തീയാട്ടുണ്ണി
കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ് തീയാട്ടുണ്ണി അഥവാ തിയാട്ടുണ്ണി. തിയ്യാടികൾ എന്നും ഇവർ അറിയപ്പെടുന്നു. അമ്പലവാസി സമുദായത്തിൽ പെടുന്ന ജാതികളിൽ ഒന്ന്. ബ്രാഹ്മണർക്കും ശൂദ്രർക്കുമിടയിലുള്ള ഒരു അന്തരാളജാതിയാണിതെന്നും കണക്കാക്കപ്പെടുന്നു. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഭദ്രകാളി തീയാട്ട് എന്ന അനുഷ്ഠാനകല അവതരിപ്പിക്കുന്നതാണ് ഇവരുടെ കുലത്തൊഴിൽ. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ അന്തർജനം എന്നോ ചേർക്കുന്നു. ഇവരുടെ വീടുകൾ മഠം എന്നോ ഇല്ലം എന്നോ അറിയപ്പെടുന്നു. ഐതിഹ്യമാലയുടെ കർത്താവായ കൊട്ടാരത്തിൽ ശങ്കുണ്ണി തീയാട്ടുണ്ണി ആയിരുന്നു.
പേരു വന്ന വഴി
[തിരുത്തുക]തീയാട്ട് എന്ന പാരമ്പര്യത്തൊഴിലിൽ നിന്നാവാം തിയാട്ടുണ്ണി എന്ന പേരിന്റെ ഉദ്ഭവം.
പരമ്പരാഗത വിശ്വാസങ്ങൾ
[തിരുത്തുക]ഗ്രാമങ്ങളിൽ മസൂരിബാധയുണ്ടാകുമ്പോൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. മസൂരിപ്പിശാചിന്റെ കോപം ശമിപ്പിക്കാൻ ഇവർക്കു ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു. മസൂരിബാധയുണ്ടാകുമ്പോൾ കുടുംബാംഗങ്ങൾ രോഗിയെ തിയാട്ടുണ്ണിയെ ഏല്പ്പിച്ച് വീട് ഒഴിഞ്ഞുപോവുകയായിരുന്നു പതിവ്. പകർച്ചവ്യാധിയിൽനിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനുവേണ്ടി ഇവർ ക്ഷേത്രങ്ങളിൽ ചില അനുഷ്ഠാനങ്ങൾ നടത്തിയിരുന്നു.
ആചാരങ്ങൾ
[തിരുത്തുക]മൂത്തപൂത്രൻ മാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിച്ചിരുന്നുള്ളൂ. മറ്റുള്ളവർ നായർ സ്ത്രീകളുമായി സംബന്ധത്തിലേർപ്പെടുകയായിരുന്നു പതിവ്. ഇവരുടെ ജനന-മരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്. പിതൃദായക്രമം പിന്തുടർന്ന തിയാട്ടുണ്ണികൾ വിവാഹമോചനം അനുവദിച്ചിരുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തീയാട്ടുണ്ണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |