Jump to content

തൽമൂദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെയ്റോയിലെ ബെൻ എസ്രാ സിനഗോഗിൽ കണ്ടുകിട്ടിയ ലിഖിത ശേഖരത്തിൽ പെട്ട മദ്ധ്യകാലത്തെ യെരുശാൽമി തൽമൂദിന്റെ പ്രതിയുടെ ഒരു പുറം

റബൈനികയഹൂദതയുടെ പ്രാമാണിക ലിഖിതസഞ്ചയമാണ് തൽമൂദ്. വിശുദ്ധഗ്രന്ഥമെന്ന നിലയിൽ അതിന്റെ സ്ഥാനം എബ്രായബൈബിളിന്റെ ആദ്യഖണ്ഡമായ തോറയ്ക്ക് ഒപ്പമാണ്. 'പഠിപ്പിക്കുക', 'പഠിക്കുക' എന്നീ അർത്ഥങ്ങളുള്ള സെമറ്റിക് മൂലശബ്ദത്തിൽ നിന്നുത്ഭവിച്ച് തൽമൂദ് എന്ന പദത്തിന് എബ്രായഭാഷയിൽ 'പ്രബോധനം', 'പഠനം' എന്നൊക്കെയാണർത്ഥം. യഹൂദനിയമത്തേയും, സന്മാർഗ്ഗശാസ്ത്രത്തേയും, ദർശനത്തേയും, ചരിത്രത്തേയും സബന്ധിച്ച റാബിനിക സംവാദങ്ങളുടെ രേഖ എന്ന നിലയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്.

തൽമൂദിന് രണ്ടു ഭാഗങ്ങൾ ഉണ്ട്: പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ട ആദ്യഭാഗമായ മിശ്നാ, യഹൂദരുടെ വാചികനിയമങ്ങളുടെ ആദ്യത്തെ ലിഖിതരൂപമാണ്; അഞ്ചാം നൂറ്റാണ്ടവസാനത്തോടെ ഉരുത്തിരിഞ്ഞ രണ്ടാം ഭാഗമായ ഗെമാറ, ആദ്യഭാഗത്തിന്റെ വിശദീകരണമാണ്. തൽമൂദ്, ഗെമാറ എന്നീ പദങ്ങൾ ഒന്നിനു പകരം മറ്റൊന്നായും ഉപയോഗിക്കപ്പെടാറുണ്ട്.[1] തൽമൂദ് എന്ന പദം പലപ്പോഴും ഗെമാറയുടെ മാത്രം പേരാകുന്നു. ആ നിലപാടിൽ, മിശ്നാ തൽമൂദിന്റെ വിഷയവും ഗെമാറ മാത്രം തൽമൂദും ആകുന്നു.[2][3] മിശ്നായുടെ സ്രഷ്ടാക്കളായ മനീഷികൾ 'തന്നായി'-മാർ എന്നും ഗെമാറയുമായി ബന്ധപ്പെട്ട വേദജ്ഞാനികൾ 'അമോറ'-മാർ എന്നും അറിയപ്പെടുന്നു.[4] മിശ്നാ എഴുതിയിരിക്കുന്നത് എബ്രായഭാഷയിലാണ്; ഗെമാറകൾ അരമായ ഭാഷയിലും.

തൽമൂദിന് രണ്ടു സമാന്തരസഞ്ചയങ്ങൾ ഉണ്ട്. ഇവയിൽ ഹ്രസ്വവും കൂടുതൽ പുരാതനവും ആയത് പലസ്തീനയിൽ രൂപപ്പെട്ട 'യെരുശാൽമി' തൽമൂദാണ്. മെസോപ്പെട്ടൊമിയായിൽ പിന്നീടു രൂപപ്പെട്ട 'ബാബ്ലി' തൽമൂദ് യെരുശലേം തൽമൂദിനേക്കാൾ വലിപ്പം കൂടിയതാണ്. ഇരു സഞ്ചയങ്ങളുടെയും മിശ്നാ ഖണ്ഡം ഒന്നായതിനാൽ അവയുടെ വ്യത്യസ്തത ഗെമാറ ഖണ്ഡത്തിലാണ്. 'ബാബ്ലി' തൽമൂദിന്റെ ഗെമാറക്ക് മിശ്നായുടെ പതിനൊന്നിരട്ടി വലിപ്പമുള്ളതിനാലാണ് 'ബാബ്ലി' തൽമൂദിന് മൊത്തത്തിൽ ദൈർഘ്യം കൂടുതലുള്ളത്.[5] വിശേഷണമൊന്നും ചേർക്കാതെ തൽമൂദ് എന്നു മാത്രം പറഞ്ഞാൽ ബാലിലോണിയൻ തൽമൂദ് ആണ് സൂചിതമാകുന്നത്.

പശ്ചാത്തലം[തിരുത്തുക]

ബാബ്ലി തൽമൂദ് വാല്യങ്ങളുടെ ഒരു മുഴുശേഖരം

ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനടുത്ത നൂറ്റാണ്ടുകളിൽ യഹൂദധാർമ്മികതയുടെ മുഖമുദ്ര രക്ഷകപ്രതീക്ഷ ആയിരുന്നു. വരുവാനിരിക്കുന്ന രക്ഷകനെ സംബന്ധിച്ച വിശ്വാസത്തിൽ അടിയുറച്ച എസ്സീനുകളും, തീവ്രധാർമ്മികരുടെ ഇതരവിഭാഗങ്ങളും രാഷ്ട്രീയമാനങ്ങളുള്ള പ്രവർത്തനങ്ങളിലും പ്രബോധനങ്ങളിലും മുഴുകി. എന്നാൽ രക്ഷകപ്രതീക്ഷയെ അടിസ്ഥാനമാക്കിയ ഈ മുന്നേറ്റങ്ങൾ യഹൂദജനതക്ക് പൊതുവേ വിനാശകരമായിത്തീർന്നു. അവയുടെ പ്രചോദനത്തിൽ പൊതുവർഷം 70-ൽ റോമൻ അധിനിവേശത്തിനെതിരെ യഹൂദർ നടത്തിയ ചെറുത്തു നില്പ് ക്രൂരമായി അടിച്ചമർത്തപ്പെട്ടു. യെരുശലേമിൽ, റോമിനെതിരെയുള്ള ചെറുത്തുനില്പിന്റെ കേന്ദ്രവും യഹൂദദേശീയതയുടെ പ്രതീകവും ആയിരുന്നയഹൂദരുടെ പുരാതനദേവാലയം റോമൻ സൈന്യം നശിപ്പിച്ചു കളഞ്ഞു. മിശിഹാ ആയി സ്വയം അവകാശപ്പെട്ട ബാർ കൊഖബയുടെ നേതൃത്വത്തിൽ റോമിനെതിരെ പൊതുവർഷം 132-135-ൽ നടന്ന രണ്ടാമത്തെ കലാപത്തിനും ആദ്യത്തേതിന്റെ ഗതി തന്നെയായി. പ്രഖ്യാതയഹൂദ മനീഷി, റാബൈ അഖീവ പോലും ആ കലാപത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് യെരുശലേം നഗരത്തിൽ നിന്നു പുറത്താക്കപ്പെട്ട യഹൂദർ, അവിടെ പ്രവേശിക്കുന്നതിൽ നിന്നു വിലക്കപ്പെട്ടു. പലസ്തീനയിലെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമായതോടെ ഒട്ടേറെ യഹൂദർ വിവിധദേശങ്ങളിൽ പ്രവാസികളുമായി.[6]

രക്ഷകപ്രതീക്ഷ ഏക ആശ്രയമാക്കിയ ധാർമ്മികതയിൽ നിന്നു ലഭിച്ച ഈ അനുഭവങ്ങൾ, യഹൂദരുടെ മതബോധത്തെ പുതിയ ദിശയിലേക്കു തിരിച്ചു വിട്ടു. രക്ഷകവാദത്തിനു പകരം യഹൂദനിയമത്തിന്റെ പഠനത്തിലും പ്രയോഗത്തിനും റാബൈമാർ പ്രാധാന്യം കല്പിച്ചു തുടങ്ങി.[൧] അങ്ങനെ വികസിച്ചു വന്ന പുതുധാർമ്മികതയുടെ മുഖ്യസ്വഭാവം, യഹൂദനിയമമായ തോറയുടെ പഠനത്തിനു കല്പിച്ച പ്രാധാന്യം ആയിരുന്നു. ഇസ്രായേലും യെരുശലേമും പശ്ചാത്തലമായി രൂപപ്പെട്ട തോറയിലെ അനുശാസനങ്ങളിൽ പലതിനും പ്രവാസജീവിതത്തിൽ പ്രസക്തിയുണ്ടാകാൻ, വിശദീകരണവും വ്യാഖ്യാനങ്ങളും വേണമെന്നായതും ഈ ഗതിമാറ്റത്തെ സഹായിച്ചു.വിവിധദേശങ്ങളിൽ ചിതറിപ്പോയ ഒരു സമൂഹത്തിന്, വിശ്വാസികളുടെ ഓർമ്മയെ മാത്രം ആശയിച്ച് അതിന്റെ ആശയസംഹിത പരിരക്ഷിക്കുക വയ്യെന്നായി. തോറായുടെ വിശദീകരണവും, വ്യാഖ്യാനവും, പൂർത്തീകരണവുമായ തൽമൂദിന്റെ വികാസത്തിന്റേയും ക്രോഡീകരണത്തിന്റേയും പശ്ചാത്തലം ഇതാണ്.[6]

വികാസം[തിരുത്തുക]

തന്നായിമാർ[തിരുത്തുക]

പൊതുവർഷാരംഭ കാലത്തെ റാബൈമാരുടെ നിയമവ്യാഖ്യാനങ്ങളിലാണ് തൽമൂദിന്റെ തുടക്കം. ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടു മുതൽ പൊതുവർഷം രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ജീവിച്ചിരുന്ന പരീശപാരമ്പര്യത്തിൽ പെട്ട മനീഷികൾ 'തന്നായിമാർ' (Tannaim) എന്നറിയപ്പെട്ടു. നിയമചിന്തയിൽ വ്യത്യസ്തനിലപാടുകൾ പിന്തുടർന്നിരുന്ന ജോഡികളായാണ് പലപ്പോഴും അവർ യഹൂദ പുരാവൃത്തത്തിൽ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവിനു മുൻപ് 110-ൽ ബാബിലോണിയയിൽ ജനിച്ച് പൊതുവർഷം 10-ആമണ്ടിൽ യെരുശലേമിൽ മരിച്ചതായി കരുതപ്പെടുന്ന ഹില്ലൽ ഈ മനീഷികളിൽ മുഖ്യനായിരുന്നു. ഹില്ലലിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം യഹൂദരുടെ ധാർമ്മികനേതൃത്വം പങ്കിട്ട പ്രതിയോഗി 'ഷാമായ്' ആയിരുന്നു.

അഖീവ[തിരുത്തുക]

ഈ മനീഷിപരമ്പരയുടെ സംവാദങ്ങളെ സംബന്ധിച്ച കഥകൾ രേഖപ്പെടുത്തപ്പെട്ടത്, ഹില്ലലിന്റെ മരണം മുതൽ രണ്ടാം നൂറ്റാണ്ടവസാനം വരെയുള്ള ആറു തലമുറക്കാലത്താണ്. പൊതുവർഷം 69-70-ൽ റോമിനെതിരെയുള്ള യഹൂദരുടെ കലാപത്തെ തുടർന്ന് യെരുശലേം ദേവാലയം നശിപ്പിക്കപ്പെടുകയും യൂദയായിലെ യഹൂദപാഠശാലകൾ പ്രവർത്തനരഹിതമാവുകയും ചെയ്തു. തുടർന്ന്, യഹൂദവേദപഠനത്തിന്റെ കേന്ദ്രമായത് യൂദയായിൽ മദ്ധ്യധരണിക്കടലിന്റെ തീരത്തുള്ള ജാംനിയ നഗരമാണ്. പ്രഖ്യാതയഹൂദമനീഷി റാബൈ അഖീവയുടേയും അദ്ദേഹത്തിന്റെ ശിഷ്യൻ റാബൈ മെയിറിന്റേയും മറ്റും നേതൃത്വത്തിൽ, യഹൂദ നിയമവ്യാഖ്യാനങ്ങളെ ക്രമപ്പെടുത്താനും സമന്വയിപ്പിക്കാനുമുള്ള ശ്രമങ്ങൾ അവിടെ നടന്നു. മിശ്നായുടെയും റാബിനിക യഹൂദതയുടേയും ചരിത്രത്തിലെ നിർണ്ണായകവ്യക്തികളിൽ ഒരാളാണ് അഖീവ.

മിശ്നായുടെ പിറവി[തിരുത്തുക]

പൊതുവർഷം 132-35-ൽ റോമൻ അധിനിവേശത്തിനെതിരെ നടന്ന കലാപത്തിൽ അഖീവ കൊല്ലപ്പെടുകയും ജാംനിയയിലെ വിദ്യാശാലകൾ പ്രവർത്തിക്കാതാവുകയും ചെയ്തു. തുടർന്ന് വേദപഠനത്തിന്റെ പുതിയ കേന്ദ്രമായത് ഉത്തര ഇസ്രായേലിലെ ഗലീലി ആയിരുന്നു. ഗലീലിയിലെ സെപ്ഫോറിസിൽ അഖീവയുടേയും മെയിറിന്റേയും ക്രോഡീകരണപദ്ധതി ഏറ്റെടുത്തു സമാപ്തിയിലെത്തിച്ചതും, സമാഹരിക്കപ്പെട്ട വേദസമുച്ചയം ലിഖിതരൂപത്തിലാക്കിയതും ജൂതചരിത്രത്തിൽ "യെഹൂദാ രാജകുമാരൻ" (യൂദാ ഹ-നാസി - Judah Ha-Nasi) എന്നറിയപ്പെടുന്ന റാബൈ യെഹൂദാ ആണ്.[7] ഈ സമാഹാരമാണ് 'മിശ്നാ' എന്ന പേരിൽ റാബിനിക യഹൂദമതത്തിന്റെ കേന്ദ്രരചന ആയതും തുടർന്നു വന്ന നൂറ്റാണ്ടുകളിൽ തൽമൂദീയ വ്യാഖ്യാനങ്ങളായ ഗെമാറകളുടെ വിഷയമായതും.[5]

ഗെമാറകളിലേയ്ക്ക്[തിരുത്തുക]

താമസിയാതെ യഹൂദസമൂഹങ്ങളിൽ വ്യാപകമായി പ്രചരിച്ച മിശ്ന അഗാധമായ പഠനത്തിനും വിശകലനത്തിനും വിധേയമായി. റാബിനികയഹൂദതയിൽ പരക്കെ ലഭിച്ച അംഗീകാരം പലസ്തീനയിലേയും ബാബിലോണിലേയും യഹൂദവിജ്ഞാനികളെ അതിന്റെ വ്യാഖ്യാനങ്ങളെഴുതാൻ പ്രേരിപ്പിച്ചു. മിശ്നായിലെ വാക്യങ്ങൾ ഓരോന്നായെടുത്ത് വിശകലനം ചെയത ഈ പഠനങ്ങൾ ഗെമാറകൾ എന്നറിയപ്പെട്ടു. 'ഗെമാറ' എന്ന പദം 'പഠിക്കുക' എന്നർത്ഥമുള്ള മൂലപദത്തിൽ നിന്നുത്ഭവിച്ചതാണ്. ഇവ മിക്കവാറും അരമായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ പഠനങ്ങൾ മിശ്നായിലെ നിയമവ്യാഖ്യാനങ്ങളെ വെറുതെ ആവർത്തിക്കുന്നതിനു പകരം വാക്കുകകളും വാക്യങ്ങളുമായി ഇഴപിരിച്ച് സമഗ്രമായ വിശകലനത്തിനു വിധേയമാക്കുകയും പുതിയകാലത്തിന്റെ വെല്ലുവിളികൾക്കു മുൻപിൽ അവയെ പ്രസക്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. 'അമോറ'-മാർ (amoraim) എന്നറിയപ്പെട്ട വേദജ്ഞാനികളായിരുന്നു ഈ വ്യാഖ്യനങ്ങളുടെ സ്രഷ്ടാക്കൾ.

കാലക്രമേണ ഈ പഠനങ്ങളും സമാഹരിക്കപ്പെട്ടു. ആദ്യം പൂർത്തിയായത് പലസ്തീനയിൽ ഉരുത്തിരിഞ്ഞ പഠനങ്ങളാണ്. മിശ്നായും പലസ്തീനയിൽ രൂപപ്പെട്ട ഈ ഗെമാറകളും ചേർന്ന് യെരുശാൽമി തൽമൂദ് എന്നറിയപ്പെടുന്നു. അഞ്ചാം നുറ്റാണ്ടിൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ മുന്നേറ്റത്തിൽ പലസ്തീനയിലെ യഹൂദവേദപാഠശാലകൾ പ്രവർത്തനരഹിതമായതോടെ പിൽക്കാലത്തെ മിശ്നാവ്യാഖ്യാനം ബാബിലോണിയ കേന്ദ്രീകരിച്ചായി. പലസ്തീനയിൽ നടന്നതിനേക്കാൾ വിശദവും സമഗ്രവുമായ വികാസത്തിനും സംശോധനക്കും ഒടുവിൽ പൊതുവർഷം അഞ്ചാം നൂറ്റാണ്ടിന്റെ അവസാനവും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി അന്തിമരൂപം ലഭിച്ച ഈ വ്യാഖ്യാനസമാഹാരം മിശ്നായുമായി ചേർന്ന്, ബാബ്ലി തൽമൂദ് എന്നറിയപ്പെടുന്നു. യെരുശാൽമി തൽമൂദിനേക്കാൽ അംഗീകാരവും പെരുമയുമുള്ളത് ബാബ്ലി തൽമൂദിനാണ്.[4]

ഉള്ളടക്കം[തിരുത്തുക]

മിശ്നാ[തിരുത്തുക]

റാബിനിക യഹൂദതയുടെ ആദ്യത്തെ സമഗ്രസംഹിത എന്നു വിളിക്കാവുന്ന മിശ്നാ എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ആറു ശ്രേണികളായി ക്രമീകരിച്ചിരിക്കുന്ന 63 നിബന്ധങ്ങളുടെ സമാഹാരമാണത്. എല്ലാ നിബന്ധങ്ങളിലുമായി 531 അദ്ധ്യായങ്ങൾ ഉണ്ട്. മിശ്നായുടെ ശ്രേണികൾ താഴെപ്പറയുന്ന ആറു വിഷയങ്ങളെ സ്പർശിക്കുന്നവയാണ്[8]:-

 • കൃഷി: ബൈബിളിലെ വിശുദ്ധിനിയമങ്ങളുമായി ചേർന്നു പോകുംവിധം കർഷകർ തങ്ങളുടെ തൊഴിലിനെ എങ്ങനെ ക്രമപ്പെടുത്തണമെന്നതിനെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
 • തിരുനാളുകൾ: ദേവാലയത്തിലും ആവാസസ്ഥാനങ്ങളിലും വിശുദ്ധദിനങ്ങൾ എവ്വിധം ആചരിക്കണമെന്ന് ഈ ഭാഗം വിശദീകരിക്കുന്നു.
 • സ്ത്രീകൾ: ഭാര്യാഭർതൃബന്ധത്തിലും കുടുംബബന്ധങ്ങളിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
 • നഷ്ടപരിഹാരങ്ങൾ: രാജനീതിയും നീതിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ ഖണ്ഡത്തിൽ വിശകലനം ചെയ്യപ്പെടുന്നു. ശാസനവ്യവസ്ഥ, തർക്കപരിഹാരം എന്നിവ ഇതിന്റെ പരിധിയിൽ വരുന്നു.
 • വിശുദ്ധവസ്തുക്കൾ: തിരുനാളുകൾ ഒഴിച്ചുള്ള കാലത്തെ ബലികളേയും ആരാധനാവിധികളേയും സംബന്ധിച്ച നിഷ്ഠകളാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്.
 • ശുദ്ധാശുദ്ധികൾ: ദേവാലയചര്യയിലും ദൈവോപാസനയിലും ജീവിതത്തിൽ പൊതുവേയും പാലിക്കേണ്ട വിശുദ്ധിനിയമങ്ങളാണ് ഇതിന്റെ വിഷയം. അശുദ്ധിയുടെ ഉല്പത്തിയും സ്രോതസ്സുകളും വിവരിക്കുന്ന ഇത്, അവക്കു പരിഹാരമായ വിശുദ്ധിനിഷ്ഠകളും വിവരിക്കുന്നു.

വായനക്കാരന് വിഷയത്തേയും അതു പ്രസക്തമാകുന്ന സാമൂഹ്യസ്ഥിതിയേയും കുറിച്ച് സാമാന്യധാരണ ഉണ്ടെന്ന സങ്കല്പത്തിലുറച്ചതാണ് മിശ്നയിലെ വിഷയപരിഗണന. അതിനാൽ വിശദീകരണങ്ങളും പാശ്ചാത്തല വിവരണവും മറ്റും ഒഴിവാക്കുന്ന അതിസംക്ഷിപ്ത ശൈലിയാണിതിൽ കാണുന്നത്. പലപ്പോഴും ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഒന്നിലധികം നിലപാടുകൾ അവതരിപ്പിച്ച ശേഷം അവയെ പിന്തുണക്കുന്ന ന്യായങ്ങൾ അവതരിപ്പിക്കുകയോ അവക്കിടയിൽ തീർപ്പു കല്പിക്കുകയോ ചെയ്യാതെ നിർത്തുന്നു.[൨] മിശ്ന കൂടുതൽ അന്വേഷണങ്ങളുടേയും പഠനവിശകലനങ്ങളുടേയും തുടക്കമാകാൻ ഇതു കാരണമായി.[4]

ഗെമാറകൾ[തിരുത്തുക]

യഹൂദമതത്തിലെ വാചികനിയമങ്ങളുടെ കച്ചിക്കുറുക്കിയ സംഗ്രമായ മിശ്നാ അതിന്റെ സംക്ഷിപ്തതയ്ക്കു പേരെടുത്തിരിക്കുന്നു. വിശദീകരണങ്ങളും കഥാഖ്യാനങ്ങളും അതിൽ തികച്ചും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിഷയപ്രതിപാദനത്തിൽ ഇതിനു നേർവിപരീതമായ സമീപനം പിന്തുടരുന്ന ഗെമാറകൾ എഴുതപ്പെട്ടിരിക്കുന്നത് അരമായ ഭാഷയിലാണ്. മിശ്നാ-യിലെ വിടവുകൾ ദീർഘമായ വിശദീകരണങ്ങളും ഉദാഹരണങ്ങളും കൊണ്ട് നികത്താൻ ഗെമാറകൾ ശ്രമിക്കുന്നു. ഇടക്ക് അവ കാടുകയറുന്നതായിപ്പോലും തോന്നാം. മിശ്നായുടെ ഉള്ളടക്കം മിക്കവാറും, നിയമാവതരണം എന്നു പറയാവുന്ന 'ഹലഖ'(Halakha) ആണെങ്കിൽ, മതനിയമങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത ചർച്ചകളും, കഥകളും ചേർന്ന 'ഹഗ്ഗദ്ദ' (Haggada) കൂടി ചേർന്നതാണ് ഗെമാറകൾ. [9]

മനുഷ്യജീവിതത്തേയും മനുഷ്യാവസ്ഥയെ തന്നേയും സംബന്ധിച്ച് തീവ്രസംവാദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യഹൂദമനീഷിമാർ ഗെമാറകളിൽ പ്രത്യക്ഷപ്പെടുന്നു.

ദൈനംദിനജീവിതവുമായി തീവ്രബന്ധമുള്ള കഥകളും ഉദാഹരണങ്ങളും ഈ ചർച്ചകളിൽ കടന്നു വരുന്നു. രണ്ടുശിഷ്യന്മാരുടെ അഭിരുചികൾക്കിടയിൽ വിഷമിച്ച ഒരു റാബൈ തന്റെ നില ഒരിടത്ത് ഇങ്ങനെ വിശദീകരിക്കുന്നു:

മേൽപ്പറഞ്ഞ സവിശേഷതകൾ ഗെമാറകളെ കേവലം ശുഷ്കപാഠം എന്നതിനു പകരം ഒരു ജനതയുടേയും അവരുടെ ജീവിതത്തിന്റേയും മിഴിവുറ്റ ചിത്രമാക്കി മാറ്റിയിരിക്കുന്നു. ഗെമാറകളിൽ, വായനക്കാരന് വലിയ മനുഷ്യരുടെ സ്വകാര്യജീവിതത്തിന്റെ എത്തിനോട്ടത്തിനു പോലും അവസരം കിട്ടുന്നു. [9]

യെരുശാൽമി[തിരുത്തുക]

പാശ്ചാത്യ അരമായ ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. യെരുശാൽമി എന്നറിയപ്പെടുന്നെങ്കിലും ഇതിന്റെ രചന നടന്നത് യെരുശലേമിലല്ല, പലസ്തീനയിൽ ഗലീലായിലെ വേദപാഠശാലകളിലാണ്. 'യെരുശാൽമി' അന്തിമരൂപം കൈവരിച്ചത് പൊതുവർഷം നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്താണ്. കൃഷി, തിരുനാളുകൾ, സ്ത്രീകൾ, നഷ്ടപരിഹാരങ്ങൾ എന്നിവയെ സംബന്ധിച്ച മിശ്നാ ഖണ്ഡങ്ങളാണ് ഇതിൽ വിശകലനം ചെയ്യപ്പെടുന്നത്. വിശുദ്ധവസ്തുക്കളേയും ശുദ്ധാശുദ്ധികളേയും സംബന്ധിച്ച ഖണ്ഡങ്ങൾ ഇതിന്റെ പരിഗണിക്കപ്പെടുന്നില്ല. മിശ്നായുടെ വ്യാഖ്യാനത്തിലാണ് 'യെരുശാൽമി' പ്രധാനമായും ശ്രദ്ധവക്കുന്നത്. ഇതിന്റെ വ്യാപ്തിയുടെ 90 ശതമാനവും അതിനായി മാറ്റി വച്ചിരിക്കുന്നു. മിശ്നായെ കേന്ദ്രീകരിച്ചുള്ള സംശോധനാപദ്ധതി പിന്തുടർന്നാണ് ഇതു സമാഹരിക്കപ്പെട്ടിരിക്കുന്നത്.[3]

ബാബ്ലി[തിരുത്തുക]

ബാബിലോണിലെ യഹൂദ വേദപഠനകേന്ദ്രങ്ങളിൽ പൊതുവർഷം ആറാം നൂറ്റാണ്ടിൽ അന്തിമരൂപം കൈവരിച്ച ഇതിന്റെ ഭാഷ പൗരസ്ത്യഅരമായ ആണ്. യെരുശാൽമിയെക്കാൾ ഏറെ ബൃഹത്താണിത്. തിരുനാളുകൾ, സ്ത്രീകൾ, നഷ്ടപരിഹാരങ്ങൾ, വിശുദ്ധവസ്തുക്കൾ എന്നിവയെ സംബന്ധിച്ച മിശ്നാ ഖണ്ഡങ്ങൾ പരിഗണിക്കുന്ന ഇതിൽ കൃഷിയെ സംബന്ധിക്കുന്ന ഖണ്ഡം ഒഴിവാക്കപ്പെട്ടിരിക്കുന്നു. മിശ്നാ ഖണ്ഡങ്ങൾക്കൊപ്പം ദീർഘമായ ബൈബിൾ പാഠങ്ങളും ഇതിന്റെ വ്യാഖ്യാനപദ്ധതിയിൽ പെടുന്നു. യഹൂദനിയമവുമായി നേരിട്ടു ബന്ധമില്ലാത്ത 'ഹഗദ്ദ' ഖണ്ഡങ്ങൾ ഏറെയുള്ളത് ബാബ്ലിയിലാണ്. അതിന്റെ മൂന്നിലൊന്നോളം 'ഹഗദ്ദ' ആയിരിക്കുമ്പോൾ യെരുശാൽമിയിൽ അത് ആറിലൊന്നു മാത്രമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.[2]

ഒന്നു മുതൽ ആറുവരെ നൂറ്റാണ്ടുകൾ ഉൾപ്പെടുന്ന പിൽക്കാലപൗരാണികതയിലെ (late antiquity) യഹൂദമനീഷികളുടെ ചിന്തയുടെ സംഗ്രഹമെന്ന നിലയിൽ തൽമൂദിന്റെ അന്തിമരേഖയായി നിൽക്കുന്നത് 'ബാബ്ലി' ആണ്. മദ്ധ്യയുഗങ്ങൾ മുതൽ പലസ്തീനയിലെ യഹൂദർ പോലും, ബാബ്ലിയുടെ പ്രാമുഖ്യം അംഗീകരിക്കാൻ തുടങ്ങി.[6] യഹൂദതയുടെ വിജ്ഞാനകോശം തന്നെയായിരിക്കുന്ന അത് ആറാം നൂറ്റാണ്ടു മുതൽ യഹൂദജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരിക്കുകയും ആധുനികകാലത്തും ആ സ്ഥാനം നിലനിർത്തുകയും ചെയ്യുന്നു.[3]

സ്വാധീനം[തിരുത്തുക]

യഹൂദമതത്തിന്റെ ചരിത്രത്തിലെ ഒരു ഖണ്ഡം തന്നെ ആയിരിക്കുന്ന തൽമൂദ്, ഒപ്പം സാഹിത്യസൃഷ്ടിയുമാണ്. യഹൂദധാർമ്മികചിന്തയുടെ സമാഹാരവും സംഗ്രഹവുമെന്ന നിലയിൽ അതിനുള്ള മാന്യത ബൈബിളിന്റേതിൽ ഒട്ടും കുറവല്ല. ബൈബിളിനെ പിന്തുടർന്നു വന്ന ആദിമകാലഘട്ടത്തിൽ പിൽക്കാലയഹൂദതയെ രൂപെടുത്തിയ ചരിത്രസന്ധിയിലെ പാരമ്പര്യങ്ങളുടെ രേഖ എന്ന നിലയിൽ അതിനു പകരം മറ്റൊന്നില്ല. മദ്ധ്യയുഗത്തിലെ യഹൂദചിന്തകൻ മോസസ് മൈമോനിഡിസിന്റെ "മിശ്ന തോറ" എന്ന പ്രഖ്യാത രചന തൽമൂദിനു പകരമാകും എന്നു കരുതപ്പെട്ടെങ്കിലും, തൽമൂദ് പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കാൻ സഹായിച്ചതേയുള്ളു. പിൽക്കാലങ്ങളിലെ നവോത്ഥായികൾക്ക് തൽമൂദ് പ്രചോദനമായി. കത്തി കഴുത്തിൽ വയ്ക്കപ്പെട്ടിരിക്കുമ്പോഴും പ്രാർത്ഥന തുടരണമെന്ന് പഠിപ്പിക്കുന്ന ആ രചന[13][14] പ്രവാസത്തിൽ ചിതറിപ്പോയ യഹൂദതയെ, തീർത്തും പ്രതികൂലമായ ജീവിതസാഹചര്യങ്ങളിൽ, അഗാധമായ ധാർമ്മികതയിലും വിട്ടുവീഴ്ചയില്ലാത്ത സദാചാരബോധത്തിലും നിലനിർത്തി.[2]

വിമർശനങ്ങൾ[തിരുത്തുക]

യഹൂദമതത്തിനുള്ളിൽ തന്നെ തൽമൂദിനു നൽകപ്പെടുന്ന പ്രാധാന്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തോറ ഒഴിച്ചുള്ള പാരമ്പര്യങ്ങളേയും വാചികനിയമങ്ങളേയും തിരസ്കരിച്ച സദൂക്യരുടെ പാരമ്പര്യത്തിൽ പെട്ട 7-9 നൂറ്റാണ്ടുകാലത്തെ കാരൈറ്റ് യഹൂദർ തൽമൂദിനെ അംഗീകരിക്കാൻ വിസമ്മതിച്ചിരുന്നു. 12-13 നൂറ്റാണ്ടുകളിൽ യഹൂദമതത്തിനുള്ളിൽ പ്രചരിച്ച കബ്ബല്ല പ്രബോധനവും താൽമൂദിന്റെ പ്രാധാന്യം അംഗീകരിച്ചില്ല.[2] [15]

പൊതുവർഷാരംഭകാലത്ത് യഹൂദമതത്തിനുള്ളിലെ ഒരു വിമതമുന്നേറ്റമായി ആരംഭിച്ച ക്രിസ്തുമതം യഹൂദതയുമായി വഴിപിരിഞ്ഞതിനെ തുടർന്ന് യഹൂദ-ക്രൈസ്തവ ധാർമ്മികതകൾക്കിടയിൽ നടന്ന കലഹങ്ങളിലും സംവാദങ്ങളിലും തൽമൂദ് കടന്നു വന്നു. പ്രപഞ്ചത്തിലെ ദൈവികപദ്ധതിയിൽ പ്രത്യേകസ്ഥാനം നൽകപ്പെട്ടിരിക്കുന്നവരായി യഹൂദരെ ചിത്രീകരിക്കുന്ന തൽമൂദ്[൩] ഇതരമതങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ നിന്ദിക്കുന്നതായി ആരോപണമുണ്ടായി. താൽമുദിലെ ചില ഖണ്ഡങ്ങളിലെ സൂചനകൾ യേശുക്രിസ്തുവിനേയും കന്യാമറിയത്തേയും പരിഹാസപൂർവം പരാമർശിക്കുന്നതായി ചില ക്രിസ്തീയവിമർശകർ കരുതിയത് ഈ രചനയുടെ സെൻസർഷിപ്പിനും നിരോധനത്തിനും പോലും അവസരമൊരുക്കി.[15]

യൂറോപ്യൻ ജ്ഞാനോദയത്തിലെ യുക്തിചിന്തകന്മാരിൽ ചിലർ വ്യവസ്ഥാപിത ക്രിസ്തീയതയെ എന്ന പോലെ താൽമുദീയ യഹൂദതയേയും വിമർശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രെഞ്ചു ചിന്തകനും വിജ്ഞാനകോശ സ്രഷ്ടാവുമായിരുന്ന ഡെനിസ് ദിദറോ താൽമുദിന്റെ നിശിതവിമർശകനായിരുന്നു. താൽമുദിൽ നല്ലതെന്നു പറയാൻ ഒന്നുമില്ലെന്നും, ക്രിസ്ത്യാനികളെ മൃഗങ്ങളായി പരിഗണിച്ച് കൊല്ലുകയോ കൊള്ളയടിക്കുകയോ ചെയ്യാൻ യഹൂദരെ അത് അതനുവദിക്കുന്നുണ്ടെന്നും ദിദറോ വിമർശിച്ചു. താൽമുദിൽ തെളിയുന്ന യഹൂദദർശനം അസംബന്ധങ്ങൾ നിറഞ്ഞതാണെന്നും തീവ്രവാദത്തിനും അധികാരസ്ഥാനങ്ങളുടെ അന്ധമായ അനുസരണത്തിനും പ്രേരണ നൽകുന്നതാണതെന്നും ദിദറോ കരുതിയതായി ചരിത്രകാരനായ ലിയോൺ ഷ്വാർട്ട്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[16]

കുറിപ്പുകൾ[തിരുത്തുക]

^ പൊതുവർഷം 69-70-ൽ റോമിനെതിരെ നടന്ന യഹുദരുടെ ആദ്യകലാപത്തിന്റെ താൽമുദിലെ വിവരണത്തിൽ നായകസ്ഥാനം നൽകപ്പെട്ടിരിക്കുന്നത്, റബ്ബാൻ യോഹാനാൻ ബെൻ സക്കായ് എന്നയാൾക്കാണ്. കലാപകാരികൾ കൈയ്യടക്കിയിരുന്ന യെരുശലേമിൽ നിന്ന് ശത്രുപാളയത്തിലേക്ക് പലായനം ചെയ്ത്, റോമൻ സേനാധിപൻ വെസ്പേഷ്യന്റെ മേൽക്കോയ്മ അംഗീകരിക്കുകയാണ് ബെൻ സക്കായ് ചെയ്തത്. യെരുശലേമിന്റെ പതനത്തെ തുടർന്ന് യഹൂദവേദപഠനത്തിന്റെ കേന്ദ്രമായിത്തീർന്ന യാംനിയയിലെ വിദ്യാപീഠത്തിന്റെ സ്ഥാപകൻ ബെൻ സക്കായ് ആയിരുന്നെന്ന് പറയപ്പെടുന്നു. യഹൂദകലാപകാരികളെ താൽമുദ്, റാബൈമാരുടെ ഉപദേശത്തിനു ചെവികൊടുക്കാതെ എടുത്തു ചാടി, മുഴുവൻ സമൂഹത്തേയും അപകടപ്പെടുത്തിയ ഉന്മത്തന്മാരായും ചിത്രീകരിച്ചു.[17]

^ തിരുനാളുകളെ സംബന്ധിച്ച താൽമുദ് നിബന്ധമായ ബെറ്റ്സായുടെ തുടക്കത്തിലെ ഈ ഭാഗം ഇതിനെ ഉദാഹരിക്കുന്നു: "തിരുനാൾ ദിനത്തിൽ ഇട്ട കോഴിമുട്ട, ആ ദിവസം ഭക്ഷിക്കാമെന്ന് ഷാമായ്‌-യുടെ അനുയായികൾ പറയുന്നു. എന്നാൽ ഹില്ലലിന്റെ ശിഷ്യന്മാരുടെ അഭിപ്രായം അത് ഭക്ഷിച്ചു കൂടെന്നാണ്."[4]

^ "പത്തളവ് ജ്ഞാനം ലോകത്തിലെത്തി. അതിൽ ഒൻപതളവുകൾ ഇസ്രായേലിന്റെ നിയമത്തിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി. പത്തളവ് സൗന്ദര്യം ലോകത്തിലെത്തി. അതിൽ ഒൻപതളവ് യെരുശലേമിനും അവശേഷിച്ച ഒരളവ് ബാക്കി ലോകത്തിനും കിട്ടി എന്നു താൽമുദ്."[18]

അവലംബം[തിരുത്തുക]

 1. Jewish Virtual Library Talmud/Mishna/Gemara
 2. 2.0 2.1 2.2 2.3 യഹൂദവിജ്ഞാനകോശത്തിൽ താൽമുദിനെക്കുറിച്ചുള്ള ലേഖനം
 3. 3.0 3.1 3.2 താൽമുദ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറങ്ങൾ 730-31)
 4. 4.0 4.1 4.2 4.3 കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 428-32)
 5. 5.0 5.1 5.2 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ നാലാം ഭാഗം (പുറങ്ങൾ 346-65)
 6. 6.0 6.1 6.2 John A. Hutchison, Paths of Faith (പുറങ്ങൾ 380-86)
 7. The Jewish Faith, Dan Cohn Sherbok(പുറം 72)
 8. മിശ്നാ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിലെ ലേഖനം (പുറം 521)
 9. 9.0 9.1 The Talmud - Torah.org
 10. Chabad.org/Talmudic QuotesTalmud Eruvin 13b
 11. ലിയോൺ വീസൽട്ടിയർ, കാദിശ് (പ്രസാധകർ: വിന്റേജ് ബുക്ക്സ്, ന്യൂയോർക്ക്(പുറങ്ങൾ 223-24)
 12. Babylonian Talmud: Tractate Baba Kamma 60b
 13. The Talmud Selections: Translated from the Original by H. Polano(പുറം 297)
 14. Sacred Texts.com,Talmud Selections by H.Polano Proverbts and Sayings of Rabbis
 15. 15.0 15.1 Printing the Talmud.org, The Status of the Talmud in Early Modern Europe Archived 2012-03-30 at the Wayback Machine., Elisheva Carlebach
 16. Leon Schwartz, Diderot and the Jews
 17. Hershel Shanks, Ancient Israel, A Short History from Abraham to the Roman Destruction of the Temple (പുറം 226)
 18. H Polano, The Talmud Selections: Translated from the Original (പുറം 303)
"https://ml.wikipedia.org/w/index.php?title=തൽമൂദ്&oldid=4078780" എന്ന താളിൽനിന്ന് ശേഖരിച്ചത്