ആ ശ്രവണയന്ത്രം കുളത്തിൽ വീണു കേടാവുന്നു. അതുടനെ നന്നാക്കണം. കാരണം ഹനിയയുടെ പരീക്ഷ അടുത്തുവരികയാണ്. കരീം ബൈക്കിൽ ടെഹ്‌റാൻ നഗരത്തിലെത്തുന്നു. ശ്രവണയന്ത്രം നന്നാക്കാനാവില്ലെന്ന് മെക്കാനിക് പറയുന്നു. പുതിയത് വാങ്ങുകയേ നിവൃത്തിയുള്ളൂ. അതിനു വലിയ വിലയാണ്. ഹതാശനായ കരീം തിരിച്ചു പോകാനായി ബൈക്ക് സ്റ്റാർട്ടാക്കുന്നു. ഉടനെ ഒരാൾ ബൈക്കിന്റെ പിന്നിൽ കയറുന്നു. ടെഹ്‌റാനിൽ ഒട്ടേറെ ബൈക്കുകൾ ടാക്‌സിയായി ഓടുന്നുണ്ട്. അത്തരത്തിൽപ്പെട്ടതാണെന്ന് കരുതിയാണ് യാത്രക്കാരൻ കയറുന്നത്. ലക്ഷ്യസ്ഥാനത്തെത്തിച്ചപ്പോൾ അയാൾ കരീമിന് കൂലി നൽകി. അന്തംവിട്ട കരീമിനു മുന്നിൽ ജീവിതം മറ്റൊരു വഴി തുറന്നുകൊടുക്കുകയായിരുന്നു. പിന്നീടയാൾ നിത്യവും നഗരത്തിൽ ബൈക്കുമായെത്തി. കുറേശ്ശെ സമ്പാദ്യമൊക്കെ ആയിത്തുടങ്ങി. ഇങ്ങനെ പോയാൽ മൂന്നു മാസം കൊണ്ട് കടങ്ങളൊക്കെ വീട്ടാനാകുമെന്ന് കരീം കണക്കുകൂട്ടി. അങ്ങനെയിരിക്കെ അയാളെ ജീവിതം വീണ്ടും പരീക്ഷിച്ചു. നഗരത്തിലെ ഒരു കെട്ടിടം പൊളിച്ചിടത്തുനിന്ന് ശേഖരിച്ച കുറെ വീടുനിർമ്മാണസാമഗ്രികൾ അയാൾ വീടിനുമുന്നിൽ കൂട്ടിയിട്ടിരുന്നു. ഒരു ദിവസം അതെല്ലാം കൂടി മറിഞ്ഞുവീണ് കരീമിനു ഗുരുതരമായി പരിക്കേൽക്കുന്നു. മരണത്തിൽനിന്ന് അയാൾ രക്ഷപ്പെട്ടു. പക്ഷേ, കുറെക്കാലം കിടപ്പായിപ്പോയി. പത്തു വയസ്സുള്ള മകൻ ഹുസൈൻ ജോലിക്കു പോകുന്നതു നിസ്സഹായതയോടെ അയാൾ നോക്കിനിൽക്കുന്നു. ദിവസങ്ങൾക്കു ശേഷം ആ ശുഭവാർത്തയെത്തി. ഫാമിൽനിന്ന് കാണാതെപോയ ഒട്ടകപ്പക്ഷി മടങ്ങിയെത്തിയിരിക്കുന്നു. അയാൾ വീണ്ടും കുന്നിൻചെരിവിലെ ഒട്ടകപ്പക്ഷി സങ്കേതത്തിലേക്ക് മടങ്ങുന്നു.

ഒട്ടകപ്പക്ഷികളുടെ ക്ലോസപ്പിലാണ് 95 മിനിറ്റുള്ള ഈ സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഒട്ടകപ്പക്ഷികളെ വിട്ട് ഒരു ജീവിതമില്ല കരീമിന്. അയാളുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ഒട്ടകപ്പക്ഷികളും കുരുവികളും. വ്യത്യസ്തമായ രണ്ടു ഇടങ്ങളിലായാണ് ഇതിവൃത്തം വികസിക്കുന്നത്. ആദ്യത്തേത് ഗ്രാമത്തിലെ ഒട്ടകപ്പക്ഷി ഫാമിലും കരീമിന്റെ വീട്ടിലും. മറ്റേത്, ടെഹ്‌റാൻ നഗരത്തിലും. ഗ്രാമ-നഗരങ്ങൾ തമ്മിൽ ഒരു വേർതിരിവ് മജീദി ചിത്രങ്ങളിൽ കാണാറില്ല. എല്ലായിടത്തും നന്മയും തിന്മയുമുണ്ടെന്ന പക്ഷക്കാരനാണ് മജീദി. മിണ്ടാപ്രാണികൾക്കിടയിൽനിന്ന് പൊടുന്നനെയാണ് നഗരമെന്ന അപരിചിത ലോകത്തേക്ക് കരീം എടുത്തെറിയപ്പെടുന്നത്. എവിടെയും കരീമിനെയാണ് സംവിധായകൻ പിന്തുടരുന്നത്. കരീം ഇടപെടുന്ന കുടുംബത്തിലൂടെ, സുഹൃത്തുക്കളിലൂടെ, അപരിചിതരിലൂടെ അയാളുടെ വ്യക്തിത്വം തെളിഞ്ഞുവരുന്നു. സത്യവിശ്വാസിയായ കരീമിന്റെ ജീവിതത്തിന് ഒരു പ്രത്യേക തിളക്കമുണ്ടെന്ന് സംവിധായകൻ കാണിച്ചുതരുന്നു. കരീമിന്റെ കാഴ്ചപ്പാടിലൂടെയാണ് സംഭവങ്ങളെ സംവിധായകൻ കാണുന്നത്. ഏതു വേദനയും ഒരു പുഞ്ചിരിയോടെ കരീം നേരിടുന്നു. കാണാതായ ഒട്ടകപ്പക്ഷിയെ ആകർഷിക്കാൻ സ്വയം ഒട്ടകപ്പക്ഷിയുടെ വേഷംകെട്ടാൻപോലും അയാൾ തയ്യാറാവുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേള 2008

Silver Bear for Best Actor - റീസ നജി [2]

Asia Pacific Screen Awards 2008
Fajr Film Festival 2008

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_സോങ്_ഓഫ്_സ്​പാരോസ്&oldid=2283480" എന്ന താളിൽനിന്നു ശേഖരിച്ചത്