Jump to content

ദളദ മാലിഗാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദളദ മാലിഗാവ ക്ഷേത്രം

ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധമതക്ഷേത്രമാണ്‌ ദളദ മാലിഗാവ. ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഗൗതമബുദ്ധന്റെ ഒരു പല്ല് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ന് നിലനിൽക്കുന്ന ബുദ്ധന്റെ ഒരേയൊരു ഭൗതികാവശിഷ്ടമാണ്‌ ഈ ദന്താവശിഷ്ടം. കൊട്ടാരസമുച്ചയത്തോടു കൂടിത്തന്നെയാണ്‌ ഈ ക്ഷേത്രം പണിതിരിക്കുന്നത്. എന്നാൽ ഇവിടെ സൂക്ഷിച്ചിരുന്ന ബുദ്ധന്റെ യഥാർത്ഥദന്തം പോർത്തുഗീസുകാർ നശിപ്പിച്ചെന്നും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് കൃത്രിമദന്തമാണെന്നും വാദമുണ്ട്[ക] [ഖ]. വർഷം തോറും ഓഗസ്റ്റ് മാസത്തിലെ എസല ഉത്സവകാലത്ത് ഈ ദന്താവശിഷ്ടം ഒരു പേടകത്തിലാക്കി കാൻഡിയിൽ പ്രദക്ഷിണം നടത്താറുണ്ട്. ദളദ പെരഹേര അഥവ എസല പെരഹേര എന്നാണ് ഈ പ്രദക്ഷിണത്തിന് പറയുന്ന പേര്[1]‌.

പുരാതനകാലം മുതലേ ഈ ദന്താവശിഷ്ടം തദ്ദേശരാഷ്ട്രീയത്തിൽ ഒരു കേന്ദ്രബിന്ദുവായിരുന്നു. ഈ ദന്താവശിഷ്ടം കൈയാളുന്നവർക്ക് രാജ്യത്തിന്റെ ഭരണവും കൈവരുമെന്ന് ഒരു വിശ്വാസം നിലവിലുണ്ടായിരുന്നു. അതു കൊണ്ടുതന്നെ ഇത് സം‌രക്ഷിക്കാനായി രാജാക്കന്മാർ വൻപ്രയത്നം നടത്തിയിരുന്നു. 1592 മുതൽ 1815 വരെ സിംഹളരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന കാൻഡി മലനിരകൾ മൂലം ശത്രുക്കൾക്ക് അപ്രാപ്യവുമായിരുന്നു.

ക്ഷേത്രം ഉൾക്കൊള്ളുന്ന കാൻഡി നഗരം യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ദന്താവശിഷ്ടത്തിന്റെ ചരിത്രം

[തിരുത്തുക]

കലിംഗരാജാവായ ഗുഹാശിവന്റെ കൈയിലുണ്ടായിരുന്ന‍ ഈ ദന്താവശിഷ്ടം അദ്ദേഹത്തെ മറ്റൊരു രാജാവ് ആക്രമിച്ചപ്പോഴാണ്‌ നാലാം നൂറ്റാണ്ടിൽ ശ്രീലങ്കയിലെ മഹാസേനരാജാവിന്റെ പുത്രനായ കിട്ടുസിരിമേവനു (കീർത്തി ശ്രീ മേഘവണ്ണൻ) കൈമാറിയത്.

ക്ഷേത്രത്തിന്റെ ഉൾവശം
ക്ഷേത്രത്തിന്റെ ഉൾവശം

പതിനൊന്നാം നൂറ്റാണ്ടിൽ വിജയബാഹു ഒന്നാമൻ രാജാവ് പോലാൻ നെർവ എന്ന സ്ഥലത്ത് ഒരു രാജകൊട്ടാരം പണിയുകയും ഈ സ്ഥലത്തിന്‌ അഭയഗിരി എന്നു നാമകരണം നടത്തുകയും ചെയ്തു. തുടർന്ന് കൊട്ടാരത്തിനടുത്തുള്ള ഒരു ബുദ്ധവിഹാരത്തിൽ ഈ ദന്താവശിഷ്ടം സ്ഥാപിച്ചു[2].

ആർഗസ് ജോൺ ട്രെസീഡറുടെ സിലോണിന് മുഖവുര എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു:-

പോർത്തുഗീസുകാരും ദന്താവശിഷ്ടവും

[തിരുത്തുക]
എസല ഉത്സവകാലത്ത് ദന്താവശിഷ്ടം അലങ്കരിച്ച ആനപ്പുറത്തേറ്റി എഴുന്നള്ളിക്കുന്നു

ക്രൈസ്തവേതര മതങ്ങളോട് കടുത്ത അസഹിഷ്ണുത പുലർത്തിയിരുന്ന പോർത്തുഗീസുകാർ ദന്താവശിഷ്ടം അഗ്നിക്കിരയാക്കിയതായി പറയപ്പെടുന്നു. ഒളിച്ചുവച്ചിരുന്ന ദന്തം, ബ്രഗാൻസയിലെ ഡോൺ കോൺസ്റ്റന്റൈൻ കണ്ടെടുത്ത് ഗോവയിലേക്ക് കൊണ്ടുപോയെന്നും 1560-ൽ അവിടത്തെ മെത്രാപ്പോലീത്ത, വൈസ്രോയിയുടേയും അനുചരന്മാരുടേയും സാന്നിദ്ധ്യത്തിൽ അഗ്നിക്കിരയാക്കിയെന്നുമാണ് ഒരു ചരിത്രഭാഷ്യം. ശ്രീലങ്കയെക്കുറിച്ച് പ്രഖ്യാതമായ ഒരു പഠനഗ്രന്ഥമെഴുതിയ എമേഴ്സൺ ടെന്നറ്റിനെ ഉദ്ധരിച്ച് ആർഗസ് ജോൺ ട്രെസീഡർ ഇങ്ങനെ എഴുതിയിരിക്കുന്നു:-

അക്കാലത്തെ കാൻഡി രാജാവായിരുന്ന വിക്രമൻ നിറം മങ്ങിയ ആനക്കൊമ്പിൽ നശിപ്പിക്കപ്പെട്ടതിന് പകരം മറ്റൊരവശിഷ്ടം കൊത്തിയെടുക്കുകയാണുണടായതെന്ന് പറയപ്പെടുന്നു.[ക] [ഖ][ഗ]. രണ്ടിഞ്ച് നീളവും ഒരിഞ്ച് വ്യാസവുമാണ് ഇപ്പോഴുള്ള ദന്താവശിഷ്ടത്തിന്റെ അളവുകൾ.[5]

കുറിപ്പുകൾ

[തിരുത്തുക]

.^ "പോർത്തുഗീസ് അധിനിവേശക്കാലത്ത് വിശുദ്ധദന്തം ഗോപ്യമായി വയ്ക്കാൻ ശ്രമിച്ചെങ്കിലും അത് അവർ പിടിച്ചെടുത്തു. ഡോൺ ഡി ബ്രഗാൻസാ വിശുദ്ധദന്തം ഗോവയിലെക്കുകൊണ്ടുപോവുകയും, വിഗ്രഹാരാധനക്കെതിരായ പോർത്തുഗീസ് പോരാട്ടത്തിന്റെ ഭാഗമായി, അവിടത്തെ മെത്രാപ്പോലീത്തയുടെയും വൈസ്രോയിയുടേയും മറ്റ് അധികാരികളുടേയും സാന്നിദ്ധ്യത്തിൽ അഗ്നിക്കിരയാക്കുകയും ചെയ്തു. അതുകൊണ്ട് നിരാശനാകാതെ, അന്നത്തെ കാൻഡി രാജാവായിരുന്ന വിക്രമൻ പുതിയൊരു ദന്തം നിർമ്മിച്ചെടുത്തു. ഇപ്പോഴത്തെ വിശുദ്ധദന്തം നിറം മങ്ങിയ ആനക്കൊമ്പിൽ കൊത്തിയെടുത്തതാണ്. രണ്ടിഞ്ച് നീളവും ഒരിഞ്ച് വ്യാസവുമുള്ള അതിന് മനുഷ്യദന്തത്തേക്കാൾ കുതിരയുടെ പല്ലിനോടാണ് സാമ്യമുള്ളത്."(മാർഗരറ്റ് മൊർദെക്കായ് - 1924-ൽ എഴുതിയത്)[6]


.^ "പോർത്തുഗീസുകാർ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഇപ്പോഴുള്ളത് ശരിയായ ദന്താവിശഷ്ടമല്ല. പോർത്തുഗീസുകാരനായ ഡോൺ ബ്രഗാൻസാ പിടിച്ചെടുത്ത് കൊണ്ടുപോയ അവശിഷ്ടം, തങ്ങളുടെ ഒരു മെത്രാപ്പോലീത്ത നാനൂറ് വർഷം മുൻപ് ഗോവയിൽ വച്ച് അഗ്നിക്കിരയാക്കിയെന്ന് അവർ പറയുന്നു. ദന്താവിശഷ്ടം അത്ഭുതകരമായി രക്ഷപെട്ട് ആപത്തൊഴിഞ്ഞ സ്ഥലത്തെത്തിയെന്ന കഥ താമസിയാതെ ബുദ്ധമതക്കാർക്കിടയിൽ പരന്നതിനാൽ 'അജ്ഞാനികളെ' വലയ്ക്കാനുള്ള ഭക്തനായ മെത്രാപ്പോലീത്തയുടെ ശ്രമം പാഴായി." (ലൂസിയൻ സ്വിഫ്റ്റ് കിർട്ട്ലാൻഡ് - 1926-ൽ എഴുതിയത്[7]

.^ "The tooth, the genuineness of which has often been questioned, is kept in several godcases one over another, and some of them studded with jewels". (1927-ൽ ശ്രീലങ്ക സന്ദര്ശിച്ച മാഹാത്മഗാന്ധിയെ അനുഗമിച്ചിരുന്ന സെക്രട്ടറി മാഹാദേവ് ദേശായി) ക്ഷേത്രത്തിന്റെ ചുമതലക്കാർ ആവരണങ്ങൾക്കുള്ളിൽ നിന്ന് വെളിയിലെടുത്ത് ദന്തം ഗാന്ധിയെ കാണിച്ചെന്ന് ദേശായി തുടർന്ന് എഴുതുന്നു.[8]

അവലംബം

[തിരുത്തുക]
  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 263. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Retrieved 2008-07-28.[പ്രവർത്തിക്കാത്ത കണ്ണി]
  3. Ceylon - An Introduction to the Resplendent Land - Argus John Tresidder
  4. Argus John Tresidder-ടെ മേലുദ്ധരിച്ച പുസ്തകത്തിൽ നിന്ന്
  5. വിൽ ഡുറാന്റ്: നമ്മുടെ പൗരസ്ത്യപൈതൃകം, സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം(പുറം 506-ലെ അടിക്കുറിപ്പ്)
  6. Images of Sri Lanka Through American Eyes - Travellers in Ceylon in the 19th & 20th Centureis - Edited by H.A.I. Goonetileke
  7. ibid
  8. With Gandhiji in Ceylon - Mahadev Desai
"https://ml.wikipedia.org/w/index.php?title=ദളദ_മാലിഗാവ&oldid=3634495" എന്ന താളിൽനിന്ന് ശേഖരിച്ചത്