Total dead~20,000,000 including civilians and soldiers (best estimate)
ചൈനയിലെ മഞ്ചു രാജവംശത്തിനെതിരെ നടന്ന ആഭ്യന്തര കലാപമാണ് തെയ്പിങ് കലാപം (1851- 1864). ഹ്യൂങ് സ്യൂചിൻ എന്ന ക്രിസ്തുമത വിശ്വാസിയുടെ നേതൃത്വത്തിൽ നടന്ന തെയ്പിങ് കലാപത്തിൽ ഏകദേശം 20 ദശലക്ഷം ആളുകൾക്ക് ജീവഹാനിയുണ്ടായി. മഞ്ചു ഭരണത്തെ പുറത്താക്കിക്കൊണ്ട് ചൈനയിൽ ഒരു മതാധിഷ്ഠിത (theocratic) രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ദരിദ്രവിഭാഗങ്ങൾക്കിടയിൽ മഞ്ചുഭരണകൂടത്തിനെതിരെയുണ്ടായിരുന്ന എതിർപ്പിനെ തനിക്ക് അനുകൂലമായി തിരിക്കുന്നതിൽ ഹ്യൂങ് സ്യൂചിൻ വിജയിച്ചു. ഇദ്ദേഹത്തിന്റെ അനുയായികൾ ഗോഡ് വർഷിപ്പേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഇവർ 1850-ൽ രാജകീയ സേനയുമായി ഏറ്റുമുട്ടുകയും 1851ജനുവരിയിൽ തെയ്പിങ് (മഹാശാന്തിയുടെ സ്വർഗീയ രാജ്യം) എന്ന പുതിയ രാജ്യം ചൈനയിൽ നിലവിൽവന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മഞ്ചു രാജവംശത്തിനെതിരെ കവാങ്സി പ്രവിശ്യയിൽ തുടങ്ങിയ കലാപം 17 പ്രവിശ്യകളിലേക്കുകൂടി വ്യാപിച്ചു. 1853-ൽ നാൻജിങ് പിടിച്ചെടുത്ത കലാപകാരികൾ അതിനെ തെയ്പിങ്ങിന്റെ തലസ്ഥാനമാക്കി. വിമതരെ പരാജയപ്പെടുത്തുന്നതിനായി മഞ്ചു ചക്രവർത്തി പാശ്ചാത്യരുടെ സഹായം തേടിയതോടെയാണ് കലാപകാരികളുടെ പതനം ആരംഭിച്ചത്. ഷാങ്ഹായ് പിടിച്ചെടുക്കുവാനുള്ള തെയ്പിങ്ങുകളുടെ ശ്രമത്തെ ചാൾസ് ജോർജ് ഗോർഡന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന പരാജയപ്പെടുത്തി. 1864 ജൂലൈ 19-ന് രാജകീയസേന നാൻജിങ് പിടിച്ചെടുത്തതോടെ കലാപത്തിനു വിരാമമായി. 13 വർഷം നീണ്ടുനിന്ന ഈ ആഭ്യന്തരയുദ്ധത്തിൽ ഇരുപക്ഷത്തും വൻ ആൾനാശമുണ്ടായി.