Jump to content

തൈമസ് ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thymus
Thymus
ലാറ്റിൻ Thymus
ഗ്രെയുടെ subject #274 1273
കണ്ണികൾ Thymus+gland

നെഞ്ചിൽ ശ്വാസനാളത്തിനുമുന്നിൽ, സ്റ്റേർണം എന്നറിയപ്പെടുന്ന നെഞ്ചെല്ലിനുപിന്നിൽ കാണപ്പെടുന്ന ഇരുദളങ്ങളുള്ള അന്തഃസ്രാവി ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി. ഒരു പ്രാഥമിക ലിംഫോയിഡ് അവയവമാണിത് (മറ്റൊന്ന് അസ്ഥിമജ്ജ). സെൽ മീഡിയേറ്റഡ് ഇമ്മ്യൂണിറ്റി നൽകുന്ന T ലിംഫോസൈറ്റുകളുടെ വികാസകേന്ദ്രവുമാണിത്. എപ്പിത്തീലിയകലകളാണ് ഇവയുടെ മുഖ്യപ്രവർത്തന കേന്ദ്രം. ഇവ ഇത്തരം ലിംഫോസൈറ്റുകളുടെ വികാസത്തിനും പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു.[1] നവജാതശിശുക്കളിലും കൗമാരപൂർവ്വകാലഘട്ടത്തിലും ഏറെ പ്രവർത്തനസജ്ജമായ ഈ ഗ്രന്ഥി ക്രമേണ ചുരുങ്ങുകയും (Atrophy) തൈമസ് സ്ട്രോമ കൊഴുപ്പുകലയായി (ആഡിപ്പോസ് കല) മാറുകയും ചെയ്യുന്നു. എങ്കിലും T ലിംഫോസൈറ്റുകളുടെ നിർമ്മാണം മുതിർന്നവരിലും അനുസ്യൂതം തുടരുന്നു.
കുട്ടികളിൽ ചാരനിറം കലർന്ന പിങ്ക് നിറത്തിലും മുതിർന്നവരിൽ മഞ്ഞനിറത്തിലും തൈമസിനെ കാണാം.[2] ജനനസമയത്ത് 10ഗ്രാം ഭാരമുണ്ട്. കൗമാരഘട്ടം വരെ ക്രമാനുഗതമായി ഭാരം വർദ്ധിച്ച് 20-30 ഗ്രാം വരെയെത്തുന്നു. വയസ്സായവരിൽ ഇതിന് 3-6 ഗ്രാം വരെയേ ഭാരമുണ്ടാകൂ. [3]

സ്ഥാനം

[തിരുത്തുക]

പെരികാർഡിയൽ മീഡിയാസ്റ്റിന (ഹൃദയത്തെ ഉൾക്കൊള്ളുന്നതിന് ഇരുശ്വാസകോശങ്ങൾക്കുമിടയിലുള്ള സ്ഥലം)ത്തിൽ ഹൃദയത്തിലെ മുഖ്യരക്തക്കുഴലുകൾക്കടുത്തായി (മഹാധമനി, ശ്വാസകോശധമനി എന്നിവ) കഴുത്തിലും ഒൗരസാശയത്തിലും വരത്തക്കവിധത്തിൽ പ്രവർത്തനസജ്ജമായിരിക്കുന്നു.

Histology
Minute structure of thymus.
Micrograph showing a thymic corpuscle (Hassall corpuscle), a characteristic histologic feature of the human thymus. H&E stain.

തൈമസിന് പൊതുവേ 5 സെ.മീ. നീളവും 4 സെ.മീ. വീതിയും 6 മി.മീ. കനവുമുണ്ട്. [4]തൈമസിന് അനിയതമായ രണ്ട് ലോബുകളുണ്ട്. ഓരോ ലോബിനും മൂന്നുകോശപാളികളുണ്ട്.‌

  1. ക്യാപ്സ്യൂൾ- തൈമസിന്റെ ബാഹ്യഭാഗത്തെ പൊതിയുന്ന സംയോജകകല (കണക്റ്റീവ് ടിഷ്യൂ).
  2. കോർട്ടക്സ്-മധ്യപാളി. സ്ക്വാമസ് എപ്പിത്തീലിയ കലകളും ലിംഫോസൈറ്റുകളും കൊണ്ട് പൂരിതമായിരിക്കുന്നു. ലിംഫോസൈറ്റുകൾ വളർച്ച പ്രാപിച്ച് T ലിംഫോസൈറ്റുകളാകുന്നു. (T-Thymus). കോർട്ടക്സിനും മെഡുല്ലയ്ക്കുമിടയിൽ വാസ്കുലാർ കോർട്ടിക്കോമെഡുല്ലറി ഭാഗമുണ്ട്. ലിംഫോസൈറ്റ് വികാസത്തിലെ ആദ്യപടികൾ നടക്കുന്നത് കോർട്ടക്സിലാണ്.
  3. മെഡുല്ല- ഏറ്റവും ആന്തരപാളി. കോർട്ടക്സിനെക്കാൾ കുറഞ്ഞ അളവിലാണ് ഇവിടെ റെട്ടിക്കുലാർ കോശങ്ങളുള്ളത്. ലിംഫോയിഡ് കോശങ്ങളും കുറവാണ്. വൃത്തരൂപമുള്ള (കോൺസെൻട്രിക്), വലപോലുള്ള, ഹാസൽസ് കോർപ്പസലുകൾ (Hassall's corpuscles) ഇവിടെ കാണപ്പെടുന്നു. ഇവയിൽ ഒന്നോ രണ്ടോ ഗ്രാന്യൂലാർ കോശങ്ങളുടെ ഒരു കേന്ദ്രഭാഗവും എപ്പിത്തീലിയോയ്ഡ് കോശങ്ങളുടെ ക്യപ്സ്യൂളുമുണ്ട്. തൈമോസൈറ്റ് (പൂർണ്ണവളർച്ചയെത്താത്ത ലിഫോസൈറ്റ്) വികാസത്തിന്റെ തുടർച്ച ഇവിടെ നടക്കുന്നു. കോർട്ടക്സിൽ വച്ച് T cell receptor gene rearrangement, പോസിറ്റീവ് സെലക്ഷൻ‍ എന്നിവ പൂർത്തിയാക്കി മെഡുല്ലയിലെത്തുന്ന തൈമോസൈറ്റുകൾ auto-reactive T-cells നെ ഒഴിവാക്കാനായി നെഗറ്റീവ് സെലക്ഷനുവിധേയമാകുന്നു. തൈമിക് മെഡുല്ലറി എപ്പിത്തീലിയത്തിൽ AIRE ജീൻ പ്രകടമാകുന്നു.

തൈമസിന് രണ്ട് ലോബുകളുണ്ട്. ഓരോ ലോബിനും നിരവധി ലോബ്യൂളുകളുമുണ്ട്. ലോബ്യൂളുകൾ നേരിയ ഏരിയോലാർ കലകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. പ്രാഥമികലോബ്യൂളുകൾ വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. നിരവധി നോഡ്യൂളുകൾ അഥവാ ഫോളിക്കിളുകൾ കൊണ്ടാണ് പ്രാഥമികലോബ്യൂളുകൾ നിർമ്മിച്ചിരിക്കുന്നത്. ഫോളിക്കിളുകൾക്ക് അനിയത ആകൃതിയാണ്. ഇവ മിക്കതും പരസ്പരം പറ്റിച്ചേർന്നിരിക്കും. 1 - 2 mm വ്യാസമുള്ള ഇവയ്ക്ക് മെഡുല്ലറി, കോർട്ടക്സ് മേഖലകളുമുണ്ട്.[5]

A CXR showing a normal thymus gland in a young child

കോശവൈവിധ്യം

[തിരുത്തുക]

T ലിംഫോസൈറ്റുകൾക്കൊപ്പം B ലിംഫോസൈറ്റുകളുടേയും പ്ലാസ്മാ കോശങ്ങളുടേയും ന്യൂറോഎൻഡോക്രൈൻ കോശങ്ങളുടേയും ചെറിയസാന്നിദ്ധ്യമുണ്ട്. തൈമസിന്റെ മുഖ്യഭാഗങ്ങളെല്ലാം എപ്പിത്തീലിയൽ- റെട്ടിക്കുലാർ കോശങ്ങളാൽ നിർമ്മിതമാണ്. ക്യാപ്സ്യൂളിനടിവശത്ത് എപ്പില്ലീലിയകലകൾ ഒന്നോ രണ്ടോ കോശപാളിയായി കാണപ്പെടുന്നു.

രക്തപ്രവാഹം

[തിരുത്തുക]

ഇന്റേണൽ തൊറാസിക് ധമനി, സുപ്പീരിയർ തൈറോയിഡ് ധമനി, ഇൻഫീരിയർ തൈറോയിഡ് ധമനി എന്നിവയിൽ നിന്നുണ്ടാകുന്ന ചെറുധമനികൾ തൈമസിൽ പ്രവേശിക്കുന്നു. തുടർന്ന് ഇടത് ബ്രാക്കിയോസെഫാലിക് സിര (ഇന്നോമിനേറ്റ് സിര), തൈറോയിഡ് സിര എന്നിവയിൽ (?) രക്തം പ്രവേശിക്കുന്നു.

നാഡികൾ

[തിരുത്തുക]

വാഗസ്, സിംപതറ്റിക് നാഡീവ്യവസ്ഥ എന്നിവയിൽ നിന്ന് നാഡികൾ തൈമസിലെത്തുന്നു. ഡിസെൻഡൻസ് ഹൈപ്പോഗ്ലോസൈ, ഫ്രെനിക് നാഡി എന്നിവയിൽ നിന്നുള്ള ശാഖകൾ തൈമസ് ക്യാപ്സ്യൂളിലെത്തുന്നു.

ധർമ്മം

[തിരുത്തുക]
 പ്രധാന ധർമ്മം രോഗ പ്രതിരോധ ശേഷി 

T ലിംഫോസൈറ്റുകളുടെ വികാസം

[തിരുത്തുക]

ചുവന്ന അസ്ഥിമജ്ജയിൽ നിന്നും പിറവിയെടുക്കുന്ന T ലിംഫോസൈറ്റുകൾ പൂർണ്ണവളർച്ച പ്രാപിക്കുന്ന മെച്യുറേഷൻ പ്രക്രിയ തൈമസ് കോർട്ടക്സിലാണ് പൂർത്തിയാകുന്നത് (Positive selection of Thymocytes). ഇതിനുശേഷം ഇവ പെരിഫെറൽ ലിംഫോയിഡ് അവയവങ്ങളായ ലിംഫ് നോഡ്, സ്പ്ലീൻ, പേയേഴ്സ് പാച്ചസ്, ടോൺസിൽ എന്നിവിടങ്ങളിലെത്തുന്നു. [6] T ലിംഫോസൈറ്റുകളെ CD4+, CD8+ എന്നിവയാക്കുന്നത് തൈമിക് ഹോർമോണുകളാണ്. [7]കുട്ടിക്കാലത്ത് തൈമസ് നീക്കംചെയ്യപ്പെട്ടാൻ സെല്ലുലാർ ഇമ്മ്യൂണിറ്റിയ്ക്ക് തകരാറ് സംഭവിക്കും.

തൈമോസിൻ ഹോർമോൺ

[തിരുത്തുക]

തൈമസിലെ എപ്പിത്തീലിയ കലകൾ ഉത്പാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ പ്രാഥമിക (പ്രോ)ലിംഫോസൈറ്റുകളെ (Hemtopoetic Progenitor Cells)പ്രതിരോധശേഷിയുള്ള T ലിംഫോസൈറ്റുകളാക്കുന്ന പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നു. തൈമസ് ഉത്പാദിപ്പിക്കുന്ന തൈമോപോയറ്റിൻ എന്ന പോളിപെപ്റ്റൈഡ് ഹോർമോൺ ഈ പ്രവർത്തനത്തിന് സഹായിക്കുന്നു.

കോശക്ലോണുകളെ നീക്കൽ

[തിരുത്തുക]

Autoreactive clones കോശങ്ങളെ (സ്വന്തം കോശആന്റിജനുകൾക്കെതിരെ പ്രവർത്തിക്കുന്ന കോശക്ലോണുകൾ)നീക്കം ചെയ്യുന്നതും തൈമസിലാണ്.

തൈമിക് അട്രോഫി

[തിരുത്തുക]

ഉയർന്ന അളവിൽ ലൈംഗികഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതോടെ, കൗമാരകാലഘട്ടത്തിനുശേഷം തൈമസ് ഗ്രന്ഥി ചുരുങ്ങുന്നു. തൈമസ് അട്രോഫി എന്നറിയപ്പെടുന്ന ഈ പ്രവർത്തനത്തിൽ എപ്പിത്തീലിയകലകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്.[8] ക്രമേണ കൊഴുപ്പുകലകളായ ആഡിപ്പോസ് കലകൾ അടിഞ്ഞുകടുന്നു. (ഇൻവൊല്യൂഷൻ).[9]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-27. Retrieved 2014-04-01.
  2. https://www.boundless.com/physiology/the-lymphatic-system/other-lymphoid-organs/thymus/[പ്രവർത്തിക്കാത്ത കണ്ണി]
  3. Texbook of Medical Physiology, N. Geetha, PARAS 2nd Ed., page 445
  4. http://www.bartleby.com/107/274.html
  5. BU Histology Learning System: 07401loa
  6. http://press.endocrine.org/doi/pdf/10.1210/edrv.21.4.0402[പ്രവർത്തിക്കാത്ത കണ്ണി]
  7. http://www.zuniv.net/physiology/book/chapter32.html
  8. http://www.knowyourbody.net/thymus.html
  9. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-09-24. Retrieved 2014-04-01.
"https://ml.wikipedia.org/w/index.php?title=തൈമസ്_ഗ്രന്ഥി&oldid=3813007" എന്ന താളിൽനിന്ന് ശേഖരിച്ചത്